Advertisment

സ്വതവേ സൗമ്യനാണ് ബാലഗോപാല്‍, അഹങ്കാര പ്രസംഗം ബാലഗോപാലില്‍ നിന്നാരും കേട്ടിട്ടുണ്ടാവില്ല, ധാര്‍ഷ്ഠ്യമില്ല, ബാലഗോപാല്‍ നടത്തിയ പ്രസംഗത്തില്‍ അവഹേളനം കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല; അങ്ങനെയുള്ള ബാലഗോപാലിലുള്ള 'പ്ലഷര്‍' പിന്‍വലിക്കുന്നു എന്ന പ്രസ്താവനയാണ് ഗവര്‍ണര്‍ക്കു പുലിവാലായത്; ഗവര്‍ണര്‍ക്കു പൊതുസമൂഹ പിന്തുണ നഷ്ടമായതും ഇക്കാരണത്താല്‍ മാത്രം! പിടിക്കുന്നെങ്കില്‍ പിണറായിയെ പിടിക്കണം; കാരണം അതാണ് അധികാര കേന്ദ്രം; അല്ലാതെ മാന്യമായി സംസാരിക്കുന്നവരെ പിടിക്കരുത്- നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

New Update

publive-image

Advertisment

ഗവര്‍ണറും പിണറായിയും തമ്മില്‍ നടന്ന പോരടിയില്‍ ഗവര്‍ണര്‍ക്കായിരുന്നു പൊതുസമ്മിതിയില്‍ മുന്‍ഗണന. കാരണം മൂന്നാണ്.

ഒന്ന് - ഗവര്‍ണറാണ് സംസ്ഥാന ഭരണത്തിന്‍റെ തലവനെന്നും മുഖ്യമന്ത്രിക്കും മന്ത്രിസഭക്കും സഹായത്തിനും ഉപദേശത്തിനും മാത്രമേ അധികാരമുള്ളൂ എന്നുമുള്ള ഭരണഘടനാ വ്യവസ്ഥ പൊതുജനത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. ഒപ്പം പിണറായിയുടെ ധാര്‍ഷ്ഠ്യം നിറഞ്ഞ പൊതുയോഗ പ്രസംഗങ്ങളും.

രണ്ട് - ചാന്‍സിലറുടെ അധികാരങ്ങളില്‍ വെള്ളം ചേര്‍ത്ത് ഖാനെ നോക്കുകുത്തിയാക്കി ബന്ധുനിയമനം ഉള്‍പ്പെടെ നേടിയെടുക്കാന്‍ ഇടതുപക്ഷം ശ്രമിച്ചു എന്ന തോന്നല്‍. അതിന് കൂട്ടുനില്‍ക്കാതെ വന്നപ്പോഴാണ് ഗവര്‍ണറെ മാറ്റാന്‍ ശ്രമിച്ചതെന്ന കാര്യം.

മൂന്ന് - ലോകായുക്തയുടെ അധികാരങ്ങള്‍ കുറക്കാന്‍ സഭ പാസാക്കിയ നിയമം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ലോകായുക്തയില്‍ നടക്കുന്ന കേസില്‍ നിന്നും രക്ഷപെടാനാണ് ഈ കുറുക്കുവഴി സ്വീകരിച്ചതെന്ന് പൊതു സമൂഹം വിശ്വസിക്കുന്നു.

പിന്നെ ഗവര്‍ണര്‍ സൃഷ്ടിച്ചത് അസാധാരണ സ്ഥിതി വിശേഷം. മന്ത്രിമാര്‍ ഗവര്‍ണറെ വിമര്‍ശിക്കുന്നുവെന്ന പരാതി. ഒടുവില്‍ കെ.എന്‍. ബാലഗോപാല്‍ എന്ന ധനമന്ത്രിയിലുള്ള 'പ്ലഷര്‍' പിന്‍വലിക്കുന്നു എന്ന പ്രസ്താവനയാണ് ഗവര്‍ണര്‍ക്കു പുലിവാലായത്.

സ്വതവേ സൗമ്യനാണ് ബാലഗോപാല്‍. അഹങ്കാര പ്രസംഗം ബാലഗോപാലില്‍ നിന്നാരും കേട്ടിട്ടുണ്ടാവില്ല. ധാര്‍ഷ്ഠ്യമില്ല. തന്‍പ്രമാണിത്തമില്ല. അതു ധനമന്ത്രിയായപ്പോള്‍ കിട്ടിയ ഗുണമല്ലേ. മുമ്പ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നപ്പോഴും രാജ്യസഭാംഗം ആയിരുന്നപ്പോഴും സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴും അങ്ങനെയായിരുന്നു. അങ്ങനെയുള്ള ബാലഗോപാലിലുള്ള പ്ലഷറാണ് ആദ്യം ഗവര്‍ണര്‍ പിന്‍വലിച്ചത്. ബാലഗോപാല്‍ നടത്തിയ പ്രസംഗം പല തവണ ചാനലുകള്‍ കാട്ടി. അതിലൊരു അവഹേളനം ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നതാണ് സത്യം.

കാരണം പ്രസംഗം യു.പിയിലെയും ഇവിടുത്തെയും ക്രമസമാധാന നിലയെക്കുറിച്ചുള്ളതായിരുന്നു. അവിടൊരു വൈസ് ചാന്‍സിലര്‍ കുറെ ബ്ലാക് ക്യാറ്റുകളുമായും തോക്കേന്തിയ പോലീസുകാരുമായാണ് യാത്ര ചെയ്യുന്നത്. ഇവിടങ്ങനെയല്ലല്ലോ. അവിടെ നിന്ന് ഇവിടെ വരുന്നവര്‍ക്ക് ഇവിടുത്തെ അവസ്ഥ മനസിലാവില്ല. ഇതായിരുന്നു പ്രസംഗത്തിന്‍റെ ചുരുക്കം. അതില്‍ ഗവര്‍ണര്‍ക്കെതിരെയെന്നു വ്യാഖ്യാനിക്കാവുന്ന ഭാഗം യു.പിയിലുള്ളവര്‍ക്ക് മനസിലാവില്ല എന്നതു മാത്രമാണ്. ഗവര്‍ണര്‍ എല്ലാം മനസിലാക്കാന്‍ ശേഷിയുള്ളവനാണെന്ന അവകാശവാദം ഗവര്‍ണര്‍ക്കുതന്നെയില്ല. പിന്നെ എങ്ങനെയാണ് അതു അവഹേളനമാകുന്നത് ?


എന്തായാലും പ്ലഷര്‍ പിന്‍വലിച്ച ഗവര്‍ണര്‍ അടുത്ത നടപടികളിലേക്കു നീങ്ങിയിട്ടില്ല. പുറത്താക്കല്‍ നടപടികളിലേക്കു നീങ്ങിയാലാണ് എല്ലാം തകിടം മറിയുക. മന്ത്രിമാരാരും ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കപ്പെടും. ബാലഗോപാലിനേക്കാള്‍ എത്ര രൂക്ഷമായാണ് പിണറായി അദ്ദേഹത്തെ വിമര്‍ശിച്ചത്. മുന്നറിയിപ്പു നല്‍കിയത്. എന്നിട്ടെന്തേ പിണറായിയിലുള്ള പ്ലഷര്‍ നഷ്ടപ്പെട്ടില്ല. മുഖ്യനെ തൊട്ടാല്‍ അതപകടമാണെന്ന് ഗവര്‍ണര്‍ക്കറിയാം.


ഒന്നുകില്‍ അത് ഗവര്‍ണറുടെ നാശത്തില്‍ അവസാനിക്കും. സ്ഥലം മാറ്റത്തിലെങ്കിലും. അല്ലെങ്കില്‍ പിണറായി സര്‍ക്കാരിനെ പിരിച്ചുവിടേണ്ടി വരും. അതു രാഷ്ട്രപതിക്കേ ചെയ്യാനാവൂ. രാഷ്ട്രപതിക്കാണെങ്കില്‍ വിവേചനാധികാരമില്ല. കേന്ദ്ര സര്‍ക്കാര്‍ പറയുന്നതു അപ്പടി കേള്‍ക്കണം. പിന്നെ ഉണ്ടാകുന്ന പുകിലുകള്‍ വേറെ.

അതിനാല്‍ പിരിച്ചുവിടലിനു രാഷ്ട്രീയ തീരുമാനമുണ്ടാകണം. പ്രതിപക്ഷമാകെ ഒന്നിക്കാന്‍ ഇത് ഇടവരുത്തിയേക്കാം. 99 സീറ്റുകളുള്ള സി.പി.എം സര്‍ക്കാരിനെ പിരിച്ചുവിട്ടാല്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ ഭയപ്പെടും. അതിന്‍റെ അവസാനം പ്രതിപക്ഷ ഐക്യമായിരിക്കും. പ്രതിപക്ഷത്തെ ഭിന്നതയാണല്ലോ രാഷ്ട്രപതി - ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിലും രാജ്യസഭയിലെ നില മെച്ചപ്പെടുത്തിയതിലും ബി.ജെ.പിക്കു സഹായകമായത്. പണം മാത്രം കൊടുത്താല്‍ എല്ലാവരെയും കിട്ടില്ല. ഭാവികൂടി നോക്കാതെ ആരും പണം വാങ്ങി കാലുമാറുകയുമില്ല. അതിനാല്‍ ആ അവസരം ഉണ്ടാകാതിരിക്കാന്‍ അവര്‍ ശ്രമിക്കില്ലേ ?


അല്ലെങ്കില്‍ രണ്ടും കല്‍പിച്ചു പിരിച്ചുവിടണം. അങ്ങനെ സംഭവിക്കുമെന്നു കരുതുന്നവര്‍ ഉണ്ട്. ഗവര്‍ണര്‍ കേന്ദ്രത്തിന്‍റെ ഒത്താശയില്ലാതെ ഇങ്ങനെയൊക്കെ ചെയ്യാന്‍ ധൈര്യപ്പെടുമോ എന്നു ചിന്തിക്കുന്നവരാണവര്‍.


അതിനു കുറച്ചുകൂടി കാക്കണം. ഗവര്‍ണര്‍ ഇപ്പോള്‍ മൗനത്തിലാണ്. പ്ലഷര്‍ പിന്‍വലിച്ച ശേഷം വയലന്‍റായിട്ടില്ല. അതിനാല്‍ കടുത്ത നടപടികളിലേക്കു കയറുമെന്നു പ്രതീക്ഷിക്കാനുമാവില്ല.

ചൂണ്ടിക്കാട്ടിയതിന്‍റെ ചുരുക്കം പിടിക്കുന്നെങ്കില്‍ പിണറായിയെ പിടിക്കണം. കാരണം അതാണ് അധികാര കേന്ദ്രം. അല്ലാതെ മാന്യമായി സംസാരിക്കുന്നവരെ പിടിക്കരുത്. കൈകഴച്ചുപോകും. അതാണ് നാം ഇപ്പോള്‍ കാണുന്നത്.

Advertisment