Advertisment

യു.ഡി.എഫ് അടുത്ത തവണ അധികാരത്തിലേറാനാണ് സാധ്യത, യു.ഡി.എഫിന്‍റെ ഗുണംകൊണ്ടല്ല, സര്‍ക്കാര്‍ സൃഷ്ടിക്കുന്ന നാറ്റത്തില്‍ മനംപുരട്ടിയ ജനം മറുപക്ഷത്തിനു കുത്തും; തരൂര്‍ ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നതാണ് ഉത്തമമായ മാര്‍ഗം, കേരളത്തിന്‍റെ മുഖ്യമന്ത്രിയാവുക! പണ്ട് ‍ഡല്‍ഹി നായരെന്നു പറഞ്ഞു തരൂരിനെ പുഛിച്ചയാളാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, അദ്ദേഹത്തിനു മാനസാന്തരം വന്നിരിക്കുന്നു; ലീഗിനും പ്രിയം തരൂരിനോട്‌-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

New Update

publive-image

Advertisment

രണ്ടും കല്‍പ്പിച്ചാണ് ശശി തരൂരിന്‍റെ പുറപ്പാട്. കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിച്ച്‌ തോറ്റെങ്കിലും സോണിയയുടെ പിന്തുണയില്ലാതെ ഒറ്റക്കുനിന്ന് 1000 ലധികം വോട്ടു നേടിയതിന്‍റെ ഖ്യാതി ചെറുതല്ല. കോണ്‍ഗ്രസ് നേതൃത്വത്തെ അംഗീകരിക്കുമ്പോള്‍ തന്നെ തന്‍റേതായ ഒരു വഴി സൃഷ്ടിച്ചിരിക്കുകയാണ് തരൂര്‍.

വിശ്വപൗരന് ചെറുപ്പക്കാര്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ട്. വിദ്യാഭ്യാസത്തിലും വാചകത്തിലും സംവാദത്തിലും മോദിയെപ്പോലും കടത്തിവെട്ടും. കട്ടെക്കട്ടെ നില്‍ക്കാന്‍ ചിലപ്പോള്‍ സുബ്രഹ്മണ്യം സ്വാമിക്കു കഴിഞ്ഞേക്കും. കാരണം സ്വാമിയും ഒറ്റയാനാണ്. ഏതു പാര്‍ട്ടിയിലായാലും തുടക്കത്തില്‍ ഗംഭീരനാവുകയും പോകെപോകെ വിമതനാവുകയും ചെയ്യുകയെന്നതാണ് സ്വാമിയുടെ ശൈലി.

കോണ്‍ഗ്രസ് പ്രസിഡന്‍റാവുക, അതുവഴി പ്രധാനമന്ത്രിയാവുക ഒക്കെയായിരുന്നു തരൂരിന്‍റെ സ്വപ്നം. അത് അസാധ്യമല്ലെന്ന് ഇന്ത്യന്‍ രാഷ്ട്രീയം തെളിയിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിയായിരുന്ന കെ.ആര്‍ നാരായണന്‍ ഒരു സുപ്രഭാതത്തില്‍ രാഷ്ട്രപതിയായതും പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ അസിസ്റ്റന്‍റായിരുന്ന മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായതും അദ്ദേഹത്തിന്‍റെ മന്ത്രിസഭയില്‍ പ്രണാബ് മന്ത്രിയായി ഇരുന്നതുമൊക്കെ ഇന്ത്യന്‍ കോണ്‍ഗ്രസ് രാഷ്ട്രീയ ചരിത്രം. അപ്പോള്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന ശശി തരൂരിന് പ്രധാനമന്ത്രിയാകാം.


അടുത്തകാലത്തൊന്നും കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലേറുകയില്ലെന്നു വിശ്വപൗരനു മനസിലായെന്നുവേണം കരുതാന്‍. അതിനുള്ള കരുത്ത് രാഹുല്‍ ഗാന്ധിക്കോ പ്രിയങ്ക ഗാന്ധിക്കോ ഇല്ല.


കുറഞ്ഞത് അടുത്ത ടേം കൂടി മോദി തുടരും. ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലാത്ത മോദി രണ്ടു ടേം കൂടി തുടര്‍ന്നാലും അത്ഭുതത്തിനവകാശമില്ല. പ്രായമൊക്കെ ഭേദഗതി ചെയ്യാവുന്നതാണല്ലോ. മധുരമനോജ്ഞ ചൈന ഉദാഹരണമായി നില്‍ക്കുകയല്ലേ. അധികാര വികേന്ദ്രീകരണത്തിന്‍റെ ആഗോള മാതൃക.

പിന്നെ തരൂരിനെന്താ മാര്‍ഗം. ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നതാണ് ഉത്തമമായ മാര്‍ഗം. കേരളത്തിന്‍റെ മുഖ്യമന്ത്രിയാവുക. കെ. കരുണാകരന്‍ സാക്ഷാല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴും കേരളം വിട്ടുകളിച്ചില്ല. കേരളത്തിന്‍റെ പ്രധാനമന്ത്രിയാണല്ലോ മുഖ്യമന്ത്രി. കേന്ദ്രത്തിലാണെങ്കില്‍ സോണിയ, രാഹുല്‍, പ്രിയങ്ക, വധേര, കുട്ടികള്‍ ഇവര്‍ക്കൊക്കെ പിന്നിലേ സ്ഥാനം കിട്ടൂ. അതിനേക്കാള്‍ എത്രയോ ഭേദമാണ് ഇവരൊന്നും ഇല്ലാത്ത കേരളം.

രമേശ്, വി.ഡി സതീശന്‍, കെ.സി വേണുഗോപാല്‍ ഇവരിലൊരാള്‍ മുഖ്യമന്ത്രിയാകാനാണ് സാധ്യത (യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍). പിണറായിയെ ചീത്തയാക്കാന്‍ സി.പി.എംകാര്‍ ഒറ്റക്കെട്ടായി ഇറങ്ങിയ സ്ഥിതിക്ക് യു.ഡി.എഫ് അടുത്ത തവണ അധികാരത്തിലേറാനാണ് സാധ്യത. യു.ഡി.എഫിന്‍റെ ഗുണംകൊണ്ടല്ല. സര്‍ക്കാര്‍ സൃഷ്ടിക്കുന്ന നാറ്റത്തില്‍ മനംപുരട്ടിയ ജനം മറുപക്ഷത്തിനു കുത്തും.

മൂന്നു നായന്‍മാര്‍ക്കും എന്‍.എസ്.എസിന്‍റെ പിന്തുണ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടാണത്രെ എന്‍.എസ്.എസ് ശശി തരൂരിനെ മന്നം ജയന്തി സമ്മേളനത്തില്‍ മുഖ്യാതിഥിയാക്കിയത്. പണ്ട് ‍ഡല്‍ഹി നായരെന്നു പറഞ്ഞു തരൂരിനെ പുഛിച്ചയാളാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. അദ്ദേഹത്തിനു മാനസാന്തരം വന്നിരിക്കുന്നു. ഇനി തരൂര്‍ വഴിയിലാണ് മണിച്ചേട്ടന്‍. തരൂരിന് ഇത് മധുരമായ പ്രതികാരവുമാണ്. ഡല്‍ഹി നായരെന്നു പറഞ്ഞു അപമാനിച്ചിടത്ത് കയറി അതിഥിയാവുക ചെറിയ കാര്യമല്ലല്ലോ.


തരൂരിന്‍റെ താരോദയം എന്‍.എസ്.എസിന് കരുത്തു പകരും. കാരണം വിശ്വപൗരന്‍ നായര്‍ പക്ഷപാതിയെന്നുപറഞ്ഞു മറ്റുള്ളവര്‍ കളിയാക്കില്ല. താക്കോലുകളൊക്കെ തളളി പറഞ്ഞപ്പോള്‍ അപമാനിച്ചെങ്കിലും തരൂര്‍ അന്നും എന്‍.എസ്.എസിനെ എതിര്‍ത്തില്ലെന്നോര്‍ക്കണം.


ലീഗിനും തരൂരിനോടാണത്രെ പ്രിയം. അതുകൊണ്ടാണ് അശ്വമേധം പാണക്കാട്ടുനിന്ന് ആരംഭിക്കാന്‍ തരൂര്‍ തീരുമാനിച്ചതത്രെ. തരൂര്‍ വന്നാല്‍ 100 -110 സീറ്റു കിട്ടുമെന്നാണ് ലീഗിന്‍റെ കണക്കുകൂട്ടല്‍. രമേശ്, കുഞ്ഞാലിക്കുട്ടി എന്നിവര്‍ ഉപമുഖ്യമന്ത്രിമാര്‍. സതീശനും സുധാകരനുമൊക്കെ മന്ത്രിമാരാകാം. ചാണ്ടി ഉമ്മനെകൂടി മന്ത്രിയാക്കുന്നതോടെ അവശേഷിച്ച എ ഗ്രൂപ്പുകാര്‍ തൃപ്തരാകും. പിന്നെന്തുവേണം ?

ഇനി തരൂരിനെ കാലുവാരാനാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പു നേതാക്കള്‍ ശ്രമിക്കുന്നതെങ്കില്‍ ലീഗ് മുന്നണിമാറ്റത്തേക്കുറിച്ചു ചിന്തിക്കും. ചരിത്രത്തിലെ ഏറ്റവും വലിയ നാറ്റത്തിലൂടെയും നാണക്കേടിലൂടെയുമാണ് ഇടതുമുന്നണി കടന്നുപോകുന്നത്. സാധാരണ പാര്‍ട്ടി അണികള്‍ പ്രതിഷേധത്തിലാണ്. ഭരണത്തില്‍ ആര്‍ക്കും തൃപ്തിയില്ല. പോലീസ് അഴിഞ്ഞാടുകയാണ്.


പിണറായിക്കു ഭരണത്തില്‍ താല്‍പര്യമില്ലെന്ന് ഘടകകക്ഷി നേതാക്കള്‍ പറഞ്ഞുനടന്നു തുടങ്ങി. ഗ്രൂപ്പുകളികള്‍ അരങ്ങുതകര്‍ക്കുകയാണ്. വി.എസ്, പിണറായി ഗ്രൂപ്പു തര്‍ക്കങ്ങളില്‍ രാഷ്ട്രീയമുണ്ടായിരുന്നു, ആഭിജാത്യമുണ്ടായിരുന്നു. ഇപ്പോള്‍ അരങ്ങു വാഴുന്നത് വ്യക്തിവിരോധവും അഴിമതിയും കുതികാല്‍വെട്ടുമാണ്. അതെവിടെച്ചെന്നു നില്‍ക്കുമെന്നാര്‍ക്കും അറിയില്ല. അതിനാല്‍ അണികള്‍ തന്നെ നേതാക്കളെ തോല്‍പ്പിക്കുമെന്നു ചിന്തിക്കുന്നവരും കുറവല്ല.


ശബരിമല പ്രശ്നം വന്നപ്പോള്‍ അണികള്‍തന്നെയാണല്ലോ 19 ലും തോല്‍പ്പിച്ച് ഇടതുപക്ഷത്തെ പാഠം പഠിപ്പിച്ചത്.

ഉമ്മന്‍ ചാണ്ടി കളമൊഴി‍‍ഞ്ഞതോടെ സഭകള്‍ക്ക് ഭരണത്തില്‍ താല്‍പര്യമില്ലാതായി. ജോസ് കെ. മാണിയില്‍ മാത്രമാണവരുടെ കണ്‍സേണ്‍. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പാകുമ്പോള്‍ ജോസിനെ യു.ഡി.എഫില്‍ എത്തിക്കാന്‍ കഴിയുമെന്നു ചിന്തിക്കുന്നവരും കുറവല്ല. അപ്പോഴേക്കും ജോസഫ് ഗ്രൂപ്പ് ജരാനര ബാധിച്ച് എഴുന്നേല്‍ക്കാന്‍ പറ്റാതായിതീരും.

ഇതൊക്കെ തരൂരിന്‍റെ പ്ലസ് പോയിന്‍റുകളാണ്. കേരളത്തിലെത്തുന്ന തരൂര്‍ ആഷ്ബുഷ് ജീവിതമൊക്കെ ഉപേക്ഷിക്കേണ്ടതുണ്ട്. നാടനാകണം. ജനകീയനാകണം. അതിനൊക്കെ മനസുകൊണ്ടു തയ്യാറെടുത്തിട്ടായിരിക്കുമല്ലോ ഈ പടപുറപ്പാട്.

Advertisment