Advertisment

വീടില്ലാത്ത പി.കെ ഗുരുദാസനും അഞ്ചുപൈസ ഉണ്ടാകാത്ത ജി. സുധാകരനും ഒക്കെ പുട്ടിനു പീരപോലെ വെക്കാനേ ഇപ്പോള്‍ കൊള്ളൂ; തിന്നും കുടിച്ചും ദുര്‍മ്മേദസു മുറ്റിയ മൂരിക്കുട്ടന്‍മാരാണ് നിറയെ, മുമ്പ് എല്ലും തോലും ആയ വണ്ടിക്കാളകളായിരുന്നു! സ്വന്തമായി മുന്തിയ കാറും സ്പോണ്‍സര്‍ ചെയ്യാന്‍ നാലഞ്ചു കള്ളക്കച്ചവടക്കാരും ഇല്ലാത്ത എത്ര ഏരിയ സെക്രട്ടറിമാരുണ്ടിവിടെ? പിണറായി ഉള്‍പ്പെടെയുള്ളവരുടെ മുഖത്ത് നോക്കി ബേല താര്‍ പറഞ്ഞതാണ് ശരി-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

author-image
jayasreee
Updated On
New Update

publive-image

Advertisment

പ്രമുഖ ചലച്ചിത്രനിരൂപകനും ട്രിവാന്‍ഡ്രം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡയറക്ടറായി ഏറക്കാലം പ്രവര്‍ത്തിച്ച എഴുത്തുകാരനുമായ ജോര്‍ജ് മാത്യു അയച്ചുതന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ്.

അനന്തപുരിയില്‍ അരങ്ങേറിയ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിയില്‍ രണ്ടു പ്രസ്താവനകള്‍ അരങ്ങു തകര്‍ത്തു. ഒന്ന് അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്‍റെയും മറ്റൊന്ന് സര്‍ക്കാര്‍ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരം നല്‍കി ആദരിച്ച ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിന്‍റേതുമാണ്‌. ബേല താർ കമ്മ്യൂണിസ്റ്റ് ഹംഗറിയുടെ സൃഷ്ടിയാണ്. സര്‍ഗധനന്‍. 27 -ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങില്‍ പിണറായി ഉള്‍പ്പെടെയുള്ള സകല കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും സംഘാടകരായ സര്‍വ്വ കമ്മ്യൂണിസ്റ്റ് സഹയാത്രികരുടെയും കപട കമ്മ്യൂണിസ്റ്റുകാരുടെയും മുഖത്തുനോക്കി അദ്ദേഹം പറഞ്ഞു:

"ലോകം വലിച്ചെറിഞ്ഞ ചെമ്പുനാണയമാണ് കമ്മ്യൂണിസം. കമ്മ്യൂണിസത്തെ നെഞ്ചോടു ചേര്‍ത്തുപിടിച്ച എന്‍റെ രാജ്യം തന്നെയാണ് അതിനെ വെറുക്കാനും പഠിപ്പിച്ചത്. 16 വയസുവരെ ഞാനൊരു തീവ്ര കമ്മ്യൂണിസ്റ്റായിരുന്നു. പില്‍ക്കാലത്ത്, ഞാന്‍ ആരാധിച്ചവരൊക്കെ വ്യാജന്‍മാരാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അതുവരെ നടന്ന വഴികളില്‍ തിരിഞ്ഞു നടക്കാന്‍ പഠിച്ചത്. ഇതുവരെ ഞാനൊരു നല്ല കമ്മ്യൂണിസ്റ്റിനെ കണ്ടിട്ടില്ല. കമ്മ്യൂണിസ്റ്റുകളെല്ലാം ക്രിമിനലുകളാണ്."

മന്ത്രി വി.എന്‍ വാസവനാണ് അദ്ദേഹത്തിന് അവാര്‍ഡു നല്‍കിയത്. ഈ വേദിയിലാണ് തന്നെ കൂക്കിവിളിച്ച ചലച്ചിത്ര പ്രേമികളെ പരിഹസിച്ചുകൊണ്ട് രഞ്ജിത്ത് പറഞ്ഞത്:

"കൂവല്‍ മുമ്പും എനിക്കു പുത്തരിയല്ല. 76 ല്‍ എസ്എഫ്ഐയില്‍ തുടങ്ങിയതാണീ ജീവിതം. അതുകൊണ്ട് കൂവി തോല്‍പ്പിക്കാനാവില്ല."


സി.പി.എമ്മില്‍ അടുത്ത കാലത്ത് നടക്കുന്ന നാറുന്ന നാണിപ്പിക്കുന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണിത്രയും എഴുതിയത്. രഞ്ജിത്താണ് ആധുനിക കമ്മ്യൂണിസ്റ്റിന്‍റെ പ്രതിനിധി. ഹംഗറിക്കാരന്‍ ബേല താർ ജീവിതം കമ്മ്യൂണിസത്തിനു വേണ്ടി ഹോമിച്ചു. ആ തത്വശാസ്ത്രത്തില്‍ വിശ്വസിച്ച് കബളിപ്പിക്കപ്പെട്ട ആത്മാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരുടെ പ്രതിനിധിയും.


ഒരു മുതിര്‍ന്ന കമ്മ്യൂണിസ്റ്റുകാരന്‍ ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ എന്നോട് പറഞ്ഞതിങ്ങനെ (ചുവന്ന കോടിപുതച്ച് ശാന്തികവാടത്തിലേക്കെടുക്കണം എന്നദ്ദേഹം ഇപ്പോഴും ആഗ്രഹിക്കുന്നതിനാല്‍ പേരെഴുതുന്നില്ല).

"കോണകം വാങ്ങാന്‍ കാശില്ലാതെ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയവരാണിവരൊക്കെ. കോടികള്‍ നേടുകയാണ് ലക്ഷ്യം. ഇപ്പോഴത്തെ ഇവരുടെ സ്വത്തൊക്കെ എങ്ങനെ ഉണ്ടായതാണ് ? അഴിമതിക്കാരല്ലേ നിറയെ. ഈ പാര്‍ട്ടിക്കെന്താണിനി സംഭവിക്കുക എന്ന കാര്യത്തില്‍ എനിക്കു നല്ല നിശ്ചയമുണ്ട്."

വീടില്ലാത്ത പി.കെ ഗുരുദാസനും അഞ്ചുപൈസ ഉണ്ടാകാത്ത ജി. സുധാകരനും ചികിത്സയ്ക്കായി അവസാനകാലത്ത് കാശില്ലാതെ അലഞ്ഞ കാട്ടായിക്കോണം ശ്രീധറും പി.കെ ചന്ദ്രാനന്ദനും ചടയന്‍ ഗേവിന്ദനും ഒക്കെ പുട്ടിനു പീരപോലെ വെക്കാനേ ഇപ്പോള്‍ കൊള്ളൂ. തിന്നും കുടിച്ചും ദുര്‍മ്മേദസു മുറ്റിയ മൂരിക്കുട്ടന്‍മാരാണ് നിറയെ. മുമ്പ് എല്ലും തോലും ആയ വണ്ടിക്കാളകളായിരുന്നു.

സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എച്ച് കരുണാകരന്‍ നൂറനാട്ടെത്തിയപ്പോള്‍ യോഗം ചേര്‍ന്നത് എന്‍റെ വീട്ടിലാണ്. ഭക്ഷണം കഴിച്ചതും. ട്രാന്‍സ്പോര്‍ട്ട് ബസില്‍ യാത്രചെയ്യുന്ന പി.കെ.വിയാണിപ്പോഴും മനസില്‍. ഇന്നാണെങ്കിലോ, പല നിറത്തിലുള്ള വിദേശ കാറുകളുമായി കള്ളപ്പണക്കാര്‍, കാശുകാര്‍, കച്ചവടക്കാര്‍ കാത്തു കിടക്കും. ശീതീകരിച്ച മുറിയില്‍ മുന്തിയ മീനുകള്‍ പൊരിഞ്ഞ് കാത്ത് ഇരിക്കും. വേണ്ടവര്‍ക്ക് ലഹരി ഒളിപ്പിച്ചു നല്‍കും.


പോളിറ്റ്ബ്യൂറോ ആറു പെഗ് ബ്ലൂലേബല്‍ അടിക്കുമ്പോള്‍ സംസ്ഥാനം റെഡ് ലേബലെങ്കിലും ചാര്‍ത്തേണ്ടേ ? കേന്ദ്രം വീട്ടിലെ പശുക്കളെ മാറ്റിക്കെട്ടുമ്പോള്‍ ഇവിടെ അയലത്തെ പശുക്കളുടെ അകിടെങ്കിലും ചുരത്തേണ്ടേ ?


സ്വന്തമായി മുന്തിയ കാറും സ്പോണ്‍സര്‍ ചെയ്യാന്‍ നാലഞ്ചു കള്ളക്കച്ചവടക്കാരും ഇല്ലാത്ത എത്ര ഏരിയ സെക്രട്ടറിമാരുണ്ടിവിടെ ? ചില പൊട്ടന്‍മാര്‍ കാണും. അവരെ ഒരുക്കി നിര്‍ത്തിയിരിക്കുകയാണ് നിസ്വാര്‍ത്ഥരുണ്ടെന്നും വംശനാശം വന്നിട്ടില്ലെന്നും കാണിക്കാന്‍. മന്ത്രിമാര്‍ ചെല്ലുമ്പോള്‍ ആദിവാസികളെ ഒരുക്കി നിര്‍ത്തി ചവിട്ടുനാടകം ചെയ്യിക്കുന്നതുപോലെ.

പണ്ട് കാശുള്ളവനൊക്കെ കോണ്‍ഗ്രസായിരുന്നു. സ്വത്തു സംരക്ഷിക്കാന്‍ അതായിരുന്നു ഉത്തമ മാര്‍ഗം. ഇപ്പോള്‍ അവരൊക്കെ ചാടി കമ്മ്യൂണിസ്റ്റായി. ഇനി അവര്‍ ബി.ജെ.പിയാകും, സി.പി.എം തളര്‍ന്നാല്‍. അത്രേയുള്ളു. അതാണ് ബംഗാള്‍ നമുക്കു നല്‍കുന്ന പാഠം.

ഏതു തെറ്റു തിരുത്തല്‍ രേഖയുണ്ടായാലും ഒരുത്തനേം പിടിക്കാനാവില്ല. കാരണം മുടി തൊട്ടു നഖം വരെ പടര്‍ന്നു പിടിച്ചുകഴിഞ്ഞു ഈ രോഗം. ഇനി ഭരണംപോയാല്‍ എത്രപേര്‍ തല്ലുകൊള്ളാനുണ്ടാകുമെന്നു കാണണം. കണ്ണൂരില്‍ ചില പാവങ്ങള്‍ ഇപ്പോഴും പാര്‍ട്ടിയെന്നു പറഞ്ഞു നടക്കുന്നുണ്ട്. അവരേ കാണൂ. ഒടുവില്‍ അവര്‍ കൂടുതല്‍ സംരക്ഷണം കിട്ടുന്നിടത്തേക്കു ചേക്കേറും. ഒടുക്കം സി.പി.എമ്മിനും ബി.ജെ.പിക്കും ഇടയിലാണല്ലോ.

ഒരുപകാരം ചെയ്യണം. ഇനി പട്ടിണി പാവങ്ങളെക്കുറിച്ച് പറയരുത്. തിന്നു തടിച്ചു കൊഴുത്ത് നിന്നുകൊണ്ടു പട്ടിണയേക്കുറിച്ച് പറയാനെന്താണവകാശം ? എല്ലും തോലുമായ ആദിവാസിക്കോ ശാന്തിയില്‍ കള്ളത്തരം അറിയാത്ത നമ്പൂതിരിമാര്‍ക്കോ നോക്കാന്‍ മക്കളില്ലാത്ത വൃദ്ധര്‍ക്കോ മാത്രമാണ് അതിനുള്ള അവകാശം.

ലഹരിവിമോചന സമരം. അതിനുശേഷം കള്ളുകുടി, അഴിഞ്ഞാട്ടം, സ്ത്രീ ശാക്തീകരണം, രാത്രി പെണ്ണുപിടി, അശ്ലീല സന്ദേശമയക്കല്‍. അഴമതി വിരുദ്ധ സമരം, രാത്രി വാറ്റുകാരില്‍ നിന്നു പണം തട്ടല്‍. സര്‍ക്കാരിലെ ശുദ്ധീകരണ പ്രക്രിയ. രാത്രി കമ്മീഷനടിക്കല്‍.

പണ്ട് ദേശാഭിമാനിക്കൊരു പ്രസ് വാങ്ങാന്‍ പാര്‍ട്ടി കെ.ആര്‍ ഗൗരിയമ്മയെ അയച്ചത് കള്ളുവ്യവസായി മണര്‍കാട് പാപ്പന്‍റെ അടുത്തേയ്ക്കാണ്. പാപ്പന്‍ പണം നല്‍കി. പാര്‍ട്ടി അതു മടക്കിയും നല്‍കി. ഇന്നാണെങ്കിലോ ? പാപ്പന്‍മാര്‍ പണവുമായി പാര്‍ട്ടി ആഫീസിന്‍റെ മുമ്പില്‍ കാവല്‍ കിടക്കും.

ബേല താർ... താങ്കള്‍ എത്ര ശരിയാണ്.

Advertisment