Advertisment

തിരുവനന്തപുരം മേയറെ പാര്‍ട്ടി കാത്തു, സത്യം പറഞ്ഞ അനിലിനെ കുരുതി കൊടുത്തു ! സത്യം പറയുന്നതിന്റെ അപകടം സി.പി.എമ്മില്‍ ഗുരുതരം; അനിലിനെ നേര്‍ച്ചക്കോഴിയാക്കിയതും സത്യം പറഞ്ഞതിന്റെ പേരില്‍; പാര്‍ട്ടിയില്‍ കാട്ടുനീതിയാണോ നടപ്പാക്കുന്നത് ?-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

New Update

publive-image

Advertisment

സി.പി.എമ്മില്‍ തിരുവനന്തപുരം ജില്ലയില്‍ കാട്ടുനീതിയാണോ നടപ്പാക്കുന്നതെന്ന് ചിലരെങ്കിലും ചോദിച്ചു തുടങ്ങിയിരിക്കുന്നു. സത്യം പറയുന്നതിന്‍റെ അപകടം പാര്‍ട്ടിയില്‍ ഗുരുതരം. കാരണം അതിന്‍റെ പേരിലാണ് അനിലിനെ നേര്‍ച്ചക്കോഴിയാക്കി പ്രതിപക്ഷ സമരം അവസാനിപ്പിച്ചത്.

56 ദിവസമായി കത്തു വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍റെയും സ്ഥിരം സമിതി അധ്യക്ഷന്‍ ഡി.ആര്‍ അനിലിന്‍റെയും രാജി ആവശ്യപ്പെട്ട് യു.ഡി.എഫും ബി.ജെ.പിയും സമരത്തിലാണ്. മേയറെ പാര്‍ട്ടി കാത്തു. സത്യം പറഞ്ഞ അനിലിനെ കുരുതികൊടുത്തു. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യ എഴുതിയ കത്തില്‍ കോര്‍പ്പറേഷനിലെ താല്‍ക്കാലിക നിയമനത്തിന് പാര്‍ട്ടിയുടെ പട്ടിക ആവശ്യപ്പെട്ടിരുന്നു. ഈ കത്ത് താന്‍ എഴുതിയിട്ടില്ലെന്നാണ് ആര്യ പറഞ്ഞത്. കത്തു കിട്ടിയില്ലെന്ന് ആനാവൂരും.


കത്തു അനില്‍ പാര്‍ട്ടി നേതാക്കളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലിട്ടപ്പോഴാണ് പുറത്തായത്. സര്‍ക്കാരാകട്ടെ വ്യാജ കത്ത് അന്വേഷിക്കാന്‍ പോലീസിനെയും നിയോഗിച്ചു.


കത്ത് സത്യമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതു സമ്മതിച്ചാല്‍ ആര്യയുടെ കസേര തെറിക്കും. പോലീസാണെങ്കില്‍ അഴകൊഴമ്പന്‍ റിപ്പോര്‍ട്ടെഴുതി ആര്യയേയും ആനാവൂരിനെയും രക്ഷിക്കും. പറയുന്നതെന്തും എഴുതിക്കൊടുക്കുന്ന സാറന്മാരാണല്ലോ തലപ്പത്ത്. പറയാത്തതുകൂടി എഴുതി നല്‍കും, വേണ്ടിവന്നാല്‍.

ഇത്ര പച്ചക്കള്ളം പറയാന്‍ അനിലിനു കഴിഞ്ഞില്ല. എസ്.എ.ടി ആശുപത്രിയിലെ കാത്തിരിപ്പു കേന്ദ്രത്തില്‍ 9 ജീവനക്കാരെ നിയമിക്കാനുള്ള പട്ടിക ആവശ്യപ്പെട്ടുകൊണ്ടുള്ള അനിലിന്‍റെ ആനാവൂരിനുള്ള കത്തും പുറത്തുവന്നു. കത്തെഴുതിയെന്ന് അനില്‍ സമ്മതിച്ചു. കിട്ടിയില്ലെന്നായി ആനാവൂര്‍. അങ്ങനെയാണ് അനിലിന്‍റെ കഴുത്തില്‍ കുരുക്കു വീണത്. പോലീസും പാര്‍ട്ടിയും ഒക്കെ അന്വേഷണം നടത്തുന്നുണ്ട്. എങ്ങനെ പ്രതികളെ രക്ഷിക്കാമെന്നു ചിന്തിക്കാനാണെന്നു മാത്രം. ഈ ലക്ഷ്യത്തോടെ അന്വേഷകരെ നിയമിക്കുന്ന ലോകത്തെ ആദ്യത്തെ കേസുകളായി മാറുമോ ഇവയെന്ന് ചില വിമര്‍ശകര്‍ ചോദിക്കുന്നുണ്ട്.

കോടതിയും ഓംബുഡ്സ്മാനും ഒക്കെ പരിശോധിച്ചുവരുമ്പോഴേക്ക് കാലങ്ങളെടുക്കും. കോടതിയില്‍ കേസു കൊടുപ്പിക്കുക മിക്കപ്പോഴും പ്രതികളായിരിക്കും. യു.ഡി.എഫ് ഭരണകാലത്താണ് ഈ രീതി ഫലപ്രദമായി നടപ്പാക്കിയത്. ഇവിടെ ആവര്‍ത്തിക്കുന്നു എന്നേയുള്ളു.

മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉണ്ടായാല്‍ രണ്ടു നാള്‍ക്കകം ഹൈക്കോടതിയില്‍ കേസ് വരും. വാദികള്‍ വേണ്ടത്ര തെളിവുകള്‍ നിരത്തില്ല. കോടതി കേസ് തള്ളും. അതോടെ മന്ത്രി കുറ്റവിമുക്തനായതായി അനുയായികള്‍ കൊട്ടിഘോഷിക്കും. മറ്റാരെങ്കിലും തെളിവുകളോടെ ഹൈക്കോടതിയെ അന്വേഷണത്തിനായി സമീപിക്കാനുള്ള അവസരം അതോടെ ഇല്ലാതാകും. ഒരിക്കല്‍ തള്ളിയ വിഷയം വീണ്ടും കോടതി എടുക്കാറില്ല, സാധാരണയായി.

ഈ രീതിയാണ് ഇപ്പോള്‍ ഇടതു നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. കോടതിയില്‍ കുറ്റവിമുക്തനാകാനുള്ള കുറുക്കുവഴിയാണിത്. മന്ത്രിമാരായ എം.ബി രാജേഷും വി. ശിവന്‍കുട്ടിയുമാണ് പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അടിമുടി അഴിമതിയാണെന്നവര്‍ സമ്മതിക്കുകയും ചെയ്തു.


പ്രതിപക്ഷത്തിന് വിജയത്തില്‍ ആഹ്ളാദിക്കാം. അഴിമതി പൊളിച്ചടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ പാര്‍ട്ടിയില്‍ ഉള്‍പ്പോര് രൂക്ഷമാണെന്ന് ജനങ്ങള്‍ക്കും ബോധ്യമായി. ആനാവൂരും കടകംപള്ളി സുരേന്ദ്രനും നേര്‍ക്കുനേര്‍ നിന്നാണുപോരാട്ടം. ആനാവൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കഴിയാത്ത അത്ര രൂക്ഷമാണ് തമ്മില്‍ തല്ല്.


എസ്.എഫ്.ഐ നേതാക്കള്‍ ലഹരി വിരുദ്ധ സമ്മേളനത്തില്‍ പ്രതിജ്ഞ ചെയ്ത ശേഷം കള്ളുകുടിച്ചു തുള്ളിയതും അവരൊക്കെ ആനാവൂര്‍ ഗ്രൂപ്പാണെന്നതും ഇതിനിടെ പുറത്തുവന്നിരുന്നു.

ഇനി അങ്കം മുറുകും. അത് ഉടനെയെങ്ങും തീരുന്ന ലക്ഷണവുമില്ല. 'എനക്കൊരു കാലിച്ചായയും ഓനൊരു കോഴി ബിരിയാണിയും' എന്ന ആപ്തവാക്യം ജില്ലയിലെ പാര്‍ട്ടിയെയും പിടിച്ചുലക്കുന്നുണ്ട്. അതൊന്നും പുറത്തുവരുന്നില്ലെന്നു മാത്രം. ഒരു ദിവസം കുടം പൊട്ടിച്ചു ഭൂതം പുറത്തു ചാടും. ഭൂതത്തിനുമില്ലേ കുറെയെങ്കിലും നേരും നെറിയുമൊക്കെ.

എതിരാളികളെ വെട്ടിയരിയുന്നതില്‍ അനിതരസാധാരണ പ്രതിഭയുള്ള നേതാവാണ് ആനാവൂര്‍. നായര്‍ പ്രമാണിത്തം ആനാവൂരിനധികമുണ്ടെന്നും എതിര്‍ ഗ്രൂപ്പു പറയുന്നു. അഴിമതി ആരോപണങ്ങള്‍ നിരവധി. എന്നിട്ടു എന്തേ നേതൃത്വം ആനാവൂരിനെ കൈവിടുന്നില്ല ?

ഈ ചോദ്യത്തിന് ഒരു പ്രമുഖ സി.പി.എം നേതാവു നല്‍കിയ മറുപടി ഇതാണ്. മുകളിലുള്ളവര്‍ ഇയാളേക്കാള്‍ വല്യ കള്ളന്‍മാരല്ലേ ? പിന്നെങ്ങനെ നടപടിയെടുക്കും ? പിന്തുണച്ചല്ലേ പറ്റൂ. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയല്ലേ വേണ്ടത് ? അങ്ങനെ കൊന്നും തിന്നും കൊഴുക്കുകയാണ് സി.പി.എം തിരുവനന്തപുരത്ത്. അഭിമാനിക്കാം. ആശ്വസിക്കാം. ആവേശത്തിലാകാം.

Advertisment