Advertisment

എന്തുകൊണ്ട് മുസ്ലിങ്ങള്‍ ബി.ജെ.പി-ആര്‍.എസ്.എസ് ഭീഷണി തടയാന്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നില്ല എന്നതായിരുന്നു മുജാഹിദ് സമ്മേളനത്തില്‍ ബ്രിട്ടാസും രാജീവും ഉന്നയിച്ച വാദഗതികള്‍; അര ശതമാനം മാത്രം വോട്ട് അഖിലേന്ത്യാ തലത്തില്‍ നേടിയ സി.പി.എമ്മിന് എങ്ങനെ 20 കോടി മുസ്ലീങ്ങളെ സംരക്ഷിക്കാനാകും ? കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നമുക്ക് ഒന്നു ചേര്‍ന്നു പോരാടാം എന്നു പറഞ്ഞിരുന്നെങ്കില്‍ ദുഷ്ടലാക്കില്ലെന്നു കരുതാമായിരുന്നു-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

കോഴിക്കോട്ടു നടന്ന മുജാഹിദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രിയും മന്ത്രി പി. രാജീവും ജോണ്‍ ബ്രിട്ടാസ് എം.പിയും ഉന്നയിച്ച വാദഗതികള്‍ എന്തുകൊണ്ട് മുസ്ലിങ്ങള്‍ ബി.ജെ.പി-ആര്‍.എസ്.എസ് ഭീഷണി തടയാന്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നില്ല എന്നതാണ്. പി. രാജീവാകട്ടെ ബി.ജെ.പി മുസ്ലീങ്ങളെ പാര്‍ലമെന്‍റിനും നിയമസഭകള്‍ക്കും അകത്തു കടത്താതെ മതില്‍ കെട്ടുകയാണെന്നു പറഞ്ഞുവെച്ചു.

പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും മുസ്ലിങ്ങള്‍ ആരുമില്ല ഭരണകക്ഷിയില്‍ എന്നതായിരുന്നു അദ്ദേഹത്തിന്‍റെ വാദം. 20 കോടി വരുന്ന ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് ഭരണഘടനാ സ്ഥാനങ്ങളിലെങ്ങും ന്യായമായ - പ്രസക്തമായ - പ്രാതിനിധ്യം ഇല്ലെന്നാണ് ജോണ്‍ ബ്രിട്ടാസ് സൂചിപ്പിച്ചത്. ആര്‍.എസ്.എസുമായി മുസ്ലിം നേതാക്കള്‍ നടത്തുന്ന സംവാദങ്ങളെയും ചര്‍ച്ചകളെയും ബ്രിട്ടാസ് എതിര്‍ത്തു. അതുകൊണ്ട് പ്രയോജനം എന്താണ് "ഉണ്ടോ ? ഉണ്ടോ ?" എന്നാവര്‍ത്തിച്ചു പറഞ്ഞ് രൂക്ഷമായാണ് ഉന്നയിച്ചത്.


ഇന്ത്യന്‍ മുസ്ലിങ്ങള്‍ അരക്ഷിതബോധം ഉപേക്ഷിക്കാന്‍, അഥവാ അവരെ സുരക്ഷിതരാക്കാന്‍ ആരാണ്, എന്താണ് പോംവഴി എന്നു നിര്‍ദ്ദേശിക്കാതെ ചില ഉണ്ടയില്ലാ വെടികളാണ് ഇരുവരും പൊട്ടിച്ചത്.


അവരുടെ ഉത്തരം ഇടതുപക്ഷം എന്നുതന്നെയാണ്. കേരളത്തില്‍ അതു സാധ്യവുമാണ്. എന്നാല്‍ അഖിലേന്ത്യാ തലത്തില്‍ 20 കോടി മുസ്ലിങ്ങളെ ആര്‍.എസ്.എസ് ഭീഷണിയില്‍ നിന്നു രക്ഷിക്കാനെന്ത് ബദലാണുള്ളതെന്ന് നിരന്തരം ബദല്‍ എന്നാര്‍ത്തു വിളിക്കുന്ന ഇരുവര്‍ക്കും കഴിഞ്ഞില്ല. ഇന്ത്യന്‍ മുസ്ലിങ്ങള്‍ രാജീവിന്‍റെയും ബ്രിട്ടാസിന്‍റെയും ഉപദേശം സ്വീകരിച്ച് ഇടതുപക്ഷത്തേക്കു പോയാല്‍തന്നെ സ്വീകരിക്കാനുള്ള ത്രാണിയും ശേഷിയും ആയിടങ്ങളില്‍ ഇടതുപക്ഷത്തിനാകെയോ സി.പി.എമ്മിനു പ്രത്യേകിച്ചോ ഇല്ലെന്ന വസ്തുത മനസിലാക്കാതെയല്ല രണ്ടു നേതാക്കളും ആഹ്വാനങ്ങളുമായി ഇറങ്ങിയത്.

കാരണം 20 കോടിയെ രക്ഷിക്കണമെങ്കില്‍ കോണ്‍ഗ്രസ് എന്ന തളര്‍ന്നു കിടക്കുന്ന പടക്കുതിരകൂടി വേണം. അതവര്‍ പറഞ്ഞില്ല. എന്തുകൊണ്ട് ? കേജരിവാള്‍ വേണമെന്നവര്‍ പറഞ്ഞില്ല. എന്തുകൊണ്ട് ? അവിടെയാണ് സങ്കുചിത കേരള വോട്ട് ബാങ്ക് രാഷ്ട്രീയ ചപ്പടാച്ചികള്‍ മാത്രമായി ഈ ആഹ്വാനങ്ങള്‍ മാറുന്നത്.

ഇടതുപക്ഷം ഇന്ത്യയില്‍ ദുര്‍ബലമാണെന്ന സത്യം അംഗീകരിക്കണം. ചുവന്ന തുരുത്തുകളായി അവശേഷിച്ചിരുന്ന ബംഗാളും ത്രിപുരയും നഷ്ടമായി. പിന്നെയുള്ളത് മൂന്നര കോടി ജനങ്ങളുള്ള കേരളമാണ്. 1 കോടി 5 ലക്ഷത്തി 55616 വോട്ടാണ് 2021ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ലഭിച്ചത്. 99 സീറ്റും 45.43 ശതമാനം വോട്ടും. ഈ കൊച്ചു കേരളത്തിലെ 1 കോടിയുടെ പിന്തുണകൊണ്ട് ബൃഹത്തായ ഇന്ത്യ ഉപഭൂഖണ്ഡത്തിലെ 20 കോടിയെ എങ്ങിനെ രക്ഷിക്കും ?.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 5 കോടി 74 ലക്ഷത്തി 18038 വോട്ട് കൂടുതല്‍ കിട്ടി 2014 ലെ തെരഞ്ഞെടുപ്പിനേക്കാള്‍. 2019 ല്‍ കിട്ടിയത് 22 കോടി 90 ലക്ഷത്തി 78261 വോട്ടാണ്. കോണ്‍ഗ്രസിന് പക്ഷേ 11 കോടി 94 ലക്ഷത്തി 24952 വോട്ടു കിട്ടി. അര ശതമാനം മാത്രം വോട്ട് അഖിലേന്ത്യാ തലത്തില്‍ നേടിയ സി.പി.എമ്മിന് എങ്ങനെ 20 കോടി മുസ്ലീങ്ങളെ സംരക്ഷിക്കാനാകും ?


കണ്ണടച്ച് ഇരുട്ടാക്കിയിട്ടു കാര്യമില്ല. സത്യത്തിനുനേരെ മുഖം വയ്ക്കണം. തിരിച്ചുകളയരുത്. കോണ്‍ഗ്രസിന്‍റെ പിന്തുണയോടെ ഇതൊക്കെ നേടാമെന്ന് രാജീവും ബ്രിട്ടാസും പറഞ്ഞിരുന്നെങ്കില്‍ യാഥാര്‍ത്ഥ്യബോധത്തോടെയെന്നു പറയാമായിരുന്നു.


1977 ല്‍ അടിയന്തിരാവസ്ഥ കഴിഞ്ഞപ്പോള്‍ ഇന്ദിരാ ഗാന്ധിയെ പുറത്താക്കാന്‍ അന്നത്തെ ബി.ജെ.പിക്കൊപ്പം കൂട്ടു കൂടിയ ചരിത്രമുണ്ട്. അതു തെറ്റായിരുന്നുവെന്ന് സി.പി.എം ഇതേവരെ പറഞ്ഞിട്ടില്ല. അടിയന്തിരാവസ്ഥയെ പിന്തുണച്ചതു തെറ്റായിപ്പോയെന്ന് കുറ്റ സമ്മതം നടത്തിയത് സി.പി.ഐ മാത്രം.

അപ്പോള്‍ 20 കോടിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നമുക്ക് ഒന്നു ചേര്‍ന്നു പോരാടാം എന്നു പറഞ്ഞിരുന്നെങ്കില്‍ ദുഷ്ടലാക്കില്ലെന്നു കരുതാമായിരുന്നു. 20 കോടി പറഞ്ഞതാണു പ്രശ്നം. കേരളത്തിലെ മുസ്ലിങ്ങളെ ആര്‍.എസ്.എസ് കാപാലികരില്‍ നിന്നു രക്ഷിക്കാന്‍ നമുക്കൊന്നിക്കാം എന്നു പറഞ്ഞിരുന്നെങ്കില്‍ പ്രശ്നമില്ലായിരുന്നു.

അപ്പോള്‍ കോണ്‍ഗ്രസിന്‍റെ പേരു പറഞ്ഞാല്‍ നേട്ടത്തിന്‍റെ - വോട്ടിന്‍റെ - അംശം അവര്‍ക്കുകൂടി കിട്ടിയാലോ ? അതു വേലത്തരമാണു രാജീവേ, ബ്രിട്ടാസേ...

ഇവിടെ ആര്‍.എസ്.എസിനു വലിയ ശക്തിയൊന്നുമില്ല. ഹിന്ദുക്കളെല്ലാം ആര്‍.എസ്.എസ് അല്ല. അവരെ നേരിടാന്‍ ഇവിടെയുള്ള മുസ്ലിങ്ങള്‍ തന്നെ ധാരാളം. സി.പി.എം പിന്തുണയില്ലാതെ അവര്‍ക്കതിനുള്ള ആള്‍ബലമുണ്ട്. അപ്പോള്‍ കോഴിക്കോടെ ലക്ഷ്യമെന്താണ് ? മുസ്ലിം വോട്ടുകളെ ഇടതുപക്ഷത്തേക്കാകര്‍ഷിക്കുക തന്നെ.

മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ മുജാഹിദീന്‍ സി.പി.എം പക്ഷത്തായി കഴിഞ്ഞു എന്ന മട്ടിലാണ് സംസാരിച്ചത്. സി.പി.എമ്മിനെ വിമര്‍ശിക്കാന്‍ മുജാഹിദിന്‍ വേദി നല്‍കിയതിലാണ് അദ്ദേഹത്തിന്‍റെ അമര്‍ഷം. ലീഗ് നേതാവ് പി.കെ ബഷീര്‍ ഇടതുപക്ഷത്തിന്‍റെ പൊള്ളത്തരം ചൂണ്ടിക്കാട്ടിയതിനേ പിണറായി കണക്കറ്റ് ശകാരിച്ചു. അത് രാഷ്രീയമാണെന്ന് അംഗീകരിച്ചാല്‍ പ്രശ്നം തീര്‍ന്നു.

മുസ്ലിം പ്രേമവും വിശ്വാസങ്ങളെ എതിര്‍ക്കില്ല ബഹുമാനിക്കുന്നെന്ന നിലപാടും (എം.വി ഗോവിന്ദന്‍ മാഷ് തിരുവനന്തപുരത്തു പറഞ്ഞത്) ശരിയാണെന്ന് വിശ്വസിക്കണമെങ്കില്‍ ഒരു കാര്യം മാത്രം വ്യക്തമാക്കിയാല്‍ മതി സഖാക്കളെ. ശരിയത്തിനെ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ ? ശരിയത്ത് അറബിക്കടലിലേക്ക് വലിച്ചെറിഞ്ഞ ഇ.എം.എസ് തെറ്റായിരുന്നോ ? അന്ന് കെ. മൊയ്തീന്‍കുട്ടി ഹാജി ഉള്‍പ്പെടെയുള്ള ലീഗ് പിളര്‍ത്തിയെത്തിയ ഇന്ത്യന്‍ ലീഗുകാരെ അനാഥരാക്കി നടുക്കടലില്‍ വലിച്ചെറിഞ്ഞത് തെറ്റായിരുന്നോ ?

Advertisment