Advertisment

സി.പി.എം എന്തു വ്യാഖ്യാനം നല്‍കിയാലും സജി ചെറിയാനെ മന്ത്രിയാക്കി വീണ്ടും അവരോധിക്കാനുള്ള തീരുമാനം ഒരു തെറ്റ് തിരുത്തലാണ്; വിമര്‍ശനം ഉണ്ടാകുമ്പോള്‍ ഇരുമ്പു ഉരുക്കു തീരുമാനങ്ങള്‍ വലിച്ചെറിഞ്ഞു പിറകോട്ടോടുന്ന രീതി പണ്ടൊന്നും സി.പി.എമ്മിനില്ലായിരുന്നു; ഇപ്പോള്‍ അതു കൂടി വരികയാണ് ! സജി ചെറിയാനോടൊരുപദേശം: മന്ത്രിയായെന്നു കരുതി ഹാലിളകരുത്-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

മന്ത്രിയായിരുന്ന സജി ചെറിയാന്‍ പാര്‍ട്ടി യോഗത്തില്‍ പ്രകടിപ്പിച്ച അഭിപ്രായത്തിന്‍റെ പേരില്‍ രാജിവച്ചത് അസംബന്ധമായിപ്പോയി എന്നു ചിന്തിക്കുന്നവരിലൊരാളാണ് ഞാന്‍. അഭിപ്രായങ്ങള്‍ ഇരുമ്പുലക്കകളല്ല എന്ന് സുഗതന്‍ സാറാണു പറഞ്ഞതെന്നു തോന്നുന്നു. മനസില്‍ തോന്നുന്നതു പറയട്ടെ. അതല്ലേ അഭിപ്രായ സ്വാതന്ത്ര്യം ? തെറ്റ് സംഭവിച്ചാല്‍ തിരുത്തിയാല്‍ പോരേ ? അഭിപ്രായങ്ങള്‍ ഒരു നടപടിയല്ല. അതിനാല്‍ അതിന് അതിന്‍റെ വിലയേ നല്‍കേണ്ടതുള്ളു.

എം.എം മണി മന്ത്രിയായിരുന്നപ്പോള്‍ ഞാന്‍ ഒരു ടെലിവിഷന്‍ അഭിമുഖം നടത്തി. ഒരു മണിക്കൂര്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെക്കുറിച്ചു ചോദിച്ചപ്പോള്‍ മണി മന്ദിരത്തില്‍ വച്ച് പറഞ്ഞത് ആ മൈ... എന്നാണ്. എഡിറ്റു ചെയ്തു മാറ്റിക്കൊള്ളാമെന്നു ഞാന്‍ പറഞ്ഞപ്പോള്‍ മണിയാശാന്‍ പറഞ്ഞു: "അതവിടെ കിടക്കട്ടെ. നിങ്ങള്‍ക്കു വേണമെങ്കില്‍ മാറ്റിക്കോ. എനിക്കുവേണ്ടി മാറ്റേണ്ട" എന്നാണ്.


അതിനെയൊക്കെ ആത്മാര്‍ത്ഥമായ ഒരഭിപ്രായമായല്ലേ കാണേണ്ടത് ? ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ തിരുവഞ്ചൂരാണ് മണി ആശാനെ പിടിച്ച് അകത്തിട്ടത്. അതിന്‍റെ പക മനസില്‍ അടക്കാതിരിക്കുന്നതല്ലേ സുതാര്യത. അല്ലാതെ കള്ളം പറയുന്നതാണോ ?


കോടതിയെ വിമര്‍ശിക്കരുത് എന്നാല്‍ കോടതിവിധികളെ വിമര്‍ശിക്കാം. അതു കോര്‍ട്ടലക്ഷ്യമാവില്ല. എന്നാല്‍ ക്രൈം നന്ദകുമാര്‍ ഇംഗ്ലീഷില്‍ ... ക്രൈം ഇറക്കി. അതില്‍ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ചില ജഡ്ജിമാരുടെ അഴിമതിയുടെയും പെണ്ണു പിടിയുടെയും കഥകള്‍ തുറന്നെഴുതി. ആരും കേസു കൊടുത്തില്ല. സ്വമാധയാ കേസെടുത്തുമില്ല. കാരണം അതില്‍ നിറയെ തെളിവുകളായിരുന്നു, സത്യങ്ങളായിരുന്നു എന്നല്ലേ അനുമാനിക്കേണ്ടത് ?

ഈയിടെ കേരള ഹൈക്കോടതിയിലെ ഒരഭിഭാഷകന്‍ (സംഘടനാ പ്രസിഡന്‍റ്) ഒരു ജഡ്ജിക്കു കൊടുക്കാനാണെന്നു പറഞ്ഞ് കാല്‍ കോടി കൈക്കൂലി വാങ്ങി. ഇതറിഞ്ഞ ജ‍ഡ്ജിതന്നെ പരാതി നല്‍കി. അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നു. പരാതി സത്യമെന്നായിരുന്നു റിപ്പോര്‍ട്ട്.

ഇതൊക്കെ നടക്കുന്ന ഈ നാട്ടിലാണു ചെങ്ങന്നൂരെ ഒരു പാര്‍ട്ടി യോഗത്തില്‍ ഇന്ത്യന്‍ ഭരണഘടന ഉണ്ടായിട്ടും നടമാടുന്ന ചില നീതി നിഷേധങ്ങളെക്കുറിച്ച് സജി ചെറിയാന്‍ സ്വന്തം അഭിപ്രായം പറഞ്ഞത്. ഈ ഭരണഘടനയാണിതിനൊക്കെ തണല്‍ നല്‍കുന്നതെന്നു പറഞ്ഞാല്‍ എങ്ങനെ ഭരണഘടനാ വിരുദ്ധമാകും ? ഈ ഭരണഘടന ഉണ്ടായിട്ടും ഇവിടെ ഇതൊക്കെ നടമാടുന്നു എന്ന സത്യം അദ്ദേഹത്തിന്‍റെ ശൈലിയില്‍ പറഞ്ഞു എന്നു മാത്രം.

ഉടന്‍ ചീറിയടുത്തു മാധ്യമങ്ങള്‍. ചാടിപ്പിടിച്ചു പ്രതിപക്ഷം. ഉദ്ദേശിക്കാത്ത അര്‍ത്ഥങ്ങളൊക്കെ സജി ചെറിയാന്‍റെ തലയില്‍ നാം കെട്ടിവച്ചു. കസേര തെറിച്ചപ്പോള്‍ സന്തോഷമായി. എന്തൊരാശ്വാസം. ഒരു ജീവിതമാകെ പാര്‍ട്ടിയെന്നു പറഞ്ഞു നടന്ന് ഒടുവില്‍ കിട്ടിയ ഒരു സ്ഥാനം. അതു തെറിപ്പിക്കുകയാണല്ലോ നമ്മുടെ ധര്‍മ്മം.

നടപടിയെടുത്ത സി.പി.എം ആണ് അതിലും വലിയ ഭരണഘടനാ സംരക്ഷകര്‍. അടുത്തകാലം വരെ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചില്ല യഥാര്‍ത്ഥത്തില്‍ എന്നു പറഞ്ഞു സ്വാതന്ത്ര്യദിനം ആഘോഷിക്കാതിരുന്നവരാണ് സി.പി.എം. ഗാന്ധിയെയും നെഹ്റുവിനെയും തെറി വിളിച്ചു നടന്നവര്‍. ശ്രീനാരായണ ഗുരുവും കുമാരനാശാനും അന്നത്തെ രാജാവിന്‍റെ പട്ടും വളയും സ്വീകരിച്ചു നടന്നവരാണെന്ന് ആക്ഷേപിച്ചവര്‍. മന്നത്തു പത്മനാഭന്‍ ശപ്പനാണെന്ന് പുലമ്പിയവര്‍.

വൈക്കം മുഹമ്മദ് ബഷീര്‍ മുതല്‍ എം.ടി വരെ ബൂര്‍ഷ്വാ എഴുത്തുകാരാണെന്നു വിലയിരുത്തിയവര്‍ (എം.ടി യുടെ വാരിക്കുഴിയെക്കുറിച്ച് ഇ.കെ നായനാര്‍ ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ എം.ടിയെ കണക്കറ്റ് ശകാരിക്കുന്നുണ്ട്). ഒ.വി വിജയനും എം. മുകുന്ദനും യുവതലമുറയെ നിരാശയിലേക്കും ആത്മഹത്യയിലേക്കും നയിച്ചവരെന്നു പ്രചരിപ്പിച്ചവര്‍.


അവരാണ് സജിയെക്കൊണ്ടു രാജിവയ്പിച്ചത്. കുറ്റം തെളിയിക്കാന്‍ നിയോഗിച്ചതോ കേരള പോലീസിനെ. അവര്‍ കുറ്റവിമുക്തനാക്കി. അതിന്‍റെ അടിസ്ഥാനത്തില്‍ മന്ത്രിയാക്കുകയാണു വീണ്ടും. എന്തിനായിരുന്നു ഈ നാടകം ? സജി മന്ത്രിയെന്ന നിലയില്‍ സ്വീകരിച്ച നടപടികളെന്തെങ്കിലും ഭരണഘടനാ വിരുദ്ധമാണെങ്കിലല്ലേ രാജിവെക്കേണ്ടത് ?


സത്യപ്രതിജ്ഞ മന്ത്രിയെന്ന നിലയില്‍ ചെയ്യുന്ന നടപടികളെക്കുറിച്ചുള്ളതാണ്. പ്രസംഗങ്ങളെക്കുറിച്ചുള്ളതല്ല. പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്‍റെ പേരില്‍ ആര്‍. ബാലകൃഷ്ണപിള്ള രാജിവെച്ച ചരിത്രമുണ്ട്. പക്ഷേ അന്ന് ജനം പിള്ളയെ കൂവിയിറക്കുകയായിരുന്നു. അത്രക്കു ജനവിരുദ്ധനായി പിള്ള അന്നു മാറിയിരുന്നു (ആ പിള്ളയെ പിണറായി ചുമലിലേന്തി നടന്നതു പില്‍ക്കാല ചരിത്രം). സെനറ്റ് ഹാളില്‍ ഫിലിം ക്രിട്ടിക്സ് അവാര്‍ഡുദാനത്തിനാണ് പിള്ളക്കു താഴെ ഇറങ്ങാന്‍ കാരണമായ കൂവല്‍ ലഭിക്കുന്നത്. അതിനു ഞാനും സാക്ഷിയാണ്.

അതിനാല്‍ സജി ചെറിയാനെ മന്ത്രിയാക്കി വീണ്ടും അവരോധിക്കാനുള്ള തീരുമാനം ഒരു തെറ്റ് തിരുത്തലാണ്. സി.പി.എം എന്തു മറ്റ് വ്യാഖ്യാനം നല്‍കിയാലും. വിമര്‍ശനം ഉണ്ടാകുമ്പോള്‍ ഇരുമ്പു ഉരുക്കു തീരുമാനങ്ങള്‍ വലിച്ചെറിഞ്ഞു പിറകോട്ടോടുന്ന രീതി പണ്ടൊന്നും സി.പി.എമ്മിനില്ലായിരുന്നു. ഇപ്പോള്‍ അതു കൂടി വരികയാണ് (മടിയില്‍ കനമില്ലാത്തതുകൊണ്ടായിരിക്കും തടസമില്ലാതെ പിന്തിരിഞ്ഞോടുന്നത്).

സജി ചെറിയാനോടൊരുപദേശം: മന്ത്രിയായെന്നു കരുതി ഹാലിളകരുത്. പിണറായി പോലും പി.എം മനോജ് എഴുതി കൊടുക്കുന്നതാണു വായിക്കുന്നത്. അതിനാല്‍ ദേശാഭിമാനിയിലെ ഏതെങ്കിലും റിപ്പോര്‍ട്ടര്‍മാര്‍ എഴുതി നല്‍കുന്ന പ്രസംഗങ്ങള്‍ മാത്രമേ വായിക്കൂ എന്നു തീരുമാനിക്കണം. വി. ശിവന്‍കുട്ടി പോലും നിന്നുപിഴക്കുന്നില്ലേ. അവിടെ രാജീവുണ്ട്. ഇവിടെയും ഒരാളെ നിയമിക്കണം; അതിനുമാത്രമായി. ആശംസകള്‍ !

Advertisment