Advertisment

സ്വന്തം കാര്യങ്ങള്‍ക്കായി പാര്‍ട്ടി ഫണ്ട് എടുക്കേണ്ട കാര്യം പ്രതാപചന്ദ്രനില്ല, അദ്ദേഹത്തിന്റെ സ്വഭാവം അങ്ങനെയുള്ളതല്ല; അതുകൊണ്ട് തന്നെ അടിസ്ഥാനരിഹതമായ ആരോപണത്തില്‍ അദ്ദേഹം തകര്‍ന്നുകാണും ! തന്റെ സത്യസന്ധതയ്ക്ക് പാര്‍ട്ടി നല്‍കിയ പ്രതിഫലമെന്നോര്‍ത്ത് പരിതപിച്ച് കാണും; പ്രതാപചന്ദ്രന്റെ മക്കള്‍ പറഞ്ഞതുപോലെ ഒരന്വേഷണം ആവശ്യമാണ്; കോണ്‍ഗ്രസ് കൈമലര്‍ത്തരുത്-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

New Update

publive-image

Advertisment

കോണ്‍ഗ്രസ് സംസ്ഥാന ട്രഷറര്‍ വി. പ്രതാപചന്ദ്രന്‍ അന്തരിച്ചത് ആകസ്മികമായാണ്. വീക്ഷണത്തിന്‍റെ ലേഖകനായിരുന്നപ്പോഴാണ് എനിക്കദ്ദേഹത്തെ പരിചയം. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്‍റായിരുന്നു. കോണ്‍ഗ്രസിലെ തീപ്പൊരി നേതാവ്. അര്‍ഹതക്ക് അംഗീകാരം ലഭിക്കാതെ പോയ നേതാവ്. സി.പി.എം ആണെങ്കില്‍ പാര്‍ട്ടി പത്രത്തില്‍ പ്രവര്‍ത്തിക്കുന്നത് എല്ലാറ്റിനും അധിക യോഗ്യതയായാണ് കണക്കാക്കുക. കെ. മോഹനന്‍ മുതല്‍ ജോണ്‍ ബ്രിട്ടാസ് വരെയുള്ളവര്‍ രാജ്യസഭാംഗങ്ങളായി. മന്ത്രിമാരുടെ പ്രസ് സെക്രട്ടറി പദം വരുമ്പോള്‍ ഇവര്‍ക്കാണു മുന്‍ഗണന.

കോണ്‍ഗ്രസിലാകട്ടെ വീക്ഷണത്തില്‍ പ്രവര്‍ത്തിച്ചാല്‍ അതയോഗ്യതയാണ്. അങ്ങനെ പിന്തള്ളപ്പെട്ട നേതാവാണ് പ്രതാപചന്ദ്രന്‍. ഒടുവില്‍ കെ. സുധാകരന്‍ പ്രസിഡന്‍റായപ്പോഴാണ് അദ്ദേഹത്തെ ട്രഷററാക്കിയത്. അത് പലരേയും അത്ഭുതപ്പെടുത്തി. സുധാകരന് പ്രതാപനോടുള്ള സ്നേഹമാണ് അതില്‍ പ്രതിഫലിച്ചത്. മാത്രമല്ല പ്രതാപന്‍ സത്യസന്ധനായിരുന്നു. കറപുരളാത്ത ജീവിതം. കോണ്‍ഗ്രസില്‍ അങ്ങനെയുള്ളവര്‍ വിരളം.


പക്ഷേ ഗ്രൂപ്പുരാഷ്ട്രീയത്തില്‍ പ്രതാപന്‍ ഇടപെട്ടതായി അറിവില്ല. അതിനാല്‍ ആര്‍ക്കും അദ്ദേഹത്തോടു വിരോധമുണ്ടാകേണ്ട കാര്യവുമില്ല. കഴിഞ്ഞ ദിവസം പ്രതാപന്‍ അന്തരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്നാണ് കേട്ടതും വാര്‍ത്തകളില്‍ കണ്ടതും.


വീട്ടില്‍ വരും. പ്രസ്ക്ലബില്‍ വരും. ആ ശരീരം കണ്ടപ്പോള്‍ ഉറങ്ങുകയാണെന്നേ തോന്നിയുള്ളു. പക്ഷേ മരണകാരണം കോണ്‍ഗ്രസിലെ ചിലരുടെ മാനസിക പീഡനമാണെന്ന് മകനും മകളും പോലീസില്‍ പരാതി നല്‍കിയിരിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അനുമതിയോടെയാണോ എന്നറിയില്ല. പക്ഷേ അവര്‍ ഉന്നയിച്ചിരിക്കുന്നത് ഗുരുതരമായ ആരോപണമാണ്. മരിക്കും മുമ്പ് തന്നെ പീഡിപ്പിച്ചവരുടെ പേരുകള്‍ കാര്യകാരണസഹിതം മകനോട് പറഞ്ഞിരുന്നു (മകള്‍ അപ്പോള്‍ അമേരിക്കയിലായിരുന്നല്ലോ.) കേസു കൊടുക്കണമെന്നും തീരുമാനിച്ചിരുന്നു. അതിനിടക്കായിരുന്നു മരണം.

കെ.പി.സി.സി ഫണ്ടു കട്ടുമുടിച്ചു എന്നായിരുന്നത്രെ ആരോപണം. ആ സോഷ്യല്‍ മീഡിയ പോസ്റ്റ് ഞാന്‍ കണ്ടിട്ടില്ല. വ്യാപകമായി അതു പ്രചരിപ്പിക്കപ്പെട്ടതായി അറിവില്ല. ഒരുപക്ഷേ കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ അവ ചുറ്റിയടിക്കുന്നുണ്ടാകും. ഒരു കാര്യം വ്യക്തമാണ്. സ്വന്തം കാര്യങ്ങള്‍ക്കായി പാര്‍ട്ടി ഫണ്ട് എടുക്കേണ്ട ആവശ്യം അദ്ദേഹത്തിനില്ല. ആ കാരക്ടര്‍ അങ്ങനെയുള്ളതല്ല.

ആരോപണം അടിസ്ഥാനരഹിതമായതിനാല്‍ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചുകാണും. കാരണം തന്‍റെ സത്യസന്ധതക്കിതാണല്ലോ പാര്‍ട്ടി നല്‍കിയ പ്രതിഫലമെന്നോര്‍ത്തു പരിതപിച്ചുകാണും. പ്രതാപന്‍റെ മക്കള്‍ പറഞ്ഞതുപോലെ ഒരന്വേഷണം ആവശ്യമാണ്. ആരൊക്കെയാണ് അദ്ദേഹത്തിനെതിരെ പോസ്റ്റ് ഇട്ടത് ? എന്തായിരുന്നു ലക്ഷ്യം ? ആരൊക്കെയാണ് അതിനു പിന്നില്‍ ? അതൊക്കെ അറിയണം. കോണ്‍ഗ്രസ് കൈമലര്‍ത്തരുത്.

ആരോപണവിധേയര്‍ പാര്‍ട്ടിക്കാരാണെങ്കില്‍ പാര്‍ട്ടിതല അന്വേഷണവും ആവശ്യമാണ്. പാര്‍ട്ടികളില്‍ ഒരുത്തനെ താറടിക്കണമെങ്കില്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചാല്‍ മതിയെന്ന അവസ്ഥയുണ്ട്. തല്ലാന്‍ അനുയായികളില്ലാത്തവന്‍റെ കാര്യം കട്ടപ്പൊക. ഏതുപാര്‍ട്ടിയിലായാലും. കോണ്‍ഗ്രസ് അന്വേഷിക്കണം. അണിയറയിലെ കള്ളന്‍മാരെ കണ്ടെത്തണം.

ഒരാളെ തകര്‍ക്കാന്‍ മൂന്നാരോപണങ്ങള്‍ ഉന്നയിച്ചാല്‍ മതി. അഴിമതി, കള്ളുകുടി, പെണ്ണുപിടി. അതിനു ദുരൂഹത സൃഷ്ടിച്ചു കഥകള്‍ മെനയുന്നതില്‍ വീരന്‍മാരായ സോഷ്യല്‍ മീഡിയ എഴുത്തുകാര്‍ ആവോളമുണ്ട്. കേസിന്‍റെ പരിധിയില്‍ വരാതെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ അവര്‍ക്കറിയാം. നേരെ തെറിപറയുന്നവര്‍ ശുദ്ധാത്മാക്കള്‍. അവര്‍ പിടിക്കപ്പെടും. അകത്താകും. എന്നാല്‍ ഒളിപ്പോരുകാരെ പിടിക്കാനാവില്ല. കേരളത്തിലിരുന്ന് അങ്കോളയിലെയും അന്‍റാര്‍ട്ടിക്കയിലെയും സൈറ്റുകളിലൂടെ അവര്‍ പോര്‍മുഖം തുറക്കും. ആര്‍ക്കും പ്രതിരോധിക്കാനാവില്ല.

ഒരിക്കല്‍ മോഹന്‍ലാല്‍ പറഞ്ഞതോര്‍മ്മയുണ്ട്. അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണി മയക്കുമരുന്നുപയോഗിക്കുന്ന ആളാണെന്ന് നാടാകെ പ്രചരിപ്പിക്കപ്പെട്ടു. പഞ്ചപാവമാണവര്‍. ലാലെന്ന വിഗ്രഹത്തിന്‍റെ മുന്നില്‍ ഒരാരാധിക. അതാണവര്‍ എന്നടുത്തവര്‍ക്കറിയാം. അന്ന് സോഷ്യല്‍ മീഡിയയില്ല. ഒരു പത്രത്തിലും വാരികയിലും ഈ ആരോപണം വന്നില്ല. ലാലിന്‍റെ ശത്രുക്കള്‍ പടച്ചുവിട്ട ഈ കഥ നാടാകെ പരന്നു. ലാലിനെ ഏറെ വേദനിപ്പിച്ചു. നിസ്സഹായനായ ലാല്‍ പറഞ്ഞത് ഏകദേശം ഇങ്ങനെ.


ഇങ്ങനെ ഒരു പ്രചാരണമുണ്ടായി. ആരെന്നറിയില്ല. ഒരു രേഖയോ അതിന്‍റെ അംശമോ ഉണ്ടായിരുന്നെങ്കില്‍ അവസാനം വരെ പോരാടിയേനെ. പക്ഷേ ഇവിടെ ആരോടാണു യുദ്ധം ചെയ്യുക ? എതിരാളി ആരെന്നറിയില്ല. ഇരുട്ടില്‍ തപ്പുകയാണ്. അല്ലാതെ എന്തുചെയ്യും ?


കെ.ബി ഗണേഷ് കുമാറിനും ഇങ്ങനെ ഒരനുഭവമുണ്ട്. അച്ഛന്‍ ആര്‍. ബാലകൃഷ്ണപിള്ള മന്ത്രി. കെ.എസ്.ആര്‍.ടി.സിയിലെ സി.ഐ.ടി.യുക്കാരുമായി എന്നും യുദ്ധം. പിള്ള കുലുങ്ങിയില്ല. യൂണിയന്‍കാരുടെ കിഡ്ണി പറിക്കാന്‍ പിള്ള വിദഗ്ദ്ധനുമാണ്. അച്ഛനെ പിടിക്കാന്‍, തളക്കാന്‍ വയ്യാതായപ്പോള്‍ യൂണിയന്‍കാര്‍ മകനെതിരെ തിരിഞ്ഞു. ഗണേശന് എയ്ഡ്സ് ആണെന്ന് നാടാകെ പറഞ്ഞു പരത്തി. ചെയ്യുന്നതു യൂണിയന്‍കാരാണെന്നറിയാം. പക്ഷേ തെളിവില്ല. ഗണേശന്‍ ഏറെ വേദനിച്ചു. ആ ഗണേശനാണ് പയറുപോലെ ഇന്നും സജീവ സാന്നിധ്യമായി നിയമസഭയില്‍ തിളങ്ങുന്നത്. ഇരിപ്പ് സി.പി.എമ്മിന്‍റെ മടിത്തട്ടിലാണെങ്കിലും.


ഇതുപോലെയുള്ള ഉണ്ടയില്ലാ വെടികള്‍ ഏല്‍ക്കുമ്പോള്‍ പ്രതിരോധിച്ചു നില്‍ക്കാന്‍ അസാധാരണ ചങ്കൂറ്റം വേണം. ലാലിനും ഗണേശനും ഉള്ള ധൈര്യവും ചങ്കൂറ്റവും പ്രതാപന് ഇല്ലാതെപോയി എന്നുവേണം കരുതാന്‍.


എസ്. വരദരാജന്‍ നായര്‍ എന്ന മുന്‍ ധനമന്ത്രിയുടെയും കെ.പി.സി.സി പ്രസിഡന്‍റിന്‍റെയും മകനാണ് പ്രതാപന്‍. വരദരാജന്‍ നായരുടെ അച്ഛന്‍ ദിവാന്‍ സര്‍ രാജഗോപാലാചാരിയായിരുന്നു. സ്വദേശാഭിമാനിയെ നാടുകടത്തിയ ദിവാന്‍. ദിവാന്‍റെ പെണ്ണുപിടി പുറത്തുകൊണ്ടുവന്നതിനായിരുന്നു ഈ ശിക്ഷ. കഴിഞ്ഞ സ്വദേശാഭിമാനി ദിനത്തില്‍ ഇതേക്കുറിച്ചൊരു കുറിപ്പെഴുതി ഞാന്‍ പ്രതാപനും അയച്ചുകൊടുത്തു: കുറേ വിവരങ്ങള്‍ കൂടി ഞാന്‍ തരാമായിരുന്നല്ലോ അജിത്തേ... പിന്നീട് കണ്ടപ്പോള്‍ പറഞ്ഞ പ്രതാപന്‍ എന്നെ അത്ഭുതപ്പെടുത്തി. അപ്പൂപ്പനെതിരെ എഴുതിയ എന്നോടാണീ ലോഹ്യംകാട്ടിയതെന്നോര്‍ക്കണം.

മരിച്ചപ്പോള്‍ ചിരകാല സുഹൃത്ത് ഡോ. ഉദയഭാനു ഗള്‍ഫില്‍ നിന്നെത്തിയത് രണ്ടു നാണയങ്ങളുമായാണ്. ഏതോ വിദേശ രാജ്യത്തിന്‍റേതാണ്. കോയിന്‍ കളക്ഷനുണ്ടായിരുന്നു. വിദേശത്തുനിന്നു വരുന്നവരോട് മറ്റ് പലതും ഉപഹാരങ്ങളായി കൊണ്ടുവരാന്‍ മടികാണിക്കാതെ പറയുന്ന രാഷ്ട്രീയക്കാര്‍ക്കൊരപവാദമായിരുന്നു പ്രതാപന്‍.

ഭാര്യ മരിച്ച ശേഷം ഏറെക്കാലം ഏകനായിരുന്ന പ്രതാപനോട് ഒരു വിവാഹം കൂടി കഴിക്കണമെന്നു പറയുമ്പോഴൊക്കെ ഒഴിഞ്ഞുമാറുമായിരുന്നു പ്രതാപന്‍. അത്രക്കു വ്യക്തിശുദ്ധിയുള്ളതായിരുന്നു ആ ജിവിതം.

Advertisment