Advertisment

അടുത്ത വര്‍ഷം മുതല്‍ മത്സ്യ മാംസാദികള്‍ യുവജനോല്‍സവ ഭക്ഷണശാലകളിലുണ്ടാകുമെന്നാണ് ശിവന്‍കുട്ടിയുടെ പ്രഖ്യാപനം; അതു തയ്യാറാക്കാന്‍ കഴിയാത്തതുകൊണ്ടാവണം അടുത്ത വര്‍ഷം മുതല്‍ ഭക്ഷണശാല ചുമതലയില്‍ ഇല്ലെന്ന് പഴയിടം പ്രഖ്യാപിക്കുകയും ചെയ്തു; അതിന്‍റെ ചുവടു പിടിച്ച് ചില ബുദ്ധിജീവികള്‍ ബ്രാഹ്മണ വേട്ടയ്ക്കിറങ്ങി; ദൈവത്തെ ഉപാസിച്ച് കിട്ടുന്ന തുഛ വരുമാനംകൊണ്ടു ജീവിക്കുന്നവരാണ് ഭൂരിപക്ഷവും! അവരെ ഇങ്ങനെ അപമാനിക്കരുത്‌-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

New Update

publive-image

Advertisment

എ.കെ ആന്‍റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒരു വിവാദ പ്രസ്താവന നടത്തി. കോട്ടയത്ത് യോഗക്ഷേമ സഭയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ആന്‍റണി പറഞ്ഞത് ഏകദേശം ഇങ്ങനെ:

ഈ സമ്മേളനത്തിനു വന്നപ്പോള്‍ പുറത്ത് ആഡംബര വാഹനങ്ങളുടെ നീണ്ട നിരയില്ല. ആര്‍ഭാടങ്ങളില്ല. കൂറ്റന്‍ അലങ്കാരങ്ങളില്ല. പണക്കൊഴുപ്പിന്‍റെ ധാരാളിത്തങ്ങളില്ല. പൊതുസമൂഹം നിങ്ങളോട് നീതിപുലര്‍ത്തുന്നില്ല. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തോട് നീതിപുലര്‍ത്തുന്നില്ല. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തിന്‍റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാവരുത്.

ഇതു വല്യ പുകിലായി. അന്ന് ലീഗ് ആഞ്ഞടിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ സത്യം പറഞ്ഞ ആന്‍റണിക്ക് തിരിച്ചടിയും കൊടുത്തു. ഭൂപരിഷ്കരണം എത്രമാത്രം ദുരന്തപൂര്‍വ്വമായിരുന്നു എന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. കര്‍ഷകന്‍റെ പക്കലല്ല ഭൂമി എത്തിയത്. അതുകൊണ്ടാണ് കേരളത്തില്‍ തരിശുഭുമി കൂടിക്കൂടി വരുന്നത്. കുറെ ഭൂ ഉടമകള്‍ തെരുവാധാരമായതാണ് മിച്ചം. അതു കൊട്ടിഘോഷിച്ചവരൊക്കെ സമ്പന്നരായി. കൂടുതലും ക്ഷതമേറ്റത് ബ്രാഹ്മണ സമൂഹത്തിനാണ്. വി.ആര്‍ കൃഷ്ണയ്യരെപ്പോലെയുള്ള ബുദ്ധിമാന്‍മാരൊക്കെ ട്രസ്റ്റുണ്ടാക്കി തടി തപ്പിയെന്ന ആക്ഷേപവും അന്നൊക്കെ ഉയര്‍ന്നിരുന്നു.

അദ്ദേഹം നിയമ മന്ത്രിയായിരുന്നപ്പോഴാണ് കെ.ആര്‍.ഗൗരിയമ്മ എന്ന റവന്യൂ മന്ത്രി ഭൂപരിഷ്കരണ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നത് (താനാണ് ബില്‍ സൃഷ്ടിച്ചതെന്നും ഗൗരിയമ്മ അതു സഭയില്‍ വായിക്കുക മാത്രമാണു ചെയ്തതെന്നും അവര്‍ക്കൊരു ചുക്കും ചുണ്ണാമ്പും അറിയില്ലെന്നും എന്നോട് വി.ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞിരുന്നു. അത് ദൂരദര്‍ശനില്‍ അഭിമുഖമായും ലിഖിത രൂപം മലയാളം വാരികയില്‍ കവര്‍ സ്റ്റോറിയായും വന്നിരുന്നു).

ഈ പശ്ചാത്തലത്തില്‍ വേണം പഴയിടം മോഹനന്‍ നമ്പൂതിരി സംഭവത്തെ വായിച്ചെടുക്കാന്‍. വര്‍ഷങ്ങളായി യുവജനോല്‍സവത്തിന് സദ്യ നല്‍കുന്നത് പഴയിടമാണ്. പൊടുന്നനെ മന്ത്രി വി. ശിവന്‍കുട്ടിക്ക് മാംസാഹാര പ്രണയം സംഭവിക്കുന്നു. ഹോട്ടലുകളിലെ ചീഞ്ഞ ഭക്ഷണം കഴിച്ച് ചെറുപ്പക്കാര്‍ മരിച്ചു വീഴുന്ന കാലത്താണ് നാം ജീവിക്കുന്നത്.

അടുത്ത വര്‍ഷം മുതല്‍ മത്സ്യ മാംസാദികള്‍ യുവജനോല്‍സവ ഭക്ഷണശാലകളിലുണ്ടാകുമെന്ന പ്രഖ്യാപനമാണ് മന്ത്രി നടത്തിയത്. അതു തയ്യാറാക്കാന്‍ കഴിയാത്തതുകൊണ്ടാവണം അടുത്ത വര്‍ഷം മുതല്‍ ഭക്ഷണശാല ചുമതലയില്‍ ഇല്ലെന്ന് പഴയിടം പ്രഖ്യാപിക്കുകയും ചെയ്തു.

അതിന്‍റെ ചുവടു പിടിച്ച് ചില ബുദ്ധിജീവികള്‍ ബ്രാഹ്മണ വേട്ടയ്ക്കിറങ്ങി. കേരളത്തില്‍ ചുരുക്കം വരുന്നതാണീ വര്‍ഗം. ക്ഷേത്രങ്ങളില്‍ ശാന്തിക്കാരായി പ്രവര്‍ത്തിക്കുന്നവരാണ് ഭൂരിപക്ഷവും. നല്ല വരുമാനമുള്ള ക്ഷേത്രങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കേ നല്ല വരുമാനമുള്ളു. ബാക്കിയൊക്കെ അഷ്ടിച്ചരിഷ്ടിച്ച് ജീവിക്കുന്നവരാണ്. വെളുപ്പിന് എഴുന്നേറ്റ് ശാന്തിക്കു പോകുന്നതുകൊണ്ടാവണം ബ്രാഹ്മണരെ കല്യാണം കഴിക്കാന്‍ ആ സമുദായത്തിലെ പെണ്‍കുട്ടികള്‍ വിമുഖത കാട്ടുന്നു. അവര്‍ മറ്റ് ജോലിക്കാരെ വിവാഹം ചെയ്തു ജീവിക്കുന്നു. അതോടെ ഈ സമുദായം ക്ഷയിച്ചുവരികയാണ്.


ദൈവത്തെ ഉപാസിച്ച് കിട്ടുന്ന തുഛ വരുമാനംകൊണ്ടു ജീവിക്കുന്നവരാണ് ഭൂരിപക്ഷവും. ദൈവത്തെ പറ്റിച്ചു ജീവിക്കുന്നവരില്ല എന്നല്ല. ഒരു ശബരിമല തന്ത്രിയോട് ഹൈക്കോടതി ജഡ്ജി കെ.എസ്. പരിപൂര്‍ണന്‍ ഹോമമന്ത്രം ഉരുവിടാന്‍ പറഞ്ഞപ്പോള്‍ 'ബബ്ബ ബബ്ബ' അടിച്ചതൊക്കെ വാര്‍ത്തകളില്‍ വന്നതാണ്. അങ്ങനെയുള്ളവര്‍ ആ സമുദായത്തിന്‍റെ ശാപം. എല്ലാവരും അങ്ങനെയാണെന്നു കരുതരുത്.


ആദിവാസികളെ പരിരക്ഷിക്കുന്നതിന് നിയമമുണ്ട്. അവരെ സംരക്ഷിക്കേണ്ടത് നാടിന്‍റെ ആവശ്യമാണ്. അമേരിക്കയില്‍ ആദിവാസികളായ റെഡ് ഇന്ത്യന്‍സിന് പ്രത്യേക പരിരക്ഷയുണ്ട്. ഇവിടെ ആ തരത്തിലുള്ള പരിഗണന അര്‍ഹിക്കുന്നവരാണ് ബ്രാഹ്മണ സമൂഹം. പണ്ടത്തെ സംബന്ധങ്ങളുടെ കഥ പറഞ്ഞ് ഇപ്പോഴത്തെ ബ്രാഹ്മണരെ അപമാനിക്കുന്നതിലര്‍ത്ഥമില്ല.

കീഴ് ജാതിക്കാരനായ എസ്.ഐ സ്റ്റേഷനില്‍ പ്രതിയായെത്തുന്ന മേല്‍ജാതിക്കാരനെ തല്ലിയശേഷം 10 രൂപ നല്‍കുമായിരുന്നു. പോയി സോപ്പ് വാങ്ങി കുളിക്കാന്‍. ആ ശരീരം തൊട്ടശുദ്ധമാക്കിയതിന്. ആ കോംപ്ലക്സിന്‍റെ കാലമൊക്കെ പോയില്ലേ? ഇനി അതൊക്കെ പറഞ്ഞ് ആ സമൂഹത്തെ ഭ്രഷ്ട് കല്‍പ്പിച്ചു മാറ്റി നിര്‍ത്താതിരിക്കാം.

അമ്പലവും ശാന്തിയുമൊക്കെയായി അവര്‍ ജീവിച്ചു പൊയ്‌ക്കോട്ടെ. അന്ധവിശ്വാസികളായിരിക്കാം. അവര്‍ ഉണ്ടെങ്കിലേ യുക്തിവാദികള്‍ക്കു വിലയുള്ളു. എല്ലാവരും യുക്തിവാദികളായിപ്പോയാല്‍ അന്ധവിശ്വാസ സംരക്ഷണ നിയമം കൊണ്ടുവരേണ്ടി വരും.


ഇനി മന്ത്രിയോട്. ദൂരെ ദിക്കുകളില്‍ നിന്നു വരുന്ന കുഞ്ഞുങ്ങള്‍ക്ക് വെജിറ്റേറിയന്‍ ഭക്ഷണം നല്‍കുന്നതാണു ബുദ്ധി. കാരണം രണ്ടു തരം അടുക്കള അപ്രായോഗികമല്ലേ. ഇറച്ചിയും മീനും നല്‍കുന്നതിലൂടെയല്ലല്ലോ വിപ്ലവം വരുന്നത്. അത് തോക്കിന്‍ കുഴലിലൂടെയല്ലേ. കുട്ടികള്‍ക്ക് വയറിനസുഖം വരുത്തരുത്. എത്ര മിണ്ടാപ്രാണികളെ കൊന്നു തിന്നണം ? വീട്ടില്‍ പോയി അവര്‍ ഇഷ്ടമുള്ള ഭക്ഷണം കഴിക്കട്ടെ. രോഗവും ഭക്ഷ്യവിഷബാധയും ഒക്കെ ഒഴിവാക്കാന്‍ അവിടെ വെജിറ്റേറിയനാണു നല്ലത്.


ഇനി കുഴിമന്തിയും ബിരിയാണിയും നല്‍കിയേ അടങ്ങൂ എന്നാണെങ്കില്‍ അതിനു പ്രത്യേക കൗണ്ടര്‍ തുറക്കണം. ഏതെങ്കിലും നല്ല ഹോട്ടലുകാരോടു പറഞ്ഞാല്‍ അവര്‍ അതു കൊണ്ടുവന്നു വിറ്റോളും. ഇതിന്‍റെ പേരില്‍ ബ്രാഹ്മണരെയാകെ ശരിപ്പെടുത്താനിറങ്ങുന്നതു നല്ലതിനല്ല. സംഘടിത ശക്തിയായിരുന്നെങ്കില്‍ ആരെങ്കിലും അതിനു തുനിയുമായിരുന്നോ ? മുജാഹിദീന്‍ സമ്മേളനത്തില്‍ പോയി പിണറായിയും രാജീവും ബ്രിട്ടാസുമൊക്കെ പ്രസംഗിച്ചതു കേട്ടില്ലെ ? എത്ര കൈയ്യടിയാണു നേടിയത്.

Advertisment