Advertisment

കലോത്സവത്തിലെ ഭക്ഷണവിവാദങ്ങള്‍ക്കിടെ നാം വിട്ടുകളഞ്ഞൊരു കാര്യമുണ്ട്; മികച്ച രീതിയില്‍ ഭക്ഷ്യസുരക്ഷാ പരിശോധനങ്ങള്‍ നടത്തിയിരുന്ന സംസ്ഥാനങ്ങളില്‍ കേരളം ഏഴാമതായി; 2021ല്‍ രണ്ടാം സ്ഥാനത്തായിരുന്ന സംസ്ഥാനത്തിനാണ് ഈ അവസ്ഥ ! അഞ്ച്‌ ജില്ലകളില്‍ മാത്രമാണിവിടെ പരിശോധനാ ലബോറട്ടറികള്‍ ഉള്ളത്; ബാക്കി ജില്ലകളില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതല്ലാതെ നടപ്പാക്കിയിട്ടില്ല; അഞ്ചു വര്‍ഷത്തിനിടയ്ക്ക് ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ക്കായി നാലരക്കോടി ചെലവഴിച്ചത്രെ-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

New Update

publive-image

Advertisment

സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ പ്രാഥമികമായി ആഗ്രഹിക്കുന്നത് ജീവിക്കാനുള്ള സാഹചര്യങ്ങളാണ്. അതു കുറെ പ്രമാണിമാര്‍ക്കു ജീവിക്കാന്‍ മാത്രമാകുമ്പോള്‍ സര്‍ക്കാര്‍ പരാജയമാകുന്നു. മലയാളി പൊതുവേ വൃത്തിയുള്ളവരാണ്. വൃത്തിയുള്ള ഭക്ഷണം കഴിക്കുന്നവരാണ്. ചെറുതായാലും വൃത്തിയുള്ള ഇടങ്ങളില്‍ താമസിക്കുന്നവരാണ്. നാലക്ഷരം പഠിക്കാന്‍ കുട്ടികളെ പള്ളിക്കുടത്തില്‍ വിടുന്നവരാണ്. ഇതൊന്നും ഒരു മുന്നണിയുടെയും ഭരണനേട്ടമല്ല. എന്തെങ്കിലും കടപ്പാടുണ്ടെങ്കില്‍ സ്വാതന്ത്ര്യത്തിനു മുമ്പെ വിദ്യാഭ്യാസത്തിന്‍റെ മഹത്വം പഠിപ്പിച്ച മിഷനറിമാരോടും മണല്‍ക്കാട്ടില്‍ കിടന്നു കഷ്ടപ്പെട്ടു പണമയക്കുന്ന ഗള്‍ഫ് മലയാളികളോടുമാണ്.

നേട്ടങ്ങള്‍ കൊട്ടിഘോഷിക്കുന്നതില്‍ നാം വിരുതരാണല്ലോ. അതിനിടയ്ക്കാണ് ഒരു തിരിച്ചടി അധികമാരും ശ്രദ്ധിക്കാതെ പോയത്. യുവജനോല്‍സവത്തിന്‍റെയും പഴയിടത്തിന്‍റെയും ബ്രാഹ്മണ നിര്‍മാര്‍ജനത്തിന്‍റെയും ഇടക്ക് അതു നാം വിട്ടുകളയുകയും ചെയ്തു.

മികച്ച രീതിയില്‍ ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്തുന്ന സംസ്ഥാനങ്ങള്‍ക്കുള്ള റാങ്കിങ്ങില്‍ കേരളം ഏഴാമതായി. 2021 ല്‍ രണ്ടാം സ്ഥാനത്തായിരുന്നു. 2022 ല്‍ ഏഴ്. താഴേക്കായിരുന്നു വളര്‍ച്ച. കേരളത്തില്‍ ഭക്ഷ്യവിഷബാധയേറ്റ് ആളുകള്‍ കഷ്ടപ്പെടുന്നതിനിടെയാണ് കണക്കു പുറത്തുവന്നത്. വൃത്തിയില്‍ പിന്നിലെന്നു പറഞ്ഞു നാം അപഹസിക്കുന്ന തമിഴ്‌നാടാണ് ഒന്നാം സ്ഥാനത്ത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, പശ്ചിമബംഗാള്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണു നമുക്കു മുന്നില്‍.


5 ജില്ലകളില്‍ മാത്രമാണിവിടെ പരിശോധനാ ലബോറട്ടറികള്‍ ഉള്ളത്. ബാക്കി ജില്ലകളില്‍ ലാബു സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ട് നാളേറെയായി. നടപ്പാക്കിയിട്ടില്ല. അഞ്ചു വര്‍ഷത്തിനിടയ്ക്ക് ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ക്കായി നാലരക്കോടി ചെലവഴിച്ചത്രെ. കൂടുതലും വെറുതെ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു ശമ്പളം നല്‍കാനായിരിക്കും.


കേരളത്തിലെ ഒരു ലാബിലും നാഷണല്‍ ലെവല്‍ അക്രഡിറ്റേഷനില്ല. അതിനാല്‍ കേസുകള്‍ കോടതിയില്‍ നിലനില്‍ക്കില്ല. ഭക്ഷ്യ വിഷബാധ ഉണ്ടാകുമ്പോള്‍ ഒന്നു സടകുടഞ്ഞെഴുന്നേല്‍ക്കും. പിന്നെ രണ്ടാഴ്ച റെയ്ഡും കടയടപ്പിക്കലും തകൃതിയായി നടക്കും. അടപ്പിച്ചവരുടെ ലിസ്റ്റ് പത്രക്കുറിപ്പായി ഇറക്കും. എന്നാല്‍ ഇവയിലെത്ര തുറന്നുവെന്ന് ആരെയും അറിയിക്കാറില്ല.

ആര്‍ക്കും ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കി വില്‍ക്കാം. ഇനി അതിന്‍റെ പേരില്‍ നാട്ടുകാരുടെ നെഞ്ചത്തു കയറരുത് ഭക്ഷ്യസുരക്ഷാ വകുപ്പേ. സൗദി വെള്ളയ്ക്ക മോഡലില്‍ കുറച്ച് ഉപ്പേരിയും മുറുക്കും അച്ചപ്പവും ഉണ്ണിയപ്പവും ഉണ്ടാക്കി വിറ്റ് ഉപജീവനം കണ്ടെത്തിയ പാവം വൃദ്ധകളുടയും സ്ത്രീകളുടെയും വായില്‍ മണ്ണു വാരിയിടാനീ അവസരം ഉപയോഗിക്കരുത്.

ഇറച്ചി വില്‍പനക്കാരെയാണു സൂക്ഷിക്കേണ്ടത് റോഡു സൈഡില്‍ മൃഗങ്ങളെ കൊന്നു കെട്ടിത്തൂക്കി ഇറച്ചിഅറുത്ത് വില്‍ക്കാന്‍ ഏതു നിയമമാണ് അനുശാസിക്കുന്നത് ?


ഇറച്ചി ഭക്ഷണം ഉണ്ടാക്കുന്ന ഹോട്ടലുകളില്‍ അവ സൂക്ഷിക്കുന്നതിനുള്ള ഫ്രീസറുകള്‍ ഉണ്ടോ എന്നാരന്വേഷിക്കുന്നു ? ഇടക്കിടെ കറണ്ടുപോകുന്ന ഇവിടെ ഫ്രീസറില്‍ സൂക്ഷിച്ചാലും ഇറച്ചി കേടാകും. ഇല്ലെങ്കില്‍ കൂറ്റന്‍ ജനറേറ്റര്‍ വേണം. അതൊക്കെ വന്‍കിട ഹോട്ടലുകളിലേ ഉള്ളു. അതിനാല്‍ ചീഞ്ഞ ഇറച്ചിയാണ് നാം മിക്കപ്പോഴും കഴിക്കുന്നത്.


ചാവാത്തത് ഭാഗ്യം കൊണ്ടാണ്. എല്ലാം നന്നായി വേവിച്ചു കഴിക്കുന്ന ശീലമുള്ളതിനാല്‍ അപകടം ഉണ്ടാകാതെ പോകുന്നു. പക്ഷെ ഇങ്ങനെ സൂക്ഷിക്കുന്ന ഇറച്ചികൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍ കുറെ നേരം വച്ചശേഷം കഴിക്കൂ. അപ്പോള്‍ വിവരം അറിയും. ചുടു മാറുമ്പോള്‍ ചീഞ്ഞ ഇറച്ചിയിലെ അണുക്കളൊക്കെ മടങ്ങിയെത്തും. പത്തനംതിട്ടയിലെ ഒരു സ്കൂളില്‍ നല്‍കിയ ബിരിയാണി കഴിച്ച കുട്ടികള്‍ ആശുപത്രികളിലായി. ഹോട്ടല്‍ ഉടമ പറഞ്ഞത് പാഴ്സല്‍ കൊണ്ടുപോയി വൈകിട്ടു കഴിച്ചതുകൊണ്ടാണ് വിഷബാധയേറ്റതെന്നാണ്. അതിന്‍റെ മലയാളം ഇതുതന്നെ.

തിരുവനന്തപുരത്തെ അതിപ്രശസ്തമായ ഒരു ഹോട്ടലില്‍ ഇറച്ചി സൂക്ഷിച്ചിരുന്നത് കൂറ്റന്‍ ഫ്രീസറിലായിരുന്നു. ദിവസവും കോഴി ഇറച്ചി ഡ്രസ് ചെയ്തു ഫ്രീസറിലിടും. മുകളില്‍ നിന്നെടുത്തു കറി വയ്ക്കും. ഫ്രീസര്‍ അന്നൊക്കെ മൂന്നു മാസത്തിലൊരിക്കലേ കഴുകൂ. അങ്ങിനെ കഴുകാന്‍ തുടങ്ങിയപ്പോള്‍ അടിയില്‍ കിടന്ന പഴയ ഇറച്ചികളില്‍ പുഴു അരിക്കുന്നു. ഇപ്പോള്‍ ഷെല്‍ഫുകള്‍ ഉപയോഗിക്കണമെന്നാണു നിയമം. അതൊക്കെ നടപ്പാക്കിയോ ആവോ !

വന്‍ തോക്കുകളുടെ ബ്രാന്‍ഡഡ് ഭക്ഷ്യവസ്തുക്കളില്‍പോലും കീടനാശിനിയുടെയും മറ്റും വിഷാംശം കുറെ നാള്‍ മുമ്പു കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ പത്രക്കുറിപ്പിറക്കി. ആരും പേര്‍ വിവരം കൊടുത്തില്ല. ഏതാനും ഓണ്‍ലൈന്‍കാരല്ലാതെ. പരസ്യ വരുമാനം പോകരുതല്ലോ.

നല്ല ഗതാഗത സംവിധാനവും വൈദ്യുതിയും ചികിത്സാ സൗകര്യങ്ങളും മായം ചേരാത്ത ഭക്ഷ്യവസ്തുക്കളും നല്‍കാന്‍ - ഉറപ്പുവരുത്താന്‍ - സര്‍ക്കാരിനാകണം. അല്ലാതെ കിറ്റു കൊടുത്തിട്ടോ നാട്ടിലാകെ വിമാനത്താവളങ്ങള്‍ പണിയുന്നതിലും അര്‍ത്ഥമില്ല. കോഴിക്കോട് വിമാനത്താവളത്തിലേയ്ക്ക് തിരുവനന്തപുരത്തുനിന്നും ഏതെങ്കിലും സമയത്ത് ഒരു വിമാനം പറത്തിക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് സ്ഥാനാര്‍ത്ഥി സാറാമ്മ കളിക്കുന്നത്. എന്തു ദയനീയമാണിത് ?

മമ്മൂട്ടിയോട് സംസാരിക്കുന്നതിനിടയില്‍ ഓര്‍ഗാനിക് ഫുഡ് കടന്നു വന്നു. ശ്രീനിവാസനൊക്കെ ഓര്‍ഗാനിക് ഫുഡിന്‍റെ ആള്‍ക്കാരാണല്ലോ. അപ്പോള്‍ അദ്ദേഹം (മമ്മൂട്ടി) പറഞ്ഞത് ഞാന്‍ സീറോ ഓര്‍ഗാനിക്കാണു കഴിക്കുക എന്നാണ്. എന്താണ് സീറോ ഓര്‍ഗാനിക്ക് ? ഒരു വളവും ചേര്‍ക്കാതെ കൃഷിചെയ്തുല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നം. അതാണ് സീറോ ഓര്‍ഗാനിക്.

ഇറച്ചിയൊക്കെ വിട്ട് മീനിലേക്കു മടങ്ങാം. നമ്മുടെ ചക്കയും വാഴക്കയും വാഴക്കൂമ്പും പിണ്ടിയും ചേനയും ചേനത്തണ്ടും പയറും കാച്ചിലുമൊക്കെ മടങ്ങി വരണം. മുരിങ്ങക്കയും മുരിങ്ങപ്പൂവും മുരിങ്ങ ഇലയും മുറ്റത്തെ ചീരയുമൊക്കെ തിന്നൂ... കുറെ നാള്‍ കൂടി ജീവിക്കാം.

Advertisment