Advertisment

മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും വന്‍ ശമ്പള വര്‍ധന വരുത്തുന്നതിനെ എങ്ങനെ സ്വാഗതം ചെയ്യാതിരിക്കും ? പട്ടിണിപ്പാവങ്ങള്‍ ഇത്തിരി നന്നായി ജീവിച്ചോട്ടെ എന്നു പിണറായിയും സതീശനും കൂടി തീരുമാനിക്കുകയേ വേണ്ടൂ ! സംഗതി ഗംഭീരമായങ്ങു നടപ്പാകും; വന്‍തുക നേടുന്ന മന്ത്രിമാരും എം.എല്‍.എമാരും ജനസേവനമാണിതെന്നു മാത്രം പറയരുത്-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

New Update

publive-image

Advertisment

മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും വന്‍ ശമ്പള വര്‍ധന വരുത്തുന്നതിനെ എങ്ങനെ സ്വാഗതം ചെയ്യാതിരിക്കും. പട്ടിണിപ്പാവങ്ങള്‍ ഇത്തിരി നന്നായി ജീവിച്ചോട്ടെ എന്നു പിണറായിയും സതീശനും കൂടി തീരുമാനിക്കുകയേ വേണ്ടൂ. സംഗതി ഗംഭീരമായങ്ങു നടപ്പാകും. വിശാലഹൃദയനായ സി.എന്‍ രാമചന്ദ്രന്‍ നായര്‍ എന്ന ജഡ്ജിയാണ് ഉദാരപൂര്‍വ്വകമായ ഈ നിര്‍ദേശങ്ങള്‍ ഗവണ്‍മെന്‍റിനു നല്‍കിയത്. പണം അദ്ദേഹത്തിന്‍റെ പോക്കറ്റില്‍ നിന്നാണോ നല്‍കുക എന്നു ചോദിച്ച് അപഹസിക്കരുത്. നേതാക്കള്‍ക്കും ഒരു നിലയും വിലയുമൊക്കെ വേണ്ടേ ?

മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ ശമ്പളം 96000 ല്‍ നിന്നും 1.20 ലക്ഷമായാണ് വര്‍ധിപ്പിക്കുന്നത്. എം.എല്‍.എമാരുടേത് 70000 ല്‍ നിന്നും ഒരു ലക്ഷമാകും. യാത്രപ്പടിയില്‍ 35 ശതമാനമാണ് വര്‍ധന. ഒരു ബൂര്‍ഷ്വാ സമൂഹത്തില്‍ പിടിച്ചുനിന്നു പട്ടിണി പാവങ്ങള്‍ക്കായി കുത്തക മുതലാളിത്തത്തോടു പടപൊരുതാന്‍ ഇതൊക്കെ മതിയോ എന്നാണെന്‍റെ പക്ഷം. ബൂര്‍ഷ്വാകളെ പാഠം പഠിപ്പിക്കേണ്ടേ ? വിപ്ലവം വെറുതെ നടന്നു കേറുമെന്നു കരുതണ്ടാ. ബൂര്‍ഷ്വാ സംവിധാനത്തെ ഫലപ്രദമായി ഉപയോഗിച്ച് ബൂര്‍ഷ്വാസിയെ നിലംപരിശാക്കുക എന്ന തൊഴിലാളി വര്‍ഗ കാഴ്ചപ്പാടാണിതിനു പിന്നില്‍. സംശയമുള്ളവര്‍ എം.വി ഗോവിന്ദന്‍ മാഷോടു ചോദിച്ചാല്‍ മതി. താത്വികമായ ഒരു വിശകലനം ലഭിക്കും. അതോടെ തൊഴലാളി വര്‍ഗത്തിന്‍റെ സംശയങ്ങള്‍ പമ്പകടക്കും.

ഇ.എം.എസിനെ വരെ തിരുത്തുകയാണ് ആധുനിക കാലഘട്ടത്തെ തൊഴിലാളിവര്‍ഗ രാഷ്ട്രീയവും മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പ്രയോഗവും. പണ്ട് ഇ.എം.എസ് എഴുതിയ ഒരു ചീഞ്ഞ സാഹിത്യം ഇന്നു മനോരമ കൊടുത്തിട്ടുണ്ട്. ലീഗിനെയോ മുസ്ലിം വര്‍ഗീയ കക്ഷികളെയോ അതുമായി ബന്ധമുള്ളവരെയോ രാഷ്ട്രീയ സഖ്യത്തില്‍ ഉള്‍പ്പെടുത്തരുതെന്നാണ് ഇ.എം.എസ് എഴുതിയിരിക്കുന്നത്. അതും മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടനാ രാഷ്ട്രീയ ലൈനാണെന്നാണ് ഇ.എം.എസ് എഴുതിയിരിക്കുന്നത്. എന്തായാലും കാലത്തിന്‍റെ മാറ്റം ഉള്‍ക്കൊണ്ടു ഗോവിന്ദന്‍ മാഷ് ലൈനാണിപ്പോള്‍ നമ്മുടെ ശരി.

ബദല്‍ രേഖയുമായി വന്ന എം.വി രാഘവന്‍റെ കാലു തല്ലിയൊടിച്ചതൊന്നും തള്ളിപറയേണ്ടതില്ല. അന്ന് അതാണു ശരി. ഇന്ന് ഇതാണു ശരി. അന്നത്തെ ഞങ്ങളുടെ ശരി നിങ്ങള്‍ക്കു തെറ്റായി തോന്നിയതും ഇന്നത്തെ നിങ്ങളുടെ ശരി ഞങ്ങള്‍ക്കു തെറ്റായി തോന്നുന്നതും വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്‍റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ വിശകലനം ചെയ്യുമ്പോള്‍ മനസിലാകും. ഏതാണു ശരി ഏതാണു തെറ്റെന്ന്.


അതൊക്കെ അവിടെ നില്‍ക്കട്ടെ. മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമൊക്കെ വാരിക്കോരി നല്‍കുമ്പോള്‍ ഒരുകാര്യം സമ്മതിക്കണം. ഇതൊരു തൊഴിലാണ്. സേവനമെന്നു പറയുന്നത് ഭംഗിക്കാണ്. അവര്‍ക്കുമില്ലേ കുടുംബങ്ങള്‍. ആഗ്രഹങ്ങള്‍. മുന്‍ഗാമികള്‍ മുതല്‍ കുത്തക മുതലാളിത്ത രാജ്യങ്ങള്‍ വരെ ചെയ്യുന്ന, ചെയ്ത പ്രാകൃത കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഇന്നും വച്ചു പുലര്‍ത്തണോ ?


ആദ്യമായി മുഖ്യമന്ത്രിയുടെ ഭാര്യയായി ക്ലിഫ് ഹൗസിലെത്തിയ ശാരദ ടീച്ചര്‍ (ഇ.കെ നായനാരാണ് മുഖ്യമന്ത്രി) ഓട്ടോറിക്ഷ പിടിച്ചാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു വന്നത്. സ്റ്റേറ്റ് കാറില്‍ നായനാര്‍ ആദ്യമൊന്നും ടീച്ചറെ കയറ്റുമായിരുന്നില്ല.

ഇ.എം.എസ് മുഖ്യമന്ത്രിയായപ്പോള്‍ ശാന്തിനഗറിലെ സ്വന്തം വീട്ടിലായിരുന്നു താമസം. പ്രതിപക്ഷ നേതാവായപ്പോള്‍ ഔദ്യോഗിക വസതി വേണ്ടെന്നു വച്ചു. അന്നൊക്കെ (പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍) ശാന്തി നഗറില്‍ നിന്ന് ഇ.എം.എസ് പഴയ നിയമസഭയിലേക്കു നടന്നാണു വന്നിരുന്നത്. സി.പി.എമ്മിന് അന്ന് ഒരു കാറേയുള്ളു (ഇന്നാണെങ്കില്‍ കാറുകളുടെ പങ്കപ്പിരളി.)

ഇ.എം.എസിന്‍റെ ആദ്യ മന്ത്രിസഭയില്‍ (1957) വി.ആര്‍ കൃഷ്ണയ്യരെ മന്ത്രിയാക്കാന്‍ നോക്കി. അയ്യര്‍ സമ്മതിച്ചില്ല. കാരണം വക്കീല്‍ പണിയില്‍ അതിനേക്കാള്‍ പ്രതിഫലം കിട്ടും. മന്ത്രിമാര്‍ക്കന്നു കാറില്ല- കാറു കിട്ടിയാല്‍തന്നെ ചെലവു സ്വന്തം പോക്കറ്റില്‍ നിന്നാകണം. ഇ.എം.എസ് വളരെ നിര്‍ബന്ധിച്ചാണ് അയ്യരെ മന്ത്രിയാക്കിയത്.

മന്ത്രിസ്ഥാനമൊക്കെ പോയപ്പോള്‍ കെ.ആര്‍ ഗൗരിയമ്മ എന്ന ഭാര്യ ടി.വി തോമസിന് 20 രൂപയേ പ്രതിദിനം നല്‍കുമായിരുന്നുള്ളു. 10 രൂപ ബീഡി വാങ്ങാനും 10 രൂപ വട്ടച്ചെലവിനും. അന്ന് ടി.വിക്കൊരു വട്ടച്ചെലവേ ഉണ്ടായിരുന്നുള്ളൂ എന്ന് അടുപ്പക്കാര്‍ക്കൊക്കെ അറിയാം.

കെ. കരുണാകരന്‍ രാജന്‍ കേസിനു ശേഷം രാജിവച്ചപ്പോള്‍ (1977- 78) തിരുവനന്തപുരത്ത് ഒരു വാടകവീടിനു വേണ്ടി പരതി. ആരും കൊടുത്തില്ല. കൈയ്യില്‍ പണവുമില്ല. ഒടുവില്‍ തിരുവനന്തപുരത്തെ രമേശന്‍ കോണ്‍ട്രാക്ടറാണ് വീട് നല്‍കിയത്. അന്നാണ് കരുണാകരന്‍ പണത്തിന്‍റെ വിലയറിഞ്ഞത്. അതുവരെ ആ കൈകള്‍ പരിശുദ്ധമായിരുന്നു.


ഒക്കെ മാറിയില്ലേ. മാറണം. മാറട്ടെ. പക്ഷേ സര്‍ക്കാര്‍ ശമ്പളം വാങ്ങിയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേപ്പോലെയാകണം. ജനങ്ങളെ അങ്ങു സേവിച്ചുകളയാമെന്നു കരുതരുത്. ഭരിച്ചാല്‍ മതി. സേവിക്കരുത് വയറിളകും.


കോഴ വാങ്ങരുത്. സമയനിഷ്ഠ പാലിക്കണം. പാര്‍ട്ടിക്കായി ഫണ്ടു പിരിക്കരുത്. ജീവിതച്ചെലവ് പരസ്യമാക്കണം. മുതലാളിമാരുടെ വീടുകളില്‍ പോകരുത്. ആനുകൂല്യങ്ങള്‍ പറ്റരുത്. കാറില്‍ കയറരുത്. ഹോട്ടലുകളില്‍ താമസിക്കരുത്. ഓഫറുകള്‍ സ്വീകരിക്കരുത്. മക്കളെ സര്‍ക്കാര്‍ സ്കൂളിലെ പഠിപ്പിക്കാവൂ. എല്ലാ വര്‍ഷവും സ്വത്തു വിവരം പ്രഖ്യാപിക്കണം. സ്വകാര്യാവശ്യങ്ങള്‍ക്കു സര്‍ക്കാര്‍ വണ്ടി ഉപയോഗിക്കരുത്. പാര്‍ട്ടി പരിപാടിക്കു പോകാന്‍ അവിടൊരു മീറ്റിംഗു കൂടി എന്ന പതിവു നിര്‍ത്തണം.

ബന്ധുക്കളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഓഫീസര്‍മാര്‍ വരരുത്. കുഞ്ഞുങ്ങള്‍ ഐ.ജിമാരുടെ തൊപ്പിയെടുത്തു കളിക്കരുത്. കാലിപിടിപ്പിക്കരുത്. കാലു നക്കിക്കരുത്. ചീത്ത വിളിക്കരുത്. പത്രക്കാര്‍ ഉള്‍പ്പെടെ ആരെയും ഭയക്കരുത്. മാതൃകയാകണം - ജീവിതം. കുടുംബത്തെ നോക്കണം. കള്ളുകുടിക്കരുത്. താരങ്ങളെപ്പോലെ ആളായി കഴിയുമ്പോള്‍ കൂടെ അത്രനാള്‍ കഴിഞ്ഞ ആരേയും ചവിട്ടി പുറത്താക്കരുത്. എന്താ സമ്മതമാണോ ?

Advertisment