Advertisment

കോണ്‍ഗ്രസില്‍ ഒരു നേതാവ് ഒരു മണ്ഡലം പിടിച്ചാല്‍ പിന്നെ അത് വിടാറില്ല; സി.പി.ഐയും, സി.പി.എമ്മും കാണിച്ച മാതൃക കോണ്‍ഗ്രസിലും കടന്നുവരണം ! ജനങ്ങളുടെ ഇടയില്‍ വേരോട്ടമുള്ളവരെ സി.പി.എം സീറ്റുകള്‍ പിടിച്ചെടുക്കാനയക്കണം; ലോക്സഭയില്‍ മല്‍സരിച്ചവരെയൊക്കെ അവിടേക്കുതന്നെ അയക്കണം; മാറി നില്‍ക്കുന്നവരെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഉപയോഗിക്കണം-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

New Update

publive-image

Advertisment

കോണ്‍ഗ്രസ് എം.പി ടി.എന്‍. പ്രതാപന്‍ ഇനി ലോക്സഭയിലേക്കു മല്‍സരിക്കില്ലെന്ന പ്രസ്താവന ഇറക്കിയത് ആത്മാര്‍ത്ഥമാണെങ്കില്‍ സ്വാഗതം ചെയ്യേണ്ടതുതന്നെ. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് തരപ്പെടുത്തുന്നതിനുള്ള വളഞ്ഞ വഴിയാണെങ്കില്‍ അതല്‍പ്പം കടന്ന കൈയ്യായിപ്പോയെന്നു പറയേണ്ടി വരും. പ്രതാപനെ അങ്ങിനെ അവിശ്വസിക്കേണ്ട. അല്പമൊക്കെ ആദര്‍ശം അവശേഷിപ്പിച്ച തലമുറക്കാരനാണ് പ്രതാപന്‍.

കോണ്‍ഗ്രസില്‍ ഒരു നേതാവ് ഒരു മണ്ഡലം പിടിച്ചാല്‍ പിന്നെ വിടാറില്ല. ഉറപ്പിച്ചു നിര്‍ത്തി മല്‍സരിച്ചു മല്‍സരിച്ച് കുടുംബസ്വത്താക്കിക്കളയും. മണ്ഡലം മാറി ഒരു സി.പി.എം മണ്ഡലം പിടിച്ചെടുക്കുകയാണെങ്കില്‍ സാഹസത്തിനൊന്നും ആരും മുതിരാറില്ല. ആര്‍ക്കും മണ്ഡലമൊട്ടു വിട്ടുകൊടുക്കുകയുമില്ല.

മാതൃക കാട്ടിയത് സി.പി.ഐ.യാണ്. രണ്ടു തവണ ജയിച്ചു കഴിഞ്ഞാല്‍ സീറ്റില്ല. ഒരു തവണ മന്ത്രിയായാല്‍ പിന്നെ ആ കസേര കിട്ടില്ല. പിന്നെ പാര്‍ട്ടി പ്രവര്‍ത്തനത്തിനിറങ്ങണം. വിജയകരമാണ് ആ പരീക്ഷണം. കാരണം എം.പിയും എം.എല്‍.എയും മന്ത്രിയുമൊക്കെ ആകുമ്പോള്‍ ജനങ്ങളുടെ ഇടയില്‍ അംഗീകാരം ലഭിക്കും. സര്‍ക്കാര്‍ ഓഫീസുകളിലും പോലീസ് സ്റ്റേഷനിലും കയറിയാല്‍ തെറിവിളിക്കില്ല.


അതു പാര്‍ട്ടി പ്രവര്‍ത്തനത്തിനുപയോഗിക്കാം. ഒരിക്കലും പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്കില്ലെന്നു പ്രഖ്യാപിച്ച കാനം രാജേന്ദ്രന്‍ മാതൃകയാണ്. പുതുമുഖങ്ങളെ മന്ത്രിമാരാക്കി പാര്‍ട്ടിയുടെ മുഖം മിനുക്കുന്ന ബുദ്ധി കാനത്തിന്‍റേതാണ്.


പി.എസ് ശ്രീനിവാസനും ഇ. ചന്ദ്രശേഖരന്‍ നായരുമൊക്കെ മന്ത്രിമാരായി മടുത്തപ്പോഴാണ് പാര്‍ട്ടി മാറാന്‍ അനുമതി നല്‍കിയത്. സി.അച്യുതമോനോന്‍ മാത്രമാണ് ഇനി ഈ പണിക്കില്ലെന്നു പറഞ്ഞു തൃശൂരേക്കു പോയി ഒറ്റ മുണ്ടും ഉടുത്ത് തേക്കില്ലാത്ത തേക്കിന്‍കാട് മൈതാനിയിലെ കളി തട്ടിലിരുന്നു സുഹൃത്തുക്കളോട് സൊറ പറഞ്ഞ് വാര്‍ധക്യം ആസ്വദിച്ചത്.

സി.പി.എം ഇക്കുറി പരീക്ഷണത്തിനു തയ്യാറായി. കുറെ പേരേ വെട്ടിനിരത്താനാണെങ്കിലും പുതുമുഖങ്ങള്‍ ഏറെ മല്‍സരിച്ചു. മിക്കവരും വിജയിക്കുകയും ചെയ്തു. 99 സീറ്റിന്‍റെ വിജയത്തിനു പിന്നില്‍ കിറ്റിനും കൊറോണക്കും ഒപ്പം ഈ ചെറുപ്പക്കാര്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്. ഒരിക്കലും സ്വപ്നം കാണാതിരുന്നവര്‍ പോലും സ്ഥാനാര്‍ത്ഥികളായി, എം.എല്‍.എ.മാരായി. മന്ത്രിമാരുമായി. പിണറായി മരുമകന്‍ റിയാസിനെ മന്ത്രിയാക്കിയതില്‍ കളിയാക്കുന്നവരുണ്ട്. പക്ഷേ റിയാസ് ഇതിനകം നല്ല മന്ത്രിയെന്ന ഖ്യാതി നേടിയെന്ന സത്യം കാണാതിരുന്നിട്ടു കാര്യമില്ല.


ഈ രീതി ഇനി കോണ്‍ഗ്രസിലേക്കാണു കടന്നുവരേണ്ടത്. ചില സീറ്റുകളില്‍ ചിലര്‍ നിന്നില്ലെങ്കില്‍ സീറ്റ് കൈവിട്ടുപോകും. അല്ലാത്ത ഇടങ്ങളുണ്ട്. ജനങ്ങളുടെ ഇടയില്‍ വേരോട്ടമുള്ളവരെ സി.പി.എം സീറ്റുകള്‍ പിടിച്ചെടുക്കാനയക്കണം.


കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഈ രീതി വിജയകരമായില്ലേ ? രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നു കരുതി കേരളത്തിലെ പൊട്ടന്‍മാര്‍ കൈപ്പത്തിക്കു കുത്തിയെന്ന് സി.പി.എം ആക്ഷേപിച്ചാലും അത്രയും പേര്‍ വിജയിച്ചില്ലേ ? 19 എന്താ ചെറിയ കണക്കാണോ ? നത്തോലി ചെറിയമീനല്ലെന്നു മനസിലാക്കിക്കൊടുത്തില്ലേ ? ആ രീതി അടുത്ത നിയമസഭയിലൊന്നു പരീക്ഷിക്കണം.

ലോക്സഭയില്‍ മല്‍സരിച്ചവരെയൊക്കെ അവിടേക്കുതന്നെ അയക്കണം. സ്വന്തം കഴിവ് തെളിയിക്കട്ടെ. ജനപിന്തുണ ഉറയ്ക്കട്ടെ. മാറി നില്‍ക്കുന്നവര്‍ക്കു സീറ്റു കൊടുക്കരുത്. അവരെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുപയോഗിക്കണം. എം.പി - എം.എല്‍.എ ശമ്പളവും ആനുകൂല്യവും കിട്ടിയാലേ ജനസേവനമാകൂ എന്നില്ലല്ലോ. ഉണ്ടാക്കിയതൊക്കെ കുറെ ചെലവാക്കട്ടെ. (എല്ലാവരുമല്ല.)

രാഷ്ട്രീയത്തില്‍ മല്‍സരിക്കുകയാണ് പണം ഉണ്ടാക്കാനുള്ള മാര്‍ഗം. തോറ്റാലും പ്രശ്നമില്ല. അഞ്ചുവര്‍ഷം കഴിയാനുള്ള ചില്ലറ ഒത്തുകിട്ടും. കേന്ദ്രത്തില്‍ നിന്നായാലും പ്രാദേശികമായി പിരിച്ചുണ്ടാക്കുന്നതായാലും.

ഓരോ മല്‍സരവും കഴിയുമ്പോഴും പറമ്പെഴുതി വില്‍ക്കാന്‍ ഇനി എത്ര തെന്നല ചേട്ടന്‍മാരാണുള്ളത് ? ലാളിത്യത്തിന്‍റെ ആള്‍രൂപങ്ങളുടെ ഭാര്യയുടെയും മക്കളുടെയും ബാങ്കു ബാലന്‍സു നോക്കിയാലറിയാം... കള്ളി വെളിച്ചത്താകും.

നേതാവില്ലാതെ അനാഥമാകുന്ന അവസ്ഥയായിരുന്ന എ ഗ്രൂപ്പിന് എന്തായാലും സാരഥിയായി. ശശി തരൂരിനേക്കാള്‍ മികച്ച ഒരാളെ അവര്‍ക്കു കിട്ടാനില്ല. ഉമ്മന്‍ ചാണ്ടി ശൈലി അനുസരിച്ച് കെ.സി ജോസഫിനെയോ മറ്റോ നേതാവാക്കിയിരുന്നെങ്കില്‍ ഗ്രൂപ്പ് പൊടിഞ്ഞു പോയേനേ. എന്‍.എസ്.എസ് പിന്തുണകൂടി ആയതോടെ തരൂര്‍ ബലവാനായി. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് (ഭൂരിപക്ഷം കിട്ടിയാല്‍) തരൂരും സതീശനും രമേശും മല്‍സരിക്കട്ടെ. കൂടുതല്‍ വോട്ടു കിട്ടുന്നവര്‍ (കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍) മുഖ്യനാകട്ടെ. ബാക്കിയുള്ളവര്‍ക്കു മന്ത്രിമാരാകാമല്ലോ.

വിശ്വപൗരനേതായാലും ചെറിയ വകുപ്പുകളിലൊന്നും കൈയ്യിടാനിടയില്ല. ലീഗും തരുരിനൊപ്പമായ സ്ഥിതിക്ക് സംഗതി ഉഷാര്‍. സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ പെരുകി പെരുകി തോല്‍ക്കുമെന്ന ഘട്ടം വന്നാല്‍ ജോസ്. കെ. മാണിയെ വലിച്ചുകൊണ്ടുപോരാന്‍ ശ്രമിക്കാം. യു.ഡി.എഫ് രക്തമുണ്ടല്ലോ ജോസ് മോന്‍റെ സിരകളില്‍.

Advertisment