Advertisment

ജഡ്ജിക്ക് കൊടുക്കാനെന്ന പേരില്‍ അഭിഭാഷകന്‍ ലക്ഷങ്ങള്‍ അടിച്ചു മാറ്റിയത് പോലീസ് കേസിലേക്കു നീങ്ങുമ്പോള്‍ ഈ രംഗത്തെ അവിശുദ്ധ ബന്ധങ്ങളിലേക്കുറിച്ചൊരു പൊളിച്ചെഴുത്ത് ആവശ്യമായി വന്നിരിക്കുന്നു; അഭിഭാഷകരുടെ എണ്ണം വര്‍ധിച്ചതോടെ തരികിടകളും കൂടിക്കൂടി വന്നു ! തൊഴിലില്ലാതാകുമ്പോള്‍ കോട്ടുനനക്കാനുള്ള കാശില്ലാതെ വരുമ്പോള്‍ വളഞ്ഞവഴിയിലേക്കു തിരിയുന്നു; 'മുകുന്ദനുണ്ണി അസോസിയേറ്റ്സ്' കണ്ടാല്‍ മനസിലാകും അപകട ഇന്‍ഷ്വറന്‍സിന്‍റെ പേരില്‍ അഭിഭാഷകര്‍ നടത്തുന്ന വൃത്തികേടുകള്‍-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

New Update

publive-image

Advertisment

അഭിഭാഷക വംശം വര്‍ദ്ധിച്ചു പെരുത്തു വളര്‍ന്നതോടെ തരികിടകളും കൂടിക്കൂടി വന്നു. ഒടുവില്‍ ഒരഭിഭാഷക നേതാവ് ജഡ്ജിക്കു കൊടുക്കാനെന്ന പേരില്‍ ലക്ഷങ്ങള്‍ അടിച്ചു മാറ്റിയത് പോലീസ് കേസിലേക്കു നീങ്ങുമ്പോള്‍ ഈ രംഗത്തെ അവിശുദ്ധ ബന്ധങ്ങളിലേക്കുറിച്ചൊരു പൊളിച്ചെഴുത്ത് ആവശ്യമായി വന്നിരിക്കുന്നു.

അഡ്വക്കേറ്റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സൈബി ജോസ് കിടങ്ങൂര്‍ ഹൈക്കോടതി ജഡ്ജിക്കു നല്‍കാനെന്നു പറഞ്ഞ് കാല്‍ കോടി രൂപയാണ് ഒരു സിനിമാ നിര്‍മ്മാതാവിനെ പറ്റിച്ചെടുത്തത്. ഒരു സിനിമാ നിര്‍മ്മാതാവ് ബലാല്‍സംഗക്കേസില്‍ പെട്ടു. മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ ജഡ്ജിക്കു നല്‍കാനായാണ് പണം തട്ടിയത്. കുറെ നാളായി ഈ വാര്‍ത്ത ഹൈക്കോടതിയുടെ അന്തരീക്ഷത്തില്‍ ചുറ്റിക്കളിക്കുന്നു. കോണ്‍ഗ്രസ് നേതാവാണ് സൈബി ജോസ് കിടങ്ങൂര്‍. സി.പി.എം അഭിഭാഷകരാണ് വാര്‍ത്ത പറഞ്ഞു പരത്തിയത്. പ്രശ്നം ഹൈക്കോടതി ജഡ്ജിയുടെ കാതിലെത്തി.


അദ്ദേഹം ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാഗത്തെ ഉപയോഗിച്ച് പ്രാഥമികാന്വേഷണം നടത്തി. സംഗതി സത്യമെന്നു ബോധ്യമായതിനാല്‍ മറ്റൊരു സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചു. തെളിവുകള്‍ കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരം രജിസ്ട്രാര്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്കു കത്തു നല്‍കിയിരിക്കുന്നത്.


എറണാകുളം സിറ്റി കമ്മീഷണറുടെ നേതൃത്വത്തില്‍ ഇനി അന്വേഷണം നടക്കും. ഒക്കെ തെളിവുകള്‍ ഓര്‍ഡറിലാക്കാന്‍. കാരണം സംഗതി തെളിയുകയും ഹൈക്കോടതിക്ക് ബോധ്യമാവുകയും ചെയ്തതുകൊണ്ടാണല്ലോ കേസ് പോലീസിനു വിടാന്‍ ഹൈക്കോടതി തീരുമാനിച്ചത്. സാധാരണ അഭിഭാഷകര്‍ക്കെതിരെ കടുത്ത നടപടി ഒരു കോടതിയും സ്വീകരിക്കാറില്ല. അങ്ങനെ ഉണ്ടായപ്പോഴൊക്കെ സംഘടിത ശക്തികൊണ്ടവര്‍ ജഡ്ജിമാരെയൊക്കെ ശരിപ്പെടുത്തിയിട്ടുണ്ട്. ഇക്കുറി അതിനു കഴിയില്ല. കാരണം പിടിക്കപ്പെട്ടയാള്‍ക്കു വേണ്ടി ആരും പരസ്യമായി ഇതുവരെ രംഗത്തുവന്നിട്ടില്ല എന്നതു തന്നെ.

ഇതൊരു ഒറ്റപ്പെട്ട സംഭവമാണോ ? അല്ലെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. കോടതിയും അഭിഭാഷകരുമായതിനാല്‍ ഭയന്ന് ആരും പുറത്തു പറയുന്നില്ലെന്നു മാത്രം. ആദ്യം പുറത്തുകൊണ്ടുവരുന്നത് ഹൈക്കോടതിയിലെ ഒരഭിഭാഷകനാണ്. ഫേസ് ബുക്ക് പോസ്റ്റിലൂടെ. ഹൈക്കോടതി ജഡ്ജി പി.വി കുഞ്ഞികൃഷ്ണനു കൊടുക്കാനെന്ന പേരില്‍ ഇയാള്‍ പണം വാങ്ങിയെന്നും അതേക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്നും മറ്റൊരു അഭിഭാഷകനായ ഉണ്ണികൃഷ്ണനാണെന്നു തോന്നുന്നു ആദ്യമായി പുറത്ത് അറിയിച്ചത്. എന്തായാലും അഭിഭാഷക സമൂഹത്തിലും നെറിയുള്ളവര്‍ ഏറെയുണ്ടെന്നുറപ്പിക്കുകയാണ് അദ്ദേഹം ഈ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചെയ്തത്.

കോടതികളില്‍ കേസു കൊടുക്കുമ്പോള്‍ എപ്പോഴും അഭിഭാഷകനെ കണ്ടെത്താന്‍ അന്വേഷണം നടത്തുമ്പോള്‍ സ്ഥിരം കേള്‍ക്കാറുള്ളതാണ് ബഞ്ചിനു പറ്റിയ അഭിഭാഷകന്‍ വേണമെന്ന ആപ്തവാക്യം. അതിന്‍റെ അര്‍ത്ഥം എന്നെന്നെല്ലാവര്‍ക്കും അറിയാം. പണം മുതല്‍ സുഖസൗകര്യങ്ങള്‍ വരെ ഇക്കൂട്ടത്തില്‍പ്പെടും.

മദിരാശി ഹൈക്കോടതിയിലെ ഒരു ജഡ്ജി (മലയാളി) യുടെ ഉറ്റ ബന്ധു പാണ്ടിലോറിയിലാണ് ഒരു കാലത്ത് നോട്ടു കെട്ടുകള്‍ നിറച്ച ചാക്കുകള്‍ കയറ്റി അയച്ചിരുന്നതെന്ന് കേട്ടിട്ടുണ്ട്. സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ പണവും പെണ്ണും കലര്‍ന്ന റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്തി ക്രൈം ഇറക്കിയ പ്രത്യേക പതിപ്പ് ഞാന്‍ വായിച്ചതാണ്. ഒരു കോര്‍ട്ടലക്ഷ്യ കേസും ഉണ്ടായില്ല. ആരും കണ്ടതായി നടിച്ചതുമില്ല.


നിയമസംവിധാനങ്ങളുടെ തലപ്പത്ത് ആര്‍ത്തി പണ്ടാരങ്ങളും വിഷയ തല്‍പ്പരരും ഫ്യൂഡല്‍ പ്രഭുക്കളും ആവോളമുണ്ടെന്നാര്‍ക്കാണറിഞ്ഞുകൂടാത്തത് ? പലരും ചക്രവര്‍ത്തിമാരേപ്പോലെയാണ്. ഒരുത്തനെ മുന്നില്‍ കിട്ടിയാല്‍ കൊത്തി വലിക്കും. പല കേസുകളിലും ഹാജരാകുന്നവര്‍ വാങ്ങുന്ന കോടികളുടെ കഥയൊക്കെ പത്രങ്ങളില്‍ വരാറുണ്ട്. ഒന്നു ഹാജരാകുന്നതിനാണ് ഒന്നും ഒന്നര കോടിയും.


പിന്നെങ്ങനെ പാവങ്ങള്‍ക്ക് നീതി കിട്ടും ? അതിനേക്കുറിച്ചാര്‍ക്കാണു വേവലാതി ? ആര്‍ക്കുമില്ല. കേസില്ലാ വക്കീലന്‍മാരും പോലീസും ക്വട്ടേഷന്‍ സംഘങ്ങളും രാഷ്ട്രീയക്കാരും ചേര്‍ന്നു നാട്ടിന്‍പുറങ്ങളില്‍ നടത്തുന്ന 'സെറ്റിംഗ്സ്' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഒത്തുതീര്‍പ്പ് ഇടപാടുകള്‍ സാര്‍വത്രികമാണിപ്പോള്‍.

'മുകുന്ദനുണ്ണി അസോസിയേറ്റ്സ്' എന്ന പേരില്‍ ഇറങ്ങിയ വിനീത് ശ്രീനിവാസന്‍ പടം കണ്ടാല്‍ മനസിലാകും അപകട ഇന്‍ഷ്വറന്‍സിന്‍റെ പേരില്‍ അഭിഭാഷകര്‍ നടത്തുന്ന വൃത്തികേടുകള്‍. പണ്ടൊക്കെ ഒരാളെ കൊന്നിട്ട് കൈനിറയെ പണവുമായി മള്ളൂര്‍ ഗോവിന്ദപിള്ളയെന്ന അഭിഭാഷകനെ കണ്ടാല്‍ മതി രക്ഷിച്ചുകൊള്ളും എന്ന ഒരു ചൊല്ലുണ്ടായിരുന്നു. ഇപ്പോള്‍ നാടുനീളെ മള്ളൂര്‍മാരാണ്.

വക്കീലന്‍മാരുടെ വംശവര്‍ധനയാണു കാരണം. ഇപ്പോഴും ലോ കോളേജുകള്‍ ആവശ്യത്തിലധികമാണ്. തൊഴിലില്ലാതാകുമ്പോള്‍ കോട്ടുനനക്കാനുള്ള കാശില്ലാതെ വരുമ്പോള്‍ വളഞ്ഞവഴിയിലേക്കു തിരിയുന്നു.

അഭിഭാഷക സംഘടനകള്‍ പലപ്പോഴും സാമൂഹിക വിരുദ്ധരുടെ താവളങ്ങളായി മാറുന്നുവോ ? കോണ്‍ഗ്രസും സി.പി.എമ്മുമാണ് പ്രധാന അഭിഭാഷക സംഘടനകളുടെ നേതൃത്വത്തില്‍. സ്വന്തം പാര്‍ട്ടി കേസുകള്‍ ഓസിനു നടത്തി തരുന്നതിന്‍റെ പേരില്‍ ഏതു വൃത്തികേടിനും കൂട്ടുനില്‍ക്കരുതെന്നാണ് കിടങ്ങൂര്‍ വക്കീല്‍ നല്‍കുന്ന പാഠം.

Advertisment