Advertisment

ഗുണ്ടാ ബന്ധങ്ങള്‍ ഇല്ലാത്ത പോലീസിന്‍റെ എണ്ണമെടുക്കുകയാണ് എളുപ്പം; റാണ എന്ന തട്ടിപ്പുകാരനെ നായകനാക്കി സിനിമ സംവിധാനം ചെയ്തതും പോലീസ് ! പോലീസിലെ കള്ളന്‍മാരും ഗുണ്ടകളും പൊടുന്നനെ പൊട്ടിമുളച്ചതാണോ ? പോലീസില്‍ ഇത്രയേറെ ക്രിമിനല്‍വല്‍ക്കരണം എങ്ങനെ സംഭവിച്ചു? ആറര വര്‍ഷത്തെ ഭരണം കഴിയുമ്പോള്‍ അതിനു മുമ്പു ഭരിച്ച ഉമ്മന്‍ ചാണ്ടിയെ കുറ്റം പറയാനാകില്ല; ആറര വര്‍ഷം ഭരിച്ച സര്‍ക്കാര്‍ ഇതുവരെ എന്തുചെയ്യുകയായിരുന്നു?-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

New Update

publive-image

Advertisment

പോലീസില്‍ നിറയെ കള്ളന്‍മാരും കൊള്ളക്കാരും ഗുണ്ടകളും. അച്ചടക്ക നടപടി തകൃതി. ചീത്തപോലീസിന്‍റെ പട്ടിക റെഡി. ഗുണ്ടാ ബന്ധുക്കളെ ശരിപ്പെടുത്തും. പോലീസിനെയാകെ ശുദ്ധീകരിക്കുന്നു. ബലേ ഭേഷ്. ഒറ്റ ചോദ്യം. ഇതൊക്കെ ഒറ്റ രാത്രികൊണ്ടുണ്ടായതാണോ ? കഴിഞ്ഞ ആറര വര്‍ഷം ഭരിച്ച സര്‍ക്കാര്‍ ഇതുവരെ എന്തുചെയ്യുകയായിരുന്നു? അന്നത്തേ പോലീസുകാരുതന്നെയല്ലേ ഇപ്പോഴും. അപ്പോള്‍ ചങ്ങലക്കാണു ഭ്രാന്ത്. അതങ്ങു സമ്മതിച്ചാല്‍ മതി.

മാതൃഭൂമിയില്‍ വിവേക് ആര്‍. നായരുടെ റിപ്പോര്‍ട്ട് ഇങ്ങനെ: അയിരൂര്‍ പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതി ജയസനലെന്ന പോലീസുകാരനെ പിടികൂടിയിട്ടില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതാണ്. ഒത്തുകളിതന്നെ കാരണം. റിസോര്‍ട്ടുകളിലെ പണപിരിവായിരുന്നു വിനോദം. പോക്സോ കേസായപ്പോള്‍ വിദേശത്തു കടന്നു. തന്ത്രപൂര്‍വ്വം ഇവിടെ വരുത്തി മുങ്ങാന്‍ അനുവദിച്ചു. അതാണു വര്‍ഗസ്നേഹം.

നെടുമങ്ങാട് സി.ഐ എ.വി ബൈജു രണ്ടു പീഡന കേസില്‍ പ്രതിയായി. ജാമ്യാപേക്ഷകള്‍ കോടതി തള്ളി. പക്ഷേ അറസ്റ്റില്ല. ഒരു കോടി തട്ടിയ ഭരതന്നൂര്‍ക്കാരന്‍ പോലീസ് രവിശങ്കറിനെയും രക്ഷിക്കുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പിയാണ് ഇവരുടെ ഒക്കെ രക്ഷകന്‍. 2019 ല്‍ പൂജപ്പുര പോലീസ് ഒരു ഉന്നത പോലീസ് ഓഫീസറെ പ്രതിയാക്കിയ കേസിലും പ്രതിയെ രക്ഷപെടുത്താന്‍ ശ്രമങ്ങള്‍ ധൃതഗതിയില്‍. അയല്‍ക്കാരെ അക്രമിച്ചതാണ് കേസ്. ശല്യം സഹിക്കവയ്യാതെ ഭീഷണിയില്‍ ഭയന്ന് സാക്ഷികള്‍ നാടുവിട്ട് താമസിക്കുന്നു.

ഗുണ്ടാ മണ്ണ് മാഫിയ ബന്ധത്തിന്‍റെ പേരില്‍ മൂന്നു പോലീസുകാര്‍ക്കെതിരെ നടപടി. തിരുവല്ലം എസ്.ഐ കെ.ആര്‍ സതീഷ്, മംഗലാപുരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എച്ച്.എല്‍ സജീഷ്, നേമം സ്റ്റേഷനിലെ പോലീസുകാരന്‍ ജയകുമാര്‍ എന്നിവര്‍ക്കെതിരെയാണു നടപടി. നടപടി അന്വേഷണമാണ്. രക്ഷിക്കാനാണോ ശിക്ഷിക്കാനാണോ എന്നിനി കണ്ടറിയാം.


ഒരു ഉദ്യോഗസ്ഥന്‍റെ അവിഹിതങ്ങള്‍ക്കെതിരെ ഭാര്യ പരാതിപ്പെട്ടു. ഭാര്യക്ക് മാനസിക രോഗമുണ്ടെന്ന കാരണം പറഞ്ഞു രക്ഷപെട്ടു. അവിഹിതങ്ങള്‍ക്കു മുമ്പ് ഭാര്യയെ മനോരോഗ വിദഗ്ദ്ധനെ കാണിച്ച് തെളിവുണ്ടാക്കിവച്ചേക്കണം എന്നതു ഗുണപാഠം.


ഗുണ്ടാ ബന്ധങ്ങള്‍ ഇല്ലാത്ത പോലീസിന്‍റെ എണ്ണമെടുക്കുകയാണ് എളുപ്പം. റാണ എന്ന തട്ടിപ്പുകാരനെ നായകനാക്കി സിനിമ സംവിധാനം ചെയ്തതും പോലീസ്. കള്ളമുതല്‍ വീതിക്കുന്നതിനുള്ള ആധുനിക മാര്‍ഗമാണിത്.

ലഹരി വില്‍പനക്കാരുടെ ചാരന്‍മാരാണ് പോലീസില്‍ നിറയെ. വെഞ്ഞാറമൂട്ടില്‍ ഒരമ്മയും മകളും ലഹരി വില്‍പ്പനക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനു കൈമാറി. ലഹരിക്കാര്‍ അമ്മയേയും മകളെയും പൊതിരെതല്ലി. തെറിവിളി വേറെ. പെണ്‍കുട്ടിക്ക് സ്കൂളില്‍ പോകാനാകാതെ വന്നു. ആരും രക്ഷിച്ചില്ല. ലഹരിമുക്ത പ്രതിജ്ഞയെടുത്ത ശേഷം കള്ളടിച്ച് നൃത്തം ചെയ്ത ഡി.വൈ.എഫ്.ഐ നേതാക്കളൊക്കെ ഇപ്പോള്‍ തലയില്‍ മുണ്ടിട്ടാണ് നടപ്പ്. വെഞ്ഞാറമൂട്ടില്‍ ആ കുട്ടിയെ രക്ഷിക്കാന്‍ ഒരു കമ്മ്യൂണിസ്റ്റ് വിപ്ലവകാരിക്കും കൈ പൊ‍ങ്ങിയില്ല. പ്രത്യേകിച്ച് തൊഴിലില്ലാത്ത ബാലാവകാശ കമ്മീഷന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പിണറായിക്കാരനാണ് ഇനി എല്ലാ പ്രതികളെയും ശരിപ്പെടുത്തും.

തിരുവനന്തപുരത്തെ മിക്ക സ്റ്റേഷനുകളിലും പോസ്റ്റിംഗ് നേടിയെടുത്തിരിക്കുന്നത് പണം നല്‍കിയാണ്. പാര്‍ട്ടിക്കാണു പണം. കുറെ നേതാക്കള്‍ കൈയ്യിട്ടുവാരും. ആനാവൂര്‍ - കടകംപള്ളി ഗ്രൂപ്പുകളാണ് ഏറ്റുമുട്ടുന്നത്. ഇതിനിടക്കാണ് വി. ജോയ് ജില്ലാ സെക്രട്ടറി സ്ഥാനം അടിച്ചെടുത്തത്. അത് ആനാവൂരിനടിയായിപ്പോയി.


കാശിന്‍റെ കാര്യത്തില്‍ ഗ്രൂപ്പ് വൈരമില്ലെന്നാണു കേള്‍വി. എന്തായാലും പണം നല്‍കാതെ ഒന്നും നടക്കില്ലെന്നതാണത്രെ അവസ്ഥ. തുക നല്‍കി നിയമനം നേടിയവര്‍ പിറ്റേ ദിവസം മുതല്‍ പിരിവു തുടങ്ങുക സ്വാഭാവികം. മുതലാകണ്ടേ ? കച്ചവടമല്ലേ?


പോലീസില്‍ ഇത്രയേറെ ക്രിമിനല്‍ വല്‍ക്കരണം എങ്ങനെ സംഭവിച്ചു. ആറര വര്‍ഷത്തെ ഭരണം കഴിയുമ്പോള്‍ അതിനു മുമ്പു ഭരിച്ച ഉമ്മന്‍ ചാണ്ടിയെ കുറ്റം പറയാനാകില്ല.

ഇപ്പോള്‍ ഭവന സന്ദര്‍ശനത്തിന്‍റെ കാലമാണല്ലോ. എഴുന്നേറ്റ് നടക്കാന്‍ വയ്യാത്ത നേതാക്കളൊക്കെ ഭവന സന്ദര്‍ശനമെന്നു പറഞ്ഞ് ഇറങ്ങിയിട്ടുണ്ട്. റൂറല്‍ ഏരിയയിലെ ഒരു ലോക്കല്‍ നേതാവ് പറഞ്ഞതാണീ സംഭവം.

വീടുകളില്‍ കയറി ഭരണത്തേക്കുറിച്ചെന്തു പറയുന്നു എന്നു ചോദിക്കും. വിവരവും അല്‍പം വിദ്യാഭ്യാസവുമുള്ള കറകളഞ്ഞ പാര്‍ട്ടിക്കാരല്ലെങ്കില്‍ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങും. നേതാക്കള്‍ക്കിറങ്ങി ഓടിയാല്‍ മതിയെന്നാകും. വീട്ടുകാര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ വിടാതെ തടഞ്ഞു നിര്‍ത്തി എണ്ണിയെണ്ണിപ്പറയും. ധൂര്‍ത്തിന്‍റെയും ബന്ധു നിയമനങ്ങളുടെയും പോലീസ് അതിക്രമങ്ങളുടെയും കാര്യത്തിലാണ് അടി കൂടുതല്‍.

കുറച്ചു വീടുകള്‍ കയറി ആ പണി നിര്‍ത്തും. ബാക്കി വീടുകള്‍ കയറണമെന്നു പറഞ്ഞ് എത്തുന്ന നേതാക്കളെ കൂട്ടി അവര്‍ പുലിമടകളിലേക്കു പോകും. നേതാക്കള്‍ ഒറ്റ ദിവസം കൊണ്ടു വീടുകയറ്റം മതിയാക്കി മടങ്ങും. അണികള്‍ ഉള്ളില്‍ ചിരിക്കും. മന്ത്രിമാര്‍ വരുമ്പോള്‍ ആദിവാസികളെ അണിയിച്ചൊരുക്കി നിര്‍ത്തുന്നതുപോലെയാണ് അഖിലേന്ത്യാ -സംസ്ഥാന നേതാക്കള്‍ വന്നാല്‍ ചില ഭവന സന്ദര്‍ശനങ്ങള്‍. അവര്‍ തൃപ്തരായി മടങ്ങും. എത്രനല്ല ഭരണം എന്നവര്‍ സ്വയം ഉള്‍പ്പുളകത്തോടെ ഓര്‍ക്കും. ഇതാണ് സഖാക്കളെ ആധുനിക ഭവന സന്ദര്‍ശനം.

Advertisment