Advertisment

ജോ ബൈഡന്റെ വസതിയില്‍ എഫ്.ബി.ഐ റെയ്ഡ് നടത്തിയത് 13 മണിക്കൂറാണ്; ലോക ബൂര്‍ഷ്വാസിയുടെ മുതുമുത്തച്ഛന്‍ എന്ന് നാം വിളിക്കുന്ന അമേരിക്കയിലാണ് സര്‍ക്കാര്‍ പോലീസ് പ്രസിഡന്റിന്റെ വസതിയില്‍ റെയ്ഡ് നടത്തിയത് ! ഇവിടെ മോദിയുടെ വസതിയില്‍ ഒരു സി.ബി.ഐക്കാരന്‍ കയറുമോ ? കേരളത്തില്‍ പോലീസ് ഒരു ലോക്കല്‍ കമ്മറ്റി ഓഫീസില്‍ കയറാന്‍ ധൈര്യം കാണിക്കുമോ ?-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

അധികം പ്രാധാന്യം നല്‍കാതെയാണ് പത്രങ്ങള്‍ ആ വാര്‍ത്ത നല്‍കിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ വീട്ടില്‍ എഫ്.ബി.ഐ റെയ്‌ഡ്‌. നമ്മുടെ സി.ബി.ഐയാണ് അമേരിക്കയിലെ എഫ്.ബി.ഐ. വില്‍മിങ്ങ്ടണിലെ വസതിയില്‍ 13 മണിക്കൂറാണ് റെയ്‌ഡ്‌ നടത്തിയത്. രഹസ്യ രേഖകള്‍ പിടിച്ചെടുത്തു. 2009 - 16 കാലത്ത് ജോ ബൈഡനായിരുന്നു അമേരിക്കന്‍ വൈസ് പ്രസിഡന്‍റ്. ഈ കാലയളവില്‍ കൈകാര്യം ചെയ്ത രഹസ്യ ഫയലുകളിലെ വിവരങ്ങള്‍ വാഷിംഗ്ടണിലെ പെന്‍ ബൈഡന്‍ സെന്‍ററില്‍ നിന്നും കഴിഞ്ഞ നവംബര്‍ 2 ന് കണ്ടെത്തിയിരുന്നു. അമേരിക്കന്‍ നിയമമനുസരിച്ച് ഒരു രഹസ്യ രേഖയും ഔദ്യോഗിക പദവി കഴിഞ്ഞാല്‍ വിട്ടിലേക്കു കൊണ്ടുപോകാന്‍ പാടില്ല. ഇതു ബൈഡന്‍ ലംഘിച്ചു. ഇതിനേതുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസത്തെ റെയ്‌ഡ്‌. 18 രഹസ്യ രേഖകള്‍ സ്വകാര്യ വസതികളില്‍ നിന്ന് ഇതുവരെ പിടിച്ചെടുത്തെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്ക സാമ്രാജ്യത്വ രാജ്യമാണ്. കുത്തക മുതലാളി. പിന്തിരിപ്പന്‍. കച്ചവടക്കാരന്‍. ലോക ബൂര്‍ഷ്വാസിയുടെ മുതുമുത്തച്ഛന്‍. ചൂഷകന്‍. ലാഭക്കൊതിയന്‍. ലോക പോലീസ് ചമയുന്നവന്‍. സൈനിക ശക്തി ഉപയോഗിച്ച് ആരെയും നശിപ്പിക്കുന്നവന്‍. ഒക്കെ നാം നല്‍കുന്ന വിശേഷണങ്ങള്‍. അവിടെയാണ് സര്‍ക്കാര്‍ പോലീസ് പ്രസിഡന്‍റിന്‍റെ വസതിയില്‍ റെയ്‌ഡു നടത്തിയിരിക്കുന്നത്.


ഇവിടാണെങ്കിലോ ? മോദിയുടെ വസതിയില്‍ ഒരു സി.ബി.ഐക്കാരന്‍ കയറുമോ ? കാണാനെങ്കിലും കയറിയാല്‍ അവന്‍ പിന്നെ വെളിച്ചം കാണില്ല. രാജീവ് ഗാന്ധിയുടെ വീടിനു മുന്‍വശത്തു ഏതോ രഹസ്യ പോലീസിനെ കണ്ടതാണ് ദേവഗൗഡ സര്‍ക്കാര്‍ തകരാന്‍ കാരണം. തകര്‍ത്തതു കോണ്‍ഗ്രസ്. മുറ്റത്തു കൂടി ഒരു പോലീസുകാരന്‍ നടന്നപ്പോള്‍ ദേശീയ സര്‍ക്കാര്‍ തന്നെ നിലംപതിച്ചു. പ്രധാനമന്ത്രി പോകട്ടെ ബി.ജെ.പിയുടെ ഏതെങ്കിലും നേതാവിന്‍റെ വീടോ പാര്‍ട്ടി ഓഫീസോ റെയ്‌ഡു നടത്തിയാലോ ? അവന്‍റെ തല കാണില്ല.


കേരളത്തില്‍ പോലീസ് ഒരു ലോക്കല്‍ കമ്മറ്റി ഓഫീസില്‍ കയറാന്‍ ധൈര്യം കാണിക്കുമോ ? പാര്‍ട്ടിയുടെ അനുമതി ഇല്ലാതെ ജില്ലാ കമ്മറ്റി ഓഫീസില്‍ പ്രതി ഒളിച്ചിരിപ്പുണ്ടോ എന്നു പരിശോധിച്ചതിന് ഒരു ഐ.പി.എസുകാരിയെ തെറിപ്പിച്ച പാരമ്പര്യമാണ് സി.പി.എമ്മിന്. ചില റെയ്‌ഡുകള്‍ നടക്കാറുണ്ട്. പാര്‍ട്ടി തന്നെ അനുമതി നല്‍കും. പിടിച്ചെടുക്കാന്‍ കുറെ നാടന്‍ ബോംബുകളോ അറസ്റ്റു ചെയ്യാന്‍ ചില നേര്‍ച്ചക്കോഴികളെയോ കൊടുക്കും. അതൊക്കെ നന്നായി നടക്കും. വാര്‍ത്തയും വരും.

കണ്ണൂരൊക്കെ ബി.ജെ.പിയും ഈ രീതിക്കാരാണ്. പ്രതികളെ അവര്‍ നല്‍കും. പിടികൂടണം. തെളിവുണ്ടാക്കണം. യഥാര്‍ത്ഥ പ്രതികള്‍ അടുത്ത വെട്ടിനു തയ്യാറെടുക്കാന്‍ വിശ്രമിക്കുകയാകും. ആടിനില്‍ക്കുന്ന അണികളെയാണ് സാധാരണ നേര്‍ച്ചക്കോഴികളാക്കുക. സി.പി.എമ്മിലും ഈ രീതിയാണ് പിന്തുടരുന്നതെന്ന് പറഞ്ഞത് അറസ്റ്റിലായി ജയിലില്‍ കിടക്കുന്ന ചില കോഴികളാണ്.

മറ്റൊരു പിന്തിരിപ്പന്‍ കുത്തക മുതലാളിയാണല്ലോ ബ്രിട്ടന്‍ (നമ്മള്‍ ജനാധിപത്യത്തിന്‍റെ അപ്പോസ്തലന്‍മാര്‍. ബനാന റിപ്പബ്ലിക്കെന്നാണ് ഇന്ത്യയെ അരുന്ധതി റോയ് വിശേഷിപ്പിച്ചത്. അതിവിടെ വാഴകൃഷി വന്‍തോതിലുണ്ടായതുകൊണ്ടല്ല. അഴിമതിയും സാമ്പത്തിക ചഷണവും വിദേശ ആധിപത്യവും മൂലം തകര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളെയാണ് ഈ പേരുകൊണ്ടു വിവക്ഷിക്കുന്നത്.) പ്രധാനമന്ത്രി ടോണി ബ്ലയറിന്‍റെ മകന്‍ ഗതാഗത നിയമലംഘനം നടത്തി. പോലീസ് പിടിയിലായി. അച്ഛന്‍ പ്രധാനമന്ത്രി പോലീസ് സ്റ്റേഷനിലെത്തി ഒപ്പിട്ടു കൊടുത്തിട്ടേ അവിടുത്തെ പോലീസ് മകനെ വിട്ടുള്ളു.


ഇവിടെ ബ്രാഞ്ചു സെക്രട്ടറിയുടെ മകനാണെങ്കില്‍ പിടിച്ചകത്തു വെക്കാന്‍ പോലീസിന്‍റെ മുട്ടിടിക്കും. വിറക്കും. ചിലപ്പോള്‍ മൂത്രമൊഴിക്കും. ഇവിടെമാത്രമല്ല. ഇന്ത്യയിലെ ഏതു സംസ്ഥാനത്തെയും സ്ഥിതി ഇതുതന്നെ. എല്ലാം ഒരേ തൂവല്‍ പക്ഷികള്‍.


കോവിഡ് കാലത്ത് നിയമം ലംഘിച്ച് ഡിന്നര്‍ നടത്തിയതിന്‍റെ പേരിലാണ് ബിട്ടനില്‍ ഒരു പ്രധാനമന്ത്രിയുടെ കസേര തെറിച്ചത്. ബ്രിട്ടനില്‍ മന്ത്രിമാരെല്ലാം സ്വന്തം വണ്ടി സ്വയം ഓടിച്ചാണ് ഓഫീസിലെത്തുന്നത്. പ്രധാന മന്ത്രി, പ്രതിരോധ - ധന - വിദേശകാര്യ മന്ത്രിമാര്‍ക്കു മാത്രമാണ് പോലീസ് എസ്കോര്‍ട്ട്. സര്‍ക്കാര്‍ വണ്ടികളില്ല. പ്രത്യേക അലവന്‍സുകളില്ല. അത്ഭുതം തോന്നുന്നോ. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്വ ശക്തികളുടെ കഥയാണിത്. ഇവിടെ സംസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ എത്ര പത്രാസോടെയാണ് നടക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ? കാറ്, ഡ്രൈവര്‍, എന്തിനേറെ പറയുന്നു...

റഷ്യയില്‍ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കായി പ്രത്യേക ഹൈവേയുണ്ടായിരുന്നു. അതും പട്ടിണി പാവങ്ങളുടെ പേരിലാണെന്നോര്‍ക്കണം. കമ്മ്യൂണിസ്റ്റ് ഭരണ (റഷ്യ) ത്തിന്‍റെ ഉത്പാദനം അവിടെ വളര്‍ന്ന വേശ്യകളുടെ സമൂഹമാണ്. അടുത്തകാലം വരെ ലോക വേശ്യകളില്‍ ഭൂരിപക്ഷവും റഷ്യക്കാരായിരുന്നു.

മറ്റൊരു ഉദാഹരണമാണ് കേരളത്തില്‍ കിളക്കാനും കക്കൂസു കഴുകാനും റോഡു-വാര്‍ക്കല്‍ പണികള്‍ക്കുമെത്തിയിരിക്കുന്ന ബംഗാളികള്‍. മൂന്നു പതിറ്റാണ്ടിലധികം ബംഗാള്‍ സി.പി.എം ഭരിച്ചതിന്‍റെ ബാക്കിപത്രമാണിതെന്നു പറഞ്ഞാല്‍ തലകുനിച്ചിരുന്നു കേള്‍ക്കാന്‍ സഖാക്കള്‍ പഠിച്ചുപോയി. ഏതു വഴിയാണു നമുക്കു വേണ്ടിയത് ? ഇക്കാര്യത്തിലെങ്കിലും അമേരിക്കന്‍ - ബ്രിട്ടീഷ് കുത്തക മുതലാളിത്ത സാമ്രാജ്യത്വ പിന്തിരിപ്പന്‍ വഴിയാണു നല്ലതെന്നു ആരും പറഞ്ഞു പോകില്ലേ ബി.ജെ.പി - കോണ്‍ഗ്രസ് - കമ്മ്യൂണിസ്റ്റ് പ്രമാണിമാരേ ?

Advertisment