Advertisment

ടൂറിസം വകുപ്പ് മുഹമ്മദ് റിയാസിനെ ഏല്‍പ്പിച്ചപ്പോള്‍ എല്ലാവരും കരുതി എന്തെങ്കിലും ഒക്കെ സംഭവിക്കുമെന്ന്; മുഖ്യമന്ത്രിയുടെ മരുമകനായതുകൊണ്ടല്ല, സ്വാഭാവികമായും ആ പട്ടമൊരു മുള്‍കിരീടമാണ് ! തുടക്കത്തില്‍ റിയാസ് മികച്ച മുന്നേറ്റം കാഴ്ചവച്ചു, ടൂറിസം മേഖലക്കൊരുണര്‍വുണ്ടായി; എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

New Update

publive-image

Advertisment

ടൂറിസം വകുപ്പ് പി.എ മുഹമ്മദ് റിയാസിനെ ഏല്‍പ്പിച്ചപ്പോള്‍ എല്ലാവരും കരുതി എന്തെങ്കിലും ഒക്കെ സംഭവിക്കുമെന്ന്. മുഖ്യമന്ത്രിയുടെ മരുമകനായതുകൊണ്ടല്ല. സ്വാഭാവികമായും ആ പട്ടമൊരു മുള്‍കിരീടമാണ്. നട്ടെല്ലോടെ വല്ലതും ചെയ്താല്‍ മരുമകനെന്ത് അഹങ്കാരമെന്നു പറയും. പതുക്കെയായാല്‍ പറയും മുഖ്യന്‍ കണ്ണുരുട്ടിയപ്പോള്‍ പേടിച്ചെന്ന്. പോലീസ് സ്റ്റേഷനിലെത്തിയ പാവം മോഷ്ടാവിന്‍റെ അവസ്ഥ.

വലതുകാല്‍ വച്ചു കയറിയാല്‍ ഇവിടെ സുഖപൊറുതി വന്നതാണോടാ എന്നു ചോദിച്ചുള്ള ഇടി. ഇടതുകാല്‍ വച്ചു കയറിയാല്‍ ഇവിടം നശിപ്പിക്കാന്‍ വന്നതാണോടാ എന്നു ചോദിച്ചുള്ള തല്ല്. പ്രത്യേകിച്ചു കേരളമാണ്. കാണുമ്പോള്‍ താണു തൊഴുകയും കണ്‍മറയുമ്പോള്‍ ഏറ്റവും കുന്നായ്മയും പറയുന്ന അപൂര്‍വ ജന്‍മങ്ങളേറെയുള്ള നാട്.


തുടക്കത്തില്‍ റിയാസ് മികച്ച മുന്നേറ്റം കാഴ്ചവച്ചു. ടൂറിസം മേഖലക്കൊരുണര്‍വുണ്ടായി. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്.


കോവിഡ് കാലത്ത് ബാങ്കുകള്‍ ലോണുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കോവിഡ് കാലത്തും ഹോട്ടലുകള്‍ നന്നായി പരിപാലിച്ചില്ലങ്കില്‍ നശിച്ചു പോകും. അതിനാല്‍ നഷ്ടം സഹിച്ചാണ് ഉടമകള്‍ വൃത്തിയായി ഇട്ടത്. അല്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സിയില്‍ മുഴുവന്‍ ശമ്പളവും വാങ്ങിക്കുകയും തുടയ്ക്കുകയും സ്റ്റാര്‍ട്ടാക്കാതെയും കിടന്നു നശിച്ച നൂറുകണക്കിനു ബസുകളെപ്പോലെയാകുമായിരുന്നു ഹോട്ടലുകള്‍. പ്രത്യേകിച്ച് ടൂറിസ്റ്റ് സെന്‍ററുകളിലെ. ബസുകളാണെങ്കില്‍ ആക്രിവിലക്കു വില്‍ക്കാം. അതാണല്ലോ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഹോട്ടലുകളിലെ ഒന്നും അങ്ങനെ ആരും വാങ്ങില്ല.

കൊവിഡിന്‍റെ ഇളവുമാറിയതോടെ ടൂറിസ്റ്റുകള്‍ വന്നുതുടങ്ങുന്നതിനു മുമ്പ് അതുവരെ അടക്കാതിരുന്ന ഗഡുക്കളും പലിശയും പിഴപലിശയും ചേര്‍ത്ത് വന്‍ തുക ചുമത്തി. അടച്ചില്ലെങ്കില്‍ ജപ്തി. രണ്ടു നോട്ടീസിന്‍റെ കാര്യമേയുള്ളു. ഹോട്ടല്‍ ഏറ്റെടുക്കാന്‍ റിസീവറെ വെക്കാം. അവന്‍റെ കള്ളിന്‍റെയും ധൂര്‍ത്തിന്‍റെയും പണംകൂടി പാവം ഹോട്ടലുടമ നല്‍കണം. പിന്നെ സെറ്റിംഗ്സ് അഥവാ മാച്ച് ഫിക്സിംഗ്. ബാങ്കു മാനേജരും റിസീവറും പുതുതായി വാങ്ങാനെത്തുന്നയാളും തമ്മിലുള്ള ഒത്തുകളി. എല്ലാം കഴിയുമ്പോള്‍ ഹോട്ടലുടമ തെണ്ടും. നടന്നു തെണ്ടും പിന്നെയുള്ള കാലം ജീവിക്കാന്‍.

വൈദ്യുതി ബോര്‍ഡ് കോവിഡ് കാലത്ത് ബില്ലടക്കേണ്ടെന്നു പറഞ്ഞിരുന്നു. കോവി‍ഡ് സീസണ്‍ മാറിയപ്പോള്‍ അതുവരെ (വൈദ്യുതി അധികം ഉപയോഗിക്കാത്ത) കാലയളവിലെ കണക്ടഡ് ലോഡുവച്ചു കണക്കാക്കി ലക്ഷങ്ങള്‍ അടിച്ചു കൊടുത്തു. പണം അടച്ചില്ലെങ്കില്‍ ഫ്യൂസ് ഊരും. പലരുടെയും ഫ്യൂസ് ഊരി. ജീവിതത്തിന്‍റെ ഫ്യൂസ് തന്നെ ഊരപ്പെട്ട ഉടമകള്‍ പലര്‍ക്കും ഭ്രാന്തു പിടിച്ചു. ചിലര്‍ ടെന്‍ഷനടിച്ച് ഹാര്‍ട്ട് അറ്റാക്ക് വന്നു ചത്തുമലച്ചു. പലയിടത്തും നഷ്ടം സഹിച്ച് കുറഞ്ഞ വിലക്കു പ്രോപ്പര്‍ട്ടി വിറ്റ് തടിരക്ഷിച്ചവര്‍ ഏറെ.

വാട്ടര്‍ അതോറിറ്റി നൂറുകണക്കിനു കോടി രൂപ തട്ടിപ്പുകാരില്‍ നിന്നു പിടിക്കാതെ അതുവരെ ക്യൂവുമായി പണം അടച്ചവരെ പിടികൂടാനിറങ്ങിയതോടെ അതും ഇരുട്ടടിയായി. മൂന്നാര്‍, വാഗമണ്‍, കോവളം, വര്‍ക്കല തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പരിസ്ഥിതിവാദികളുടെയും പ്രകൃതിസ്നേഹികളുടെയും വിവരാവകാശ പ്രവര്‍ത്തകരുടെയും എണ്ണപെരുപ്പമാണ് മറ്റൊരു വിപത്ത്. കണ്ണുരുട്ടുമ്പോള്‍ കാശു കൊടുക്കണം. അല്ലെങ്കില്‍ ഏതെങ്കിലും കടലാസു സംഘടനയുടെ പേരില്‍ പരാതി അയക്കും. പേരെടുക്കാന്‍ വെമ്പി നില്‍ക്കുന്ന കളക്ടര്‍മാര്‍ ഉടന്‍ ഹോട്ടലടക്കാനുത്തരവിടും. അടപ്പിച്ചു, ഇടിച്ചു, തകര്‍ത്തു എന്നൊക്കെ കേള്‍ക്കുമ്പോള്‍ മലയാളിക്കു ലഭിക്കുന്ന ഒരു ഉള്‍പുളകത്തിന്‍റെ സുഖം ഉണ്ടല്ലോ അത് ഒന്നു വേറെതന്നെ.

മരട് ഫ്ലാറ്റിടിച്ചപ്പോള്‍ എത്ര ആഹ്ളാദത്തോടെയാണ് നാം ആഘോഷിച്ചത്. അതു വല്ല അനാഥാലയത്തിനുപയോഗിക്കണമെന്ന നിര്‍ദേശം പോലും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിക്കു മുമ്പില്‍ വച്ചോ എന്നറിയില്ല.


എന്തായാലും പണിഞ്ഞുപോയില്ലേ അതു ഇടിച്ചുകളയാതെ പൊതു ആവശ്യത്തിനുപയോഗിക്കാമായിരുന്നല്ലോ. കോടികള്‍ ഇടിച്ചു കളഞ്ഞില്ലേ. നഷ്ടം ഉടമകള്‍ക്കു മാത്രമല്ല, നാടിനു കൂടിയല്ലേ.


വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മൂന്നു പൂച്ചകളെ അയച്ചു മൂന്നാറില്‍ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചല്ലോ. അതിന്‍റെ മറപറ്റി നാടുനീളെ കയ്യേറ്റ ഒഴപ്പിക്കലുകള്‍ നടന്നു. എറണാകുളം നഗരത്തില്‍ അരികും മൂലയും പുറത്തേക്കു തള്ളിയ കെട്ടിടങ്ങള്‍ ഇടിക്കാന്‍ മുന്നിട്ടിറങ്ങിയത് നാട്ടുകാരാണ്. നന്നായി നടക്കുന്ന ഒരു സ്ഥാപനം പൂട്ടിക്കുമ്പോഴും ഇടിക്കുമ്പോഴും കിട്ടുന്ന ഒരു സുഖമുണ്ടല്ലോ അതൊന്നു വേറെതന്നെ.

കഴിഞ്ഞ ദിവസം ഞാന്‍ മൂന്നാറു പോയി. വന്‍ ഹോട്ടലുകള്‍ മാത്രമല്ല, സ്വന്തം വീടുകള്‍ വൃത്തിയാക്കി മോടിപിടിപ്പിച്ച് ടൂറിസ്റ്റുകളെ താമസിപ്പിച്ച് സീസണില്‍ പ്രതിദിനം 4000 - 5000 രൂപ ഉണ്ടാക്കുന്നവരുണ്ട്. അവിടെ കയറി അരികും മൂലയും പിടിക്കാന്‍ പോകുന്ന ഉദ്യോഗസ്ഥരുമുണ്ട്. നല്ല റോഡുകളായിരുന്നു. അവ കേന്ദ്ര ഫണ്ടാണെന്ന് ഒരു ഹോട്ടലുടമയാണ് പറഞ്ഞത് (അയാള്‍ ബി.ജെ.പിക്കാരനായിരുന്നില്ല).

കോവളം ശവപറമ്പുപോലെയാണ്. ആളുകള്‍ അവിടം ഉപേക്ഷിക്കുകയാണ്. കോവളത്ത് കെ.ടി.ഡി.സിയുടെ സമുദ്ര ഒരു വര്‍ഷമായി അടഞ്ഞു കിടക്കുന്നു. സീസണില്‍ അതു തുറക്കാതിരുന്നെങ്കിലല്ലേ ആ ബിസിനസിനു കൂടി മറ്റുള്ളവര്‍ക്കു കിട്ടൂ. ആ ജംഗ്ഷനില്‍ തൊട്ടടുത്ത് ഉദയസമുദ്ര എന്ന വന്‍കിട സ്വകാര്യ റിസോര്‍ട്ടുണ്ട്. കടലിനോട് ചേര്‍ന്ന് ടൂറിസം വകുപ്പ് ചില നിര്‍മ്മിതികള്‍ ഉണ്ടാക്കിയിരിക്കുന്നു. മികച്ചത്. പക്ഷേ അവിടൊന്നിരിക്കാന്‍ തണലില്ല. ചായക്കട പൂട്ടിക്കിടക്കുന്നു. അതിനും കടലിനും ഇടയില്‍ കച്ചവട വേസ്റ്റുകള്‍ നീക്കാന്‍ ഉദ്യോഗസ്ഥരുണ്ട്. അടിച്ചവര്‍ എവിടെയെങ്കിലും പൂസായി കിടക്കുന്നുണ്ടാകും. ഞാന്‍ നേരില്‍ കണ്ടതുകൊണ്ടാണിത്ര ഉറപ്പിച്ചെഴുതിയത്. ശംഖുമുഖത്തിന്‍റെ കഥ കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് വര്‍ക്കലയാണ്.

റഷ്യയോട് ചേര്‍ന്ന് ജോര്‍ജിയ എന്നൊരു രാജ്യമുണ്ട് (പോയവര്‍ പറഞ്ഞറിഞ്ഞതാണ്). മാഫിയകള്‍ വാഴുന്ന നാട്. നല്ല റോഡില്ല, ഹോട്ടലില്ല, വൃത്തിയില്ല. പക്ഷേ വേശ്യകള്‍ ഏറെയുണ്ടുതാനും. ടൂറിസത്തിനവര്‍ വാതിലുകള്‍ തുറന്നു കൊടുത്തു. ഇപ്പോള്‍ അവിടം സ്വര്‍ഗതുല്യമാണത്രെ. പോകുന്നവരെല്ലാം ആ ആവശ്യത്തിന് പോകുന്നവരാണെന്നു കരുതരുതേ ! ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നല്ല റോഡുകള്‍ ഉണ്ടാക്കിക്കൊടുത്താല്‍ മാത്രം മതി സര്‍ക്കാര്‍. അടപ്പിക്കലും ഇടിക്കലും ഒഴിവാക്കുക. അഥവാ അത് അവസാനത്തെ ആയുധമാക്കുക. പണിമുടക്ക് അവസാനത്തെ ആയുധമാണെന്ന് പറയുകയും ആദ്യം തന്നെ അത് പ്രയോഗിക്കുകയും ചെയ്യുന്ന നമ്മുടെ പാര്‍ട്ടി ലൈന്‍ തല്‍ക്കാലും ഉപേക്ഷിക്കുക. കുറഞ്ഞത് ഭരണം പോകുന്നവരെയെങ്കിലും.

റിയാസില്‍ പ്രതിക്ഷയുള്ളതുകൊണ്ടാണിത്രയും എഴുതിയത്.

Advertisment