Advertisment

സംസ്ഥാനത്ത് ലഹരി പതയുകയാണ്; ഭരണ-പ്രതിപക്ഷങ്ങള്‍ പല വിഷയങ്ങളിലും പരസ്പരം പട്ടിക നിരത്തി പോര്‍ വിളിക്കാറുണ്ട്, അതു രാഷ്ട്രീയം; എന്നാല്‍ ലഹരികടത്തും ആ ഗണത്തില്‍പെട്ടുപോയെന്നതാണ് ദുര്യോഗം ! പ്രതികള്‍ പാര്‍ട്ടിക്കാരാകട്ടെ അവരെ സംരക്ഷിക്കാതിരുന്നാല്‍ പോരേ ? മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഹാലിളകണം ?-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

New Update

publive-image

Advertisment

കേരളത്തില്‍ ലഹരി പതയുകയാണെന്നെല്ലാവര്‍ക്കും അറിയാം. എം.ഡി.എം.എ കഴിച്ചു വിദ്യാര്‍ത്ഥികള്‍ തലകുത്തി മറിയുന്നതുനോക്കി നിസ്സഹായരായി നില്‍ക്കുകയാണു രക്ഷകര്‍ത്താക്കളും അധ്യാപകരും. എന്തുചെയ്യണമെന്നവര്‍ക്കറിയില്ല. ലഹരിക്കടിമയായ വിദ്യാര്‍ത്ഥി സ്വന്തം ജീവിതം തുലച്ചുകളയാന്‍ കച്ചകെട്ടിയവനേപ്പോലെയാണ്. കൈവിട്ടാല്‍ അവന്‍ തകര്‍ന്നു തരിപ്പണമാകും. ഒടുവില്‍ ക്രിമിനലാകും. ജയിലില്‍ കിടക്കും. അല്ലെങ്കില്‍ തൂങ്ങിച്ചാകും. രക്ഷപെടണമെന്ന ആഗ്രഹംപോലും അവനില്‍ നശിച്ചിരിക്കും. നശിപ്പിച്ചിരിക്കും. അത്രയ്ക്ക് അപകടകാരിയാണ് എം.ഡി.എം.എ. പകരം കള്ളുകുടിയന്‍മാരാക്കാന്‍ രക്ഷിതാക്കള്‍ കഷ്ടപ്പെടുന്നതു ഇനി കാണേണ്ടിവരും.

സര്‍ക്കാര്‍ ഈ അപകടത്തിന്‍റെ ഗൗരവം മനസിലാക്കുന്നുണ്ട്. ലഹരി വിമുക്ത ജാഥകളും കൂട്ടായ്മകളും നാട്ടില്‍ ഏറെ നടന്നു. എന്നാല്‍ ഇതിനെയെല്ലാം തകിടം മറിക്കുന്ന പ്രകടനങ്ങളാണ് സി.പി.എം യുവകേസരികളില്‍ നിന്നുണ്ടായത്. നാടു ഭരിക്കുന്നതുകൊണ്ടും കേ‍ഡര്‍ പാര്‍ട്ടി ആയതുകൊണ്ടുമാണ് ഇക്കാര്യത്തില്‍ മറ്റ് പാര്‍ട്ടിക്കാര്‍ മോശമല്ലെങ്കിലും വിമര്‍ശനത്തിന്‍റെ കുന്തമുന സിപി.എമ്മിലേക്കു നീളുന്നത്.


തിരുവനന്തപുരത്ത് ലഹരിവിമുക്ത ജാഥ നടത്തിയശേഷം സംസ്കൃത കോളജില്‍ കള്ളു കുടിച്ചു കൂത്താടിയ എസ്.എഫ്.ഐ നേതാക്കളെ പുറത്താക്കേണ്ട ഗതികേടിനും പാര്‍ട്ടി സാക്ഷ്യം വഹിച്ചു. അതിനിടയിലാണ് കരുനാഗപ്പള്ളി ലഹരികടത്തു കേസ്.


അതു നിയമസഭയില്‍ അടിയന്തിര പ്രമേയമായി വന്നപ്പോള്‍ എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ത്തി സി.പി.എംകാര്‍ കൂടുതല്‍ നാറുകയും ചെയ്തു. ലഹരി വ്യാപകമാണ്. തടയേണ്ടതാണ്. അതു കടത്തിയത് സി.പി.എം ആണെങ്കിലും നടപടി ഉണ്ടാകും. ഒറ്റ മറുപടിയില്‍ തീരാവുന്ന പ്രശ്നം. പ്രമേയമുന്നയിച്ച മാത്യു കുഴല്‍നാടന്‍ പൊട്ടനല്ല. പ്രഗല്‍ഭ അഭിഭാഷകനാണ്. നല്ല മലയാളം നന്നായറിയാവുന്ന ആളുമാണ്. കുഴന്‍നാടന്‍ കത്തിക്കയറുന്നതിനിടെ പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ പാര്‍ട്ടി ഇറക്കിയ മുന്‍നിര പോരാട്ടക്കാരുടെ നീക്കം പക്ഷേ ലഹരികടത്തുകാരെ സംരക്ഷിക്കുന്നതിന് വ്യഗ്രത കാട്ടുന്നതുപോലെയായി.

പ്രതികള്‍ പാര്‍ട്ടിക്കാരാകട്ടെ അവരെ സംരക്ഷിക്കാതിരുന്നാല്‍ പോരേ ? എത്രയോ പാര്‍ട്ടിക്കാര്‍ എന്തെല്ലാം കേസുകളില്‍ പ്രതിയാകുന്നു. അവരെയൊക്കെ രക്ഷിച്ചെടുക്കുക പാര്‍ട്ടിയുടെയോ സര്‍ക്കാരിന്‍റെയോ ബാധ്യതയല്ലല്ലോ.

രാഷ്ട്രീയ അക്രമണങ്ങളെയോ കൊലപാതകങ്ങളെയോ ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ഉന്നയിക്കുമ്പോള്‍ പരസ്പരം പട്ടിക നിരത്തി പോര്‍ വിളിക്കാറുണ്ട്. അതു രാഷ്ട്രീയം, എന്നാല്‍ ലഹരികടത്തും ആ ഗണത്തില്‍പെട്ടുപോയെന്നതാണ് ദുര്യോഗം.

സി.പി.എം കൗണ്‍സിലറായ എ. ഷാനവാസാണ് വിവാദ കേന്ദ്രം. പാവങ്ങളുടെ പട്ടിണി മാറ്റാന്‍ അനവരതം അധ്വാനിക്കുന്ന ഈ പാവപ്പെട്ടവന്‍ ലോറിമുതലാളിയാണെന്നു പിന്നീടാണു വ്യക്തമായത്. ലോറിയില്‍ പുകയില കടത്തി. നിരോധിത പുകയില. പിടിയിലായപ്പോള്‍ രണ്ടു ദിവസത്തെ മുന്‍ തീയതി വച്ചു മറ്റൊരു കള്ളക്കരാറുണ്ടാക്കിയതാണെന്നേ ആരും വിശ്വസിക്കൂ. രണ്ടു മാസം മുമ്പത്തേ തീയതി വച്ചിരുന്നെങ്കില്‍ കുറച്ചുകൂടി വിശ്വസനീയമായേനേ. കരാറിന്‍റെ ഫോറന്‍സിക് പരിശോധന നടന്നാല്‍ കള്ളി വെളിച്ചത്താകുമെന്നു ഭയന്നാണ് രണ്ടു നാള്‍ മുമ്പത്തെ തീയതി വച്ചത്.

സി.പി.എം സമ്മേളനങ്ങളില്‍ ക്രിഡന്‍ഷ്യല്‍ കമ്മറ്റി റിപ്പോര്‍ട്ടെന്നൊരു ഏര്‍പ്പാടു മുമ്പൊക്കെ ഉണ്ടായിരുന്നു. പങ്കെടുത്ത പ്രതിനിധികളില്‍ തൊഴിലാളി വര്‍ഗമെത്ര ? ചെറുകിട ബൂര്‍ഷ്വ എത്ര ? മുതലാളിമാരെത്ര ? കച്ചവടക്കാരെത്ര ? ഒക്കെ അറിയാം. ഇപ്പോള്‍ ഓരോ കമ്മറ്റികളുടെ കണക്കെടുത്താല്‍ കള്ളക്കച്ചവടക്കാരായിരിക്കും കൂടുതല്‍. സഹകരണ സംഘങ്ങളാണ് കൊള്ളക്കാരുടെ ഇഷ്ട കേന്ദ്രം. ജില്ല-സംസ്ഥാന നേതാക്കള്‍ക്കു കൂടി വിഹിതം ലഭിക്കുന്നതായി വരുമ്പോള്‍ അന്വേഷണം ഒത്തുതീര്‍പ്പാകും.

പങ്കുപറ്റുന്നവര്‍ അന്വേഷണ കമ്മീഷനായി വന്നാല്‍ എന്താകും ഫലമെന്നാര്‍ക്കാണറിയാത്തത് ? ഏതന്വേഷണവും പോലീസിനെ ഏല്‍പ്പിക്കുകയും അവരെക്കൊണ്ട് വരിയുടച്ച റിപ്പോര്‍ട്ടുണ്ടാക്കുകയും പ്രശ്നബാധിതരെ രക്ഷിക്കുകയും ചെയ്യുക എന്നതാണല്ലോ ആധുനിക രക്ഷപെടുത്തല്‍ രീതി. ഷാനവാസ് ആലപ്പുഴക്കാരനായതില്‍ നമുക്കഭിമാനക്കാം. കാരണം 38 സ്ത്രീകളുടെ തുണിയില്ലാത്ത ഫോട്ടോ മൊബൈലില്‍ ശേഖരിച്ചു നടന്നതിന് ഒരു നേതാവിനെതിരെ നടപടിയെടുത്ത മാതൃകാ പാര്‍ട്ടിയാണവിടെ.

ചെറ്റപൊക്കാന്‍ പോയി ആളുകള്‍ ബഹളംവെച്ചപ്പോള്‍ രക്ഷപെടാനോടുന്നതിനിടെ മൊബൈല്‍ താഴെ പോയതുകൊണ്ടു മാത്രമാണല്ലോ മാതൃകാ നേതാവു സോണ പിടിയിലായത്.

വനിതാ സഖാക്കള്‍ക്കു അശ്ലീല സന്ദേശമയച്ച മറ്റൊരു വിരുതന്‍ നേതാവും ആലപ്പുഴക്കു സ്വന്തം. കുട്ടനാട്ടിലാണെങ്കില്‍ ഗ്രൂപ്പുയുദ്ധം. 300 സഖാക്കളാണ് രാജിഭീഷണി മുഴക്കി രംഗത്തിറങ്ങിയിരിക്കുന്നത്. ജില്ലാ സെക്രട്ടറി നാസര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒതുക്കാനാകുന്നില്ല. പണ്ട് എം.എ ബേബിയെ ജില്ലാ സെക്രട്ടറിയാക്കിയതുപോലെ ആലപ്പുഴയ്ക്ക് ആനാവൂരിനെ ഇറക്കണം. കുട്ടനാട്ടുകാര്‍ കണ്ടംവഴി ഓടും.

ഒടുവിലിതാ ഫോണ്‍ ചോര്‍ത്തലും. ലഹരികടത്തു വിവാദത്തില്‍ ഷാനവാസിനെ അനുകൂലിക്കുന്നവരുടെയും പ്രതികൂലിക്കുന്നവരുടെയും നിലപാടറിയാന്‍ വ്യാപകമായി നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയത്രെ. ഇരുകൂട്ടരുടെയും പക്കല്‍ ഫോണ്‍ ചോര്‍ത്തല്‍ യന്ത്രമുണ്ടാകും. യു.ഡി.എഫ് ഭരണത്തില്‍ നോട്ടെണ്ണല്‍ യന്ത്രത്തിനായിരുന്നു ഡിമാന്‍റ്. സി.പി.എം ഭരണത്തില്‍ ഫോണ്‍ ചോര്‍ത്തല്‍ യന്ത്രം. ബലേ ഭേഷ്. മേക്കിന്‍ കേരള വന്‍ വിജയമാക്കാന്‍ ഇതുമാത്രം മതി. ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്‍റെ ദീര്‍ഘ വീക്ഷണം അപാരം. മേക്കിന്‍ കേരള വിജയിക്കട്ടെ !

Advertisment