Advertisment

സി.പി.എമ്മില്‍ തന്നെ എത്രയോ വിദ്യാഭ്യാസവും വിവരവും ഉള്ളവരുണ്ട്; അവരെ അര്‍ഹതപ്പെട്ട സ്ഥാനങ്ങളില്‍ വെക്കണ്ടേ ? അതല്ലേ മര്യാദ. സി. രവീന്ദ്രനാഥ് എന്നൊരു സാത്വികനായ പ്രൊഫസറെ ഒരിക്കല്‍ കൂടി അവസരം നല്‍കാതെ പിരിച്ചയച്ചവരാണ് സി.പി.എം; കൊണ്ടുവച്ചവരേക്കുറിച്ചു കൂടുതല്‍ പറയുന്നില്ല; പിണറായി ഹാലിളകിയിട്ടു കാര്യമില്ല, പിപ്പടി പറഞ്ഞിട്ടും കാര്യമില്ല; പൊതുയോഗത്തില്‍ സഖാക്കളുടെ കൈയ്യടികിട്ടും; പക്ഷേ നിയമം ഗവര്‍ണറുടെ പക്ഷത്താണ്- നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

New Update

publive-image

Advertisment

സര്‍വ്വകലാശാല പ്രശ്നത്തില്‍ ജനങ്ങള്‍, പൊതുസമൂഹം ഗവര്‍ണറുടെ പക്ഷത്താണ്. എന്തുകൊണ്ട് ? രാഷ്ട്രീയക്കാര്‍ക്കു കയറി നിരങ്ങാനുള്ള താവളങ്ങളാക്കി സര്‍വ്വകലാശാലകളെ മാറ്റിയതാരാണ് ? സി.പി.എം പിന്നെ കോണ്‍ഗ്രസ്, ഇപ്പോള്‍ കോണ്‍ഗ്രസ് അപ്രസക്തമായി. സി.പി.എം ആണ് അടക്കിഭരിക്കുന്നത്.

സി.പി.എമ്മില്‍ തന്നെ എത്രയോ വിദ്യാഭ്യാസവും വിവരവും ഉള്ളവരുണ്ട്. അവരെ അര്‍ഹതപ്പെട്ട സ്ഥാനങ്ങളില്‍ വെക്കണ്ടേ ? അതല്ലേ മര്യാദ. സി. രവീന്ദ്രനാഥ് എന്നൊരു സാത്വികനായ പ്രൊഫസറെ ഒരിക്കല്‍ കൂടി അവസരം നല്‍കാതെ പിരിച്ചയച്ചവരാണ് സി.പി.എം. കൊണ്ടുവച്ചവരേക്കുറിച്ചു കൂടുതല്‍ പറയുന്നില്ല.


സര്‍വ്വകലാശാലകള്‍ക്കു നിയമസഭയുടെ പ്രാധാന്യം ഉണ്ടായിരുന്നു. ഒരിക്കല്‍ ജി. സുധാകരന്‍ ബജറ്റ് അവതരിപ്പിച്ചത് പത്രക്കാരുടെ മുമ്പിലാണ്. ഇപ്പോള്‍ എവിടെ ബജറ്റ് ? ആരൊക്കെയാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ? ആര്‍ക്കും അറിയില്ല.


ഒരു ഉദാഹരണം ഇതാ. പി. രാജേന്ദ്രകുമാര്‍ ഒരു സിന്‍ഡിക്കേറ്റ് അംഗമാണ്. ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ നേതാവ്. അയാളെ പിടിച്ചെന്തിന് കേരള സര്‍വ്വകലാശാലയുടെ സിന്‍ഡിക്കേറ്റില്‍ കൊണ്ടിരുത്തി ? തൊഴിലാളി ക്ഷേമനിധി ചെയര്‍മാനാക്കാമായിരുന്നില്ലേ ? ഓട്ടോറിക്ഷക്കാര്‍ക്കു മാത്രമായി ക്ഷേമനിധി ഉണ്ടാക്കി അതിന് ചെയര്‍മാനാക്കാം. പക്ഷേ കൊണ്ടുവച്ചത് സിന്‍ഡിക്കേറ്റില്‍. സി.പി.എം നാറുന്നത് ഇവിടെയാണ്.


9 കുടുംബാംഗങ്ങളെ സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറ്റിയതാണോ അദ്ദേഹത്തിന്‍റെ യോഗ്യത ? 'എമ്പ്രാനല്‍പ്പം കട്ടു ഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും' ഉറപ്പല്ലേ. ഇ.എം.എസ് പണ്ട് ബഞ്ചില്‍ കിടന്നുറങ്ങും. അനുയായികള്‍ അപ്പോള്‍ നിലത്തു കിടക്കും. ഇപ്പോള്‍ ആശാന്‍മാര്‍ ഫൈവ് സ്റ്റാറില്‍. അനുയായികള്‍ ഫോര്‍ സ്റ്റാറില്‍. അതാണു സ്ഥിതി.


ഒരിക്കല്‍ സി.പി.എം പാര്‍ട്ടിയോഗം എന്‍റെ വീട്ടില്‍ നടന്നു. നാട്ടുകാര്‍ സ്ഥലം കൊടുത്തില്ല. അന്ന് സി.എച്ച് കണാരനായിരുന്നു സെക്രട്ടറി. എന്‍റെ വീട്ടിലെ ഭക്ഷണം കഴിച്ചിട്ടാണ് സി.എച്ച് പോയത്. എന്നെ മടിയിലിരുത്തി ലാളിച്ചത് ഓര്‍മ്മയുണ്ട്. ഒരു വള്ളി നിക്കറുകാരന്‍. ഇന്ന് ഏതു നേതാവാണ് സാധാരണ പാര്‍ട്ടിക്കാരന്‍റെ വീട്ടില്‍ ഉണ്ണുക ? ഉറങ്ങുക ? പഞ്ചനക്ഷത്ര ഹോട്ടലുകള്‍ മാടിവിളിക്കുകയല്ലേ ? ലോക കോടീശ്വരന്‍മാര്‍ ചുവന്ന പരവതാനി വിരിച്ച് കാത്തു നില്‍ക്കുകയല്ലേ?

പണ്ട് ദേശാഭിമാനിക്ക് പ്രസ് വാങ്ങാന്‍ മണര്‍കാട് പാപ്പന്‍ എന്ന അബ്കാരിയോട് കടം വാങ്ങിയത് കെ.ആര്‍ ഗൗരിയമ്മയാണ്. പാര്‍ട്ടി തീരുമാനപ്രകാരം. അതു മടക്കി നല്‍കുകയും ചെയ്തു. ഇന്ന് കടം വാങ്ങിയ ആര്‍ക്കാണ് രാഷ്ട്രീയ കക്ഷികള്‍ മടക്കി നല്‍കുക ? ആര്‍ക്കും നല്‍കില്ല.

സ്വന്തം സ്വത്താകെ പാര്‍ട്ടിക്കു നല്‍കിയിട്ട് മകള്‍ മാലതിക്ക് വോയില്‍ സാരി കടം വാങ്ങാന്‍ നല്‍കിയ ഇ.എം.എസിന്‍റെ കത്ത് സോഷ്യല്‍ മീഡ‍ിയയില്‍ കടന്നു കറങ്ങുന്നുണ്ട്. ഇന്ന് ആരാണ് വോയില്‍ സാരി ഉടുക്കുക ? ആരാണ് കടം വാങ്ങുക ? സി.പി.എമ്മിന്‍റെ മൂല്യച്യുതി എത്രയെന്ന് ഇതില്‍ നിന്നൂഹിക്കാം.


അതിനാല്‍ ഗവര്‍ണറാണ് ശരി. സര്‍വ്വകലാശാലകളില്‍ നിന്നും രാഷ്ട്രീയക്കാരെ ഇറക്കി വിടണം. സ്വദേശാഭിമാനി പറഞ്ഞപോലെ ചന്തിക്കു ചാട്ടവാറുകൊണ്ടടിക്കണം. അക്കാദമിക് രാഷ്ട്രീയം അതു വേണ്ട.


ബുദ്ധി ജീവികള്‍ എന്നു പറഞ്ഞു നടക്കുന്ന കുറെ ശപ്പന്‍മാരുണ്ടല്ലോ ഒരു പ്രസ്താവനയും ഇറക്കാതെ മാളത്തിലൊളിച്ചിരിക്കുകയാണിപ്പോള്‍. കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരെയുള്ള വിഷയങ്ങള്‍ വരുമ്പോള്‍ മാത്രമേ ഈ വിഷയാസക്തക്കാരുടെ നാവിളകൂ ? സര്‍ക്കാരിന്‍റെ നക്കാപ്പിച്ച വാങ്ങി നക്കിയും നക്കാതെയും കാലു തിരുമ്മുന്ന അവരെ എന്താണ് വിളിക്കുക ?

പിണറായി ഹാലിളകിയിട്ടു കാര്യമില്ല. പിപ്പടി പറഞ്ഞിട്ടും കാര്യമില്ല. പൊതുയോഗത്തില്‍ സഖാക്കളുടെ കൈയ്യടികിട്ടും. പക്ഷേ നിയമം ഗവര്‍ണറുടെ പക്ഷത്താണ്. ഈ നിയമമൊക്കെ ഉണ്ടാക്കിയതും ഈ നിയമസഭതന്നെയാണല്ലോ. രക്തസാക്ഷിയായി ന്യൂനപക്ഷങ്ങളുടെ പിന്തുണ വാങ്ങി ബി.ജെ.പി വിരുദ്ധനായി വിലസാനാണ് പ്ലാനെങ്കില്‍ പറ്റിയ അവസരമാണ്. വിട്ടുകളയേണ്ട.

Advertisment