Advertisment

കാലത്തിനൊത്തു മുന്നേറി ഓണ്‍ലൈന്‍ ഗ്രാമസഭയുമായി വാഴത്തോപ്പ് പഞ്ചായത്ത്‌

New Update

ഇടുക്കി: കേരളത്തില്‍ ആദ്യമായി നൂതന സാങ്കേതിക വിദ്യ വിനിയോഗിച്ചു ഗ്രാമസഭ സംഘടിപ്പിച്ചു വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ്. വാർഡ് മെമ്പറായ ഷിജോ തടത്തിലിന്റെ നേതൃത്വത്തിലാണ് ഓൺലൈൻ ഗ്രാമസഭ സംഘടിപ്പിച്ചത്.  ഓൺലൈൻ ഗ്രാമസഭ വൈദുതി വകുപ്പ് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. ഡീന്‍ കുര്യാക്കോസ് എം.പിയും റോഷി അഗസ്റ്റിന്‍ എം.എല്‍.എയും ഓൺലൈനായി പങ്കെടുത്തു.

Advertisment

publive-image

കോവിഡ്-19 പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളോടൊപ്പം കാര്‍ഷിക മേഖലയില്‍ കൂടുതല്‍ വിളവുകൾ ഉല്പാദിപ്പിക്കുന്നതിന്റെ ആവശ്യകത മന്ത്രിയും എം.പിയും എം.എല്‍.എയും ഓര്‍മിപ്പിച്ചു. ക്വാറന്റെനിലുള്ള കുടുംബാംഗങ്ങള്‍ക്ക് അടിയന്തിരമായി ആശുപത്രിയില്‍ പോകുന്നതിനുപോലും ടാക്‌സി വാഹനങ്ങള്‍ കിട്ടാത്ത സ്ഥിതി ആളുകള്‍ ഗ്രാമസഭയില്‍ അറിയിച്ചു. വാഴത്തോപ്പ് പഞ്ചായത്തിലെ ഇത്തരം ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി ലക്ഷം കവലയില്‍ പ്രവര്‍ത്തിക്കുന്ന പി.എച്ച്.സി.ക്ക് എംഎല്‍എ ഫണ്ടില്‍ നിന്നും ആംബുലന്‍സ് അനുവദിക്കുന്നതായും റോഷി അഗസ്റ്റിന്‍ എംഎല്‍എ അറിയിച്ചു.

പഞ്ചായത്തംഗമായ ഉടനെ തന്നെ വാര്‍ഡിലെ മുഴുവന്‍ അംഗങ്ങളെയും ഉള്‍പ്പെടുത്തി വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് അതിലൂടെയാണ് വിവരങ്ങള്‍ അംങ്ങളെ അറിയിച്ചിരുന്നത്. കോവിഡ് കാലത്ത് പഞ്ചായത്തിന്റെ പദ്ധതികളില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ സൂം ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പഞ്ചായത്തിലെ അംഗങ്ങളുമായി ആശയവിനിമയം നടത്തിയത് ഏറെ സഹായകരമാണ്.

പുതിയ ജീവിതക്രമങ്ങള്‍ രൂപപ്പെടുത്തി തൊഴിലുറപ്പ് ഉള്‍പ്പെടുത്തിയുള്ള പദ്ധതികളില്‍ വരുത്തേണ്ട കാര്യങ്ങള്‍ അംഗങ്ങള്‍ ചര്‍ച്ച ചെയ്തു. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള കാര്‍ഷിക പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുക, മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ചര്‍ച്ചയായി. സുഭിക്ഷ കേരളം പദ്ധതിയെക്കുറിച്ചു കൃഷി ഓഫീസര്‍ വിവരിച്ചു. പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും രൂപീകരിച്ച കമ്മിറ്റികള്‍ തരിശുഭൂമി കണ്ടെത്തുന്ന പ്രക്രിയ ആരംഭിച്ചതായും ഏകദേശം 80 ഹെക്ടര്‍ സ്ഥലം പഞ്ചായത്തില്‍ ഉള്ളതായും ഏഴാം വാര്‍ഡില്‍ 25 ഏക്കറില്‍ അധികം തരിശുഭൂമി ഉള്ളതായും കൃഷി ഓഫീസര്‍ അറിയിച്ചു. തരിശുഭൂമിയില്‍ ഉടമസ്ഥന്‍ കൃഷി ഇറക്കുന്നതിന് തയ്യാറല്ലെങ്കില്‍ സംഘങ്ങള്‍ക്ക് പാട്ടത്തിന് വിട്ടുനല്കുന്നതിന് തയ്യാറാകണമെന്ന് ഷിജോ അഭ്യര്‍ത്ഥിച്ചു.

വീട്ടുവളപ്പിലെ കൃഷിയും മട്ടുപ്പാവ് കൃഷിയും ഇതോടൊപ്പം പ്രോത്സാഹിപ്പിക്കും. മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള പദ്ധതികളും ഇതിനായി നല്‍കിവരുന്ന സബ്‌സിഡികളെക്കുറിച്ചും കോ-ഓര്‍ഡിനേറ്റര്‍ ജോഷി പുളിക്കല്‍ വിശദീകരിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പടു താകുളങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് പഞ്ചായത്ത് സെക്രട്ടറി അംഗങ്ങളെ അറിയിച്ചു. വാഴത്തോപ്പ് ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സിബി, കോവിഡിനോടൊപ്പം മഴക്കാല രോഗ സാധ്യതകളും പ്രതിരോധ മാര്‍ഗ്ഗങ്ങളും എന്നതിനെക്കുറിച്ച് വിവരിച്ചു. ഏഴാം വാര്‍ഡിലെ താമസക്കാരും എന്നാല്‍ ജോലി സംബന്ധമായി ഇംഗ്ലണ്ട്, ആസ്‌ട്രേലിയ ന്യൂസ്‌ലാന്റ്, കുവൈറ്റ് തുടങ്ങിയ വിവിധ രാജ്യങ്ങളിലും ഇതര പ്രദേശങ്ങളിലും ഉള്ളവരും ഗ്രാമ സഭയില്‍ പങ്കെടുത്തു.

അതാതു രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും കോവിഡ് പശ്ചാത്തലം വിവരിച്ചത് വേറിട്ട അനുഭവമായിരുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പഞ്ചായത്ത് മെമ്പര്‍ ഷിജോ ഒരാഴ്ച കൊണ്ട് സൂം ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിന് വാര്‍ഡിലെ ആളുകളെ പരിചയപ്പെടുത്തിയിരുന്നു. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത കുടുംബങ്ങള്‍ ഏതാനും പേര് ഒരു വീട്ടില്‍ ശാരീരിക അകലം പാലിച്ച് ഒരുമിച്ച് ചേര്‍ന്നു പങ്കാളിയാകുന്നതിനും അതോടൊപ്പം വാര്‍ഡില്‍ വോലെന്റിയേഴ്‌സായി. തിരഞ്ഞെടുത്തവര്‍ തങ്ങളുടെ ഫോണുകള്‍ കൂടി ആളുകളെ പങ്കെടുപ്പിക്കുന്നതിനായി ഉപയോഗിച്ചു. വീടുകളുടെ പുനര്‍നിര്‍മാണം, കൃഷി ഭൂമിയിലെ വന്യമൃഗ ശല്യം, വോള്‍ട്ടേജ് ക്ഷാമം, കൃഷിക്ക് വിത്ത്, വളം, കീടനാശിനികള്‍ തുടങ്ങിയവയുടെ ലഭ്യതക്കുറവും, മത്സ്യ കൃഷി, തൊഴിലുറപ്പ് പദ്ധതി, പ്രളയത്തില്‍ വന്ന നാശനഷ്ടങ്ങള്‍, തോട്ടുനാടകെട്ടല്‍, എസ്.എസ്.എല്‍.സി പരീക്ഷക്ക് യാത്ര സൗകര്യം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഗ്രാമസഭയില്‍ ചര്‍ച്ച ചെയ്തു.

ലോക് ഡൗണ്‍ കാലയളവിലും മന്ത്രി എംപി, എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും വാര്‍ഡിലെ ഇരുനൂറ്റി ഇരുപതിലധികം ആളുകളുടെയും പ്രാധിനിത്യവും സജീവമായ ചര്‍ച്ചകളും ശ്രദ്ധേയമായി.

കഴിഞ്ഞ വനിതാദിനത്തില്‍ വാര്‍ഡിലെ അന്‍പത് സ്ത്രീകളെ ഉള്‍പ്പെടുത്തി വിമാന-ട്രൈന്‍ യാത്ര സംഘടിപ്പിച്ചത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. പഞ്ചായത്തു പ്രസിഡന്റായിരിക്കെ പഞ്ചായത്തിലെ മുഴുവന്‍ ആളുകളെയും കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്നതിനായി നടത്തിയ കമ്പൂട്ടർ സാക്ഷരതാ പദ്ധതിയിലൂടെ ഒട്ടേറെപ്പേർക്ക് കമ്പ്യൂട്ടർ പഠിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് റിൻസി സിബി, പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.സിബി, കൃഷി ഓഫീസര്‍ റാണി, തൊഴിലുറപ്പ്, ആരോഗ്യവകുപ്പ്, ഹോമിയോ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Advertisment