Advertisment

കിഫ്ബിക്കെതിരേ ഉമ്മന്‍ ചാണ്ടി; പദ്ധതികള്‍ പ്രഖ്യാപിച്ചത് പണമില്ലാതെ !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളും സാമ്പത്തികഞെരുക്കവും ഏറ്റവുമധികം നേരിടുന്ന അവസരത്തിലും ഉദാരമായി നാലുകോടി രൂപ ചെലവിട്ട് പത്രങ്ങളില്‍ നലകിയ 4 പേജ് പരസ്യത്തിലൂടെ കിഫ്ബിയുടെ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കിഫ്ബിയുടെ ഓണപരസ്യത്തില്‍ 57,000 കോടി രൂപയുടെ 730 പദ്ധതികള്‍ക്ക് അനുമതി നല്കിയെന്നു പറയുന്നു.

എന്നാല്‍ എല്ലാ സ്രോതസുകളില്‍ നിന്നുമായി 2016 മുതല്‍ ഇപ്പോള്‍ വരെ കിഫ്ബിയില്‍ ലഭിച്ചത് 15,315.25 കോടി രൂപ മാത്രമാണ്. വിവിധ പദ്ധതികള്‍ക്ക് ഇതുവരെ വിനിയോഗിച്ചത് 5957.96 കോടി രൂപയും.

ഇപ്പോള്‍ നടന്നുവരുന്ന പ്രവര്‍ത്തികള്‍ക്ക് എത്രകോടി വേണ്ടി വരുമെന്നു പരസ്യത്തില്‍ വ്യക്തമല്ല.

57,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിട്ട് കയ്യിലുള്ളത് 15,315 കോടി രൂപ! ബാക്കി തുക എവിടെ നിന്നു ലഭിക്കും?

ഇതേനിരക്കില്‍ ധനസമാഹരണം നടത്തിയാല്‍പോലും ഈ പദ്ധതികള്‍ക്ക് ആവശ്യമായ പണം സമാഹരിക്കാന്‍ പത്തുപന്ത്രണ്ടു വര്‍ഷം വേണ്ടിവരും. ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട 730 പദ്ധതികള്‍ക്ക് എന്തു സംഭവിക്കും?

പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാതെ ധാരാളം സ്മാരകശിലകളുള്ള നാടാണു നമ്മുടേത്. ആവശ്യമായ ധനസ്രോതസ് കാണാതെ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി പ്രചാരണത്തിനായി പദ്ധതികള്‍ പ്രഖ്യാപിച്ചതാണെന്നു വ്യക്തം.

കിഫ്ബി പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ അനുഭവപ്പെടുന്ന അനാവശ്യമായ കാലതാമസം ഇപ്പോള്‍ തന്നെ വിമര്‍ശന വിധേയമാണ്.

2016ല്‍ പ്രഖ്യാപിച്ച മൂന്നില്‍ രണ്ട് കിഫ്ബി പദ്ധതികള്‍ക്കും ഇതുവരെ പ്രവര്‍ത്താനാനുമതി ലഭിച്ചിട്ടില്ല. തുടങ്ങിയ പ്രവര്‍ത്തികള്‍ ഒച്ചിഴയുംപോലെയാണ് നീങ്ങുന്നത്.

സര്‍ക്കാരിന് വെറും 7 മാസം മാത്രം കാലാവധി നിലനില്‌ക്കെ ഇപ്പോള്‍ പ്രഖ്യാപിച്ച പുതിയ പദ്ധതികള്‍ക്ക് ഭരണാനുമതി പോലും നല്കാന്‍ കഴിയില്ല.

വാഗ്ദാന പെരുമഴയിലൂടെയും പരസ്യപ്രചാരണങ്ങളിലൂടെയും ജനങ്ങളെ കബളിപ്പിക്കുയാണ് സര്‍ക്കാര്‍.

കിഫ്ബിയുടെ പ്രഖ്യാപനങ്ങളല്ലാതെ സംസ്ഥാനത്തിന്റെ ബജറ്റ് അധിഷ്ഠിതമായ മറ്റേല്ലാ വികസന പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ സ്തംഭിച്ചു നില്ക്കുകയാണ്. വാര്‍ഷിക പദ്ധതിയും പ്ലാന്‍ ഫണ്ടുമൊക്കെ ആകെ തകരാറിലായി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് നാമമാത്രമായ ഫണ്ട് മാത്രമാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്കിയത്. പ്ലാന്‍ഫണ്ട് പോലും വിതരണം ചെയ്യാത്തതിനാല്‍ തദ്ദേശസ്ഥാപനങ്ങള്‍ സാമ്പത്തിക ഞെരുക്കത്തില്‍ വീര്‍പ്പുമുട്ടുന്നു.

കിട്ടുന്നിടത്തുനിന്നൊക്കെ വാങ്ങിക്കൂട്ടി കൊച്ചു കേരളം ഇപ്പോള്‍ വലിയ കടത്തിലേക്ക് വഴുതി വീഴുകയും ചെയ്തു.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാനവര്‍ഷമായ 2015-16ല്‍ കേരളത്തിന്റെ ആകെ കടം 1,57,370.33 കോടി രൂപയായിരുന്നു.

2019-2020ല്‍ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം അത് 2,64,459.29 കോടി രൂപയാണ്. അഭൂതപൂര്‍വമായ 1,06,088.96 കോടി രൂപയുടെ വര്‍ധന.

1957 മുതല്‍ കേരളം ഭരിച്ച എല്ലാ സര്‍ക്കാരുകളും കൂടി ഉണ്ടാക്കിയ കടം 2012-2013ല്‍ 1,03,560.84 കോടി രൂപ മാത്രമായിരുന്നു!

അതിനേക്കാള്‍ കൂടിയ കടബാധ്യതയാണ് പിണറായി സര്‍ക്കാര്‍ മാത്രം വരുത്തിവച്ചത്. ഈ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോഴേക്കും കടം മൂന്നു ലക്ഷം കോടി കവിയാനാണ് എല്ലാ സാധ്യതയും. കേരളത്തിലെ ഓരോ പൗരനും പിറന്നു വീഴുന്ന ഓരോ കുഞ്ഞും 90,000 രൂപയുടെ കടത്തിലാണ്.

സംസ്ഥാനങ്ങള്‍ക്ക് കടംവാങ്ങാവുന്ന പരിധി വര്‍ധിപ്പിക്കാന്‍ മുറവിളി കൂട്ടുന്നവര്‍ തന്നെ ബജറ്റിതര മാര്‍ഗങ്ങളിലൂടെ നിയന്ത്രണമില്ലാത്ത രീതിയില്‍ കടംകൂട്ടിവയ്ക്കുന്നത് ആശങ്കാജനകമാണ്.

ധൂര്‍ത്തും അനാവശ്യചെലവുകളും കടങ്ങളും സാമ്പത്തിക സ്രോതസില്ലാത്ത പദ്ധതി പ്രഖ്യാപനങ്ങളും കേരളത്തെ വലിയ സാമ്പത്തിക സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

oommen chandy
Advertisment