Advertisment

ധനസഹായവും ചികിത്സയും മുടങ്ങിയ രോഗികളെ യുഡിഎഫ് കൈവിടില്ലെന്ന് ഉമ്മന്‍ ചാണ്ടി

New Update

publive-image

Advertisment

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ മുടങ്ങാതെ നല്കിയെന്ന് അവകാശപ്പെടുന്ന ഇടതുസര്‍ക്കാര്‍ സമൂഹത്തിലെ ഏറ്റവും വേദനാജനകമായ അവസ്ഥയില്‍ക്കൂടി കടന്നുപോകുന്ന വലിയൊരു ജനവിഭാഗത്തെ ധനസഹായം നല്കാതെ വഞ്ചിച്ചുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഈ ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം ഉണ്ടാകും. പണമില്ലാത്തതിന്റെ പേരില്‍ ആരുടെയും ചികിത്സ മുടങ്ങാന്‍ അനുവദിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്കി.

ധനസഹായം നിഷേധിക്കപ്പെട്ട 1,52,121 പേരാണ് ഇപ്പോള്‍ നരകയാതന അനുഭവിക്കുന്നത്. ആശ്വാസകിരണം, സമാശ്വാസം, സ്‌നേഹസ്പര്‍ശം, സ്‌നേഹപൂര്‍വം, വികെയര്‍ തുടങ്ങിയ പദ്ധതികളിലൂടെ കിഡ്‌നി രോഗികള്‍, ഡയാലിസിസ് നടത്തുന്നവര്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍, പൂര്‍ണശയ്യാവലംബരായവര്‍, അവിവാഹിതരായ അമ്മമാര്‍ തുടങ്ങിയവര്‍ക്ക് നല്കുന്ന സഹായമാണ് മുടങ്ങിയത്. സാമൂഹിക സുരക്ഷാമിഷന്‍ മുഖേനയാണ് ധനസഹായം നല്കുന്നത്.

ആശ്വാസകിരണം പദ്ധതിയില്‍ പൂര്‍ണശയ്യാലംബര്‍ക്കു പ്രതിമാസം 600 രൂപയാണ് ധനസഹായം. 1,14,188 പേരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. 13 മാസമായി 89 കോടി രൂപയാണു ഈ പദ്ധതിയില്‍ മാത്രം കുടിശിക.

സമാശ്വാസം പദ്ധതികളില്‍ കിഡ്‌നി രോഗികള്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍ എന്നിവര്‍ക്ക് പ്രതിമാസം 1100 രൂപ വീതം നല്കുന്നത് മാസങ്ങളായി മുടങ്ങി. 8382 രോഗികളാണ് പദ്ധയിലുള്ളത്.

സ്‌നേഹസ്പര്‍ശം- അവിവാഹിതരായ അമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ നല്കുന്ന ധനസഹായം 11 മാസമായി മുടങ്ങി. 1614 ഗുണഭോക്താക്കള്‍.

സ്‌നേഹപൂര്‍വം- മാതാപിതാക്കളോ, മാതാപിതാക്കളില്‍ ആരെങ്കിലുമോ മരിച്ച കുട്ടികള്‍ക്ക് 300 രൂപ മുതല്‍ 1000 രൂപ വരെ ധനസഹായം 2019- 20 അധ്യയനവര്‍ഷത്തിനുശേഷം നല്കിയില്ല.

വി കെയര്‍- അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ക്ക് നല്കുന്ന വികെയര്‍ പദ്ധതിയില്‍ 3.60 കോടി രൂപ കെട്ടിക്കിടക്കുന്നു.

ഏറ്റവും കരുതല്‍ ആവശ്യമുള്ള ഈ വിഭാഗത്തെ വഞ്ചിച്ച പിണറായി സര്‍ക്കാരിന് മനഃസാക്ഷിയുള്ള കേരളം മാപ്പു നല്കില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

oommen chandy trivandrum news
Advertisment