Advertisment

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് സിപിഎം സംസ്ഥാന സമിതിയംഗം പി.ജയരാജൻ; ആരോപണം രേഖാമൂലം നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആവശ്യപ്പെട്ടു

New Update

publive-image

Advertisment

തിരുവനന്തപുരം; എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് സിപിഎം സംസ്ഥാന സമിതിയംഗം പി.ജയരാജൻ. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിൽ സിപിഎം സംസ്ഥാന സമിതിയിലാണ് ആരോപണം. ഇപിയുടെ മകൻ റിസോർട്ടിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമെന്ന് പി.ജയരാജയൻ പറഞ്ഞു. ആരോപണം രേഖാമൂലം നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആവശ്യപ്പെട്ടു.

2014ലാണ് അരോളിയിൽ ഇ.പി.ജയരാജന്റെ വീടിനു തൊട്ടുചേർന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തിൽ മൂന്നു കോടി രൂപ മൂലധനത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തത്. ഇ.പി.ജയരാജന്റെ മകൻ ജയ്സണാണു കമ്പനിയിൽ ഏറ്റവുമധികം (2500) ഓഹരിയുള്ള ഡയറക്ടർ.

സിപിഎമ്മിന്റ പല സ്ഥാപനങ്ങളും ചില ഉന്നത നേതാക്കളുടെ വീടുകളും നിർമിച്ചുനൽകിയ തലശ്ശേരിയിലെ കെട്ടിട നിർമാണക്കരാറുകാരനാണു ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ മറ്റൊരു പ്രധാനി. മൊറാഴയിലെ ഉടുപ്പക്കുന്ന് ഇടിച്ചുനിരത്തിയാണു റിസോർട്ട് നിർമിക്കുന്നതെന്നു കാണിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് റിസോർട്ട് നിർമാണത്തിനെതിരെ പ്രമേയം പാസാക്കുകയും കലക്ടർക്കു പരാതി നൽകുകയും ചെയ്തിരുന്നു.

2021ൽ ആയുർവേദ റിസോർട്ടിന്റെ ഉദ്ഘാടനത്തെച്ചൊല്ലിയും രാഷ്ട്രീയ വിവാദം ഉയർന്നിരുന്നു. കോൺഗ്രസിൽ കെ.സുധാകരൻ എംപിയുടെ എതിർപക്ഷത്തുനിൽക്കുന്ന കെപിസിസി നിർവാഹക സമിതിയംഗം മമ്പറം ദിവാകരനെയും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുപ്പിച്ചതിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കണ്ണൂർ രാഷ്ട്രീയത്തിൽ മാഫിയ ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള പോസ്റ്ററുകളാണു കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചത്. ‘സഖാക്കളേ, കുന്നിടിച്ചു റിസോർട്ട്, കൂട്ടിനു മമ്പറം ദിവാകരൻ, രക്തസാക്ഷികൾ സിന്ദാബാദ്’ തുടങ്ങിയ വാചകങ്ങളുള്ള പോസ്റ്ററുകളും പതിച്ചിരുന്നു.

Advertisment