വനിതാമതിലിന് പോകുന്നതിനുമുന്‍പ് നന്നായി ആലോചിക്കണമായിരുന്നു; എന്തെങ്കിലും ആഗ്രഹിച്ചിട്ടു കിട്ടാതെ വരുമ്പോള്‍ വഞ്ചന എന്നുപറഞ്ഞിട്ടു കാര്യമില്ല;പ്രീതി നടേശന്റെ വാദത്തെ തള്ളി എ പത്മകുമാര്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, January 12, 2019

കൊച്ചി: ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. സര്‍ക്കാര്‍ നിലപാടിന് വിരുദ്ധ നിലാപാടാണ് പത്മകുമാറിന്റേത്. ശബരിമല ആചാര സംരക്ഷണത്തിനിറങ്ങിയത് ആര്‍എസ്എസുകാര്‍ മാത്രമല്ല. അത്തരം തെറ്റിധാരണ തനിക്കോ ബോര്‍ഡിനോ ഇല്ലെന്നായിരുന്നു പത്മകുമാറിന്റെ പ്രതികരണം.

വനിതാമതിലുമായി ബന്ധപ്പെട്ടു വഞ്ചിക്കപ്പെട്ടുവെന്ന എസ്എന്‍ഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്റെ വാദത്തില്‍ കഴമ്പില്ല. വനിതാമതിലിന് പോകുന്നതിനുമുന്‍പ് നന്നായി ആലോചിക്കണമായിരുന്നു. എന്തെങ്കിലും ആഗ്രഹിച്ചിട്ടു കിട്ടാതെ വരുമ്പോള്‍ വഞ്ചന എന്നുപറഞ്ഞിട്ടു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

യുവതീപ്രവേശ വിഷയത്തില്‍ യഥാര്‍ഥ വിശ്വാസികളുടെ വിചാരവികാരങ്ങള്‍ മനസ്സിലാക്കണമെന്നാണു തന്റെ നിലപാട്. വിശ്വാസത്തിന്റെ പേരുപറഞ്ഞിറങ്ങിയവരില്‍ കപട വിശ്വാസികളുമുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് അംഗീകരിക്കാനാവില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു ബോര്‍ഡ് പുനഃപരിശോധനാഹര്‍ജി നല്‍കാതിരുന്നത്.

ശബരിമലയില്‍ തന്ത്രിക്കു യാതൊരു അധികാരവുമില്ലെന്ന വാദത്തോടു യോജിപ്പില്ല. തന്ത്രിക്കും ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും അവരവരുടേതായ അധികാരങ്ങളും അവകാശങ്ങളുമുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു.ആരുടെയും സ്വപ്നത്തില്‍പോലും വരാത്ത കാര്യങ്ങളാണു കേട്ടുകൊണ്ടിരിക്കുന്നത്. സര്‍ക്കാരുമായും സിപിഎമ്മുമായും എല്‍ഡിഎഫുമായും ആലോചിച്ചാണ് ഞാന്‍ ഇതുവരെ നീങ്ങിയിട്ടുള്ളത്. അതിനാല്‍ത്തന്നെ, എന്നോട് ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള അപ്രീതിയോ നീരസമോ ഉണ്ടാകുമെന്നു കരുതുന്നില്ല.

മുഖ്യമന്ത്രിയാകുന്നതിനു മുന്‍പ് പാര്‍ട്ടി സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമൊക്കെയായിരുന്ന ഒരു പിണറായി വിജയനുണ്ട്. അന്ന് ഡിവൈഎഫ്‌ഐയുടെയും സിപിഎമ്മിന്റെയും പ്രവര്‍ത്തകനായിരുന്ന പത്മകുമാറുമുണ്ട്. ചിലര്‍ ഇപ്പോഴുള്ള മുഖ്യമന്ത്രിയെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും മാത്രമേ കാണുന്നുള്ളു. ശബരിമലയില്‍ ഞാന്‍ കാണാത്ത നിസ്സാരകാര്യങ്ങള്‍ പോലും മുഖ്യമന്ത്രി മനസ്സിലാക്കുന്നുണ്ട്. തെറ്റുപറ്റാത്ത ആളല്ല ഞാനെന്നും എനിക്കു പിശകുകളുണ്ടെങ്കില്‍ അതു ചൂണ്ടിക്കാട്ടാന്‍ അദ്ദേഹം ബാധ്യസ്ഥനാണെന്നും പത്മകുമാര്‍ പറഞ്ഞു.

തന്ത്രിസ്ഥാനം പരശുരാമനില്‍നിന്നു കിട്ടിയതാണെന്ന വാദഗതി ഒരു വിഭാഗത്തിനു വിശ്വസിക്കാന്‍ കഴിയുമായിരിക്കും. 1902 മുതലല്ലേ അവര്‍ക്കു താന്ത്രികാവകാശം ലഭിച്ചത്? എന്റെ കുടുംബത്തിനു ശബരിമലയുമായി 1907 മുതല്‍ ബന്ധമുണ്ട്. അവര്‍ നിലയ്ക്കലില്‍നിന്നു വന്നവരാണെന്നു പറയുന്നു. എന്നോടു പറഞ്ഞത് ആന്ധ്രയില്‍നിന്നു വന്നവരാണെന്നാണെന്നും അദ്ദേഹം പറഞ്ഞു.

യുവതീ പ്രവേശന വിഷയത്തില്‍ യഥാര്‍ഥ വിശ്വാസികളുടെ വികാരവിചാരങ്ങള്‍ മാനിക്കപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്നും പത്മകുമാര്‍ വ്യ്കതമാക്കി. അവരെ വിശ്വാസത്തിലെടുത്ത് പരിഹാരമുണ്ടാക്കണം. പക്ഷേ, വിശ്വാസത്തിന്റെ പേരു പറഞ്ഞ് തെരുവിലിറങ്ങിയവരെ തിരിച്ചറിയണം. ഇന്നലെവരെ യുവതികളെ കയറ്റണമെന്നു പറഞ്ഞവര്‍ അതു നിഷേധിച്ചു കലാപം തുടങ്ങി. ശബരിമലയിലെ ആചാര കാര്യങ്ങളുടെ തീര്‍പ്പ് തന്ത്രിക്ക് തന്നെയാണെന്നും പത്മകുമാര്‍ വ്യക്തമാക്കി.

×