Advertisment

പാകിസ്ഥാനിലെ വിമാനാപകടം: പൈലറ്റുമാരുടെ അമിത ആത്മവിശ്വാസവും അശ്രദ്ധയുമാണ് ദുരന്തത്തിന് കാരണമായതെന്ന് വ്യോമയാനമന്ത്രി; വിമാനത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധിക്കുന്നതിന് പകരം കൊവിഡിനെ കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു പൈലറ്റുമാരെന്നും വെളിപ്പെടുത്തല്‍

New Update

publive-image

Advertisment

ഇസ്ലാമാബാദ്: മേയ് 22ന് കറാച്ചിയില്‍ നടന്ന വിമാനാപകടത്തില്‍ 97 പേരുടെ മരണത്തിനിടയാക്കിയത് പൈലറ്റുമാരുടെ അമിത ആത്മവിശ്വാസവും അശ്രദ്ധയുമാണെന്ന് വ്യോമയാന മന്ത്രി ഗുലാം സര്‍വര്‍ ഖാന്‍.

യാത്രയിലുടനീളം കൊവിഡിനെ കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു പൈലറ്റുമാരെന്നും വിമാനത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധിച്ചില്ലെന്നും മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു.

വിമാനം ഉയര്‍ത്താന്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് നിര്‍ദ്ദേശിച്ചെങ്കിലും സാരമില്ല, ഞങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളാമെന്നായിരുന്നു മറുപടി. മാനുഷികമായ പിഴവാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്.

എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പൈലറ്റുമാര്‍ അവഗണിച്ചു. വിമാനത്തിന് സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നില്ല. എയര്‍ ട്രാഫിക് കണ്‍ട്രോളും പൂര്‍ണമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പൂര്‍ണമായ അന്വേഷണ റിപ്പോര്‍ട്ട് ഒരു വര്‍ഷത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വിമാനം നിലത്തിറക്കിയപ്പോൾ ലാന്‍ഡിങ് ഗിയര്‍ പ്രവർത്തിച്ചിരുന്നില്ല. മൂന്നുവട്ടം റണ്‍വേയില്‍ ഇടിച്ച വിമാനം വീണ്ടും ഉയർത്തുകയായിരുന്നു. നിലത്തിടിച്ച രണ്ട് എൻജിനുകളും വിമാനം വീണ്ടും പറന്നുയർന്നപ്പോൾ തകരാറിലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നിയന്ത്രിത വിമാനക്കമ്പനിയില്‍ 40 ശതമാനം പൈലറ്റുമാർ വ്യാജലൈസന്‍സ് ഉപയോഗിച്ചാണു വിമാനം പറത്തുന്നതെന്നു മന്ത്രി പറഞ്ഞു. നാല് പൈലറ്റുമാരുടെ ബിരുദം വ്യാജമാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മേയ് 22ന് ലാഹോറില്‍നിന്നു കറാച്ചിയിലേക്കു പറന്ന എ320 എയര്‍ബസ് ലാന്‍ഡിങ്ങിനു തൊട്ടുമുൻപ് കറാച്ചിയിലെ ജിന്ന വിമാനത്താവളത്തിനു സമീപം ജനവാസകേന്ദ്രത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു. 91 യാത്രക്കാരും 8 ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. 97 പേര്‍ മരിച്ചു. രണ്ട് യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.

report minister pakisthan plane crash
Advertisment