Advertisment

അതിര്‍ത്തിയില്‍ വിദേശികളുള്‍പ്പെടുന്ന  ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വ്യാപകം ;  അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ജിഹാദികളെ കശ്മീരിലേക്ക് നുഴഞ്ഞുകയറ്റി ഭീകരാക്രമണം നടത്താന്‍ പദ്ധതി :  അതീവ ജാഗ്രതയോടെ ഇന്ത്യന്‍സേന 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ജമ്മു കശ്മീര്‍ ഡി.ജി.പി. ദില്‍ബാഗ് സിങ്. രജൗരി, പൂഞ്ച്, ഗുരേസ്, കര്‍ണാഹ്, കേരന്‍, ഗുല്‍മാര്‍ഗ് തുടങ്ങിയ മേഖലകളിലാണ് നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ പോലീസ് ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

publive-image

അതിര്‍ത്തിയില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പഷ്തൂണ്‍ വംശജരടക്കമുള്ള വിദേശികളുള്‍പ്പെടുന്ന ജിഹാദികളെയാണ് ഏഴു ഭീകരപരിശീലന ക്യാമ്പുകളിലായി പാക് ചാരസംഘടനയായ ഐ.എസ്.ഐയും പാക് സേനയും ഒരുക്കിയിട്ടുള്ളത്.

ഈ സന്നാഹത്തിന്റെ പൂര്‍ണവിവരങ്ങളും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ചോര്‍ത്തിയതാണിപ്പോള്‍ പാക്കിസ്ഥാന് തിരിച്ചടിയാകുന്നത്.ബാലക്കോട്ട്‌ മാതൃകയില്‍ ഭീകരപരിശീലന കേന്ദ്രത്തില്‍ മിന്നലാക്രമണത്തിന് ഇന്ത്യ തയ്യാറാകുമോ എന്ന ആശങ്കയും ലോകരാജ്യങ്ങള്‍ക്കുണ്ട്.

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ജിഹാദികളെ കശ്മീരിലേക്ക് നുഴഞ്ഞുകയറ്റി ഭീകരാക്രമണം നടത്താനുള്ള പദ്ധതി അതീവ ജാഗ്രതയോടെയാണ് ഇന്ത്യന്‍സേന നേരിടാനൊരുങ്ങുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത്കുമാര്‍ ഡോവലിന്റെ മേല്‍നോട്ടത്തിലാണ് സുരക്ഷാസേനയെ കശ്മീരില്‍ വിന്യസിച്ചിട്ടുള്ളത്.

കഴിഞ്ഞദിവസങ്ങളില്‍ വിവിധ മേഖലകളില്‍ നടന്ന കല്ലേറുകളില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായും ഡി.ജി.പി. സ്ഥിരീകരിച്ചു. കല്ലേറില്‍ ഒരു ട്രക്ക് ഡ്രൈവര്‍ കൊല്ലപ്പെട്ടതായും ഓഗസ്റ്റ് ആറിനുണ്ടായ പ്രതിഷേധത്തിനിടെ പരിക്കേറ്റ 18-കാരന്‍ കഴിഞ്ഞ നാലാം തീയതി ആശുപത്രിയില്‍വച്ച്‌ മരണപ്പെട്ടതായും ഡി.ജി.പി. പറഞ്ഞു.

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി വളരെ കുറഞ്ഞ തോതില്‍ മാത്രമാണ് സേനയെ വിന്യസിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.കശ്മീരിന് പ്രത്യേക അവകാശം നല്‍കിയ ഭരണഘടനയുടെ 370-ാം വകുപ്പ്‌ റദ്ദാക്കിയ ശേഷം കശ്മീര്‍ പൂര്‍ണമായും ഇപ്പോള്‍ സൈന്യത്തിന്റെ സുരക്ഷാവലയത്തിലാണ്.

കലാപ കലുഷിതമായ കശ്മീരില്‍ അതിനു ശേഷം സുരക്ഷാസേനക്കുനേരെ ഒരു വെടിയൊച്ച പോലും ഉണ്ടായിട്ടില്ലെന്നതാണ് അജിത് ഡോവല്‍ തന്നെ പറയുന്നത്. നിലവില്‍ കശ്മീരിലെ ജനജീവിതം സാധാരണ നിലയിലെത്തിയിട്ടുമുണ്ട്.

കശ്മീരിലെ നല്ലൊരു വിഭാഗം ജനങ്ങളും, വികസനവും തൊഴിലവസരങ്ങളും എത്തിക്കുന്ന കേന്ദ്ര തീരുമാനത്തെ പിന്തുണക്കുന്നതാണ് പാക്കിസ്ഥാനെ പ്രകോപിതരാക്കുന്നത്. കശ്മീരികള്‍ക്കു വേണ്ടി പാക്കിസ്ഥാന്‍ പോരാടുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യന്‍ അതിര്‍ത്തികളില്‍ പാക്കിസ്ഥാന്‍ സേനാ വിന്യാസവും ശക്തമാക്കിയിരുന്നു.

Advertisment