Advertisment

അങ്ങനെ, അതിനു തീരുമാനമായി.......പാലാ അൽഫോൻസിയൻ പാസ്റ്ററൽ സെൻ്ററിൽ കോവിഡ് ചികിത്സാ കേന്ദ്രം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കൂടി ചികിത്സാ സൗകര്യമായി

author-image
സുനില്‍ പാലാ
New Update

പാലാ: പാലാ അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ സെൻ്ററിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ ഒരുങ്ങി. റവന്യൂ- പോലീസ് - ഫയർഫോഴ്സ് - ആരോഗ്യ വിഭാഗങ്ങളിലെ ജീവനക്കാർക്കോ ഇവരുടെ കുടുംബാംഗങ്ങൾക്കോ രോഗം ബാധിച്ചാൽ അവരെ ചികിത്സിക്കാനാണ് ഈ സെൻ്റർ ഉപയോഗിക്കുക എന്ന് അധികാരികളുടെ ആദ്യ അറിയിപ്പിൽ പറഞ്ഞിരുന്നു.

Advertisment

എന്നാൽ ഈ സ്ഥലം ശുചിയാക്കി ചികിത്സാ കേന്ദ്രത്തിനായി ഒരുക്കുക പോലും ചെയ്ത നഗരസഭാ ജീവനക്കാരെയും മുനിസിപ്പൽ കൗൺസിലർമാരെയും കൂടി രോഗം ബാധിച്ചാൽ ഇവിടെ ചികിത്സ കൊടുക്കണമെന്ന് പിന്നീട് ആവശ്യമുയർന്നു.

"ഓഫീസിലിരുന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന റവന്യൂ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമൊക്കെ അൽഫോൻസിയൻ സെൻ്ററിൽ ചികിത്സാ സൗകര്യം ഏർപ്പെടുത്തിയപ്പോൾ ഈ സ്ഥലം ചികിത്സാ കേന്ദ്രത്തിനായി ഒരുക്കുകയും ഇത്തരം കേന്ദ്രങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുകയും ചെയ്യുന്ന മുനിസിപ്പൽ ജീവനക്കാർക്ക് ഇവിടെ ചികിത്സയില്ല എന്നത് ന്യായീകരിക്കാനാവില്ലെന്നും അടിയന്തിരമായി ഈ വിഷയം മാണി.

സി. കാപ്പൻ എം. എൽ. എ യുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മുനിസിപ്പൽ കൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണിപ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപന ജീവനക്കാരെയും ജനപ്രതിനിധികളെയും കൂടി ഇവിടെ ചികിത്സിക്കാമെന്ന കാര്യം കൂടി ചേർത്ത് പുതുക്കിയ ഉത്തരവുണ്ടായിട്ടുള്ളത്. അഡ്വ. ബിനുവിൻ്റെ പരാതി ശ്രദ്ധയിൽപ്പെട്ട ഉടൻ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ഈ പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന് മാണി. സി. കാപ്പൻ എം. എൽ. എ ആവശ്യപ്പെട്ടത് അനുസരിച്ചാണീ നടപടി.

Advertisment