Advertisment

സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയ്ക്കെതിരെ അവിശ്വാസ നീക്കവുമായി യുഡിഎഫ് . പാലക്കാട്ടെ യുഡിഎഫ് നീക്കം സിപിഎമ്മിനെ വെട്ടിലാക്കും ? നിലപാട് വ്യക്തമാക്കാന്‍ കൊടിയേരിയെ വെല്ലുവിളിച്ച് വികെ ശ്രീകണ്ഠൻ

New Update

publive-image

Advertisment

പാലക്കാട് : സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയ്ക്കെതിരെ അവിശ്വാസ നീക്കവുമായി യുഡിഎഫ് രംഗത്ത്. ചെയര്‍മാനും വൈസ് ചെയര്‍മാനുമെതിരെ അവിശ്വാസം കൊണ്ടുവരുമെന്ന് ഡിസിസി അധ്യക്ഷന്‍ വികെ ശ്രീകണ്ഠന്‍റെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ ഇന്ന് പ്രഖ്യാപിച്ചു .

52 അംഗ നഗരസഭയില്‍ 24 അംഗങ്ങള്‍ മാത്രമുള്ള ബിജെപിയാണ്‌ ഇപ്പോള്‍ നഗരസഭ ഭരിക്കുന്നത് . യുഡിഎഫിന് 18 അംഗങ്ങളും സിപിഎമ്മിന് 9 അംഗങ്ങളും ഉണ്ട്. ഒരാള്‍ സ്വതന്ത്രനാണ്. ഇയാള്‍ യു ഡി എഫ് അനുകൂല നിലപാട് സ്വീകരിക്കുന്ന ലീഗ് റിബലാണ്.

publive-image

ഈ സാഹചര്യത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ വിഘടിച്ചു നില്‍ക്കുന്നതാണ് ബിജെപിയുടെ നേട്ടം. അതിന് അറിഞ്ഞോ അറിയാതെയോ ചില ബിജെപി ഇതര പാര്‍ട്ടികളുടെയും ആ പാര്‍ട്ടിയുടെ നേതാക്കളുടെയുമൊക്കെ മൗനാനുവാദം ഉണ്ടെന്ന ആരോപണം പലപ്പോഴും ഉയര്‍ന്നിട്ടുണ്ട്.

രാഷ്ട്രീയ അട്ടിമറികളില്‍ യുപി രാഷ്ട്രീയം തോറ്റുപോകുന്ന മെയ് വഴക്കമാണ് നഗരസഭയിലെ കൌണ്‍സിലര്‍മാര്‍ക്കിടയില്‍ നിലനില്‍ക്കുന്നതെന്നാണ് ആരോപണം .

അത്തരം രഹസ്യക്കാരെ തുറന്നുകാട്ടാന്‍ കൂടി ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഡിസിസി അധ്യക്ഷന്‍ വികെ ശ്രീകണ്ഠന്‍റെ നേതൃത്വത്തിലുള്ള പുതിയ നീക്കം .

ഇന്നത്തെ തീരുമാനപ്രകാരം നഗരസഭയിലെ 6 വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ ചെയര്‍മാന്‍ സ്ഥാനം യു ഡി എഫ് ശനിയാഴ്ച രാജിവയ്ക്കും. തുടര്‍ന്ന്‍ 5 സ്റ്റാന്‍ഡി൦ഗ് കമ്മിറ്റികളില്‍ അവിശ്വാസം കൊണ്ടുവരും.

തുടര്‍ന്ന്‍ ചെയര്‍മാനും വൈസ് ചെയര്‍മാനുമെതിരെ അവിശ്വാസം കൊണ്ടുവരുമെന്നാണ് ജില്ലയിലെ യു ഡി എഫ് നേതൃത്വം ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 250 കോടിയുടെ കേന്ദ്ര - സംസ്ഥാന പദ്ധതികള്‍ നഗരസഭാ അട്ടിമറിച്ചതായും നേതാക്കള്‍ ആരോപിച്ചു.

അതേസമയം, പാലക്കാട് നഗരസഭയിലെ മുഖ്യപ്രതിപക്ഷമായ യുഡിഎഫ് ബിജെപി ഭരണസമിതിക്കെതിരെ കൊണ്ടുവരുന്ന അവിശ്വാസനീക്കം നഗരസഭയില്‍ നിര്‍ണ്ണായക അംഗബലമുള്ള സിപിഎമ്മിനെ വെട്ടിലാക്കുന്നതാണ്.

publive-image

18 അംഗങ്ങളുള്ള യു ഡി എഫിനെ 9 അംഗങ്ങളുള്ള സിപിഎം പിന്തുണച്ചാല്‍ ബിജെപി ഭരണം താഴെ വീഴും. അതിനാല്‍ തന്നെ ഭരണം വാഴാനും വീഴാനും സിപിഎമ്മാണ് തീരുമാനിക്കേണ്ടത്.

പാലക്കാട് നഗരസഭയില്‍ സിപിഎം ബിജെപിയെയും യു ഡി എഫിനെയും പിന്തുണക്കാതിരിക്കുകയാണെങ്കില്‍ ബിജെപിയ്ക്ക് സ്വസ്ഥമായി ഭരിക്കാം. അതാണ്‌ ബിജെപി ആഗ്രഹിക്കുന്നത്.

അതേസമയം സിപിഎം യു ഡി എഫിനെ പിന്തുണച്ചാല്‍ ബിജെപി ഭരണം അവസാനിക്കും. അതിനു സിപിഎം തയ്യാറുണ്ടോ എന്നാണ് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ശ്രീകണ്ടന്‍ ചോദിച്ചത് . യു ഡി എഫിന്‍റെ ഈ നീക്കം സിപിഎമ്മിനെ ശരിക്കും വെട്ടിലാക്കിയിരിക്കുകയാണ്.

palakkad news
Advertisment