Advertisment

കേരള രാഷ്ട്രീയത്തിനു പുറമെ പൂഞ്ഞാര്‍ രാഷ്ട്രീയത്തില്‍ നിന്നും പുറത്തായി പിസി ജോര്‍ജ് ! ജോര്‍ജിനും ജനപക്ഷം പാര്‍ട്ടിക്കും വരാനിരിക്കുന്നത് ഇനി നിരാശയുടെ നാളുകള്‍. അധികാരമില്ലാതായതോടെ ജോര്‍ജിനെ അണികളും കയ്യൊഴിയുന്നു. ജോര്‍ജിനെ കുടുക്കാന്‍ ഇനി ഇരു മുന്നണികളും ഒന്നിക്കും. ഭരണത്തിലോ പ്രതിപക്ഷത്തോ അല്ലാത്ത ജനപക്ഷത്തിന്റെ ഭാവിയും അവതാളത്തില്‍. പൂഞ്ഞാറിലെ അതികായന് സംഭവിച്ചത് വന്‍ വീഴ്ച തന്നെ !

New Update

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിലുണ്ടായ കനത്ത തോൽവിയോടെ പിസി ജോർജിന്റെ രാഷ്ട്രീയ ഭാവി തുലാസിൽ. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി അധികാര രാഷ്ട്രീയത്തിൽ സജീവമായിരുന്ന ജോർജിന് പത്തിമടക്കേണ്ട സ്ഥിതി വന്നത് ഇനിയുള്ള ജനപക്ഷം പാർട്ടിയുടെ ഭാവിയേയും ബാധിക്കും. അധികാരമുണ്ടായിരുന്ന കാലത്ത് കൂടെ നിന്ന അണികൾ ജോർജിനെ ഇനി കയ്യൊഴിയാനാണ് സാധ്യത.

Advertisment

publive-image

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളെയും ഒരു പോലെ നിഷ്പ്രഭരാക്കിയായിരുന്നു പിസി ജോർജിന്റെ ജയം. അന്നു 27000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. എന്നാൽ ഈ മേൽക്കൈ പിന്നീട് നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

തനിക്ക് കിട്ടിയ ഭൂരിപക്ഷം ഉപയോഗിച്ച് പാർട്ടി വളർത്താനോ, തന്റെ അംഗീകാരം നിലനിർത്താനോ അല്ല പിസി ജോർജ് ശ്രമിച്ചത്. മറിച്ച് അധികാരം ദുരുപയോഗിക്കാനായിരുന്നു ജോർജ് ശ്രമിച്ചത്. എല്ലാ വിഭാഗം വോട്ടർമാരെയും ജോർജ് തനിക്കെതിരാക്കി.

എക്കാലത്തും പിസി ജോർജിനെ തുണച്ചിരുന്നത് പൂഞ്ഞാറിലെ മുസ്ലീം വിഭാഗമായിരുന്നു. ഒപ്പം പിന്നാക്ക വിഭാഗത്തിലെ ആളുകളും ജോർജിന് ഒപ്പം നിന്നു. എന്നാൽ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ജോർജിന്റെ രാഷ്ട്രീയ തന്ത്രങ്ങളും പാളി തുടങ്ങി.

ഇടതു-വലതു മുന്നണികൾ തഴഞ്ഞതോടെ എൻഡിഎ ക്യാമ്പിലേക്ക് ചേക്കേറാൻ ജോർജ് നടത്തിയ നീക്കം എന്നും അദ്ദേഹത്തിന്റെ വോട്ടു ബാങ്കായിരുന്ന മുസ്ലീം വിഭാഗത്തെ എതിരാക്കി. ഒപ്പം മുസ്ലീം വിരുദ്ധ പരമാർശങ്ങൾ തുടർച്ചയായി ജോർജിൽ നിന്നുമുണ്ടായതും തിരിച്ചടിയായി. ഇതോടെ മണ്ഡലത്തിലെ ഭൂരിപക്ഷം വരുന്ന ക്രൈസ്തവ വിഭാഗത്തെ കൂടെ നിർത്താൻ ജോർജ് പുതിയ നീക്കങ്ങളും തുടങ്ങി.

ആദ്യഘട്ടത്തിൽ ജോർജിന്റെ ഈ നീക്കങ്ങൾ വിജയിച്ചുവെന്നുവേണം പറയാൻ. ക്രൈസ്തവരിൽ ഒരു വിഭാഗം ജോർജിന്റെ വാക്കുകളെ പ്രോത്സാഹിപ്പിച്ചു. ഇതോടെ മുസ്ലീം വിരുദ്ധ നിലപാട് ജോർജ് തുടരുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ വോട്ടുകൾ ഏകീകരിക്കുമെന്നു ജോർജും പ്രതീക്ഷിച്ചു. പക്ഷേ മത്സരിച്ച മൂന്നു സ്ഥാനാർത്ഥികളും ക്രൈസ്തവ വിഭാഗത്തിൽ നിന്നായതോടെ വോട്ടു വിഭജിക്കപ്പെട്ടു. മുസ്ലീം വോട്ടുകൾ ജോർജിന് എതിരെ ഏകീകരിച്ചു. ഒപ്പം എക്കാലവും ഇടതിനൊപ്പം നിന്ന പിന്നാക്ക വിഭാഗം വോട്ടുകൾ അവിടേക്ക് തിരികെയെത്തി.

ഇതോടെ ഇടതു ജയം അനായാസമായി. ഇതോടെ വരുന്ന അഞ്ചു വർഷം പിസി ജോർജ് അപ്രസക്തനായി. ജോർജിന് കേരള രാഷ്ട്രീയത്തിൽ തന്നെ ഇടം നഷ്ടമാകുന്ന സ്ഥിതിയും വന്നു.

ഒരു അധികാര സ്ഥാനവുമില്ലാതെ ഒറ്റയ്ക്ക് നിൽക്കുന്ന പാർട്ടിക്ക് കേരളത്തിൽ വളരുക എന്നത് അസാധ്യമാണ്. ഇതോടെ പിസി ജോർജിന്റെ രാഷ്ട്രീയ സാധ്യതകളും അടയുകയാണ്. അടുത്ത തവണ പൂഞ്ഞാറിൽ നടക്കാനിടയുള്ളത് രാഷ്ട്രീയ പോരാട്ടം തന്നെയാകും.

ഇതോടെ മുന്നണിയോ ശക്തമായ പാർട്ടിയോ ഇല്ലാത്ത പിസി ജോർജിന് പ്രസക്തി തന്നെ നഷ്ടമാകും. ഇനിയൊരങ്കത്തിന് ജോർജിന്റെ ജനപക്ഷ പാർട്ടി ഉണ്ടാകുമോയന്നും കണ്ടറിയണം.

Advertisment