Advertisment

പേരാമ്പ്രയ്ക്കായി അവകാശവാദമുന്നയിച്ച് മുല്ലപ്ലള്ളി രാമചന്ദ്രന്‍ ! 33 വര്‍ഷത്തിന് ശേഷം കിട്ടാനിടയുള്ള സീറ്റില്‍ കണ്ണുവച്ച് ടി സിദ്ദീഖും കെഎം അഭിജിത്തും; മലബാറിലെ അധിക സീറ്റായി പേരാമ്പ്ര വേണമെന്ന് മുസ്ലീംലീഗ്; ഇടതു കോട്ടയെന്നു പറയുമ്പോഴും ലോക്‌സഭയിലേക്ക് യുഡിഎഫിന് ഭൂരിപക്ഷം നല്‍കുന്ന മണ്ഡലത്തിനായി കോണ്‍ഗ്രസില്‍ പോര് ശക്തം; കേരളാ കോണ്‍ഗ്രസ് മുന്നണി വിട്ടതോടെ ശ്രദ്ധേയമായി പേരാമ്പ്ര മണ്ഡലം !

New Update

കോഴിക്കോട്: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം പുറത്തുപോയതോടെ മലബാറില്‍ ഒഴിവു വരുന്ന സീറ്റിനെച്ചൊല്ലി യുഡിഎഫില്‍ തര്‍ക്കം ഏറുന്നു. കഴിഞ്ഞ 33 വര്‍ഷമായി കേരളാ കോണ്‍ഗ്രസ് എം മത്സരിച്ചിരുന്ന പേരാമ്പ്രയ്ക്ക് വേണ്ടിയാണ് ലീഗും കോണ്‍ഗ്രസും ഒരുപോലെ അവകാശവാദം ഉന്നയിക്കുന്നത്. ഇത്തവണ മലബാറില്‍ ഒരു അധിക സീറ്റെന്ന ലീഗിന്റെ അവകാശവാദം പേരാമ്പ്രയെ മുന്‍നിര്‍ത്തിയാണ്.

Advertisment

publive-image

ഇത്തവണ യുഡിഎഫിന് ഭരണം കിട്ടിയാല്‍ മുഖ്യമന്ത്രി കസേര ലക്ഷ്യമിടുന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് കോണ്‍ഗ്രസില്‍ സീറ്റിനായി മുന്‍പന്തിയിലുള്ളത്. കെപിസിസി ഉപാധ്യക്ഷന്‍ ടി സിദ്ദീഖ്, കെഎസ് യു പ്രസിഡന്റ് കെഎം അഭിജിത്ത് എന്നിവരും പേരാമ്പ്രയ്ക്കായി ശ്രമം നടത്തുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേതൃത്വം നല്‍കുന്നതിന്റെ പേരില്‍ മത്സരരംഗത്തുനിന്നും മാറി നിന്ന മുല്ലപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പിലും ആ മാതൃക തുടരണമെന്നാണ് പല നേതാക്കളും ഒളിഞ്ഞും തെളിഞ്ഞും ആവശ്യപ്പെടുന്നത്.

എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മുല്ലപ്പള്ളി മാറി നിന്നതുതന്നെ പേരാമ്പ്രയില്‍ മത്സരിക്കാനാണെന്നാണ് സംസാരം. വടകര ലോക്‌സഭാ മണ്ഡലത്തില്‍ രണ്ടുവട്ടം മത്സരിച്ചപ്പോഴും മുല്ലപ്പള്ളിക്ക് മികച്ച ഭൂരപക്ഷം പേരാമ്പ്ര നല്‍കിയിരുന്നു. ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അനുയായികള്‍ പേരാമ്പ്രയ്ക്കായി അവകാശവാദം ഉന്നയിക്കുന്നത്.

എന്നാല്‍ സീറ്റ് യുവാക്കള്‍ക്ക് നല്‍കണമെന്നാണ് മറ്റു ചിലരുടെ ആവശ്യം. കെ.എം അഭിജിത്തിനായി സീറ്റ് ലക്ഷ്യമിടുന്നവരാണ് ഇതിനു പിന്നില്‍. എന്നാല്‍ ജോസ്. കെ. മാണിയെ യു.ഡി.എഫില്‍ നിന്നും പുറത്താക്കിയപ്പോള്‍ തന്നെ പേരാമ്പ്ര സീറ്റ് ആവശ്യപ്പെടണമെന്ന് മുസ്ലിം ലീഗ് നേതൃത്വം തീരുമാനിച്ചിരുന്നു.

1970ല്‍ പേരാമ്പ്രയില്‍ കെ ജി അടിയോടിയാണ് അവസാനമായി ജയിച്ച കോണ്‍ഗ്രസ് നേതാവ്. യുഡിഎഫ് സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ട് നല്‍കിയതിന് ശേഷം 1977ല്‍ കെ.സി. ജോസഫ് വിജയിച്ചിരുന്നു. പിന്നീടിങ്ങോട്ട മണ്ഡലം ഇടതുപക്ഷത്തോടൊപ്പമാണ് നില്‍ക്കുന്നത്.

എന്നാല്‍ 2011ല്‍ സിപിഎമ്മിലെ കെ കുഞ്ഞഹമ്മദിനെതിരെ കോട്ടയത്തുനിന്നും എത്തിയ കേരളാ കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഇക്ബാലാണ് മത്സരിച്ചത്. അന്നു 15269 വോട്ടുകള്‍ക്കാണ് സിപിഎം വിജയിച്ചത്. പിന്നീട് അടുത്ത അഞ്ചുവര്‍ഷവും മുഹമ്മദ് ഇക്ബാല്‍ പേരാമ്പ്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു.

2016ല്‍ ടിപി രാമകൃഷ്ണന്റെ ഭൂരിപക്ഷം 4101 ലേക്ക് കുറയ്ക്കാന്‍ ഇക്ബാലിന് സാധിച്ചിരുന്നു. എന്നും ഇടതുപക്ഷത്തിന്റെ ഉറച്ചകോട്ടയെന്നു കരുതുന്ന പേരാമ്പ്ര പക്ഷേ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന് 13204 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയിരുന്നു. ഈ കണക്കുകളുടെ പിന്‍ബലത്തില്‍ ഇപ്പോള്‍ മണ്ഡലം തിരിച്ചു പിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

mullappally ramachandran
Advertisment