Advertisment

പേരറിവാളൻ ഒരു എൽ.ടി.ടി.ഇ അനുഭാവിയും, രാജീവ് ഗാന്ധിയെയും, മറ്റു 14 പേരെയും അതിദാരുണമായി കൊന്ന കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച കൊലക്കേസ് പ്രതിയുമാണ്‌! വീരപരിവേഷം നൽകാൻ ദേശ സ്‌നേഹത്തിനു കീർത്തി പത്രം ലഭിച്ച ആളല്ല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

ഴിഞ്ഞ രണ്ടു ദിവസമായി, പത്രങ്ങൾ, ചാനലുകൾ, സമൂഹ മാധ്യമങ്ങളിൽ കൂടി ലേഖകർ, അവതാരകർ,  തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളും അവരുടെ നേതാക്കന്മാരും, സാംസ്കാരിക പ്രമുഖരും, പരസ്പരം മത്സരിക്കുന്നു...പേരറിവാളന്റെ സ്വാതന്ത്ര്യ പോരാട്ടത്തെ കുറിച്ചും, ഒരമ്മയുടെ വേദനയെക്കുറിച്ചും എല്ലാം പറയാന്‍...

പേരറിവാളന്റെ ഉടനടി മോചനത്തിന് വേണ്ടി , ബഹുമാനപ്പെട്ട സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിൽ എനിക്ക് ശക്തമായ വിയോജിപ്പുണ്ട്. അഭിഭാഷകൻ എന്ന നിലയിൽ കോടതിയലക്ഷ്യ ലംഘന പരിമിതി ഉള്ളതിനാൽ, പൊതു വേദിയിൽ വിമർശിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുന്നു.

സുപ്രീംകോടതിയിൽ പേരറിവാളനു വലിയ രീതിയിൽ ആനുകൂല്യം ലഭിക്കത്തക്ക രീതിയിൽ ഈ കേസിനെ കൈകാര്യം ചെയ്ത, മാറി മാറി വന്ന തമിഴ്നാട് സംസ്ഥാന സർക്കാരുകളുടെ നടപടികളും, കേന്ദ്ര സർക്കാരിന്റെ , രാഷ്ട്രീയ നട്ടെലില്ലായ്മയും ഇവിടെ കനത്ത വിമർശനം അർഹിക്കുന്നു.  അതിലേറെ വളരെ ഗൗരവമേറിയ രാഷ്ട്രീയ ചോദ്യങ്ങളിലേക്കും നമ്മളെ നയിക്കുന്നു.

21 മേയ് 1991, ഇന്നേക്ക് 31 വർഷം മുൻപ്, പ്രിയങ്കരനായ മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധി, തമിഴ്നാട്ടിലെ ശ്രീ പെരുമ്പത്തൂരിൽ, എൽ.ടി. ടി. ഇയുടെ ചാവേർ ബോംബിനാൽ കൊല്ലപ്പെടുമ്പോൾ കൂടെ കൊല്ലപ്പെട്ടതു മറ്റു 14 പേർ, ഗുരുതരമായി പരുക്കേറ്റവർ 43 പേർ.

10 ജൂണ്‍ 1991 ന് , പേരറിവാളൻ എന്ന 19 കാരനെ ടാഡ നിയമ പ്രകാരം അറസ്റ്റ് ചെയ്യുമ്പോൾ , ഈ യുവാവ് എൽ.ടി. ടി .ഇ എന്ന ഭീകര സംഘടനയോട് ചേർന്നു പ്രവർത്തിക്കുന്ന, ദ്രാവിഡ കഴകത്തിന്റെ ആസ്ഥാന ഭവനത്തിൽ താമസിച്ചുകൊണ്ടു ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമക്കു ശേഷം , ഉന്നതപഠനത്തിന് തയ്യാറായികൊണ്ടിരിക്കുന്ന സമയം.

കുറ്റമോ, കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ ശിവരശനു വേണ്ടി, 9 വാട്ട് ബാറ്ററിയും മറ്റു സാമഗ്രികളും മേടിച്ചു കൊടുത്തതിന്. ഈ ബാറ്ററി ഉപയോഗിച്ചതോ,തനു എന്ന ചാവേർ യുവതിയുടെ മേലിൽ വച്ച ബോംബ് പ്രവർത്തിപ്പിക്കാൻ. അപ്പോൾ രാജീവ് ഗാന്ധിയെ കൊന്ന ബോംബ് സ്ഫോടനത്തിലെ ബോംബിന്റെ ബാറ്ററിയും മറ്റു സാമഗ്രികളും എത്തിച്ചത് ഈ പേരറിവാളൻ തന്നെയല്ലേ. അതിന്റെ ശിക്ഷ അല്ലെ അനുഭവിച്ചത്.

പിന്നെ കേൾക്കുന്നത് , 27 ഒക്ടോബർ 2017 ന് കേസന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥൻ  വി.ത്യാഗരാജൻ പറയുന്നു, പേരറിവാളന്റെ, മാപ്പ് സാക്ഷി മൊഴിയിൽ,ബാറ്ററി മേടിച്ചു കൊടുത്തത് അല്ലാതെ, എന്തിനു വേണ്ടിയാണെന്നോ, ആരെ കൊല്ലാൻ വേണ്ടിയാണെന്നോ അറിയില്ല എന്ന്.

ഇതിനെ സമർഥനായ വക്കീലിന്റെ നിയമോപദേശം ആയിട്ടെ കാണാൻ സാധിക്കുകയുള്ളൂ. കാരണം , ജസ്റ്റിസ് മിലാപ് ചന്ദ് ജയിനിന്റെ അന്നത്തെ ഇടക്കാല റിപ്പോർട്ടിൽ സ്പഷ്ടമായി പറയുന്നുണ്ട് ,എൽ.ടി. ടി.ഇയുടെ  ഗൂഡാലോചനയെ കുറിച്ച്.

ഇത്ര കൃത്യമായി ആസൂത്രണം ചെയ്ത ഈ കൊലപാതകത്തിൽ, ബോംബിന് വേണ്ട ബാറ്ററി മേടിക്കാൻ എൽ. ടി. ടി.ഇ അനുഭാവിയായ ഇലക്ട്രോണിക്സ് ഡിപ്ലോമ ബിരുദധാരിയായ പേരറിവാളൻ ഒന്നുമറിയാതെ വന്നു എന്നു പറയുന്നത് ഒട്ടും വിശ്വസനീയമല്ല. അല്ലെങ്കിൽ എൽ.ടി. ടി.ഇ അത്ര നിസ്സാരമായി ഈ ഒരു ജോലി ഇങ്ങനെ ഒരാളെ ഏൽപ്പിച്ചു എന്നു വിശ്വസിക്കാനും പ്രയാസം.

അതു കൊണ്ടു തന്നെ പേരറിവാളൻ ഈ കൊലപാതകത്തിന് ശിക്ഷ അനുഭവിച്ച ഒരു കൊലയാളി ആണ്. കൂടെ മരിച്ച മറ്റു 14 പേരുടെ കുടുംബങ്ങളുടെ ഭാഗത്തു നിന്ന് നോക്കുക , ഗുരുതര പരിക്കുകളോടെ ജീവിതം മുന്നോട്ടു നയിക്കുന്ന മറ്റ് 43 പേരുടെയും അവരുടെ കുടുംബങ്ങളുടെ ഭാഗത്തു നിന്ന് നോക്കുക...

സാങ്കേതിക കാരണങ്ങളുടെ ബലത്തിൽ കോടതി വിട്ടയച്ചു എന്ന വസ്തുതയെ ബഹുമാനിച്ചു കൊണ്ടു തന്നെ പറയുന്നു. പേരറിവാളനെ , മുഖ്യമന്ത്രി സ്റ്റാലിൻ വീര പരിവേഷം നൽകി സ്വീകരിച്ചത് മാപ്പർഹിക്കാത്ത തെറ്റ്.   ജസ്റ്റിസ് മിലാപ് ജയിന്റെ ഇടക്കാല റിപ്പോർട്ടിൽ ഡി.എം.കെ, എൽ .ടി. ടി.ഇ ബന്ധത്തെ കുറിച്ചു അടിവരയിട്ട് പറയുന്നുണ്ട്.

ശ്രീ. രാജീവ് ഗാന്ധിയുടെ കൂടെ കൊല്ലപ്പെട്ട 14 പേരിൽ ആർക്കല്ലാം വേണ്ടി തമിഴ്നാട് സർക്കാർ എന്തെല്ലാം ചെയ്തു.  എത്ര പേരെ കാണാൻ മുഖ്യമന്ത്രി സമയം നൽകി. തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ കരുണാനിധിയും , ജയലളിതയുമെല്ലാം തങ്ങളുടെ രാഷ്രീയ വൈരികളോട് ഇതേ പോലെ കരുണയോടെ ഉള്ള സമീപനം ആണ് നിലനർത്തിയിരുന്നെങ്കിൽ, ഈ രാഷ്ട്രീയ നിലപാട് നമുക്ക് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു. അങ്ങനെ ഉള്ള രാഷ്ട്രീയ പാരമ്പര്യം ഇല്ലാത്തവർ , ഈ കേസിൽ ഇങ്ങനെ ഒരു നിലപാട് എടുക്കുമ്പോൾ, അതിനെ തികഞ്ഞ അവസരവാദം ആയിട്ടെ കാണാൻ സാധിക്കുന്നുള്ളൂ.

ശ്രീലങ്കയിലെ തമിഴരുടെ വേദനയിൽ ഇടപെടാനുള്ള വ്യഗ്രതയിൽ, ദൂരവ്യാപകമായി പ്രത്യാഘാതം ഉണ്ടാക്കുന്ന ഒരു രാഷ്ട്രീയ നിലപാടിനെ ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്തതു ഒരുപാട് പേരെ അപമാനിക്കുന്നതിന് തുല്യമായ പ്രവർത്തി ആണ്.

തന്റെ ഭർത്താവിനെ ദാരുണമായി കൊന്ന കൊലപാതികളോടു ശ്രീമതി സോണിയ ഗാന്ധി, ക്ഷമിക്കാനുള്ള സന്നദ്ധത കാണിച്ചു. അതിന്റെ മുഖ്യ ആസൂത്രകൻ ആയിരുന്ന പ്രഭാകരൻ മരിച്ചപ്പോൾ, അതിൽ സന്തോഷം കണ്ടെത്താത്ത എന്നാൽ മനുഷ്യ ജീവൻ വിധ്വംസക പ്രവർത്തനങ്ങളിൽ നഷ്ടപ്പെട്ടുപോകുമ്പോൾ കുടുംബത്തിനു വരുന്ന വേദനയിൽ മനംനൊന്ത് നിന്ന, ശ്രീ രാഹുൽ ഗാന്ധിയുടെ മഹാമനസ്കതയെയും, കുഞ്ഞിന് വേണ്ടി ഒരമ്മയുടെ വേദന മനസിലാക്കി തന്റെ പിതാവിന്റെ ദാരുണാന്ത്യത്തിലെ പ്രതിയായ നളിനിയുടെ ഇളവിനായി നിലപാടെടുത്ത ശ്രീമതി പ്രിയങ്ക ഗാന്ധി വധേരയെയും അങ്ങേയറ്റം നിന്ദിക്കുന്ന പ്രവർത്തിയാണ് സ്റ്റാലിന്റെ ഭാഗത്തു നിന്ന് പേരറിവാളനു നൽകിയ വീര പരിവേഷവും സ്വീകരണവും.

എന്റെ വ്യക്തിപരമായ അഭിപ്രായം , കോൺഗ്രസ് ഡി.എം.കെ.യുമായുള്ള രാഷ്ട്രീയ ബന്ധം ആദർശാധിഷ്‌ഠിത രാഷ്ട്രീയ നിലപാടിന്റെ പേരിൽ നിരുപാധികം വേർപെടുത്തണം എന്നു തന്നെയാണ്.

പത്രമാധ്യമങ്ങളും, സമൂഹമാധ്യമങ്ങളും , സാംസ്കാരിക നേതാക്കളും പേരറിവാളനും,കുടുംബത്തിനും കൊടുക്കുന്ന വീരപരിവേഷം തെറ്റാണ് . ഭരണഘടന അനുശാസിക്കുന്ന എല്ലാ സ്വാതന്ത്ര്യവും കിട്ടും. എന്നാൽ മുൻ പ്രധാനമന്ത്രിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ശിക്ഷ അനുഭവിച്ച ആളെ ഭരണകൂടം  ഒരു രീതിയിലും ആദരിച്ചു കൂട.

ഇതിനെ ഒരു രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിച്ചു പേരറിവാളനും മറ്റു തടവുകാർക്കും രാഷ്‌ട്രീയ തടവുകാർ എന്ന പരിവേഷം നൽകാൻ ഒരു ശ്രമം നടക്കുന്നു. അതു പൂർണമായും തെറ്റാണ് ,കാരണം, ഈ സമയത്തു ശ്രീ. രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി അല്ല, ഈ രണ്ടു രാജ്യങ്ങൾ തമ്മിൽ യുദ്ധവുമില്ല.

ഇന്ത്യയുടെ അതിർത്തിക്ക് പുറത്തുള്ള രാജ്യത്തെ ഭീകര സംഘടന നമ്മുടെ നാട്ടിൽ വന്നു മുൻ പ്രധാനമന്ത്രിയെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹം വീണ്ടും പ്രധാനമന്ത്രി ആയാൽ തങ്ങൾക്ക് ബുദ്ധിമുട്ട് ആകും എന്ന് കരുതി, ഉന്മൂലനം ചെയ്തത് , കൃത്യമായ ഗൂഢാലോചനയോടെ ഉള്ള അന്താരാഷ്‌ട്ര കുറ്റകൃത്യം ആണ്. അല്ലാതെ ഒരു ആഭ്യന്തര വിഷയത്തിൽ ഉള്ള ഒരു രാഷ്ട്രീയ കൊലപാതകം അല്ല.

അങ്ങനെ എങ്കിൽ ഇന്ത്യയിൽ വിവിധ ജയിലുകളിൽ കഴിയുന്ന ഇതുപോലെയുള്ള കുറ്റങ്ങൾ ചെയ്‌തവർ എല്ലാവരും ഇതിനെ ഒരു മാതൃക ആക്കാൻ ഉള്ള ഒരു പ്രചോദനം അല്ലെ ഇതുവഴി ഉണ്ടാക്കി കൊടുക്കുന്നത്. ജയിൽ മോചിതനായ പേരറിവാളനെ കാണാൻ തുടിക്കുന്ന, വിധിന്യായം പുറപ്പെടുവിച്ച , ബഹു. മുൻ സുപ്രീംകോടതി ജഡ്ജി കെ.ടി. തോമസ് കാണിക്കുന്ന വ്യഗ്രത, നീതി ന്യായ വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്ന നിലപാട് ആണ്.

അദ്ദേഹം ന്യായാധിപൻ ആയിരുന്ന സമയത്തു , അദ്ദേഹത്തിന്റെ നീതി ബോധത്തിൽ പേരറിവാളൻ തെറ്റുകാരൻ അല്ല എന്നു തോന്നിയിരുന്നെങ്കിൽ , അയാളെ മറ്റുള്ളവരുടെ കൂട്ടത്തിൽ വെറുതെ വിടാമായിരുന്നു. അല്ലാതെ ഇപ്പോൾ ആലിംഗനത്തിനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയല്ല ചെയ്യേണ്ടത്. ഇരുന്നിരുന്ന പദവിയോടും അതു കല്പിച്ചു നൽകിയ ഉത്തരവാദിത്വത്തോടും കാണിക്കുന്ന അവഹേളനം, അഥവാ ക്ഷണിക നേരത്തെ മാധ്യമ പൊതുജന ശ്രദ്ധ ആകർഷണത്തിനു വേണ്ടിയുള്ള ഒരു ശ്രമം ആയിട്ടെ ഇതിനെ കാണാൻ സാധിക്കുകയുള്ളൂ.

ഒരു രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രിയെ അതിദാരുണമായി കൊലപ്പെടുത്തിയ ഒരു പ്രതിക്ക് വധശിക്ഷ ഇളവ് കൊടുത്തത് തന്നെ വലിയ ഒരു കാര്യമാണ്. അതിന്റെ ഒപ്പം,കോടതി അനുവദിച്ചു കൊടുക്കുന്ന , ഇളവിനെ മുൻനിർത്തി കൊണ്ടു കാണിക്കുന്ന ഈ പ്രഹസനങ്ങൾ ഒരു രാജ്യത്തിന്റെ ഭരണഘടന നൽകുന്ന വ്യവസ്ഥകളെ ദുരുപയോഗം ചെയ്യുന്ന നിലയിലേക്ക് ഇതിനെ എത്തിച്ചില്ലേ എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു.

സമയാസമയങ്ങളിൽ , തീർത്തും വ്യക്തമായി ഭരണഘടന നൽകുന്ന അധികാരങ്ങൾ ഉപയോഗിച്ചു കൊണ്ടു, ഗവർണ്ണറോ കേന്ദ്ര സർക്കാർ ഉപദേശ പ്രകാരം ഇന്ത്യൻ പ്രസിഡണ്ടോ ഈ  അപേക്ഷകൾ കാര്യ കാരണങ്ങൾ നിരത്തി നിരസിച്ചിരുന്നു എങ്കിൽ ഈ ഒരു സ്ഥിതി ഒഴിവാക്കി എടുക്കാം ആയിരുന്നു.

പേരറിവാളന്റെ കഥ എഴുതാൻ മെനക്കെടുത്തിയതിന്റെ പത്തിലൊന്നു സമയം, മേൽപറയുന്ന ആരെങ്കിലും, ശ്രീ. രാജീവ് ഗാന്ധിയുടെ കൂടെ കൊല്ലപ്പെട്ട മറ്റു 14 പേരുടെ കുടുംബങ്ങളുടെ വിഷമം തിരിച്ചറിയാൻ മെനക്കെടുത്തിയതായി ഒരിടത്തും കണ്ടില്ല. അവരുടെ എല്ലാവരുടെയും ജീവിതം കീഴ്മേൽ മറിഞ്ഞത് നോക്കാനും ആളില്ല. ജീവത്യാഗത്തിനും സഹനത്തിനും അതർഹിക്കുന്ന ബഹുമാനം കൊടുത്തതുമില്ല. എന്നാൽ ഇപ്പോൾ നൽകുന്ന ഈ വീരപരിവേഷം വഴി അവരുടെ ജീവിത വിയോഗത്തെയും, ആ കുടുംബങ്ങളുടെ വേദനയെയും , അവഹേളിക്കുകയും, അപമാനിക്കുകയും ആണ് ഇവർ ചെയ്യുന്നത് എന്നു അതു ചെയ്യുന്നവർ മനസ്സിലാക്കിയാൽ നന്നായിരിക്കും.

ആയതിനാൽ , പേരറിവാളൻ എന്ന വ്യക്തി ഒരു രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രിയുടെയും മറ്റ് 14 പേരുടെയും അതിദാരുണമായ കൊലപാതകത്തിനു ശിക്ഷിക്കപെട്ട വ്യക്തി ആണെന്നുള്ളതും ഒരു വീര പരിവേഷം നൽകി സ്വീകരിക്കേണ്ട ആൾ അല്ല എന്നുള്ള വീക്ഷണം ആണ് ഞാൻ മുന്നോട്ടു വയ്ക്കുന്നതും, ആവശ്യപ്പെടുന്നതും.

പേരറിവാളനു വീര പരിവേഷം നൽകുന്നവർ ഒന്നോർക്കുക, ഫാസിസ്റ്റ് ശക്‌തിയുടെ പ്രവർത്തന ശൈലി വളർന്നു കൊണ്ടിരിക്കുന്ന ഇന്ത്യയിൽ, ആൾക്കൂട്ട കൊലപാതക പ്രതികളെയും, ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയ കൊലപാതക പ്രതികളെയും, ഇതേ പോലെ വീരപരിവേഷം അണിയിക്കാൻ തയ്യാറായി നിൽക്കുന്ന ഒരു കൂട്ടം ശക്തികൾക്ക് മുന്നിലോട്ടാണ് നിങ്ങളുടെ വീണ്ടു വിചാരമില്ലാത്ത ഈ പ്രവർത്തി ചുരുളഴിക്കുന്നത്.

അതു അപകടം ആണ്, ആപത്തിനെ വിളിച്ചു വരുത്തുന്നതാണ്. ഉത്തരവാദിത്വത്തോടെ, പെരുമാറുക.

(ലേഖകൻ, അഡ്വ. മാത്യു ആന്റണി  ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനാണ്‌)

Advertisment