Advertisment

ഇന്ധന വില വർധനവ്: ദുരിത കാലത്ത് കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു - വെൽഫെയർ പാർട്ടി

New Update

തിരുവനന്തപുരം: കോവിഡിന്റെ പ്രതിസന്ധി ഇന്ത്യയിൽ കൂടുതൽ ശക്തമാകുമ്പോഴും പെട്രോൾ, ഡീസൽ വിലയിൽ വൻ വർധനവ് വരുത്തി ജനങ്ങളെ കൊള്ളയടിച്ച് ലാഭം കണ്ടെത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. തുടർച്ചയായി ആറാം ദിവസവും വൻ വർദ്ധനവാണ് ഇന്ധന വിലയിലുണ്ടായത്.

Advertisment

publive-image

ആറ് ദിവസത്തിനിടെ പെട്രോളിന് 3 രൂപ 26 പൈസയും ഡീസലിന് 3 രൂപ 32 പൈസയാണ് വർധിച്ചത്. ആഗോള വിപണിയിൽ എണ്ണ വില വർധനവ് ഉണ്ടായി എന്നാണ് കമ്പനികൾ പറയുന്നത്. എന്നാൽ ലോക്ഡൗൺ കാലത്ത് വിവിധ സന്ദർഭങ്ങളിലായി വൻതോതിൽ ആഗോള വിപണിയിൽ വില ഇടിവ് ഉണ്ടായിട്ടും ഇന്ത്യയിലെ എണ്ണകമ്പനികൾ വിലയിൽ കുറവ് വരുത്തിയിട്ടില്ല. എന്നു മാത്രമല്ല കേന്ദ്ര സർക്കാർ എക്സൈസ് തീരുവ വർദ്ധിപ്പിച്ച് വില കുറയാതിരിക്കാനുള്ള നീക്കങ്ങളാണ് നടത്തിയത്. കോർപ്പറേറ്റുകളുടെ സുഖ സൌകര്യങ്ങളന്വേഷിക്കൽ മാത്രമാണ് ബി.ജെ.പി ഭരണത്തിൽ നടക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടും ദൈനംദിന ജീവിതത്തിന് വകയില്ലാതെയും വഴിമുട്ടുന്നു ജനങ്ങൾക്ക് മേൽ വീണ്ടും ഭാരം കെട്ടി വച്ചു കൊണ്ട് ഫാസിസത്തിന്റെ തനിനിറം കാണിക്കുകയാണ് മോഡി സർക്കാർ ചെയ്യുന്നത്. ജനങ്ങളിൽ നിന്നും വിവിധ ഇനങ്ങളിലായി പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് ഭരണകൂടം ഇപ്പോൾ നികുതിയായി പിരിച്ചെടുക്കുന്നത്. ആഗോള വിപണിയിലെ ഇന്ധന വിലയെക്കാളും വലുതാണ് ഇന്ത്യയിലെ നികുതി.

മഹാമാരി ഇന്ത്യയിൽ വലിയതോതിൽ വർദ്ധിക്കുമ്പോഴും ആരോഗ്യ മേഖലയിൽ ഒന്നും ചെയ്യാത്ത കേന്ദ്രസർക്കാർ എണ്ണകമ്പനികൾക്ക് വേണ്ടിയും കൊള്ളലാഭം കൊയ്യുന്നതിനു വേണ്ടിയും ജനങ്ങളുടെ മേൽ നടത്തുന്ന ഏകാധിപത്യത്തിനെതിരെ ജനാധിപത്യ സമൂഹം ശക്തമായി പ്രതിഷേധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളെ പട്ടിണിയിലേക്ക് തള്ളുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് കൊണ്ട് വരും ദിവസങ്ങളിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു.

petrol pirice hike
Advertisment