Advertisment

'തിരിച്ചുപോകുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണ്': പ്ലാസ്റ്റിക് കുപ്പികൾ ദേഹത്ത് കെട്ടി സ്പെയിനിലേക്ക് നീന്തിക്കയറി ഒരു ബാലൻ

New Update

മൊറോക്കോ: ഇരുണ്ട നിറമുള്ള ടീ - ഷർട്ട് ധരിച്ച്, ദേഹത്ത് പ്ലാസ്റ്റിക് ബോട്ടിലുകളും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൻ നീന്തിക്കയറിയത് സ്‌പെയിനിന്റെ ഉത്തര ആഫ്രിക്കൻ കോൺക്ലേവായ സ്യൂട്ടയിലേക്കായിരുന്നു. സ്വന്തം രാജ്യമായ മൊറോക്കോയിലെ കയ്പേറിയ ജീവിതാനുഭവങ്ങളിൽ നിന്ന് ഏത് കടലും കടന്ന് രക്ഷപ്പെടാനുള്ള അടങ്ങാത്ത ആഗ്രഹമാകാം ഇത്തരമൊരു അതിസാഹസികതക്ക് ആ ബാലനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

Advertisment

publive-image

എന്നാൽ പ്രതീക്ഷിച്ച പോലെയുള്ള കാര്യങ്ങളല്ല അവനെ കാത്ത് സ്യൂട്ടയിൽ ഉണ്ടായിരുന്നത്. തീരത്ത് പിടിക്കപ്പെട്ടപ്പോൾ പട്ടാളക്കാരോട് ആ ബാലൻ കരഞ്ഞു പറഞ്ഞയുന്നതാണ് ഇന്ന് ഇന്റർനെറ്റിൽ സകലരുടെയും നെഞ്ചിൽ നോവ് പട‍ർത്തുന്നത്.

തിരിച്ച് അയയ്ക്കുന്നതിനേക്കാൾ നല്ലത് തന്നെ കൊല്ലുന്നതാണെന്നാണ് ആ ബാലൻ തന്നെ പിടികൂടിയ പട്ടാളക്കാരുടെ മുന്നിൽ കരഞ്ഞ് പറയുന്നത്. ഉത്തര ആഫ്രിക്കൻ രാജ്യത്ത് സംസാരിക്കുന്ന അറബി ഭാഷയായ ദാരിജയിൽ ആണ് ബാലൻ വീഡിയോയിൽ സംസാരിക്കുന്നത്.

'തിരിച്ചു പോകുന്നതിനേക്കാൾ നല്ലത് ഞാൻ മരിക്കുന്നതാണ്' - എന്നു പറഞ്ഞാണ് ആ ബാലൻ കരഞ്ഞതെന്ന് റാച്ചിഡ് മുഹമ്മദ് അൽ മെസ്സൌയി എന്ന സൈനികൻ റോയിട്ടേഴ്സിനോട് പറഞ്ഞു. സ്യൂട്ടയിലെ തീരത്തേക്ക് നീന്തിക്കയറിയ ബാലനെ പിടികൂടിയ സൈനികനാണ് റാച്ചിഡ് മുഹമ്മദ്.

ഇത്രയും ചെറിയൊരു ബാലനിൽ നിന്ന് ഞാൻ ഇത്തരമൊരു വാക്ക് പ്രതീക്ഷിച്ചില്ലെന്നും സൈനികൻ പറഞ്ഞു. ആ ആൺകുട്ടിയുടെ മുഖത്ത് കാണുന്ന ദുരവസ്ഥ ഏതൊരാളുടെയും ഹൃദയത്തെ തകർക്കും.

രാജ്യത്തേക്ക് കയറ്റി വിടുന്നതിന് പകരം, ബാലനെ ഇപ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ മേഖലയിൽ പാർപ്പിച്ചിരിക്കുകയാണ്. ബാലനെപ്പോലെ കടൽ നീന്തിവന്ന മറ്റ് എണ്ണായിരത്തിലധികം കുടിയേറ്റക്കാരും യൂറോപ്പിലേക്ക് പോകാനും അവിടെ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാനാകുമെന്നും കരുതിയാണ് അവിടെ താമസിക്കുന്നത്.

ഇവരെല്ലാം മൊറോക്കോയിൽ നിന്ന് സ്പെയിനിലേക്ക് നീന്തി വന്നവരാണ്. സ്ഥിതിഗതികളുടെ മേൽനോട്ടത്തിനായി സ്യൂട്ടയിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവരെ നാടുകടത്തുന്നത് നിയമ വിരുദ്ധമായതിനാൽ, മൊറോക്കോയിൽ നിന്ന് വരുന്ന എല്ലാവരേയും പാർപ്പിക്കാനായി സ്പെയിൻ ഒരു അഭയാർഥി കേന്ദ്രവും ഒരുക്കിയിട്ടുണ്ട്.

യൂറോപ്പിലേക്ക് കടക്കാൻ മൊറോക്കോയിൽ നിന്ന് നീന്തി സ്യൂട്ടയിലെത്തുമ്പോൾ അവശനായിരുന്നു ബാലൻ. കുടിയേറ്റം നിയന്ത്രിക്കാനായി സ്പെയിൻ കാവൽ നിർത്തിയിരുന്ന പട്ടാളക്കാരുടെ മുന്നിലേക്ക് കയറിച്ചെല്ലുന്ന ബാലൻ ഓടി രക്ഷപ്പെടാനും ശ്രമിക്കുന്നുണ്ട്.

ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇത്തരം പാലയനങ്ങൾ നടക്കാറുണ്ട്. സ്വന്തം രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്ന് രക്ഷപ്പെടാനും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടിയുമാണ് പലരും സ്വന്തം ജീവൻ പണയം വച്ച് ഇത്തരം യാത്രകൾ നടത്തുന്നത്. ഇത്തരത്തിലുള്ള പല യാത്രകളും പലരുടെയും ജീവൻ എടുത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

തുർക്കിയിലെ ബ്രോഡം തീരത്ത് കടൽത്തീരത്ത് കമഴ്ന്നു കിടന്ന മൂന്നു വയസുകാരൻ ഐലാൻ കുർദിയുടെ ചിത്രം ഇപ്പോളും ആളുകളെ കണ്ണീരിലാഴ്ത്തുന്ന ഒന്നാണ്. നിലുഫർ ഡെമിർ എന്നയാളുടെ ക്യാമറക്കണ്ണുകളിലൂടെയാണ് പിറ്റേന്ന് ലോകം ആ ചിത്രം കാണുന്നത്.

ഗ്രീസിലേക്കുള്ള പലായനത്തിനിടെ ഐലാനും കുടുംബവും സഞ്ചരിച്ച ബോട്ട് മുങ്ങുകയായിരുന്നു. അഭയാർത്ഥി പ്രശ്‌നങ്ങളുടെ തീവ്രത ഐലാനിലൂടെ പുറം ലോകമറിയുകയായിരുന്നു. പിന്നീട് ദുരിതമനുഭവിക്കുന്ന അഭയാർത്ഥികളുടെ പ്രതീകമായി മാറുകയായിരുന്നു ഐലാൻ.

viral news
Advertisment