Advertisment

കാര്‍ഷിക ബില്‍ ചരിത്രപരം; പ്രതിപക്ഷം വിവാദത്തിന്റെ ശില്‍പികളെന്ന് പ്രധാനമന്ത്രി; പ്രതിപക്ഷം നുണ പറയുകയാണെന്നും മോദി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാജ്യസഭയില്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെ ചരിത്രപരവും അനിവാര്യവുമാണെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തെ വിവാദത്തിന്റെ ശില്‍പികളെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി കർഷകരുടെ മേലുള്ള നിയന്ത്രണം നഷ്ടമാകുമെന്ന ഭയത്താലാണ് പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും പറഞ്ഞു.

പ്രതിപക്ഷം നുണ പറയുകയും വിവാദങ്ങൾ സൃഷ്ടിക്കുകയുമാണ്. പ്രതിപക്ഷത്തിന് നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ 9 ദേശീയപാതകളുടെ ശിലാസ്ഥാപനം ഉദ്ഘാടനം ചെയ്യവെയാണ് മോദി പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്.

ഈ ബില്ലുകള്‍ കര്‍ഷകരെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എവിടെയും സ്വതന്ത്രമായി വ്യാപാരം ചെയ്യാന്‍ പ്രാപ്തരാക്കും. ഇതൊരിക്കലും കര്‍ഷക താത്പര്യത്തിന് എതിരല്ല. ഈ കാലഘട്ടത്തിൽ ഇത് അനിവാര്യമായതിനാലാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി ഈ പരിഷ്‌കാരം കൊണ്ടുവന്നത്.

കൂടുതല്‍ ലാഭം ലഭിക്കുന്നിടത്ത്‌ കര്‍ഷകര്‍ക്ക് അവരുടെ ഉത്പ്പന്നങ്ങള്‍ വില്‍ക്കാന്‍ ഇതിലൂടെ കഴിയും. മുമ്പത്തെ പോലെ തന്നെ താങ്ങുവില സംവിധാനം നിലനില്‍ക്കുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്നും മോദി പറഞ്ഞു.

ജൂണിൽ കർഷക ഓർഡിനൻസ് പുറത്തിറക്കിയശേഷം നിരവധി സംസ്ഥാനങ്ങളിലെ കർഷകർ നേട്ടമുണ്ടാക്കി. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിൽ ഈ വർഷം നല്ല വിളവുണ്ടായി. 15%-25% വരെ അധിക വരുമാനമുണ്ടാക്കാൻ സാധിച്ചു.

കർഷക ഓർഡിനൻസിലൂടെ ചരിത്രപരമായ മാറ്റമുണ്ടാക്കിയതിനു ശേഷം വീണ്ടും വലിയ മാറ്റമുണ്ടാക്കാനുള്ള തീരുമാനം ചിലരുടെ സമനില തെറ്റിച്ചു. താങ്ങുവിലയുടെ പേരിൽ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് അവരെന്നും മോദി പറഞ്ഞു.

Advertisment