Advertisment

വീട്ടില്‍ ഇരുന്ന് മടുത്ത ജനങ്ങള്‍ക്ക് ആനന്ദം പകരാന്‍ സഞ്ചരിക്കുന്ന ഗാനമേളയുമായി ജനമൈത്രി പൊലീസ് ; ഗാനമേള എന്ന് കേട്ടതും കൂട്ടത്തോടെ ഉഷാറായി പുറത്തിറങ്ങി നാട്ടുകാര്‍ ; ഒടുവില്‍ എല്ലാവരെയും ഓടിച്ച് വീട്ടില്‍ കയറ്റി 'പാട്ടുപാടി' പൊലീസും ; സംഭവം മുണ്ടക്കയത്ത്..

New Update

മുണ്ടക്കയം : വീട്ടിൽ ഇരുന്നു മടുത്ത ജനങ്ങൾക്ക് ആനന്ദം പകരാൻ സഞ്ചരിക്കുന്ന ഗാനമേള ഒരുക്കി ജനമൈത്രി പൊലീസ്. പക്ഷേ, ഗാനമേള എന്ന് കേട്ടാൽ ആവേശം കൊള്ളുന്ന ആളുകൾ കൂട്ടമായി പുറത്തിറങ്ങി.

Advertisment

ആളുകളെ നിയന്ത്രിച്ച് വീണ്ടും വീടുകളിൽ കയറ്റിയ ശേഷമാണ് ഗാനമേള നടത്താനായത്. ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ലോറിയിലാണ് പൊതു ജനങ്ങൾക്ക് വീട്ടിൽ ഇരുന്ന് കേൾക്കാൻ ഗാനമേള ഒരുക്കിയത്.

publive-image

എന്നാൽ പുലിക്കുന്നിലുള്ള ജനവാസ മേഖലയിൽ ഗാനമേള വണ്ടി വന്നതോടെ കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ഗാനമേള കാണാൻ പുറത്തിറങ്ങി. ഇതോടെ ആളുകൾ കൂട്ടം കൂടിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ലോക്ഡൗണിനൊപ്പം നിരോധനാജ്ഞയും നിലവിലുള്ളപ്പോൾ നിയമങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടം കൂടി എന്നതായിരുന്നു പ്രശ്നം.

സംഭവം ശരിയാണെന്ന് പൊലീസിനും അറിയാം പക്ഷേ, ജനങ്ങൾ ഉണ്ടോ കേൾക്കുന്നു. ഇതിനോടകം മേലധികാരികളും പ്രശ്നത്തിൽ ഇടപെട്ടു. ഒടുവിൽ ജനങ്ങളെ സന്തോഷിപ്പിക്കാൻ എത്തിയ പൊലീസുകാർ അൽപം ഭീഷണി വരെ ഉപയോഗിക്കേണ്ടി വന്നു. എല്ലാവരെയും വീടുകളിൽ കയറ്റി. വീടുകൾക്ക് ഉള്ളിൽ ഇരുന്നു ഗാനമേള കേട്ടാൽ മതി എന്ന കർശന നിർദേശവും നൽകി.

ആളുകൾ കൂട്ടം കൂടിയാൽ ഗാനമേള നിർത്തും എന്നും മുന്നറിയിപ്പു നൽകി.സംഗീത സംവിധായകൻ സുമേഷ് കൂട്ടിക്കലും സംഘവുമാണ് ഗാനമേള അവതരിപ്പിച്ചത് . പാട്ടുകാർക്കും ഒപ്പം കാക്കിക്കുള്ളിലെ കലാകാരന്മാരും ഉണർന്നു. കോവിഡ് മുന്നറിയിപ്പ് നൽകുന്ന ബോധവൽക്കരണത്തിനൊപ്പം ആണ് ഗാനമേള ആരംഭിക്കുന്നത്. തുടർ ദിവസങ്ങളിലും ഗാനമേള നടത്താനാണ് പൊലീസിന്റെ തീരുമാനം. പക്ഷേ, ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കണം എന്നും നിർദേശമുണ്ട്.

Advertisment