Advertisment

അയർലൻഡിൽ മരിച്ച പാലാ സ്വദേശി ബീനയ്ക്ക് അർബുദ രോഗത്തിനിടെ കോവിഡ് 19 സ്ഥിരീകരിച്ചത് അപ്രതീക്ഷിതമായി ! ആദ്യ പരിശോധനയിൽ നെഗറ്റിവ് എന്ന് കണ്ടെത്തിയപ്പോൾ ആശ്വസിച്ചു ! ഭാര്യയ്ക്ക് കഞ്ഞി വാരിക്കൊടുത്ത് രാവിലെ വരാമെന്ന്‌ പറഞ്ഞ് യാത്ര പറഞ്ഞിറങ്ങിയ ഭർത്താവ് വീട്ടിലെത്തിയപ്പോൾ കേട്ടത് ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ച വാർത്ത ! പിന്നെ സംഭവിച്ചത് ?

New Update

ഡബ്ലിൻ:  അർബുദ ബാധയ്ക്കിടെ അപ്രതീക്ഷിതമായുണ്ടായ കോവിഡ് ബാധയിൽ മരിച്ച അയർലണ്ടിലെ മലയാളി നേഴ്സ് പാലാക്കാരിയായ പൂവരണി പുല്ലാട്ട് ബീന എലിസബത്ത് ജോർജ്ജിന്റെ വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് ബീനയുടെ കുടുംബവും ഡബ്ലിനിലെ മലയാളി സമൂഹവും.

Advertisment

publive-image

അർബുദത്തിനിടെ വന്ന ന്യുമോണിയ ആണ് ബീനയുടെ വിധി മാറ്റിയെഴുതിയത്. അർബുദത്തിന്റെ ചികിത്സ മുറപോലെ തുടരുകയായിരുന്നു. ഇതിനിടെ പനി വന്നതോടെ ബീന ജോലി ചെയ്യുന്ന ഡ്രോഗഡ് ഔർ ലേഡി ഓഫ് ലൂർദ്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിലാണ് ന്യൂമോണിയ ആണെന്ന് തെളിഞ്ഞത്.

എന്നാൽ 17 ദിവസത്തെ ചികിത്സയിലൂടെ ന്യൂമോണിയ മാറി വീട്ടിലേക്ക് മടങ്ങി. അതിനിടെ കോവിഡ് 19 ടെസ്റ്റ് നടത്തിയെങ്കിലും ഫലം നെഗറ്റിവ് ആയിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തി 2 ദിവസം കഴിഞ്ഞപ്പോൾ തന്നെ വീണ്ടും പനി ബാധിച്ച് ആശുപത്രിയിലേക്ക് മടങ്ങേണ്ടി വന്നു.

പിന്നീടാണ് കാര്യങ്ങൾ ബീനയുടെയും ജോർജ്ജിന്റെയും പ്രതീക്ഷകൾക്കും പ്രാർത്ഥനകൾക്കും അപ്പുറത്തേക്ക് വഷളാകുന്നത്. രണ്ടാംഘട്ടം പ്രവേശിപ്പിച്ചത് ഐസൊലേഷൻ റൂമിലായിരുന്നെങ്കിലും പകൽ മുഴുവൻ ഭർത്താവ് ജോർജ്ജ് ബീനയ്ക്കൊപ്പം തന്നെ ഇരുന്നു.

അന്നുതന്നെ കോവിഡ് 19 നുള്ള പരിശോധന വീണ്ടും നടത്തി. വൈകുന്നേരമായപ്പോൾ ജോർജ്ജ് വീട്ടിൽ പോയി ബീനയ്ക്ക് കഞ്ഞി കൊണ്ടുവന്നു. ആശുപത്രിയിലെ ഭക്ഷണം ഭക്ഷണം ബീന കഴിക്കാറില്ല. ആശുപത്രിയിൽ കിടക്കുമ്പോഴൊക്കെ വീട്ടിൽ നിന്നും ഭക്ഷണം എത്തിച്ചു നൽകുകയാണ് പതിവ്.

അങ്ങനെ അന്നുകൊണ്ടുവന്ന കഞ്ഞിയും ജോർജ്ജ് തന്നെ സ്പൂണിൽ വാരിക്കൊടുത്താണ് കഴിപ്പിച്ചത്. പിന്നീടും ബീനയുടെ കരം പിടിച്ച് ഒപ്പമിരുന്ന ജോർജ്ജ് രാത്രി വൈകിയാണ് ഭാര്യയോട് യാത്ര പറഞ്ഞു വീട്ടിലേക്ക് മടങ്ങുന്നത്.

publive-image

രാവിലെ നേരത്തെ വരാമെന്നു ബീനയ്ക്ക് ഉറപ്പുകൊടുത്തായിരുന്നു ജോർജ്ജിന്റെ മടക്കം. ഭർത്താവിനോട് യാത്ര പറഞ്ഞു തിരിച്ചയയ്ക്കുന്നതുവരെ ബീനയ്ക്ക് പ്രത്യേകിച്ച് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല.

മാത്രമല്ല പനി കുറയുകയും ചെയ്തിരുന്നു. പക്ഷെ അതവരുടെ അവസാന യാത്ര പറച്ചിലാക്കി മാറ്റിയ സംഭവങ്ങളായിരുന്നു പിന്നീട് അരങ്ങേറിയത്.

ജോർജ്ജ് വീട്ടിലെത്തി മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിൽ നിന്നും ഫോൺ വിളിയെത്തി; ബീനയുടെ കോവിഡ് 19 പരിശോധനാ ഫലം വന്നു - പോസിറ്റിവ് ! ഇനി ആരും ആശുപത്രിയിലേക്ക് വരേണ്ടതില്ലെന്നും അറിയിപ്പുണ്ടായി.

ജോർജ്ജ് മാനസികമായി വരേണ്ടതില്ലെന്നും അറിയിപ്പുണ്ടായി. ജോർജ്ജ് മാനസികമായി ആകെ തകർന്നു. രാജ്യത്തിന്റെ നിയമങ്ങളും രോഗിയുടെ പ്രോട്ടോക്കോളും അനുസരിക്കാതെ തരമില്ല. ഇതിനിടെ ജോർജ്ജിനും പനിയും ചുമയും തുടങ്ങി.

ഇതോടെ വീട്ടിൽ തന്നെയിരുന്ന് ആശുപത്രിയിലെ മലയാളി നേഴ്സുമാരെയും മറ്റ് പരിചയക്കാരെയും വിളിച്ച് ബീനയുടെ കാര്യങ്ങൾ തിരക്കി. അപ്പോഴും ആശങ്കപ്പെടാൻ ഒന്നുമില്ലെന്നായിരുന്നു പ്രതീക്ഷ.

പക്ഷെ ശനിയാഴ്ച വൈകുന്നേരമായതോടെ കാര്യങ്ങൾ കൈവിട്ടുപോകുകയാണോ എന്ന സംശയം ഉണ്ടായി. ആശുപത്രിയിലെ സ്റ്റാഫിന്റെ സംസാരങ്ങളിൽ നിന്നും പന്തികേട് മനസിലായി. എങ്കിലും നേരിട്ടുപോയി കാണാനോ സംസാരിക്കാനോ പറ്റാത്ത അവസ്ഥ.

publive-image

രാവിലെ ആറരയോടെ ആശുപത്രിയിൽ നിന്നും ജോർജ്ജിന്റെ ഫോണിലേക്ക് കോൾ വന്നു. അത് ബീന എന്നന്നേയ്ക്കുമായി യാത്ര പറഞ്ഞുവെന്ന വിവരം അറിയിച്ചുകൊണ്ടായിരുന്നു.

സംസ്കാര ചടങ്ങുകളിൽ കുടുംബാംഗങ്ങൾക്ക് പങ്കെടുക്കാനാകും. ബൾഗേറിയയിൽ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥികളായ റോസ്മിയും ആൻമിയും അവിടെത്തന്നെയാണ്. ഇവരെ അയർലൻഡിൽ അമ്മയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഭർത്താവ് ജോർജ്ജ് പോൾ കോട്ടയം കുറുപ്പുന്തറ പഴഞ്ചിറ കുടുംബാംഗമാണ്. പൂവരണി പുല്ലാട്ട് മാണിക്കുട്ടി -ചിന്നമ്മ ദമ്പതികളുടെ മകളാണ് ബീന.

അയർലൻഡിലേക്ക് ജോലി നേടിപോകുന്നതിനു മുമ്പ് പൈക ഗവണ്മെന്റ് ആശുപത്രിയിൽ നേഴ്സായിരുന്നു ബീന. ടിറ്റി, ഷിബു, മനു, തോമസ്, ജോർജി എന്നിവരാണ് സഹോദരങ്ങൾ.

Advertisment