Advertisment

പ്രവാസികളുടെ അവസ്ഥ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സ്ഥിതിയില്‍ ? ഗള്‍ഫിലെ ലേബര്‍ ക്യാമ്പുകളില്‍ മാനസിക സംഘര്‍ഷത്തിലും ആശങ്കയിലും വിശപ്പകറ്റാന്‍ കൈ നീട്ടിയും കഴിയുന്നത് പതിനായിരക്കണക്കിന് ദിവസ വരുമാനക്കാര്‍. ഒന്നര മാസമായി വരുമാനമില്ലാതെ ഒറ്റപ്പെട്ടു കഴിയുന്നവരോട് മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ചിലവ് വഹിക്കണമെന്ന് പറഞ്ഞാല്‍ ? കുവൈറ്റില്‍ ഉള്‍പ്പെടെ സാഹചര്യങ്ങള്‍ അതീവ ഗുരുതരമാകുന്നത് ഇങ്ങനെ

New Update

കുവൈറ്റ്:  പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ യാഥാർഥ്യബോധത്തോടെ പ്രവർത്തിക്കാതെ വലിയവായിൽ വർത്തമാനങ്ങൾ പറയുമ്പോൾ ഗൾഫ് ലോകത്തെ ഭൂരിപക്ഷം വരുന്ന പ്രവാസികളുടെ ദുരിത ജീവിതത്തിന് മാത്രം അറുതിയില്ല.

Advertisment

പ്രവാസികളെ കൊണ്ടുപോകണമെന്ന് അതാത് രാജ്യങ്ങളും ഇപ്പോൾ അത് സാധ്യമല്ലെന്നു സ്വന്തം രാജ്യവും ആവർത്തിക്കുമ്പോൾ ഇതിനിടയിൽ കിടന്നു ഞെരുങ്ങുന്നത് പ്രവാസി ജീവിതങ്ങൾ തന്നെയാണ്.

publive-image

സ്ഥിരവരുമാനക്കാരോ നീക്കിയിരിപ്പ് ഉള്ളവരോ ആയ വളരെ ചെറിയ ശതമാനം ഒഴികെയുള്ള ഗൾഫിലെ പ്രവാസികളുടെ അവസ്ഥ അങ്ങേയറ്റം ദുരിതപൂർണ്ണം തന്നെയാണ്. സാമൂഹ്യ പ്രവർത്തകരോ സംഘടനകളോ നൽകുന്ന ഭക്ഷണപ്പൊതിയ്ക്കായി പ്രവാസികൾ പരക്കം പായുന്ന സ്ഥിതിയാണ് കുവൈറ്റിലും ഗൾഫിലെ ലേബർ ക്യാമ്പുകളിലും കാണുന്നത്.

സ്വകാര്യ കമ്പനികളിലൊക്കെ 25 മുതൽ 50 ശതമാനം വരെ ശമ്പളം വെട്ടിക്കുറച്ചിട്ടുണ്ട്. ജോലി ചെയ്യാതെ ഇരിക്കുന്ന തൊഴിലാളികൾക്ക് നൽകുന്ന ബാക്കി വരുന്ന ശമ്പളത്തുക ഇവരുടെ ഫൈനൽ സെറ്റിൽമെന്റ് തുകയിൽ നിന്നും പിടിക്കുമെന്നു പറഞ്ഞ കമ്പനികൾ അവരെയുണ്ട്.

അതായത് നിലവിൽ കമ്പനികൾ ഇവർക്ക് പകുതി ശമ്പളം കൊടുത്താലും അത് അവരുടെ തന്നെ സമ്പാദ്യത്തിൽ നിന്ന് തിരിച്ചുപിടിക്കും.

publive-image

നിത്യച്ചിലവിന് നിവൃത്തിയില്ലാതെ നിത്യവരുമാനക്കാർ

ദിവസ വരുമാനക്കാരായ ടാക്സി ഡ്രൈവർമാർ, ബാർബർമാർ, ഇലക്ട്രിക് പ്ലംബിങ്ങ് തൊഴിലാളികൾ എന്നിങ്ങനെയുള്ള പതിനായിരക്കണക്കിന് പ്രവാസികളുടെ അവസ്ഥയാണ് ദയനീയമെന്നല്ല, പരമദയനീയമെന്ന നിലയിലെത്തി നിൽക്കുന്നത്.

രണ്ടു മാസത്തോളമായി വരുമാനമില്ലാത്ത മുറികളിൽ കുടുങ്ങി കിടക്കുന്ന ഇവരുടെ ഗതി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഭക്ഷണത്തിന് പോലും നല്ല നേരം നോക്കേണ്ടി വരുന്ന അവസ്ഥ. സംഘടനകളും സാമൂഹ്യ പ്രവർത്തകരും നൽകുന്ന ഭക്ഷണപ്പൊതികളാണ് ഇവരുടെ ഏക ആശ്രയം.

എന്ത് ചെയ്യും എന്നറിയാൻ പറ്റാത്ത അവസ്ഥയിലാണ് ഇവരുടെ ജീവിതം. അതിനിടെ മാനസിക സംഘർഷങ്ങളും അസുഖങ്ങളും എല്ലാം കൂടിയാകുമ്പോൾ ജീവിതം കൈവിട്ടുപോകുന്ന അവസ്ഥ.

ഭാര്യ നാട്ടിൽ മരിച്ചിട്ട് മൃതദേഹം കാണാൻ പോലും സാധിക്കാതെ സാൽമിയയിലെ താമസസ്ഥലത്ത് കടുത്ത മാനസിക വിഷമത്തിൽ കഴിയുകയായിരുന്ന കായംകുളം സ്വദേശിയായ സണ്ണി യോഹന്നാൻ എന്ന 55 കാരൻ ഇന്ന് ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങി.

കഴിഞ്ഞ ദിവസങ്ങളിൽ പ്രവാസികളുടെ ആത്മഹത്യ സംബന്ധിച്ച വാർത്തകളും പുറത്തുവന്നിരുന്നു. ഈ നില തുടർന്നാൽ പ്രവാസികൾക്കിടയിൽ നാളെ എന്ത് സംഭവിക്കും എന്ന് പറയാൻ കഴിയില്ല.

publive-image

നാട്ടിൽ കാലുകുത്തുന്നത് 'സ്വന്തം' ചിലവിലോ ? എവിടുന്ന് ?

മടങ്ങി വരുമ്പോൾ അത് സ്വന്തം ചിലവിലായിക്കൊള്ളണമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. പ്രവാസികളുടെ പക്കൽ നിന്നും ഓരോരോ കാലങ്ങളിൽ കൈക്കലാക്കിയിട്ടുള്ള സർവീസുകൾ ചാർജ്ജുകൾ ഉൾപ്പെടെയുള്ള കോടിക്കണക്കിനു രൂപയുടെ സമ്പാദ്യം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുണ്ട്. എംബസികളിൽ വെൽഫെയർ ഫണ്ട് എന്ന അക്കൗണ്ടിൽ കോടികളുണ്ട്.

നിലവിലെ സാഹചര്യത്തിൽ സ്വന്തം പോക്കറ്റിൽ നിന്നും ടിക്കറ്റെടുത്ത് നാട്ടിലേക്ക് പോരാൻ കഴിയാത്ത ദിവസ വരുമാനക്കാരായ അവിദഗ്ദ്ധ തൊഴിലായകളുടെ ടിക്കറ്റ് ചാർജെങ്കിലും എംബസിയുടെ വെൽഫെയർ ഫണ്ടിൽ നിന്നും മുടക്കാൻ തയാറാകേണ്ടതാണ്.

ലോക കേരള സഭയെന്ന പ്രഹസനത്തിന് പ്രാഞ്ചിയേട്ടന്മാരെ ബിസിനസ് ക്ലാസ് ടിക്കറ്റിൽ നാട്ടിലെത്തിച്ച് നക്ഷത്ര ഹോട്ടലുകളിൽ താമസിപ്പിച്ച് ആയിരങ്ങളുടെ ഭക്ഷണം വിളമ്പിയ സംസ്ഥാന സർക്കാരിനും നോർക്കയ്ക്കും മലയാളികളായ പാവപ്പെട്ട പ്രവാസികളുടെ ചിലവ് വഹിക്കാൻ പ്രയാസപ്പെടേണ്ട കാര്യമില്ല.

പ്രവാസികളുടെ മടക്കയാത്ര ആരംഭിച്ചാൽ വിമാന കമ്പനികൾ കൊയ്ത്ത് തുടങ്ങുമെന്നുറപ്പാണ്. ഇവരുടെ ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന് കഴിയണം.

എന്തായാലും ഇന്ത്യൻ സർക്കാർ യഥേഷ്ടം ലോക്ക് ഡൗൺ നീട്ടുകയും മാറ്റുകയും ചെയ്യുന്നതനുസരിച്ച് പ്രവാസ നാടുകളിൽ കാത്തിരിക്കാൻ ഇനി പ്രവാസിക്ക് കഴിയില്ല.

പല സാഹചര്യങ്ങളും അവർക്ക് പോലും പരസ്യമായി പറയാൻ പറ്റാത്തതാണ് സാഹചര്യം. പകരം സ്വന്തം പൗരന്മാരുടെ അവസ്ഥ അറിഞ്ഞു പ്രവർത്തിക്കാൻ സർക്കാരിന് കഴിയണം.

Advertisment