Advertisment

ഗൾഫിലെ പ്രവാസികൾ നിൽക്കുന്നത് തീയ്ക്കും കടലിനും നടുവിൽ ! 3 തവണ രോഗമുണ്ടെന്ന് പറഞ്ഞ് ആശുപത്രിയിൽ ചെന്നിട്ടും തിരിച്ചയച്ച യുവാവ് അവശനായി ആശുപത്രിയിലെത്തിയപ്പോൾ രക്ഷിക്കാനുള്ള സമയം കഴിഞ്ഞു ! പ്രവാസികളെ കൊണ്ടുപോകാൻ എല്ലാ സഹായവും ചെയ്യാമെന്ന് കുവൈറ്റ് ഉൾപ്പെടെ പറയുമ്പോഴും രക്ഷിക്കാനുള്ള സമയം കടന്നുപോകുന്നതറിയാതെ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ 'ചക്കുളത്തികളികൾ' !

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  പ്രവാസികളുടെ കാര്യത്തിൽ യഥാർത്ഥത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടത്തുന്നത് നാട്ടിൻപുറത്ത് പറയുംപോലെ വാണിയനും വാണിയത്തിയും കളിയാണ്.

Advertisment

ഇരുകൂട്ടർക്കും പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാൻ താല്പര്യമില്ല. അത് മറച്ചുവയ്ക്കാൻ എന്തൊക്കെയോ ചെയ്യാൻ പോകുന്നു എന്ന് തോന്നിപ്പിക്കാനുള്ള ചില ചപ്പടാച്ചികളാണ് നോർക്ക റൂട്ട്സിനെ ഉപയോഗിച്ച് സംസ്ഥാനവും ചില പ്രസ്താവനകളിലൂടെ കേന്ദ്രവും ഇപ്പോൾ നടത്തുന്നത്.

publive-image

എന്നാൽ പ്രവാസ ലോകത്തെ യഥാർത്ഥ സ്ഥിതി ഇവർക്ക് അറിയില്ലെന്നതാണ് വസ്തുത. പ്രവാസികൾക്കിടയിൽ രോഗവ്യാപനം സംഭവിച്ചാൽ അത് മാനേജ് ചെയ്യാനുള്ള ശേഷി നിലവിൽ ഗൾഫ് രാജ്യങ്ങൾക്കില്ല. അതവർ അറിയിക്കാനുള്ളവരെയൊക്കെ രഹസ്യമായും പരസ്യമായും അറിയിച്ചുകഴിഞ്ഞു.

പ്രവാസികളെ കൊണ്ടുപോകാൻ എല്ലാ സഹായവും ചെയ്തുകൊടുക്കാമെന്നും അവരിൽ ചില വിഭാഗത്തിൽപ്പെട്ടവരെ തങ്ങളുടെ ചിലവിൽ നാട്ടിലെത്തിക്കാമെന്നും പറഞ്ഞുകഴിഞ്ഞു; ഒന്നല്ല, പല ആവർത്തി.

ഇനി സംഭവിക്കുന്നതിനൊന്നും അവർ ഉത്തരവാദിയായിരിക്കില്ല എന്ന് ബോധ്യപ്പെടാവുന്ന തരത്തിൽ അവർ പ്രതികരിച്ചിട്ടുണ്ട്.

പ്രവാസികൾ തീയ്ക്കും കടലിനും നടുവിൽ !

കൊറോണ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ ഏതെങ്കിലും ഒരു കെട്ടിടത്തിൽ രോഗലക്ഷണങ്ങളോടെ ഒരാളെ കണ്ടെത്തിയാൽ ഉടൻ സുരക്ഷാ സേനയും ആരോഗ്യ വിദഗ്ധരും എത്തി ആ കെട്ടിടം മുഴുവൻ ക്വാറന്റൈനിലാക്കുന്നതായിരുന്നു പതിവ്.

എന്നാൽ ഇപ്പോൾ അതില്ല. കാരണം അങ്ങനെ ചെയ്യാൻ നിന്നാൽ അത് വേണ്ടാത്ത കെട്ടിടങ്ങൾ ബാക്കി ഉണ്ടാകുമോ എന്നതാണ് സംശയം.

അത് പോയിട്ട്, ഇപ്പോൾ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തുന്ന രോഗിയെ ടെസ്റ്റ് നടത്താൻ പോലും മിനക്കെടാതെ തിരിച്ചയയ്ക്കുന്നതാണ് സാഹചര്യം. അടുത്തിടെ 3 തവണ ആശുപത്രിയിൽ പോയ മലയാളി യുവാവിനെ ഒരു ടെസ്റ്റിന് പോലും വിധേയനാക്കാതെ മടക്കി അയയ്ക്കുകയും ഒടുവിൽ അദ്ദേഹത്തിന് ന്യുമോണിയ കലശലാകുകയും ചെയ്തു.

അപ്പോഴാണ് ആംബുലൻസ് എത്തി ആശുപത്രിയിലാക്കിയത്. പക്ഷെ മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു. നമ്മുടെ ഒരു സഹോദരന്റെ ജീവന്റെ കാര്യത്തിൽ മറ്റൊരു രാജ്യത്തിന് ആശങ്കയില്ലെന്ന് നമുക്ക് കുറ്റപ്പെടുത്താ൦. പക്ഷെ ജനിച്ച നാടിന് അവനെ വേണ്ടെങ്കിൽ ആരോടാണ് സങ്കടം പറയുക.

publive-image

വ്യാപനം കാട്ടുതീ പോലെ !

മിന അൽ സൂറിലെ 6000 പേർ താമസിക്കുന്ന കൊറിയൻ കമ്പനിയുടെ സമുച്ചയത്തിൽ ആദ്യം രോഗം സ്ഥിരീകരിച്ചത് 2 പേർക്കാണ്. ആരും തിരിഞ്ഞുനോക്കിയില്ല. പിന്നത്തെ പരിശോധനയിൽ കണക്ക് 26 ആയി. അടുത്ത പരിശോധനയിൽ 50.

ഇപ്പോൾ 3000 പേരും ക്വാറന്റൈനിലാണ്. ഇന്ത്യക്കാർ താമസിക്കുന്ന മേഖലകാലിലും സ്ഥിതി ഇത് തന്നെ.

ഒരാൾക്ക് രോഗലക്ഷണം കണ്ട് അങ്ങോട്ട് ചെന്ന് റിപ്പോർട്ട് ചെയ്‌താൽ അധികൃതർ ഒന്ന് തിരിഞ്ഞുനോക്കാൻ തന്നെ ദിവസങ്ങളെടുക്കും. അതും കഴിഞ്ഞേ ടെസ്റ്റും ശ്രദ്ധയുമെല്ലാം രോഗിക്ക് ലഭിക്കുന്നത്.

അപ്പോഴേക്കും ആ രോഗിയുടെ സ്റ്റേജ് മാറും. അവർ താമസിക്കുന്ന മുറിയിലെയും ഫ്‌ളാറ്റിലെയും കെട്ടിടത്തിലെയും തന്നെ സ്ഥിതി മാറും.

ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ മുമ്പ് ആ കെട്ടിടം തന്നെ ക്വാറന്റൈനിലാകുമായിരുന്നു. പിന്നെ ആ ഒരു ഫ്ലോർ മാത്രം ക്വാറന്റൈനിലാക്കി. ഇപ്പോൾ രോഗം സ്ഥിരീകരിച്ച രോഗിക്കൊപ്പം താമസിക്കുന്നവരെപ്പോലും ആ മുറിയിൽ നിന്നുതന്നെ മാറ്റാൻ കഴിയുന്നില്ല.

ഗൾഫ് രാജ്യങ്ങളിലെ സ്ഥിതി അതാണ്. അവർക്ക് അത്രയുമേ സാധ്യമാകൂ. കുവൈറ്റിലാണെങ്കിൽ പതിനായിരം ഡോക്ടർമാരും 5500 കിടക്കകളുമാണുണ്ടായിരുന്നത്. നിലവിൽ പോസിറ്റിവ് കേസുകളുടെ എണ്ണം തന്നെ നാലായിരത്തോളമായി.

അതിനാൽ തന്നെ കോവിഡ് ആശുപത്രികൾക്ക് ശേഷം ജാബിർ ആശുപത്രിയിലും പിന്നെ മറ്റ് ആശുപത്രികളിലേക്കും കൊറോണ രോഗികളെ പ്രവേശിപ്പിക്കേണ്ടി വന്നത്. രോഗികളുടെ എണ്ണം റോക്കറ്റ് പോലെ ഉയരുകയുമാണ്.

publive-image

പഴി കേൾപ്പിക്കാൻ എംബസി !

കുവൈറ്റിലെ എംബസി കോ - ഓർഡിനേഷൻ പരമദയനീയമാണ്. അഭയം തേടിയെത്തിയ രണ്ടു സ്ത്രീകൾക്ക് പ്രാഥമിക ആവശ്യങ്ങൾക്ക് പോലും അവസരം നൽകാതെ ഒടുവിൽ 2 മണിക്ക് പൊതുപ്രവർത്തകരെത്തി അവരെ രക്ഷിച്ചുകൊണ്ടുവന്ന സംഭവം എംബസിക്ക് നാണക്കേടായിരുന്നു.

കുവൈറ്റ് സർക്കാരിന്റെ ആരോഗ്യമന്ത്രാലയവുമായി കൈകോർത്ത് ഇപ്പോൾ പൂട്ടികിടക്കുന്ന ഇന്ത്യൻ സ്‌കൂളുകളും സ്വകാര്യ ക്ലിനിക്കുകയും ഇത്യക്കാരുടെ ക്വാറന്റൈൻ കേന്ദ്രങ്ങളാക്കി മാറ്റാൻ എംബസി മുൻകയ്യെടുത്താൽ സാധ്യമായിരുന്നു.

അതിനായി സർക്കാരിനുവേണ്ട സന്നദ്ധ പ്രവർത്തകരെ നമ്മുടെ പ്രവാസി സംഘടനകളുമായി സഹകരിപ്പിച്ച് സർക്കാരിന് എത്തിച്ചു നൽകാമായിരുന്നു. അങ്ങനൊരു ഉദ്യമവുമായി ഇന്ത്യൻ എംബസി സമീപിച്ചാൽ രണ്ടുകൈയും നീട്ടി സ്വീകരിച്ച്‍ വേണ്ട സഹായങ്ങൾ ചെയ്യാൻ കുവൈറ്റ് ആരോഗ്യമന്ത്രാലയം തയാറാകുമായിരുന്നില്ലേ ?

അതിനൊന്നും മിനക്കെടാതെ പുറത്ത് പ്രവാസികളുടെ നെഞ്ചിൽ തീയാളുമ്പോൾ അകത്തിരുന്നു 'വീണ' വായിക്കുകയാണ് നമ്മുടെ എംബസി ഉദ്യോഗസ്ഥരിൽ പലരും. ഒന്നും ചെയ്തില്ലെന്ന് വരേണ്ടെന്ന് കരുതി ഇപ്പോൾ എന്തോ വിവരശേഖരണവുമായി ഇറങ്ങിയിട്ടുണ്ട് എംബസി !

ഇനി വിവര ശേഖരണം കഴിഞ്ഞാലോ കുവൈറ്റിലെ സുമനസുകളായ പ്രവാസികളിൽ നിന്നും പണം കണ്ടെത്തി പ്രവാസികളെ സഹായിക്കാം എന്നാണ് പദ്ധതി ! അല്ലാതെ എംബസിയായി ഒന്നും ചെയ്യാനല്ലത്രെ.

അല്ലയോ എംബസി മഹാരാജാവേ..... , ആ ദാനധർമ്മമൊക്കെ എത്രയോ നാളുകൾക്ക് മുമ്പേ നമ്മുടെ നല്ലവരായ വ്യവസായ പ്രമുഖർ സഹജീവികൾക്കായി ചെയ്തുകഴിഞ്ഞു. അവര്‍ക്ക് അത്തരം കാര്യങ്ങള്‍ നിങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടതില്ല.  അതുപോലും അന്വേഷിക്കാതെയാണ് ഇത്തരം കോപ്രായങ്ങൾ അരങ്ങേറുന്നത്.

corona kuwait
Advertisment