കയ്യില്‍ തേച്ച് അരമണിക്കൂര്‍ കഴിയുമ്പോഴേക്കും സ്റ്റിക്കര്‍ പോലെ പറിച്ചെടുക്കാം ; വരകളും പൂക്കളും അതിനകം ടാറ്റുപോലെ പതിയും : ആലുവയില്‍ കടക്കാരന്റെ വാക്കുകേട്ട് ട്യൂബ് മൈലാഞ്ചി വാങ്ങി കയ്യിലിട്ട ഗര്‍ഭിണിയുടെ കൈ പൊള്ളിവീര്‍ത്തു ; മൈലാഞ്ചിയിലെ കൃത്രിമ രാസപദാർഥങ്ങൾ ചർമം വലിച്ചെടുത്തതാണ് പൊള്ളലിനു കാരണമെന്ന് ഡോക്ടർ

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, April 16, 2019

കൊച്ചി: കടയിൽ നിന്നും ട്യൂബിൽ ലഭിക്കുന്ന മൈലാഞ്ചി വാങ്ങി കൈയിലണിഞ്ഞ പെണ്‍കുട്ടിയുടെ കൈ പൊള്ളി വീര്‍ത്തു. ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ യുവതിയ്ക്കാണ് കയ്യില്‍ പൊള്ളലേറ്റത്. പൊള്ളിവീർത്ത കൈത്തണ്ടയും വിരലുകളും മൂന്നാഴ്ച കഴിഞ്ഞിട്ടും പൂർണ സുഖം പ്രാപിച്ചിട്ടില്ല.

അധ്യാപികയായ മുപ്പത്തിരണ്ടുകാരിയ്ക്കാണ് മൈലാഞ്ചി പുരട്ടിയപ്പോൾ പൊള്ളലേറ്റത്. കൈയിൽ തേച്ച് അര മണിക്കൂർ കഴിയുമ്പോഴേയ്ക്കും ഉണങ്ങും. തുടർന്നു സ്റ്റിക്കർ പോലെ പറിച്ചെടുക്കാം. വരകളും പൂക്കളും അതിനകം ടാറ്റൂ പോലെ പതിയുമെന്ന് കടക്കാരൻ പറഞ്ഞതായി യുവതി പറയുന്നു.  രാത്രിയാണ് യുവതി മൈലാഞ്ചിയിട്ടത്. എന്നാൽ പിറ്റേന്നു രാവിലെ ചൊറിച്ചിലും പ്രയാസങ്ങളും തുടങ്ങി.

താമസിയാതെ കൈ നീരുവച്ചു വീർത്തു. വളയും മോതിരങ്ങളും അതിൽ കുടുങ്ങി. കളമശേരിയിലെ ത്വക്‌രോഗ വിദഗ്ധയുടെ ചികിൽസയിലാണിപ്പോൾ. യുവതി ഗർഭിണിയായതിനാൽ മരുന്നുകൾ കഴിക്കാൻ നിയന്ത്രണമുള്ളതുകൊണ്ടാണ് സുഖം പ്രാപിക്കാൻ താമസം നേരിട്ടത്. ഓയിൻമെന്റ് മാത്രമേ പുരട്ടാനാവൂ. മൈലാഞ്ചിയിലെ കൃത്രിമ രാസപദാർഥങ്ങൾ ചർമം വലിച്ചെടുത്തതാണ് പൊള്ളലിനു കാരണമെന്നു ഡോക്ടർ പറഞ്ഞു.

×