Advertisment

ജനതാ കര്‍ഫ്യു ഒരു ടെസ്റ്റ്‌ ഡോസ് : ജനം തയ്യാറെന്നു തെളിഞ്ഞു. ഇനിയുള്ളത് നിയമപരമായ കര്‍ശന കര്‍ഫ്യു. വീടിനു പുറത്തിറങ്ങാന്‍ വിലക്ക്. മറ്റു ഗത്യന്തരമില്ലെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് ആദ്യ മിനിട്ടുകളില്‍ തന്നെ രാജ്യത്തിന്‍റെ ലൈക്ക് !

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ഡല്‍ഹി : കഴിഞ്ഞ ഞായറാഴ്ചയിലെ ജനതാ കര്‍ഫ്യു ജനങ്ങള്‍ക്കുള്ള ഒരു ടെസ്റ്റ്‌ ഡോസ് ആയിരുന്നു. സുദീര്‍ഘമായ ഒരു അടച്ചിടലിനു മുന്‍പ് ജനങ്ങളെ മാനസികമായി പരുവപ്പെടുത്താനുള്ള ഒരു പരീക്ഷണം. തൊട്ടുപിന്നാലെ മൂന്നാഴ്ചത്തെ കര്‍ശന കര്‍ഫ്യു ആണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്, ഇത് ജനതാ കര്‍ഫ്യു അല്ല, കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ള നിയമപരമായ കര്‍ഫ്യു തന്നെയാണിത്.

ജനതാ കര്‍ഫ്യു വഴി ജനങ്ങളെ മാനസികമായി പരുവപ്പെടുത്തുകയായിരുന്നു പ്രധാനമന്ത്രിയുടെ ഉദ്ദേശ്യം. ജനങ്ങള്‍ തന്നെ സ്വയം ഒരു കര്‍ഫ്യു ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ പറഞ്ഞത് . അത് വിജയമായിരുന്നു. ജനം അത് ഏറ്റെടുത്തു. എന്നാല്‍ ഇനി സര്‍ക്കാര്‍ നിയമപരമായി തന്നെ ഈ കര്‍ഫ്യു നടപ്പിലാക്കുകയാണ്. മറ്റു ഗത്യന്തരങ്ങള്‍ സര്‍ക്കാരിന് മുന്നിലില്ല. പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് ജനം ലൈക്കടിച്ചതാണ് ആദ്യ മണിക്കൂറുകളില്‍ നവമാധ്യമങ്ങളില്‍കൂടി ലഭിക്കുന്ന പ്രതികരണം.

രാജ്യം ഗുരുതരമായ പ്രതിസന്ധിയിലേയ്ക്കാണ് കടക്കുന്നത്. രാജ്യത്ത് കോവിഡ്  പടര്‍ന്നുപിടിക്കുകയാണ്. അത് സാമൂഹ്യ വ്യാപനമായി മാറിയാല്‍ നിലവില്‍ മരുന്നില്ലാത്ത .. പ്രതിവിധിയില്ലാത്ത ഒരു വിപത്തിനെ പിടിച്ചുകെട്ടാന്‍ രാജ്യത്തിനെന്നല്ല ആര്‍ക്കും കഴിയുകയില്ല. ഓരോ പൗരനും വീട്ടില്‍ തന്നെ തുടരാനാണ് പ്രധാനമന്ത്രി പറഞ്ഞത്. നിങ്ങള്‍ ഇന്ന് എവിടെയായിരിക്കുന്നുവോ അവിടെതന്നെ തുടരാനാണ് അദ്ദേഹം പറഞ്ഞത് .

ഇന്ന് അര്‍ദ്ധരാത്രി 12 മണിക്ക് ശേഷമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ : -

'നിങ്ങൾ ഒരു കാര്യം മാത്രം ചെയ്യൂ. വീട്ടിൽ തുടരൂ. രാജ്യമാകമാനം നടത്തുന്ന ഈ ലോക്ക്ഡൗൺ നിങ്ങളുടെ വീട്ടിന്റെ വാതിലിനു ചുറ്റുമുള്ള ലക്ഷ്മണരേഖയായി കാണണം. രോഗബാധയുള്ളയാളെ ആദ്യം‌ തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല.

തുടക്കത്തിൽ ഇവർ ആരോഗ്യത്തോടെയുണ്ടാവാം. അതിനാൽ മുൻകരുതൽ സ്വീകരിച്ച് വീട്ടിൽ തന്നെ തുടരുക. കൊറോണബാധ ആദ്യത്തെ ലക്ഷം പേരിലെത്താൻ 67 ദിവസമെടുത്തു. 11 ദിവസം കൂടി കഴിഞ്ഞപ്പോൾ അത് അടുത്ത ലക്ഷം പേരിലേക്കു കൂടി വ്യാപിച്ചു. പിന്നീട് നാലു ദിവസം മാത്രമാണ് മൂന്നു ലക്ഷം പേരിലേക്ക് രോഗമെത്താൻ എടുത്തതെന്നത് ഗൗരവമായി കാണണം.

ഈ സമയത്ത് നിങ്ങളുടെ തീരുമാനമാകും എല്ലാം നിശ്ചയിക്കുക. ആ തീരുമാനമാകും ഈ വലിയ വിപത്തിനെ ചെറുക്കുന്നതിൽ നിർണായകം. അതിനാൽ അച്ചടക്കവും ക്ഷമയും പുലർത്തുക. വീട്ടിൽ തുടരുക– പ്രധാനമന്ത്രി അഭ്യർഥിച്ചു.

ഈ 21 ദിവസം നമുക്ക് കൈകാര്യം ചെയ്യാനായില്ലെങ്കിൽ 21 വർഷമാകും രാജ്യം പിന്നോട്ടു പോകുക. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ രാജ്യത്തെ മുന്നണിപ്പോരാളികളായ ഡോക്ടർമാരെയും നഴ്സുമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും ഈ അവസരത്തിൽ നാം ഓർക്കണം.

നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായിരിക്കാനും സമൂഹം സുരക്ഷിതമായിരിക്കാനും ശ്രമിക്കുന്നവർക്കായി പ്രാർഥിക്കാം. 24 മണിക്കൂറും കൃത്യമായ വാർത്ത നിങ്ങളിലെത്തിക്കാൻ ജീവൻ പണയം വച്ചും പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരെയും ഓർമിക്കാം. 

corona
Advertisment