നേതൃത്വം ആവശ്യപ്പെട്ടാല്‍ വാരാണസിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക ; വസന്തകുമാറിന്റെ വീട് സന്ദര്‍ശിച്ചു

ന്യൂസ് ബ്യൂറോ, വയനാട്
Sunday, April 21, 2019

വയനാട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര. നേതൃത്വം ആവശ്യപ്പെട്ടാല്‍ വാരാണസിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് അവര്‍ വ്യക്തമാക്കി. വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലം സന്ദര്‍ശിക്കവെയാണ് മാധ്യമങ്ങളോടുളള പ്രിയങ്കയുടെ പ്രതികരണം.

ദിവസങ്ങള്‍ക്ക് മുന്‍പും സമാനമായ നിലപാട് ഇവര്‍ ആവര്‍ത്തിച്ചിരുന്നു. ഇതുസംബന്ധിച്ചുളള ചോദ്യങ്ങള്‍ക്ക് ഒരു സസ്‌പെന്‍സ് ഉണ്ടെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഉത്തര്‍പ്രദേശ് പര്യടനത്തിനിടെയാണ് വാരാണസിയില്‍ മോദിക്കെതിരെ മത്സരിക്കാനുളള സന്നദ്ധത പ്രിയങ്ക ആദ്യം പ്രകടിപ്പിച്ചത്.

കഴിഞ്ഞദിവസം വയനാട്ടില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത പ്രിയങ്ക ഇന്ന് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ പി വി വസന്തകുമാറിന്റെ വീട് സന്ദര്‍ശിച്ചു.

വസന്തകുമാറിന്റെ അമ്മ ഉള്‍പ്പെടെയുളളവരുമായി പ്രിയങ്ക ആശയവിനിമയം നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തിന്റെ അഭിമാനമായ ശ്രീധന്യ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

×