Advertisment

കൊല്ലം വേറേ ഏതോ രാജ്യമാണെന്ന് പറഞ്ഞ മുകേഷ് എങ്ങനെ സ്വന്തം മണ്ഡലത്തിലെ എംഎല്‍എയെ അറിയാത്ത കുട്ടിയെ തിരുത്തും ! ഫോണ്‍വിളി വിവാദത്തില്‍ പുലിവാലു പിടിച്ച മുകേഷിനെതിരെ സിപിഎമ്മില്‍ വിമര്‍ശനം. ഇങ്ങനെ തുടര്‍ന്നാല്‍ മുകേഷ് പാര്‍ട്ടിക്ക് ബാധ്യതയാകുമെന്ന് പ്രവര്‍ത്തകരുടെ മുന്നറിയിപ്പ് ! ആരു വിളിച്ചാലും എംഎല്‍എ മാന്യമായി പ്രതികരിക്കണം. ബ്രാഞ്ച് സെക്രട്ടറിക്കുപോലും മണിക്കൂറില്‍ 30 കോളുവരുമെന്നിരിക്കെ ആറു തവണ വിളിച്ചതില്‍ ജനപ്രതിനിധിയുടെ അസ്വസ്ഥത അംഗീകരിക്കാനാവാത്തത് ! അതത് മണ്ഡലത്തിലുള്ളവര്‍ മാത്രമല്ല എംഎല്‍എയും എംപിയെയും മന്ത്രിയേയും വിളിക്കുകയെന്ന് എംഎല്‍എയെ ബോധ്യപ്പെടുത്തണമെന്നും പ്രവര്‍ത്തകര്‍

New Update

publive-image

Advertisment

തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ ഫോണ്‍ വിളിച്ചതിന്റെ പേരില്‍ ശകാരിച്ച എം മുകേഷ് എംഎല്‍എയ്‌ക്കെതിരെ സിപിഎമ്മില്‍ പ്രതിഷേധം. സിനിമാ നടന്‍ മാത്രമല്ല, താനൊരു ജനപ്രതിനിധിയാണെന്ന് മുകേഷ് ഓര്‍ക്കണമെന്നാണ് നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്. ഇത്തരത്തില്‍ മുമ്പോട്ടുപോയാല്‍ സിപിഎമ്മിന് മുകേഷ് ബാധ്യതയാകുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

ഇതാദ്യമായല്ല കൊല്ലം എംഎല്‍എ മുകേഷ് ഫോണ്‍വിളി വിവാദത്തില്‍ പെടുന്നത്. പണ്ട് രാത്രിയില്‍ ഒരു ആരാധകന്‍ വിളിച്ചപ്പോള്‍ അന്തസ് വേണമെന്ന് മുകേഷ് പറഞ്ഞതും വിവാദമായിരുന്നു. എന്നാല്‍ അതിലേറെ ഗൗരവമുള്ള കാര്യമാണ് ഇപ്പോഴത്തെ വിവാദം.

ഒരു ജനപ്രതിനിധിയെ അതത് മണ്ഡലത്തിലുള്ളവര്‍ മാത്രം വിളിക്കണമെന്ന് ഒരു നിയമവുമില്ല എന്ന യാഥാര്‍ത്ഥ്യം മുകേഷ് മനസിലാക്കണമെന്നാണ് പലരും അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്തുന്നത്. വിളിക്കുന്നവരോട് കാര്യങ്ങള്‍ സമാധാനമായി ചോദിച്ചറിയേണ്ടത് ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധിയുടെ കടമയായിരുന്നു. ഇതിലാണ് മുകേഷ് വീഴ്ച വരുത്തിയത്.

ഇതിന് ന്യായമായി മുകേഷ് പറയുന്നത് തന്നെ ഒരു നമ്പറില്‍ നിന്നും ആറു തവണ വിളിച്ചുവെന്നാണ്. ഒരു സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പോലും മണിക്കൂറില്‍ മുപ്പത് കോള്‍ വരാറുണ്ട്. അതിന് അവരൊക്കെ ഇത്തരത്തില്‍ മറുപടി പറയാന്‍ നിന്നാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരും എന്നതാണ് യാഥാര്‍ത്ഥ്യം.

നേരത്തെ ഓണ്‍ലൈന്‍ ക്ലാസിന് സഹായം തേടി തന്നെ എപ്പോള്‍ വേണമെങ്കിലും വിളിക്കാമെന്ന് പറഞ്ഞ് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ട നേതാവാണ് മുകേഷ്. ഈ സ്ഥിതിയാണ് ഇദ്ദേഹത്തെ വിളിക്കുന്ന ഒരാള്‍ക്ക് ഉണ്ടായതെന്ന് പൊതു സമൂഹത്തില്‍ അറിഞ്ഞ സ്ഥിതിക്ക് ഇനി ആരെങ്കിലും ഇദ്ദേഹത്തെ സഹായം തേടി വിളിക്കുമോ എന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദിക്കുന്നു.

ഒരുകാലത്ത് പൊതുസമൂഹത്തിന്റെ ദൈനംദിന ജീവിതത്തിലെ എല്ലാ കാര്യത്തിലും ഇടപെട്ട ഒരു പാര്‍ട്ടിയുടെ പ്രതിനിധിയായാണ് താന്‍ നിയമസഭയില്‍ എത്തിയതെന്ന കാര്യം മുകേഷ് മറന്നുപോകുന്നു എന്നാണ് കൊല്ലത്തെ ഒരു വിഭാഗം പ്രവര്‍ത്തകരുടെ വികാരം. എംഎല്‍എയെ പാര്‍ട്ടി ഇടപെട്ട് തിരുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കാനാണ് സിപിഎം തീരുമാനിച്ചതെന്നും സൂചനയുണ്ട്.

actor mukesh
Advertisment