Advertisment

സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമില്ലെന്ന് പറയുന്ന നേതാക്കളുടെ നിലപാട് ശരിയല്ല: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമില്ലെന്ന് പറയുന്ന നേതാക്കളുടെ നിലപാട് ശരിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഉപതെരഞ്ഞടുപ്പില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും പുതിയ ആളുകളും മത്സരരംഗത്തുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള.

Advertisment

publive-image

തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുവേണമെന്ന പൊതുവികാരമാണ് ഭാരവാഹിയോഗത്തില്‍ ഉയര്‍ന്നത്. വട്ടിയൂര്‍ക്കാവില്‍ കുമ്മനം തന്നെ സ്ഥാനാര്‍്ഥിയാകണമെന്നും മഞ്ചേശ്വരത്തോ കോന്നിയിലോ സുരേന്ദ്രന്‍ മത്സരിക്കണമെന്ന ആവശ്യം യോഗത്തില്‍ ഭൂരിഭാഗം നേതാക്കളും അഭിപ്രായപ്പെട്ടു.

വിജയസാധ്യതയുള്ളവരെ മത്സരരംഗത്തിറക്കിയില്ലെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്ന് യോഗത്തില്‍ നേതാക്കന്‍മാര്‍ വ്യക്തമാക്കി. നേതാക്കളുടെ പിന്‍മാറ്റ സമീപനത്തിനെതിരെ പിഎസ് ശ്രീധരന്‍പിള്ള രൂക്ഷമായി രംഗത്തെത്തി. സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍ യോഗം അവസാനിക്കുന്നതിന് മുന്‍പ് അദ്ദേഹം കൊച്ചിയില്‍ നിന്ന് മടങ്ങുകയും ചെയ്തു.

അഞ്ചിടത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടാകുമെന്ന്് ശ്രീധരന്‍ പിള്ള പറഞ്ഞു. അരൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയാകും മത്സരിക്കുക. സ്ഥാനാര്‍ത്ഥിയെ ബിഡിജെഎസ് തന്നെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയും മോദിയുടെ ഭരണനേട്ടങ്ങളും ഉയര്‍ത്തിയാകും തെരഞ്ഞടുപ്പിനെ നേരിടുക. എല്‍ഡിഎഫും യുഡിഎഫും ഒരേസമയം കേരളത്തിന് ഭാരവും ശാപവുമാണെന്ന് അദ്ദേഹം പറഞ്ഞു.

Advertisment