Advertisment

ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിലിടപെട്ട് രാജ്ഭവന്‍ ! ഉദ്യോഗാര്‍ത്ഥികള്‍ ഗവര്‍ണറെ കണ്ടതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും രാജ്ഭവനില്‍. നാളെ സമരക്കാരുമായി ചര്‍ച്ചയെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിക്കും. സമരക്കാരുമായി ചര്‍ച്ച നടത്തുമ്പോഴും സമരമവസാനിപ്പിക്കാനുള്ള ഫോര്‍മുലയില്ല ! തലകുത്തിമറിഞ്ഞും ശയനപ്രദക്ഷിണം നടത്തിയും തലസ്ഥാനത്ത് സമര പരമ്പര

New Update

തിരുവനന്തപുരം: തലസ്ഥാനത്ത് പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ശക്തമായി തുടരുനന്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഗവര്‍ണറെ കണ്ടതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും ഗവര്‍ണറെ കാണുന്നത്.

Advertisment

publive-image

ഇന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനൊപ്പമാണ് ഉദ്യോഗാര്‍ത്ഥികള്‍ ഗവര്‍ണറെ കണ്ടത്. തങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാന്‍ ഗവര്‍ണര്‍ തയ്യാറായെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കിയത്. ഇടപെടാവുന്ന തരത്തിലെല്ലാം പ്രശ്‌നത്തില്‍ ഇടപെടാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയെന്നും ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഗവര്‍ണറെ കാണുന്നത് ശ്രദ്ധേയമാകുന്നത്. നേരത്തെ സര്‍ക്കാരിനോട് ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിരുന്നു. സമരം കത്തിപ്പടരുന്നതിനിടെ പ്രതിപക്ഷം ഇത് സര്‍ക്കാരിനെതിരെ വലിയ ആയുധമാക്കുന്നുവെന്നും, ഇത് തെരഞ്ഞെടുപ്പ് കാലത്ത് തെറ്റായ സന്ദേശം നല്‍കുമെന്നും സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു.

publive-image

പുതുതായി തസ്തികകള്‍ സൃഷ്ടിക്കുന്നതിലും, നിയമനങ്ങള്‍ നടത്തുന്നതിലും സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ ഉദ്യോഗാര്‍ത്ഥികളെ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഇത് ഉദ്യോഗാര്‍ത്ഥികള്‍ക്കിടയിലും വലിയ പ്രതീക്ഷയായിരുന്നു. മന്ത്രിമാരെ ചുമതലപ്പെടുത്തി ഉടന്‍ ചര്‍ച്ച നടത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നാളെത്തന്നെ ചര്‍ച്ച നടക്കാനും സാധ്യതയുണ്ട്. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ ഈ വിവരങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാനാണ് സാധ്യത. സര്‍ക്കാര്‍ ചര്‍ച്ചക്ക് ഒരുങ്ങുമ്പോഴും പ്രശ്‌നപരിഹാരത്തിന് വ്യക്തമായ ഫോര്‍മുല ഇല്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്.

സമരം ചെയ്യുന്ന വിവിധ വിഭാഗം ഉദ്യോഗാര്‍ത്ഥികളുടേയും ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുമോ എന്നതിലും ആശയക്കുഴപ്പമുണ്ട്. സിപിഒ റാങ്ക് ലിസ്റ്റ് അടക്കം കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റുകളുടെ കാര്യത്തില്‍ ഇനിയും ധാരണയായിട്ടില്ല. നിയമപ്രശ്‌നവുമായി കോടതി കയറിയ റാങ്ക് ലിസ്റ്റുകളുമുണ്ട്. ഇതെല്ലാം സര്‍ക്കാര്‍ എങ്ങനെ പരിഹരിക്കുമെന്നതാണ് കണ്ടറിയണം.

കാര്യങ്ങള്‍ ഇങ്ങനെ പോകുമ്പോഴും, സെക്രട്ടേറിയറ്റ് പരിസരം ഇന്നും സമരഭൂമിയായിത്തന്നെ തുടരുകയാണ്. ഇന്നലെ തലമുണ്ഡനം ചെയ്ത കായികതാരങ്ങള്‍ ഇന്ന് തലകുത്തിമറിഞ്ഞും ശയനപ്രദക്ഷിണം നടത്തിയും പ്രതിഷേധിച്ചു. പ്രതീകാത്മക മീന്‍ വില്‍പ്പന നടത്തിയായിരുന്നു പതിമൂന്നാം ദിവസത്തിലേക്ക് കടന്ന സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ ഇന്നത്തെ സമരം.

Advertisment