Advertisment

അമ്പര്‍ക്ക മടങ്ങി വരുന്നു ! നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ആഫ്രിക്കയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്നു. അടുത്തയാഴ്ച അന്‍വര്‍ മടങ്ങിയെത്തും; അന്‍വറിനെ തന്നെ നിലമ്പൂരില്‍ മത്സരിപ്പിക്കാനൊരുങ്ങി സിപിഎം. ക്വാറെന്റൈന്‍ ബാധകമായതിനാല്‍ എംഎല്‍എ മടങ്ങിയെത്തിലാലും സജീവമാകാന്‍ മാര്‍ച്ച് പകുതി കഴിയണം ! സീറ്റ് പിടിക്കാന്‍ കച്ചമുറുക്കിയിറങ്ങുന്ന കോണ്‍ഗ്രസിലും തര്‍ക്കം. ആര്യാടന്‍ ഷൗക്കത്തിനെ വേണ്ടെന്ന് ഒരു വിഭാഗം !

New Update

കോഴിക്കോട്: എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഈ ആഴ്ച നാട്ടില്‍ മടങ്ങിയെത്തും. സിപിഎം മലപ്പുറം ജില്ലാ നേതൃത്വമാണ് ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയത്. ആരോപണങ്ങള്‍ക്കടക്കം എല്ലാത്തിനും അന്‍വര്‍ തിരിച്ചെത്തിയ ശേഷം മറുപടി നല്‍കുമെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. അന്‍വര്‍ മടങ്ങിയെത്തിയാലും

ക്വാറെന്റൈന്‍ ബാധകമായതിനാല്‍ മാര്‍ച്ച് പകുതിയോടെ മാത്രമെ സജീവമാകൂ.

Advertisment

publive-image

പാര്‍ട്ടി സംസ്ഥാന-പ്രാദേശിക നേതാക്കളുമായി അന്‍വര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പറയുന്നത്. ആഫ്രിക്കന്‍ രാജ്യമായ സിയറാ ലിയോണിലാണ് താനുള്ളതെന്ന് അന്‍വര്‍ വിശദീകരിച്ചിരുന്നു.

എന്നാല്‍ അന്‍വര്‍ വിദേശത്ത് തടങ്കലിലാണെന്നതടക്കമുള്ള ആരോപണങ്ങളാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും ഉന്നയിച്ചിരുന്നത്. എതിരാളികള്‍ ഉയര്‍ത്തിവിട്ട ആരോപണങ്ങള്‍ക്ക് ഫെയ്സ്ബുക്ക് വഴി വിദേശത്തുനിന്ന് തന്നെ മറുപടി നല്‍കുകയാണ് അന്‍വര്‍ ചെയ്തത്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും അന്‍വര്‍ മണ്ഡലത്തില്‍ തിരിച്ചെത്താത്തത് യുഡിഎഫ് രാഷ്ട്രീയ ആയുധമാക്കിയതോടെ സിപിഎമ്മിനേയും പ്രതിരോധത്തിലാക്കിയിരുന്നു. ഇടതു സ്വതന്ത്രനായി നിലമ്പൂരില്‍ മത്സരിച്ച് ജയിച്ച പിവി അന്‍വര്‍ തദ്ദേശതെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് വിദേശത്തേക്ക് പോയത്.

കോണ്‍ഗ്രസ്സിലെ ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിച്ചാണ് നിലമ്പൂര്‍ നിയമസഭാ സീറ്റ് അന്‍വര്‍ പിടിച്ചെടുത്തത്. 87 മുതല്‍ 2011 വരെ കാല്‍ നൂറ്റാണ്ട് കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദ് തുടര്‍ച്ചയായി ജയിച്ചു വന്ന മണ്ഡലത്തിലെ തോല്‍വി പാര്‍ട്ടിയെ ഞെട്ടിക്കുന്നതായിരുന്നു.

ഇത്തവണ മണ്ഡലം പിടിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് യുഡിഎഫ്. അതുകൊണ്ടുതന്നെ അന്‍വറിനെതിരേ കിട്ടാവുന്ന എല്ലാ ആയുധങ്ങളും കോണ്‍ഗ്രസ് പ്രയോഗിക്കുന്നുമുണ്ട്. രണ്ടുമാസത്തിലേറെയായി മണ്ഡലത്തിലില്ലാത്ത എംഎല്‍എ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കുക പോലുമുണ്ടായി. ഘാനാ പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അന്‍വറിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് യുവജന സംഘടനകല്‍ നടത്തിയ അഭ്യര്‍ത്ഥന വലിയ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

എന്നാല്‍ താന്‍ സിയറാ ലിയോണില്‍ സ്വതന്ത്രനാണെന്നും ബിസിനസ്സാവശ്യാര്‍ത്ഥം എത്തിയതാണെന്നും കാണിച്ച് എംഎല്‍എ സമൂഹമാധ്യമങ്ങളില്‍ വീഡിയോ സന്ദേശം അയച്ചിരുന്നു. നിലമ്പൂരില്‍ വീണ്ടും പിവി അന്‍വര്‍ മത്സരത്തിനിറങ്ങാനാണ് സാധ്യത. ഷൗക്കത്തിന് വീണ്ടും സീറ്റ് നല്‍കണമെന്ന് ആര്യാടന്‍ മുഹമ്മദ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇതിനെതിരെ രംഗത്തുണ്ട്.

pv anwar mla
Advertisment