സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇടുക്കി ഉള്‍പ്പെടെ എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; എറണാകുളത്ത് കനത്ത ജാഗ്രത

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, August 10, 2018

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പെയ്യുന്ന മഴ എതാനും ദിവസങ്ങള്‍ കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു. മഴയും ഉരുള്‍പൊട്ടലും കൂടുതല്‍ ദുരന്തം വിതച്ച വയനാട്ടില്‍ ഈ മാസം 14 വരെ കനത്ത മഴ തുടരുമെന്നാണ് കാലവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ ആഗസ്റ്റ് 14 വരെയും ഇടുക്കി ജില്ലയില്‍ 13 വരെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

മഴ നാശം വിതച്ച ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ ശനിയാഴ്ച വരെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളെല്ലാം മഴ കെടുതിയിലാണ്.

കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഉയര്‍ത്തിയ സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ പ്രത്യേകിച്ച് ആലുവ മേഖലയില്‍ കനത്ത ജാഗ്രതയും തയാറെടുപ്പുകളും നടക്കുകയാണ്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള സന്നാഹങ്ങള്‍ മേഖലയില്‍ ഒരുക്കിയിട്ടുണ്ട്.

ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ മുന്പും തുറന്നിട്ടുണ്ടെങ്കിലും അഞ്ചു ഷട്ടറുകള്‍ തുറക്കുന്നത് ആദ്യമായിട്ടാണ്. എറണാകുളം ജില്ലയില്‍ വ്യാഴാഴ്ച 38 ദുരിത്വാശ്വാസ ക്യാമ്പുകള്‍ ആയിരുന്നത് ഇന്ന് 68 എണ്ണമാക്കി വര്‍ധിപ്പിച്ചു. എണ്ണായിരത്തോളം ആളുകള്‍ ജില്ലയില്‍ വിവിധ ക്യാന്പുകളിലേക്കു മാറിയിട്ടുണ്ടെന്നാണ് കണക്ക്. പെരുമ്പാവൂര്‍ മുതലുള്ള പ്രദേശങ്ങളില്‍ പെരിയാര്‍ തീരത്തുനിന്ന് 5,000 കുടുംബങ്ങളെ അടിയന്തര സാഹചര്യം വന്നാല്‍ മാറ്റിപാര്‍പ്പിക്കും.

പെരിയാറിലൂടെയെത്തുന്ന ജലം തീരങ്ങളില്‍ പ്രശ്‌നമുണ്ടാക്കുമോയെന്ന ആകാംക്ഷയിലാണ് ഭരണകൂടം. എറണാകുളത്ത് ഇന്നു പൊതുവേ മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ വലിയ പ്രശ്‌നം സൃഷ്ടിക്കാതെ വെള്ളം പെരിയാറ്റിലൂടെ കടന്നുപോയേക്കാമെന്ന പ്രതീക്ഷയാണ് അധികാരികള്‍ക്ക് ഉള്ളത്. എന്നാല്‍, തീരത്തുനിന്നു വിട്ടുനില്‍ക്കണമെന്നു ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുപോലെ ആലുവയിലും പെരുമ്പാവൂരിലെ ചേലാമറ്റത്തും ഇന്നു രാത്രി മുതല്‍ ബലിതര്‍പ്പണം നടക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ജാഗ്രത പാലിക്കുന്നത്.

×