27 വർഷങ്ങൾക്കു ശേഷം രജനികാന്തും സന്തോഷ് ശിവനും ഒന്നിക്കുന്നു

ഫിലിം ഡസ്ക്
Monday, February 11, 2019

പ്രശസ്ത സിനിമാട്ടോഗ്രാഫർ സന്തോഷ് ശിവൻ 27 വർഷങ്ങൾക്കു ശേഷം രജനീകാന്തിനൊപ്പം വർക്ക് ചെയ്യാൻ ഒരുങ്ങുന്നു. 1991 ൽ മണിരത്നം ചിത്രം ‘ദളപതി’യിലാണ് ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചത്. എ ആർ മുരുഗദാസിന്റെ പുതിയ ചിത്രത്തിലാണ് രണ്ടര പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച് പ്രവർത്തിക്കുന്നത്.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം മാർച്ച് മാസത്തോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ‘ദളപതിയ്ക്ക് ശേഷം രജിനി സാറുമായി ഒന്നിച്ച് വർക്ക് ചെയ്യുന്നു, ഏറെ സന്തോഷമുണ്ട്,” ചിത്രത്തിന്റെ വിശേഷങ്ങൾ തന്റെ ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയാണ് സന്തോഷ് ശിവൻ.

ശങ്കർ ചിത്രം ‘2.0’, ‘കാർത്തിക് ശുഭരാജ് ചിത്രം ‘പേട്ട’ എന്നിവയുടെ വൻവിജയത്തിനു ശേഷം തലൈവർ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വിജയിനെ നായകനാക്കി അണിയിച്ചൊരുക്കിയ ‘സർക്കാർ’ ആയിരുന്നു മുരുഗദാസിന്റെ റിലീസിനെത്തിയ​അവസാനചിത്രം.

രാഷ്ട്രീയ പ്രവേശനത്തിനു മുൻപ് രജിനീകാന്ത് അവസാനമായി അഭിനയിക്കുന്ന പടമായിരിക്കും ഇതെന്നും തമിഴകത്ത് അഭ്യൂഹങ്ങളുണ്ട്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും അണിയറക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.രജനീകാന്തിന്റെ ബ്രഹ്മാണ്ഡചിത്രം ‘2.0’ യുടെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ആണ് പുതിയ ചിത്രവും നിർമ്മിക്കുന്നത്.

×