Advertisment

ധർമ്മത്തെ ഓർമപ്പെടുത്തുകയും അതിനെ ചിട്ടപ്പെടുത്തി സ്വജീവിതം ധന്യമാക്കുവാൻ മനുഷ്യ രാശിയെ ഉപദേശിക്കുകയുമാണ് രാമായണം ചെയ്യുന്നത്: രാമായണ ധർമ്മം കർക്കിടക വിചാരം - സിപി കുട്ടനാടൻ 

author-image
admin
Updated On
New Update

ഇതിഹാസം, പുരാണം, ചരിത്രം, ഭക്തിസാധനം, മലയാള സാഹിത്യ മകുടം എന്നിങ്ങനെയുള്ള വിശേഷണങ്ങളിലും ഉപരിയായി രാമായണം എന്നത് വളരെ വലിയൊരു ധാർമിക ഗ്രന്ഥമാണ്. ധർമ്മത്തെ ഓർമപ്പെടുത്തുകയും അതിനെ ചിട്ടപ്പെടുത്തി സ്വജീവിതം ധന്യമാക്കുവാൻ മനുഷ്യ രാശിയെ ഉപദേശിക്കുകയുമാണ് രാമായണം ചെയ്യുന്നത്. മനുഷ്യരാശിയുടെ ധർമങ്ങൾ ഭാവാടിസ്ഥാനത്തിലാണ്. ഓരോ ഭാവത്തിൻ്റെയും കർമത്തെ ധർമ്മത്തിൻ്റെ അടിസ്ഥാനത്തിൽ നിറവേറ്റുക എന്നതിലാണ് അതിൻ്റെ അന്തസത്ത കുടികൊള്ളുന്നത്.

Advertisment

publive-image

പിതാവ് എന്ന ഭാവം പേറുന്ന മനുഷ്യജീവി ആരോ അയാളുടെ കടമകളും ഉത്തരവാദിത്വങ്ങളുമാണ് പിതൃധർമ്മം എന്ന ഒറ്റ വാചകത്തിൽ ഉൾക്കൊണ്ടിരിക്കുന്നത്. അമ്മ എന്ന ഭാവം പേറുന്ന മനുഷ്യജീവി ആരോ അവരുടെ കടമകളും ഉത്തരവാദിത്വങ്ങളുമാണ് മാതൃധർമ്മം എന്ന് പറയുന്നത്. നാട് ഭരിക്കുന്ന മനുഷ്യജീവി ആരോ അയാളുടെ കടമകളും ഉത്തരവാദിത്വങ്ങളുമാണ് രാജധർമ്മം എന്നത്. ഇങ്ങനെ പ്രജാധർമ്മം, പുത്ര പുത്രീ ധർമ്മങ്ങൾ, ഭർതൃധർമ്മം, ഭാര്യാധർമ്മം, ഭ്രാതൃധർമ്മം എന്നുവേണ്ട ഏതൊക്കെ സ്ഥാന ഭാവങ്ങൾ മനുഷ്യന് നിത്യ ജീവിതത്തിലുണ്ടോ അവയെയെല്ലാം ധർമ്മത്താൽ ബന്ധിപ്പിച്ചിരിക്കുന്ന കഥയാണ് രാമായണ കഥ.

എന്നാൽ എഴുത്തച്ഛൻ്റെ കിളിപ്പാട്ടിൽ തെളിഞ്ഞു കാണാനാവുക പുത്രധർമ്മം കാട്ടിത്തന്ന ശ്രീരാമനെയും, ഭ്രാതൃധർമ്മം കാട്ടിത്തന്ന ലക്ഷ്മണ ഭരത ശത്രുഘ്നന്മാരെയും, ഭക്തധർമ്മം കാട്ടിത്തന്ന ആഞ്ജനേയ സ്വാമിയെയും, പത്നീധർമ്മ ബദ്ധയായിരുന്ന സീതാദേവിയെയും, രാജധർമ്മ തിലകമായിരുന്ന രാമരാജ്യ നായകൻ സാക്ഷാൽ ശ്രീരാമ സ്വാമിയെയുമാണ്. പുത്രധർമ്മത്തെ ശ്രെഷ്ഠമായി വർണ്ണിക്കുന്നതുകൊണ്ടാവും രാമായണം പാരായണം ചെയ്യുന്നത് പിതൃക്കൾക്ക് മോക്ഷം കിട്ടുവാനാണെന്ന് പറയുന്നത്. രാമായണത്തിലെ പല കഥാ സന്ദർഭങ്ങളിലും ഇത് നമുക്ക് തെളിഞ്ഞു കാണാം. ധർമ്മത്തെ മറക്കുന്ന സന്ദർഭങ്ങളിലെ പരസ്പരമുള്ള ഓർമ്മപ്പെടുത്തലുകൾ കാലിക പ്രസക്തങ്ങളായ പ്രവൃത്തികളായി മനസിലാക്കാം. കാരണം നമ്മൾ പലപ്പോഴും ധർമ്മം മറക്കുന്നു. ഓർമ്മിപ്പിക്കുവാൻ ആരും ഇല്ല താനും.

പിതൃധർമത്തെക്കുറിച്ചു ചിന്തിച്ചാൽ, അച്ഛന്‍ എന്ന സ്ഥാനം അലങ്കരിക്കുന്ന വ്യക്തി ആ ഭാവത്തെ ഉള്‍കൊള്ളുന്നില്ലെങ്കില്‍ പിന്നെ അതിന് എന്തെങ്കിലും വില ഉണ്ടാകുമോ. അതുപോലെ തന്നെ എല്ലാ കാര്യങ്ങളിലും ഭാവത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. സ്ഥാനവും അത് ഉള്‍ക്കൊള്ളേണ്ട ഭാവവും പരസ്പര പൂരകങ്ങള്‍ ആണെന്ന് ചില ഗ്രന്ഥാഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ കൂടെ ഭാവത്തിനാണ് ശ്രേഷ്ഠ സ്ഥാനം എന്ന് ഞാന്‍ കരുതുന്നു. രക്ഷാബന്ധന്‍ ചെയ്യുമ്പോള്‍ സഹോദരീ സഹോദര ഭാവനയോടെയല്ലാതെ അത് ചെയ്‌താല്‍ പിന്നെ രാഖി എന്ന ആ നൂല്‍ കഷണം എന്തെങ്കിലും ധാര്‍മിക ഉത്തരവാദിത്ത്വം പേറുന്നതായി വാദിക്കുന്നത് ആത്മഹത്യാപരം ആയിരിക്കും.

സംസ്കാര ഹീനമായ ശക്തി വിനാശകരമാണ്. ശക്തി എപ്പൊഴും സംസ്കാര യുക്തമായിരിക്കണം. ഇത് പ്രയോഗത്തിൽ വരുത്തുക എന്നത് ശ്രമകരമായതിനാൽ അതിനെ ചിട്ടയോടെ ക്രോഡീകരിച്ചു കോർത്തിണക്കുന്നതാണ് ധർമ്മം എന്നത്. അതിൽ ശക്തിക്കല്ല പ്രാധാന്യം സ്ഥാനത്തിനും ഭാവത്തിനും കർമ്മത്തിനും മാത്രമാണ്. ഉദാഹരണമായി പറഞ്ഞാൽ:- ഉത്തരവാദിത്വം പുലർത്തുക എന്നത് ഒരു വ്യക്തിക്ക് ഉണ്ടായിരിക്കേണ്ട ധർമ്മങ്ങളിലൊന്നാണ്. സ്ഥാനങ്ങൾ എന്നത് ഉത്തരവാദിത്വവും ജാഗ്രതയും പുലർത്തുവാനുള്ള ബാധ്യത മാത്രമായി കാണുന്നതാണ് ആരോഗ്യകരമായ രാജനീതി. ശക്തിയും ബലവുമുള്ളവൻ ആരെയും ഭയപ്പെടുത്താൻ നിൽക്കരുത്. മറ്റുള്ളവരെയും ധർമ്മത്തെയും സംരക്ഷിയ്ക്ക്കുക മാത്രമാണ് ശക്തൻ്റെ (രാജാവിൻ്റെ) ധർമ്മം.

"രാഷ്ട്രേ ജാഗ്രയാൻ വയം" എന്നതാണ് പ്രജാധർമ്മങ്ങളിലൊന്ന്. നമ്മൾ രാഷ്ട്രത്തിൽ ജാഗരൂകരായിരിക്കണം, ജനാധിപത്യത്തിന് അത്യന്താപേക്ഷിതമായതും ജാഗ്രതയാണ്. രാഷ്ട്രത്തെ മുന്നോട്ടു നയിയ്ക്കുവാൻ വേണ്ടത് ജാഗ്രതയാണ്

മഹത്തായ കാവ്യഭാവുകത്വത്തില്‍ നിന്നും ഉടലെടുത്ത സാഹിത്യ കൃതിയാണ് രാമായണം. മനുഷ്യരെ നേര്‍വഴിക്ക് നടത്താനും അധർമ്മത്തിൻ്റെ ശിക്ഷയെക്കുറിച്ച് നമ്മളെ ബോധവാൻമാർ ആക്കുവാനുമായാണ് ഇതിഹാസങ്ങള്‍ ശ്രമിക്കുന്നത്. ആധുനിക സമൂഹം മുറവിളി കൂട്ടുന്ന എല്ലാവിധ പ്രശ്നങ്ങളുടെയും ആകെത്തുകയാണ് നമ്മുടെ പുരാണേതിഹാസങ്ങള്‍. ഭക്തിയാണോ അതോ യുക്തിയാണോ ഇതിഹാസ വായനയ്ക്ക് നമ്മൾ സ്വീകരിക്കേണ്ടത് എന്നതാണ് ആധുനിക മനുഷ്യന്‍ തീരുമാനിക്കേണ്ടത്. പുരാണങ്ങളെ ഇനിയും പുരാതന വായനയില്‍ തളച്ചിടുന്നതില്‍ അര്‍ഥമില്ല. മഹാഭാരതവും രാമായണവും ദുർവ്യാഖ്യാനിക്കപ്പെടുമ്പോൾ അവ ശരിയായി വായിക്കുകയാണ് ചെയ്യേണ്ടത്. അത്രത്തോളം ഗാഢമായി ഇന്ത്യയില്‍ വേരുറപ്പിച്ച കൃതികളാണ് ഇവരണ്ടും. ഇതിൻ്റെ ഭക്തിപരവും സാഹിത്യപരവുമായ സാധ്യതകളെ അപഗ്രഥിക്കുന്നത് തുടരണം.

ജയ് ഭജ്‌രംഗ്‌ബലി

Advertisment