പ്രളയ ദുരന്തത്തില്‍ കേരളം കരകയറിയിട്ടില്ല, അതിനിടെ തൊഴില്‍ കൂടി കളയരുത് ! തൊഴിലുറപ്പ് പദ്ധതി ബഡ്ജറ്റ് വിഹിതം വെട്ടിക്കുറച്ചതിനെതിരെ പ്രധാനമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, July 9, 2019

തിരുവനന്തപുരം: ദേശിയ തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.

2019-20 കേന്ദ്ര ബജറ്റില്‍ ദേശിയ തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റ് വിഹിതം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു 1,084 കോടി രൂപയുടെ കുറവാണു കേന്ദ്ര സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിലാദ്യമായാണ് ദേശിയ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം മുന്‍ വര്‍ഷത്തില്‍ ചിലവഴിച്ചതിനേക്കാള്‍ കുറവാകുന്നത്.

ഇതു തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിഹിതത്തില്‍ ഗണ്യമായി കുറവ് വരുത്തും. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പൊതു പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാത്രമേ കണക്കാക്കാന്‍ സാധിക്കുകയുള്ളു.

രാജ്യത്തെ സാധാരക്കാരായ നിരവധി പേരുടെ അത്താണിയാണ് ദേശിയ തൊഴിലുറപ്പ് പദ്ധതി. കടുത്ത വരള്‍ച്ചയും, ജോലി നഷ്ടവും മൂലം പ്രതിസന്ധിയിലായിരിക്കുന്നു പാവപ്പെട്ട ജനങ്ങളുടെ നടുവൊടിക്കുന്ന തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.

പ്രളയ ദുരന്തത്തില്‍ നിന്നും ഇതുവരെ കരകയറാന്‍ സാധിക്കാത്ത സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി കടുത്ത ആഘാതമാണ് സൃഷ്ടിക്കാന്‍ പോകുന്നത് എന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

×