Advertisment

ബെവ്കോ വെര്‍ച്വല്‍ ക്യു ആപ്പിന് പിന്നില്‍ വലിയ ദൂരൂഹതയും അഴിമതിയും: രമേശ് ചെന്നിത്തല

New Update

 

Advertisment

തിരുവനന്തപുരം: ബെവ്കോ  വെര്‍ച്വല്‍ ക്യു ആപ്പ് തയ്യാറാക്കാനായി   സ്റ്റാര്‍ട്ട് അപ്പ് കമ്പനിയെ തിരഞ്ഞെടുത്തതിലെ അഴിമതിയും ദൂരൂഹതയും ഓരോ   ദിവസം കഴിയുന്തോറും കൂടുതല്‍ വ്യക്തമാകുന്നതായി   പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല പറഞ്ഞു. നടപടി ക്രമങ്ങളില്‍ കൃത്രിമം കാട്ടി സി.പി.എം സഹയാത്രികന് കരാര്‍ നല്‍കിയത് വഴി വിട്ടാണ്  എന്നതിന് കൂടുതല്‍ രേഖകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

publive-image

ഇതിന് സമാനമായ ആപ്പുകള്‍  കൈവശമുള്ള കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നാണ് ടെണ്ടര്‍ നിബന്ധനകളില്‍  പറഞ്ഞിരുന്നതെങ്കിലും അത്തരം  കമ്പനികളെ ഒഴിവാക്കിയാണ് സമാനമായ ഒരു ആപ്പ് പോലും നേരത്തെ നിര്‍മിക്കാത്ത  ഫെയര്‍ കോഡ് എന്ന കമ്പനിക്ക് വഴിവിട്ട് ബെവ്കോ ആപ്പു നിര്‍മിക്കാനുള്ള കരാര്‍ നല്‍കിയത്.

സര്‍ക്കാരിന്റെ ടെണ്ടര്‍ നിബന്ധന പ്രകാരം സാങ്കേതിക വിദ്യക്ക് എഴുപത് മാര്‍ക്കും  സാമ്പത്തിക വശത്തിന് മുപ്പത് മാര്‍ക്കുമാണ് കണക്കാക്കിയിരുന്നത്. സമാനമായ ആപ്പ് തങ്ങളുടെ കൈവശമുണ്ടെന്നും അതു  നാല് ദിവസത്തിനകം തന്നെ  പ്രവര്‍ത്തന സജ്ജമാക്കാമെന്നും  ടെണ്ടറില്‍ പങ്കെടുത്ത ചില കമ്പനികള്‍ സര്‍ക്കാരിന് ഉറപ്പ് നല്‍കിയിരുന്നു.  എന്നാല്‍ ഈ കമ്പനികളെ  മറികടന്നാണ് എഴുദിവസം  കൊണ്ട്  പുതിയ ആപ്പു നിര്‍മിച്ച് പ്രവര്‍ത്തനസജ്ജമാക്കാമെന്ന് പറഞ്ഞ  കമ്പനിക്ക്  കരാര്‍ നല്‍കിയത്. എന്നാല്‍ ഈ കമ്പനി ഏഴുദിവസമല്ല, പതിനാല് ദിവസമാണ്  ആപ്പു പ്രവര്‍ത്തന സജ്ജമാക്കാന്‍ എടുത്തത്.

ബെവ്കോ ആദ്യം മാധ്യമങ്ങള്‍ക്ക് നല്‍കിയ വിശദീകരണത്തില്‍  ആപ്പ് വഴി ഓരോ ടോക്കണിലും ബാര്‍ ഉടമകളില്‍ നിന്ന് ഈടാക്കുന്ന അമ്പത് പൈസ കോര്‍പ്പറേഷനാണെന്നാണ് പറഞ്ഞിരുന്നത്.  എന്നാല്‍ ഇന്ന് മന്ത്രി പറഞ്ഞത്  ഈ അമ്പത് പൈസയില്‍ പതിനഞ്ച് പൈസ എസ്.എം.എസ്  നിരക്കുകള്‍ക്കായും മറ്റും ഫെയര്‍ കോഡ് കമ്പനിക്ക്  ലഭിക്കുമെന്നാണ്.  ബാക്കിയുള്ള മുപ്പത്തഞ്ച് പൈസ എന്തിനാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതിലൂടെ  കോടികളാണ് ഫെയര്‍  കോഡിന് ലഭിക്കുന്നത്. ടെണ്ടറില്‍ പങ്കെടുത്ത  ചില കമ്പനികള്‍ എസ് എം എസ് നിരക്ക്  ഇതിലും കുറച്ചാണ് കാണിച്ചിരുന്നത്.  മറ്റ് ചില  കമ്പനികള്‍  എസ് എം എസ് നിരക്കുകള്‍ തന്നെ വേണ്ടെന്നും വ്യക്തമാക്കിരുന്നു. ഇവരെയൊക്കെ തഴഞ്ഞ് എസ്.എം.എസിന് പന്ത്രണ്ട് പൈസ നിരക്ക്  ക്വാട്ട് ചെയ്തത ഫെയര്‍ കോഡ് കമ്പനിക്ക് അത് പതിനഞ്ച് പൈസയായി  ഉയര്‍ത്തി നല്‍കിയത് എന്തിനാണെന്ന് മന്ത്രി ഇന്നും വ്യക്തമാക്കിയില്ല.  സംസ്ഥാനത്ത്  മദ്യം ലഭ്യമാകുന്ന  1200 ഔട്ട് ലെറ്റുകളില്‍ ഒരോന്നിലും ആയിരം പേര്‍ വീതം ദിവസേന മദ്യം വാങ്ങിച്ചാല്‍ ഒരു വര്‍ഷം കൊണ്ട് ഈ കമ്പനിക്ക്  എസ് എം എസ് നിരക്കില്‍ മാത്രം കിട്ടാന്‍ പോകുന്നത് 6 കോടി രൂപയാണ്.

മാത്രമല്ല ഫെയര്‍ കോഡ് കമ്പനിക്ക് എസ് എം എസ് നിരക്ക് നിശ്ചയിക്കുന്ന കാര്യത്തില്‍  ടെലികോം കമ്പനികളുമായി നേരിട്ട് വിലപേശാന്‍ അവസരം ഒരുക്കിയതിന് പിന്നിലും വന്‍ അഴിമതി തന്നെയാണെന്ന്  വ്യക്തമാവുകയാണ്. എസ്.എം. എസ് നിരക്ക് ടെണ്ടറില്‍  ഒരു മാനദണ്ഡമാക്കാതെയാണ്  ഫെയര്‍ കോഡിനെ തിരഞ്ഞെടുത്തത്.   ആപ്പുണ്ടാക്കാന്‍ പണം  വേണ്ടെന്ന്   പറഞ്ഞു ടെണ്ടറില്‍ പങ്കെടുത്ത രണ്ട് കമ്പനികളെ മറി കടന്നാണ് ആപ്പു നിര്‍മിക്കാന്‍ 2.84 ലക്ഷം രൂപ ക്വാട്ട്ചെയ്ത ഫെയര്‍ കോഡിനെ  തിരഞ്ഞെടുത്തത്.

ആപ്പ് നിര്‍മാണത്തിന് മറ്റുമായി വെറും 2.84 ലക്ഷം  രൂപ മാത്രമെ ഫെയര്‍കോഡിന് നല്‍കേണ്ടതുള്ളുവെന്ന് ആദ്യം പറഞ്ഞ സര്‍ക്കാര്‍ വര്‍ക്ക് ഓര്‍ഡര്‍  നല്‍കിയപ്പോള്‍ മെയിന്റന്‍സ് ചാര്‍ജ്ജായ രണ്ട് ലക്ഷം രൂപയും, ആപ്പ് ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക വിദ്യ    പരിശീലിക്കാനായി  ഒരാള്‍ക്ക് രണ്ടായിരം രൂപ നിരക്കിലും  അധികമായി നല്‍കുന്നുണ്ട്. ഇതിലൂടെ   ഫെയര്‍ കോഡ് കമ്പനിക്ക് സാമ്പത്തിക ലാഭമുണ്ടാക്കാന്‍ വഴിവിട്ട് സര്‍ക്കാര്‍ സഹായം നല്‍കിയെന്ന് വ്യക്തമാവുകയാണ്. ആപ്പ് നിര്‍മ്മിക്കാനുള്ള തുക കുറച്ച് വയ്ക്കുകയും മറ്റ് ചിലവുകള്‍ നിഗൂഢമായി ഒളിപ്പിച്ചു വയ്ക്കുകുമാണ് ചെയ്തത്.

രേഖകളുടെ അടിസ്ഥാനത്തിലാണ്  താന്‍ ആരോപണം ഉന്നയിക്കുന്നത്. എക്‌സൈസ് വകുപ്പിനെതിരെ താന്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി പറയുന്നത് ശരിയല്ല. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ താന്‍ നേരത്തെ ബ്രൂവറി ആരോപണം ഉന്നയിച്ചപ്പോള്‍ അത് പിന്‍വലിച്ച് കണ്ടം വഴി ഓടിയ കാര്യം മറക്കരുതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

Advertisment