Advertisment

ഇല്ലായ്മയുടെയും പരാധീനതകളുടെയും കഥകളെണ്ണി തെരഞ്ഞെടുപ്പ് വിജയം. എംപിയായപ്പോള്‍ മാരുതിയൊന്നും പോരാ.. 14 ലക്ഷത്തിന്‍റെ മഹീന്ദ്ര മറാസോ തന്നെ വേണം ! പ്രചാരണത്തിനിറങ്ങാന്‍ നൂറു യൂത്ത്കോണ്‍ഗ്രസുകാരെ തികച്ചു കിട്ടാത്തിടത്ത് 1500 പേരുടെ 'ആയിരം റുപ്പിയ' പിരിവ് കഥയും ? ആലത്തൂര്‍ എംപി രമ്യാ ഹരിദാസിനായുള്ള 'മഹീന്ദ്ര മറാസോ ജീവകാരുണ്യ' പ്രവര്‍ത്തനത്തിന്‍റെ ചുക്കാന്‍ ആദര്‍ശത്തിന്‍റെ ആള്‍രൂപമായ എംഎല്‍എയ്ക്കും. തടയിട്ട് കെപിസിസി ?

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

പാലക്കാട്∙ ആലത്തൂര്‍ എംപി രമ്യ ഹരിദാസിനു കാർ വാങ്ങാൻ വടക്കാഞ്ചേരി എംഎല്‍എയുടെ നേതൃത്വത്തില്‍ പിരിവ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നടപടി പാര്‍ട്ടിയില്‍ വന്‍ വിവാദത്തില്‍.

Advertisment

ഇല്ലായ്മയുടെയും പരാധീനതകളുടെയും കഥകളെണ്ണി തെരഞ്ഞെടുപ്പില്‍ വിജയം കണ്ട വനിതാ യുവ എം പിയ്ക്ക് പാര്‍ലമെന്‍റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ നാട്ടിലെ കുബേരന്മാര്‍ സഞ്ചരിക്കുന്ന 14 ലക്ഷത്തിന്‍റെ മഹീന്ദ്ര മറാസോ കാര്‍ തന്നെ വേണമെന്ന നിര്‍ബന്ധം ആരുടെ ബുദ്ധിയാണെന്ന ചോദ്യമാണ് പാര്‍ട്ടിയില്‍ ഉയരുന്നത് .

കോണ്‍ഗ്രസിലെ ആദര്‍ശ രാഷ്ട്രീയത്തിന്‍റെ പുതുമുഖ വക്താവായ അനില്‍ അക്കര എം എല്‍ എയാണ് എംപിയുടെ ആഡംബര കാര്‍ പിരിവിന്‍റെ നായക സ്ഥാനത്തുള്ളത് .

publive-image

മാരുതി സ്വിഫ്റ്റൊക്കെ എന്തിനു കൊള്ളാം ?

ദാരിദ്രക്കടല്‍ നീന്തിക്കടന്ന വനിതാ എംപിക്ക് നാട്ടിലെ കൊള്ളാവുന്ന സാമ്പത്തിക ചുറ്റുപാടുള്ള കുടുംബങ്ങളില്‍ നിന്ന് വന്ന എം എല്‍ എ മാര്‍ സഞ്ചരിക്കുന്ന അഞ്ചര ലക്ഷത്തിന്‍റെ മാരുതി സ്വിഫ്റ്റ് കാറൊന്നും പോരാ , 14 ലക്ഷത്തിന്‍റെ മഹീന്ദ്ര മറാസോ തന്നെ വേണമെന്ന യൂത്ത്കോണ്‍ഗ്രസ് പദ്ധതിയ്ക്ക് പിന്നില്‍ വലിയ അന്തര്‍ നാടകങ്ങള്‍ ഉണ്ടെന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം.

പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് തലചായ്ക്കാന്‍ കെ പി സി സി പ്രഖ്യാപിച്ച ആയിരം വീട് പദ്ധതിയില്‍ ഒരു വീട് പോലും നിര്‍മ്മിച്ച്‌ നല്‍കാന്‍ തയ്യാറാകാതിരുന്ന യൂത്ത്കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്‍റ് മണ്ഡലം ഭാരവാഹികളാണ് രമ്യാ ഹരിദാസ് എംപിക്കുവേണ്ടി പണം പിരിച്ച് 14 ലക്ഷത്തിന്‍റെ കാര്‍ വാങ്ങിനല്‍കി 'ജീവകാരുണ്യ പ്രവര്‍ത്തനം' നടത്താന്‍ ഒരുങ്ങുന്നത്.

തലയില്‍ കൈവച്ച് യൂത്തന്മാര്‍ !

ആലത്തൂര്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാന്‍ 100 യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തികച്ച് കിട്ടാതിരുന്നിടത്താണ് ആയിരത്തി അഞ്ഞൂറ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രമ്യാ ഹരിദാസിന് കാര്‍ വാങ്ങാന്‍ ആയിരം രൂപാ വീതം സംഭാവന നല്‍കാന്‍ ഒരുങ്ങുന്നതത്രെ ?

എന്നാല്‍ രമ്യയുടെ കാര്‍ പദ്ധതിക്ക് പിന്നില്‍ മറ്റു ചില നാടകങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് കോണ്‍ഗ്രസില്‍ ഉയര്‍ന്നിരിക്കുന്ന വിവാദം.

ഒരു പാര്‍ലമെന്‍റ് മണ്ഡലത്തിലോ ഒരു ജില്ലയിലോ രണ്ടു ജില്ലകള്‍ ചേര്‍ത്താലോ പോലും ആയിരത്തി അഞ്ഞൂറ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും ആയിരം രൂപ വീതം പിരിവെടുക്കാം എന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസിനെ അറിയുന്നവര്‍ അത് വിശ്വസിക്കില്ലെന്നിരിക്കെയാണ് ഇത്രയും യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് പിരിവെടുത്താണ് കാര്‍ വാങ്ങുന്നതെന്ന അനില്‍ അക്കരയുടെ അവകാശവാദം എന്നതാണ് കൌതുകകരം.

ഇതിലെ കള്ളക്കളി അറിഞ്ഞു തന്നെയാണ് രമ്യയുടെ ആഡംബര കാര്‍ പിരിവിനെതിരെ കെ പി സി സി അധ്യക്ഷന്‍ തന്നെ പരസ്യമായി രംഗത്ത് വന്നത്. എംപിക്ക് കാര്‍ വാങ്ങാന്‍ വായ്പ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

publive-image

ആയിരംവീട് പദ്ധതി കണ്ട മട്ടില്ല ! പകരം എംപിക്ക് ആഡംബര കാര്‍

ആയിരം വീട് പദ്ധതി അവതാളത്തിലായിരിക്കെ പദ്ധതിയുടെ ഭാഗിക പൂര്‍ത്തീകരണത്തിനെങ്കിലും കെപിസിസി കിണഞ്ഞു ശ്രമിക്കുമ്പോള്‍ നവാഗത എംപിമാരുടെ ആഡംബരക്കൊതി അംഗീകരിക്കാന്‍ ആകില്ലെന്ന നിലപാടിലാണ് നേതൃത്വം.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും അധികം പിരിവ് ലഭിച്ചത് ഏറ്റവും കുറഞ്ഞ സാമ്പത്തിക ചുറ്റുപാടില്‍ നിന്നും ആലത്തൂരില്‍ സ്ഥാനാര്‍ഥിയായെത്തിയ രമ്യാ ഹരിദാസിനായിരുന്നു. രമ്യയുടെ ജീവിത സാഹചര്യം അറിഞ്ഞ സ്വദേശത്തും വിദേശത്തുമുള്ള ആയിരക്കണക്കിനാളുകളാണ് കൈയ്യറിഞ്ഞു സഹായിച്ചത്.

വന്നതെല്ലാം ചിലവായോ ?

സംഭാവന നല്‍കിയ പ്രവാസികള്‍ ഉള്‍പ്പെടെ കെപിസിസി നേതാക്കളോട് പറഞ്ഞ വിവരങ്ങള്‍ പ്രകാരംമാത്രം ലക്ഷകണക്കിന് രൂപയാണ് വിവിധ അക്കൌണ്ടുകള്‍ വഴി രമ്യയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് വന്നത്. വിവിധ നേതാക്കള്‍ വഴി വിവിധ അക്കൌണ്ടുകളിലേയ്ക്കായിരുന്നു ഈ ഫണ്ട് എത്തിയത്.

ഈ ഫണ്ടില്‍ ഇലക്ഷന്‍ ചിലവ് കഴിഞ്ഞ് മിച്ചം വന്ന പണം ഉപയോഗിച്ചാണ് എംപിയ്ക്ക് കാര്‍ വാങ്ങി നല്‍കുന്നതെന്നാണ് കോണ്‍ഗ്രസില്‍ തന്നെ ഒരു വിഭാഗം ആരോപിക്കുന്നത്. ആ പണത്തിനു ഉറവിടം കാണിച്ചുകൊടുക്കാനാണ് 1500 യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ 'ആയിരം റുപ്പിയ' പിരിവ് കഥകളത്രേ.

എന്തായാലും പാവപ്പെട്ടവന്‍റെ പ്രതീകമായി എംപിയായ രമ്യയ്ക്ക് കുബേരകുമാരന്മാരുടെ ഇഷ്ടവാഹനമായ മഹീന്ദ്ര മറാസോ സ്വന്തമാക്കാനുള്ള ഭാഗീരത പ്രയത്നത്തിലായിരിക്കുന്ന ആദര്‍ശ രാഷ്ട്രീയത്തിന്‍റെ ആള്‍രൂപമായ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ വരും ദിവസങ്ങളില്‍ ഈ പിരിവിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ട് പാര്‍ട്ടിക്ക് മുന്‍പില്‍ നിരത്തേണ്ടിവരും.

publive-image

ആദര്‍ശം ഇപ്പോള്‍ 'മഹീന്ദ്ര മറാസോ ജീവകാരുണ്യ' വഴിയേ !!

മാത്രമല്ല 'മഹീന്ദ്ര മറാസോ ജീവകാരുണ്യ' പ്രവര്‍ത്തനത്തിന് എംഎല്‍ എ നിരത്തിയ ന്യായീകരണങ്ങള്‍ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ എതിരാളികള്‍ ആഘോഷിക്കുകയാണ്.

രമ്യ ഹരിദാസിനു ബാങ്കിൽ നിന്നു വായ്പ ലഭിക്കാൻ സാധ്യത ഇല്ലാത്തിനാലാണ് സംഘടനക്കുള്ളിൽ പിരിവ് നടത്തിയതെന്നാണ് അനിൽ അക്കര പറയുന്നത് . മഹീന്ദ്ര മറാസോയുടെ അടിസ്ഥാന മോഡലാണ് എംപിക്ക് വേണ്ടി ബുക്ക് ചെയ്തത്. ഇതിനായി അൻപതിനായിരം രൂപ നൽകിയത് ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ രണ്ടു മാസത്തെ ശമ്പളമാണെന്ന് അനിൽ അക്കര വ്യക്തമാക്കി.

സംഭാവന രസീതിന്റെ ചിത്രങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദവും ആരംഭിച്ചത്. ഒരു എംപി എന്ന നിലയില്‍ ശമ്പളവും മറ്റു സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുന്ന വ്യക്തിക്ക് എന്തിനാണ് വാഹനം വാങ്ങി നല്‍കുന്നതെന്നാണ് പ്രധാന ചോദ്യം.

എംപിക്ക് വാഹനം വാങ്ങാന്‍ പലിശ രഹിത വായ്പ അടക്കം ലഭ്യമാണ്. എന്നാൽ നാല് ലക്ഷം രൂപ വരെയാണ് പലിശ രഹിത വായ്പയായി എംപിമാര്‍ക്ക് ലഭിക്കുക. അതിനൊപ്പം കുറച്ചുപണം കൂടി ചേര്‍ത്ത് ആറോ ഏഴോ ലക്ഷം രൂപയുടെ കാറാണ് സാധാരണ ജനപ്രതിനിധികള്‍ വാങ്ങുന്നത്.

ramya haridas
Advertisment