Advertisment

ഇനിയുണ്ടാകുമൊ ഇങ്ങനെ ഒരു കാലം...

author-image
റസിയ പയ്യോളി
New Update

publive-image

Advertisment

അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങൾ വല്ലാതെ സങ്കടപ്പെടുത്തുന്നു. ഉൾക്കൊള്ളാൻ കഴിയാത്ത വിധം കോവിഡ് മാരി താണ്ഡവമാടുന്നു.

മധുരിയ്ക്കുന്ന ഓർമ്മകൾ തന്ന് സ്നേഹത്തിൻ്റെ കൈത്തിരിയുമായി ജീവിതത്തിലുടനീളം താങ്ങും തണലുമാകുന്നവരാണ് സഹപാഠികൾ!!

അമ്മയുടെ കൈ പിടിച്ച് നടന്നു പോയ അക്ഷരമുറ്റത്ത് നാമറിയാതെ നമ്മുടെ നെഞ്ചിൽ കയറിയിരിക്കുന്നവരാണവർ.

കൈയിൽ കിട്ടിയ മിഠായി പകുത്ത് കൊടുത്ത് തോളോട് തോൾ ചേർന്ന് ഉല്ലാസം പങ്കിടുന്ന കാലം...

വാസ്തവത്തിൽ അത്രയും മനോഹരമായ ഒരു കാലം മറ്റൊരിടത്തും കിട്ടില്ല. ഭാവിയിലേക്ക് കെട്ടുറപ്പുള്ള ഒരു സൗഹൃദഭിത്തി രൂപപ്പെടുന്നു. അതിലൂടെ സഹപാഠി ഏറ്റവും പ്രിയപ്പെട്ട ഒരാളാകുന്നു.

കാലം കടന്ന് പോകുമ്പോൾ പല ഓർമ്മകളും മായും എന്നാൽ സഹപാഠി കൂട്ടങ്ങൾ ഓർമ്മകളിൽ അത്തർപൂശി കൊണ്ടിരിക്കും. ഒരു കാറ്റിനും കവർന്നെടുക്കാനാവാത്ത അത്തർ മണം!!

ഒരു ഉദാഹരണം മാത്രം പറയാം എത്ര വലിയ ആൾക്കൂട്ടത്തിനു നടുവിലും സഹപാഠിയെ കണ്ടാൽ എല്ലാം മറന്ന് നാം ഓടുന്നു.

അവർ നമ്മുടെ ഓർമ്മകളിൽ കൊളുത്തി വെച്ച നിറം മങ്ങാത്ത ചിത്രങ്ങളുടെ ലാവണ്യം അത്രയുമാണെന്നതിൻ്റെ ഓർമ്മപ്പെടുത്തലാണതൊക്കെ. നമ്മുടെ ജീവിതത്തിലെ വിലപ്പെട്ട സമയങ്ങൾ കടന്ന് പോകുമ്പോൾ നാം വിദ്യാലയത്തിലാണ്.

publive-image

അക്ഷരമുറ്റം നമുക്ക് തരുന്ന ഏറ്റവും വലിയ സമ്മാനം അറിവ് മാത്രമല്ല സഹപാഠികൂട്ടങ്ങളും അതിൻ്റെ സംഭാവനയാണ് ഒന്നോർത്ത് നോക്കുക.

കോവിഡ് മാരി ഒടുങ്ങി കുഞ്ഞുങ്ങൾ എന്നാണിനി അക്ഷരമുറ്റത്തെത്തുന്നത്? അതല്ല പുതു തലമുറയ്ക്കിനി വിദ്യാലയം ചിത്രങ്ങളിലെ കാഴ്ച മാത്രമായിരിക്കുമൊ? അങ്ങനെ സംഭവിക്കാതിരിക്കട്ടെ.

ഓൺലൈൻ പഠനം ഒരു വിധത്തിലുംപൂർണമല്ല എങ്ങനെ നോക്കിയാലും വിജയിക്കില്ല അതിന് പല കാരണങ്ങളുമുണ്ട്.

വിദ്യാലയ പഠനം അത് വേറെ ഒരു ലോകം തന്നെയല്ലെ. വിദ്യാലയത്തിലേക്ക് ദിവസവും ഒരുങ്ങി പോകുന്നത് തന്നെ ഊർജസ്വലത കൂടാനുള്ള വലിയ ഔഷധമാണ്.

തലേ ദിവസം അവൻ ഓർത്തെടുക്കുകയാണ് അമ്മാ എൻ്റെ യൂണിഫോം അലക്കിയൊ? നാളെ ക്ലാസുണ്ട് കാതോർത്ത് ഒപ്പം അമ്മയും ഒരുങ്ങുന്നു. ആ ഒരുക്കമാണ് ഗുണമേന്മയുള്ള ഒരു കുട്ടിയെ വാർത്തെടുക്കുന്നത് !!

ഒരു കുട്ടിയുടെ സംസ്കാര സമ്പന്നമായ ജീവിതത്തിന് വിദ്യാലയ പഠനം ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. സ്വഭാവ രൂപീകരണത്തിൽ പങ്കു വഹിക്കുന്നത് രക്ഷിതാക്കൾ മാത്രമല്ല വിദ്യാലയവും മുന്നിലാണ്.

അവനറിയാതെ അങ്ങനെ പല സംഭാവനകളും വിദ്യാലയത്തിൽ ലഭ്യമാണ്. എത്ര സന്തോഷം തരുന്നിടമാണത് ആ കാഴ്ച ഒന്നോർത്തെടുത്ത് നോക്കു!!

ബാല്യകൗമാരത്തിൻ്റെ നിലയ്ക്കാത്ത ഒച്ചകളും അവരെ നയിക്കുന്ന ടീച്ചർമാരും ഇടയ്ക്കിടെ ഉയരുന്ന ബെല്ലടിയുടെ താളവും പാചകപുരയും ചോറ്റുപാത്രത്തിൽ നിന്ന് വീഴുന്ന ചോറു മണി കൊത്തി തിന്നാനെത്തുന്ന പക്ഷികളും നിരന്തരമായി ആളൊഴിയാത്ത ഓഫീസ് മുറിയും അങ്ങനെ കാഴ്ചകൾ പലതാണ്...

ഓൺലൈൻ പoനം ഒരു വിധത്തിലും വലിയ വിജയം കാണില്ല. അതിൻ്റെ കാരണങ്ങൾ പലതാണ്.

മൊബൈൽ ഫോണും ടിവിയും ഇല്ലാത്തവർ, ഇടക്കിടെ കട്ടാകുന്ന കറൻ്റ്, റെയ്ഞ്ചില്ലായ്മ, വീട്ടിൽ കലഹമുണ്ടാക്കുന്ന അച്ഛൻ്റെ ക്രൂരപീഡനം. ഇതിനൊക്കെ പുറമെ മറ്റെന്തെങ്കിലും.

പത്താം ക്ലാസ് തുടങ്ങി ഇന്നീ നിമിഷം വരെ ഒരു ക്ലാസ് പോലും കിട്ടാത്ത കുട്ടിയുമുണ്ട് നമുക്ക് മുന്നിൽ. അതിൻ്റെ മാതാവ് എൻ്റെടുത്ത് വന്ന് കഴിഞ്ഞ ദിവസം പറഞ്ഞതാണീ കാര്യം. സംസാരത്തിനിടയിൽ വാക്കുകളിടറി കൊണ്ടിരുന്നു പിന്നെ കരഞ്ഞുപോയി.

അവർ വീട്ടുജോലിയ്ക്ക് പോകുന്നതാണ്. കോവിഡ് കാരണം ആരും വിളിക്കുന്നില്ല. വീട്ടിൽ മുഴു പട്ടിണി ഒന്നോർത്ത് നോക്കണം. എല്ലാം സഹിച്ചിട്ടും അമ്മയെന്ന വാക്ക് പലർക്കും എത്ര നിസാരം അല്ലേ?

"ആ അമ്മയുടെ നെഞ്ചിലെ തീ അണയ്ക്കുവാൻ സമുദ്രജലം മതിയാകുമൊ.."?

ഇങ്ങനെ കേരളത്തിൽ എത്രയോ കുട്ടികളുണ്ട്. ഇല്ലായ്മകൾ മറ്റുള്ളവരോട് പറയാൻ മടിക്കുന്നവരുണ്ട് ഇക്കൂട്ടത്തിൽ.

അതുകൊണ്ട് നമ്മുടെ സ്കൂളുകൾ എത്രയും പെട്ടെന്ന് തുറന്ന് പ്രവർത്തിക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയിലാണ് ഞാൻ.

അതിന് വേണ്ടത് കോവിഡിനെതിരെ ജാഗ്രത പാലിച്ചുകൊണ്ടുള്ള നമ്മുടെസജീവ പങ്കാളിത്തമാണ് ...

കോവിഡ് നിർദ്ദാക്ഷിണ്യം നിഷ്ഠൂരം ആക്രമിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. പ്രതിരോധിക്കാനുള്ള നമ്മുടെ കഴിവും കൂടി കൊണ്ടേയിരിക്കണം.

എത്ര വലിയ വിജയത്തിന് പിന്നിലും ദുർമ്മർഷമായ നൊമ്പരകഥ പറയാനുണ്ടാകും അത് മനസിലാക്കുക.

"ജീവിതത്തിൻ്റെ താളപിഴവുകളോട് പൊരുതിയാണ് നാം പലതും നേടിയത്". ത്യാഗം കൊണ്ടല്ലാതെ മുന്നേറാനാവില്ല. കോവിഡ് നമുക്ക് പലതും നഷ്ടപ്പെടുത്തി. എല്ലായിടങ്ങളിലും വിലക്ക് പ്രിയപ്പെട്ടവരെ കാണാനാവുന്നില്ല. കണ്ടാൽ തന്നെ ഒന്ന് കൈ പിടിക്കാനാവുന്നില്ല.

ആഘോഷങ്ങളില്ല ആരവങ്ങളില്ല ഇന്ന് എത്ര പേർക്കാണ് കോവിഡ് കണ്ടെത്തിയത്. ന്യൂസ് ഫോക്കസ് ചെയ്ത് കണ്ണും നട്ടിരിക്കുന്നു നമ്മൾ

ഏറെ കരുതലോടെ ഇനിയും നാം സഹിച്ചേ പറ്റു.

അഞ്ച് ഹൈപ്പർ മാർക്കറ്റുകളുള്ള ഒരു മുതലാളി ഉപ്പിന് വേണ്ടി ഏറെ ദൂരം താണ്ടി നാട്ടിൻ പുറത്തെ ഒരു പെട്ടിക്കടയിൽ എത്തുന്ന കഥ മാധ്യമത്തിലൂടെ നമ്മളൊക്കെ അറിഞ്ഞതാണല്ലൊ.

നാമെല്ലാവരും നമുക്ക് ചുറ്റിലും ഒരുലോക് ഡൗൺ വെക്കുക. എന്നാൽ അത് വലിയ മാറ്റത്തിലേക്ക് എത്തുമെന്നതിൽ സംശയമില്ല.

കോവിഡ് വ്യാപനം തടയാൻ ജനങ്ങളെ അടക്കാൻ ഏറെ പാട് പെട്ടവരാണ് പോലീസുകാർ. കോവിഡ് ഭീതി വിലവെക്കാതെ അലസമായി നടന്നവർക്ക് പിറകേ പോയി ഓടിയും ചാടിയും അവർ തളർന്നു. ഈ വിഷയത്തിൽ അവർ ഏറെ അഭിനന്ദനങ്ങളർഹിക്കുന്നു. ബിഗ് സെല്യൂട്ട്...

മാധ്യമങ്ങളിലൂടെയും മറ്റും നമ്മളതൊക്കെ കണ്ടതാണ്. എൻ്റെ അനുഭവം വെച്ച് പറയുകയാണ് എൻ്റെ വീടിൻ്റെ ഗെയ്റ്റിനു മുന്നിൽ ഞാൻ മാസ്ക് കെട്ടാതെ നിന്നത് പോലും അവർക്കിഷ്ടപ്പെട്ടില്ല അത്രക്കായിരുന്നു സർവീസിൽ നിന്നു കൊണ്ട് മനസർപ്പിച്ചപങ്കാളിത്തം.

അതുകൊണ്ട് ഞാൻ പറയുന്നു നാം ഭയപ്പെടേണ്ടത് കോവിഡിനെയാണ് നമ്മുടെ കൈയിലാണിനി എല്ലാം കിടക്കുന്നത് .

മുന്നിൽ ജീവിതം നീണ്ടു കിടക്കുകയാണ് അല്ലേ? പല പ്രശ്നങ്ങളും ഈ മാരിയിൽ മുടങ്ങിയിരിക്കുന്നു നിശ്ചയിച്ചുവെച്ച എത്രയോ വിവാഹങ്ങൾ പുതിയതാമസം തുടങ്ങാനുള്ള വീടുകൾ അങ്ങനെ അങ്ങനെ ആഘോഷങ്ങൾ പലതാണ് എല്ലാം തിരിച്ചുപിടിക്കണം.

ഉറപ്പായും എല്ലാം നടക്കും അത്കൊണ്ട് കോവിഡുണ്ടെന്ന് തോന്നി തുടങ്ങിയാൽ നിർദ്ദിഷ്ടയിടത്തേക്ക് പോവുക. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ഏർപ്പാടുകൾ ചെയ്യണേ അത് നമ്മിൽ അർപ്പിതമായ ധാർമ്മിക  ത്തരവാതിത്വമാണ്.

സഹജീവികളെ രക്ഷപ്പെടുത്തുമ്പോഴാണ് നാം ഉന്നതരാവുന്നത് അല്ലാത്തപ്പോൾ തിരസ്കരിക്കപ്പെട്ടവൻ തന്നെയാണ്. സ്നേഹത്തിൻ്റെയും കരുണയുടേയും കൈത്തിരിയിൽ നിന്നാണ് വ്യക്തിത്വം വികസിപ്പിച്ചെടുക്കാനാവൂ.

സമൂഹത്തോട് നമുക്ക് ബാധ്യതയുണ്ടെന്ന കാര്യം എപ്പോഴും ഓർമ്മിക്കുക. സാംസ്കാരിക മണ്ഡലത്തിൽ സമ്മതനാവുന്ന ചില മനുഷ്യരെ കണ്ടില്ലെ.അവരെ പോലെയാവണം നമുക്ക് ...

ഉപയോഗിക്കുന്ന മാസ്ക് ഒരു തവണ കഴിഞ്ഞാൽ നിർബന്ധമായും കഴുകണം കനം കൂടിയ മാസ്ക് മാത്രമേ ധരിക്കാവൂ. സാമൂഹിക അകലം പാലിക്കുന്നതിൽ ഏറെ ശ്രദ്ധിക്കുക.

പ്രിയപ്പെട്ടവരെ ചേർത്ത് പിടിക്കാൻ എല്ലായിടത്തും സജീവമാവാൻ ഉറപ്പായും നമുക്കവസരം വരും. പുറത്ത് നിന്ന് വന്നാൽ നിർബന്ധമായും കുളിക്കണം മറക്കരുത്.

എപ്പോഴെങ്കിലും നമുക്കുണ്ടാകുന്ന മടിയായിരിക്കും നമ്മളെ കൊത്തിവലിക്കുന്ന മാരിയിലെത്തിക്കുക. ചെയ്ത് തീർക്കാനുള്ള ഒരു പാട് കാര്യങ്ങൾക്ക് കോവിഡ് വിലങ്ങിടുമ്പോൾ അതിനെതിരെ പ്രതിരോധപൂട്ട് പണിയാൻ ഒറ്റക്കെട്ടായി പൊരുതണം.

ഉറപ്പായും നമ്മൾ തോൽക്കില്ല. അതിജീവിക്കുക തന്നെ ചെയ്യും...

 

article
Advertisment